താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം
ഭക്തരെ…!
കൊല്ലം ജില്ലയിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് നഗരത്തിനടുത്തുള്ള താമരക്കുളത്തെ ശ്രീ മഹാഗണപതി ക്ഷേത്രം. കൊല്ലത്തിൻറെ ഹൃദയം എന്നറിയപ്പെടുന്ന താമരക്കുളത്താണ് ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തസഹസ്രങ്ങളുടെ വിഘ്നേശ്വരനായി അഭയകേന്ദ്രമായി ആശ്രിതവത്സലനായി ആപത്ബാന്ധവനായി നാടിന് ഐശ്വര്യമേകി പ്രദേശത്തിൻറെ മുഴുവൻ ചുമതലയും വഹിച്ച് വിരാജിക്കുന്ന ശ്രീ മഹാഗണപതിക്കായാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
ഭഗവാൻ വിഘ്നേശ്വരനാണ് പ്രധാന പ്രതിഷ്ഠ. ശ്രീ ധർമ്മശാസ്താവ്, ശ്രീ മുരുകൻ, ദേവി അമ്മ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാർ.
ശാസ്‌താപ്രീതി സമാരാധന എന്നറിയപ്പെടുന്ന മണ്ഡലപൂജയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഗണേശ ചതുർത്ഥി, സങ്കടഹര ചതുർത്ഥി എന്നിവയാണ് ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റ് ഉത്സവങ്ങൾ. മുരുകൻ, ദേവി അമ്മൻ എന്നിവയുമായി ബന്ധപ്പെട്ട ഉത്സവങ്ങളും ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.
കൊല്ലം പൂരത്തിൻറെ പ്രധാന ചടങ്ങാണ് ക്ഷേത്രത്തിൽ നിന്നുള്ള ആന എഴുന്നള്ളിപ്പ്. ഈ ക്ഷേത്രത്തിൽ നിന്നുള്ള ആനകൾ കൊല്ലം പൂരത്തിൻറെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. താമരക്കുളം ക്ഷേത്രത്തിൽ നിന്നുള്ള ആനകളുടെ എഴുന്നെള്ളിപ്പ് ആയിരക്കണക്കിന് കാണികളെ ആവേശം കൊള്ളിക്കുന്നു.