Friday, November 22, 2024
HomeUS Newsനമ്മുടെ പ്രതീക്ഷകൾ തകരുന്നുവോ..? (വാരാന്തചിന്തകൾ രണ്ടാംഘട്ടം - 8)

നമ്മുടെ പ്രതീക്ഷകൾ തകരുന്നുവോ..? (വാരാന്തചിന്തകൾ രണ്ടാംഘട്ടം – 8)

രാജൻ രാജധാനി✍

വർത്തമാനകാല അനുഭവങ്ങൾ ഇന്നോളം നാം മനസ്സിൽ സൂക്ഷിച്ച എല്ലാവിധ സങ്കല്പങ്ങളേയും തകിടംമറിക്കുന്നതായി തോന്നുന്നില്ലേ. ഇന്നലെ വരെ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചിരുന്ന ആദർശാധിഷ്ഠിതമായിട്ടുള്ള സേവനമോ സമീപനമോ ഒന്നും തന്നെ മേലിൽ ആരിൽനിന്നും ലഭിക്കുകയില്ലെന്ന യാഥാർത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നുണ്ടോ? ഭരണാധികാര ലഹരി രുചിച്ചവരാരുമേ, പിന്നീട് ഒരിക്കലും ആ സ്ഥാനം വെടിയുവാൻ ഒരുക്കമല്ല! പൊതുജനം ഒരു നിശ്ചിത കാലത്തേക്ക് പരീക്ഷണാർത്ഥം തനിക്ക്/തങ്ങൾക്ക് തന്നതാണ് ഈ അധികാരം എന്ന യാഥാർത്ഥ്യവും അവർ മറന്നുപോകുന്നു. നിലവിലുള്ള ആ അധികാരത്തണലിൽ നിന്നും പുറത്തേക്ക് വരികയെന്നത്, പലരും മരണതുല്യ അനുഭവമായി കരുതുന്നുവെന്നാണ് അവരുടെ വർത്തമാനകാല പ്രവൃത്തികളും നിരന്തരമായ പ്രസ്താവനകളുമെല്ലാം ബോധ്യപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പുകളിലൂടെ നാം പൊതുജനങ്ങൾ അവരെ അണിയിച്ച ആ അധികാരചിഹ്നം ഇനി ഒരിക്കലും മറ്റാർക്കും തന്നെ കൈമാറേണ്ടതില്ല എന്നാണവരുടെ ചിന്ത; അഥവാ അങ്ങനെ ഒരു കൈമാറ്റത്തിന് തങ്ങൾ ഒരുക്കമേയല്ല എന്നും അവർ നമ്മോട് പറയാതെ പറയുന്നതുപോലെ.

ഒരിക്കൽ അധികാരത്തിന്റെ സുഖമറിഞ്ഞാൽ പിന്നെ എങ്ങനെയും അങ്ങോളം ആ അധികാര മധുരം നുണഞ്ഞ് നുണഞ്ഞ് ഇരിക്കുവാനാണ് പലർക്കും താല്പര്യം. അതിനുവേണ്ടി ഏതുവിധ മുഖംമൂടി അണിയാനും അവർ ഒരുക്കവുമാണ്. അവസരം പാർത്തിരിക്കുന്ന തന്ത്രശാലികളായ എണ്ണമറ്റ ഉപദേശകരും, ഒപ്പമുള്ള ബന്ധുക്കളും കഥാനായകന് നിർലോഭമായുള്ള പിന്തുണയും നൽകിയാൽ പിന്നെ നമ്മൾ പൊതുജനത്തിന്റെ ചോദ്യങ്ങൾക്ക് യുക്തിരഹിതമായ മറുപടികൾ നൽകി, കാഴ്ചയും കേൾവിയുമുള്ള ആരെയും വിഡ്ഢികളാക്കുവാനും മടിക്കുന്നില്ല എന്നതാണ് വർത്തമാനകാല അനുഭവം. അധികാരം വിട്ട് ഒരു നാൾ വോട്ടുചെയ്ത് അധികാരത്തിലേറ്റിയ സാധാരണക്കാരുടെ ഇടയിലേക്ക് മടങ്ങേണ്ടി വരുമെന്നുള്ളതായ ചിന്ത പലർക്കും ഇല്ലാതെ പോകുന്നു എന്നതാണ് മറ്റൊരു പരമാർത്ഥം. അധികാരമേറിക്കഴിഞ്ഞാൽ പിന്നെ അവർക്ക് എല്ലാവരേയും സംശയമാണ്. പ്രത്യേകിച്ചും നാം പൊതുജനത്തെ. പ്രതിപക്ഷം മാത്രമല്ല, നമ്മുടെ വാർത്താമാധ്യമങ്ങളും അവരുടെ അധികാരം തെറിപ്പിക്കുവാൻ കാത്തിരിക്കുന്നവരാണെന്ന് വൃഥാചിന്തിച്ച് ആരേയും അഭിമുഖീകരിക്കാതെ ഓടിയൊളിക്കാൻ ശ്രമിക്കുകയാണ്.

അധികാരമെന്നുള്ളത് ആരോ താലത്തിൽ വച്ച് തങ്ങൾക്ക് സമ്മാനിച്ചതാണെന്നാണ് ഇവരിൽ പലരുടെയും ധാരണ. അതിനാൽ തന്നെ പാവം ജനങ്ങളുടെ വിലാപം കാണാനും കേൾക്കാനും അവർ സന്നദ്ധവുമല്ല;അതിൻ്റെ ആവശ്യവുമില്ല. പട്ടിണിയിലും രോഗ-ദുരിതങ്ങളിലും വലയുന്ന പാവം മനുഷ്യരുടെ രോദനമൊന്നും അവരുടെ ബധിരകർണ്ണങ്ങളിൽ പതിയുകയില്ല! എപ്പോഴും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന നഗ്നയാഥാർഥ്യങ്ങൾ അവർ വെറും രാഷ്ട്രീയ പ്രചാരവേലയായി മാത്രമേ കാണുള്ളൂ. ഏവരും അവർക്ക് ശത്രുക്കൾ മാത്രമാണ്. ആരുടേയും അവസാന ആശ്രയമായ നീതിന്യായ കോടതി ഉത്തരവുകളേയും അവർ അനുസരിക്കുന്നില്ല എന്നു മാത്രമല്ല, അതിനെ പരിഹസിക്കുന്ന ഒരു തലത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ! എവിടേക്കാണ് ഈ പോക്ക്? അധികാരത്തിൻ്റെ അപ്പക്കഷണം ലഭിക്കുന്ന വിനീത വിധേയരായ മറ്റൊരുകൂട്ടർ ആരേയും തല്ലാനും കൊല്ലാനും തയ്യാറായി നില്ക്കേ, നീതിയും ന്യായവുമെല്ലാം മുറുകെപ്പിടിക്കുന്ന ഇവിടുത്തെ ഭൂരിപക്ഷങ്ങൾ അരക്ഷിതരും അനാഥരുമായി മാറുന്നില്ലേ!?

ഇന്ന് അമ്മയെ തല്ലിയാൽ പോലും അതിനേയും ന്യായീകരിക്കുന്നവരായി നാം മാറിയിരിക്കുന്നു. പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞ് നേടുന്ന നികുതി പണത്തിന്റെ ഒരു ചെറുവിഹിതം നാടിനുവേണ്ടി വിനിയോഗിച്ചാൽ പോലും, അതും തങ്ങളുടെ ഔദാര്യത്തിൻ്റെ കണക്കിൽ എഴുതി ചേർത്തിട്ട് നമ്മുടെ മുമ്പിൽ വീമ്പു പറയാനും മടിക്കുന്നില്ല. ഇന്ന് അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നത് വെറും വാചാടോപങ്ങൾ മാത്രമാണ്. അത്തരം പ്രകടനങ്ങൾ കൊണ്ട് പാവങ്ങളുടെ പട്ടിണിയും ദുരിതങ്ങളും മാറുകയില്ലല്ലോ. ‘കോരന് എന്നും കഞ്ഞി കുമ്പിളിൽ തന്നെ’ എന്ന അവസ്ഥയിൽ നിന്ന് എന്തു മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? പാവങ്ങൾ പാവങ്ങളായി തുടരുന്നു; പണക്കാർ പിന്നെയും പിന്നെയും അവരുടെ അനധികൃത സമ്പാദ്യം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാ പിന്തുണയും അധികാര കേന്ദ്രങ്ങളിൽ നിന്നും അവർക്ക് ലഭിച്ചുക്കുകയും ചെയ്യുന്നു! വേണ്ട, ഒരു പ്രതീക്ഷയും വച്ചുപുലർത്തിയിട്ട് കാര്യമില്ല; പ്രതിഷേധിക്കുവാൻ സാദ്ധ്യതയുള്ള സ്വരങ്ങളെ എല്ലാം അവർ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു,

പ്രതിഷേധിക്കുന്ന ആരെയും ജാമ്യം ലഭിക്കാത്ത കുറ്റംചുമത്തി അകത്താക്കാൻ അധികാരികൾ മടിക്കില്ല. രാജ്യദ്രോഹക്കുറ്റം, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയാകാം അവർ രാജ്യസ്നേഹികളായ നമ്മുടെ പേരിൽ ചാർത്തുന്ന വകുപ്പുകൾ. പരാതികൾ ഒന്നുമേ കേൾക്കാനോ ഉത്തരം നൽകാനോ അവരാരും ഒരുക്കമല്ല! അവർ നൽകുന്ന ഏകപക്ഷീയമായ വിശദീകരണങ്ങളിൽ നാം തൃപ്തരാവുകയെന്ന ഒറ്റ മാർഗ്ഗമേ നമുക്കു മുന്നിലുള്ളു! സാധാരണ മനുഷ്യർ പോലും തങ്ങളെ അപായപ്പെടുത്താൻ തക്കംപാർത്തു നടക്കുകയാണെന്നാണ് അവർ കരുതുന്നത്.അതിനാലല്ലേ ഇത്രയും ശക്തമായ സംരക്ഷണ വലയത്തിനുള്ളിൽ ഇവർക്കെല്ലാം സഞ്ചരിക്കേണ്ടി വരുന്നത്! ഓർക്കുക: നാടിനും നാട്ടാർക്കും വേണ്ടി അക്ഷീണം പരിശ്രമിച്ചിരുന്ന രാഷ്ട്ര സേവകരുടെ ആ പഴയ തലമുറ ഇനിയും ഇവിടെ പുനർജനിക്കുമെന്ന് ആരും കരുതേണ്ട. നമ്മുടെ നാടിന്റെ ശ്രേയസ്സിനായി അഹോരാത്രം അധ്വാനിച്ച നിസ്വാർഥരായ ആ നേതാക്കളുടെ സ്ഥാനം നമ്മുടെ മാനസ ശ്രീകോവിലിലാണെന്ന് ഓർക്കുക. എന്നാൽ അഭിനയമികവ് മാത്രമുള്ള ഈ അഭിനവ ‘മഹാരാജാക്കന്മാരുടെ’ നാളത്തെ സ്ഥാനം എവിടെയാകുമെന്ന് ഊഹിക്കാനുള്ള അവകാശം നിങ്ങൾക്ക് വിട്ടു തരുന്നു!

എല്ലാവർക്കും പുതുവത്സരാശംസകൾ!

രാജൻ രാജധാനി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments