വൈകുന്നേരം കടൽക്കാറ്റേറ്റിരിക്കാൻ നല്ല സുഖമാണ്. കുളിരു പകരുന്ന കാറ്റിൽ ശരീരത്തിനെയും മനസ്സിനെയും ബാധിച്ച ക്ഷീണമകറ്റാനും പഴയ കാര്യങ്ങൾ ഓർത്തെടുക്കാനും, ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും നല്ലൊരു സമയം. പകലിലെ ഓട്ടം മതിയാക്കി സൂര്യൻ തൻ്റെ കിരീടവും ചേലയും എല്ലാം അഴിച്ചു വെച്ച് സാഗരത്തിൽ നീരാടാനൊരുങ്ങുന്നതും പിന്നീട് പുത്തൻ പ്രതീക്ഷയേകി വിടചൊല്ലിപ്പിരിയുന്നതും ഹൃദ്യമായ കാഴ്ച തന്നെയാണ്. പിന്നെ മെല്ലെ കൂരിരുൾ വ്യാപിക്കുകയായി. സുഭാഷിന് പക്ഷേ ഈ കാഴ്ചകളൊന്നും ആസ്വദിക്കാനായില്ല.
അയാൾ നേരെ വീട്ടിലേക്ക് നടന്നു. നഗരം വൈദ്യുത വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. രാവിലെ മുതൽ അലച്ചിലായിരുന്നു ആദിയുടെ അസുഖ നിർണ്ണയ കാര്യത്തിൽ. എല്ലാ റിപ്പോർട്ടുകളും പരിശോധിച്ചു കഴിഞ്ഞപ്പോൾ ഡോക്ടറുടെ മുഖം വിവർണ്ണമായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ഡൽഹിയിലേക്കയച്ചിട്ടുള്ളതായും പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴേക്കും അയൽക്കാർ പിന്നാലെ കൂടി, രോഗവിവരം അന്വേഷിക്കാനും, ഡോക്ടർ എന്താണ് പറഞ്ഞതെന്ന് അറിയാനുമായി.. ഒരു വിളറിയ ചിരിയോടെ എല്ലാവരോടും ഡോക്ടർ പറഞ്ഞ വിവരങ്ങൾ പങ്കുവെച്ചു. വീട്ടിലെത്തിയപ്പോൾ ഭാര്യ രജനിയും ആകാംക്ഷാഭരിതയായി കാത്തിരിക്കുകയായിരുന്നു.
ആദി ഉറങ്ങിക്കഴിഞ്ഞിരുന്നു. അവൻ്റെ മുഖത്തും, പാദങ്ങളിലും എല്ലാം നീര് ധാരാളത്തിൽ അധികം കാണാനുണ്ട്. പത്ത് വയസ്സ് ആയി എങ്കിലും ദേഹപുഷ്ടി കണ്ടാൽ ഗ്രഹണി പിടിച്ച ശിശുക്കളെപ്പോലെ ആയിരുന്നു.
“ഇനി ഇപ്പോൾ എന്താ ചെയ്യ്വാ സുഭാഷേട്ടാ.. ?”
നീണ്ട മൗനത്തിനൊടുവിൽ രജനി ചോദിച്ചു.
അയാൾക്ക് പക്ഷേ മറുപടി ഒന്നും ഉണ്ടായിരുന്നില്ല മറിച്ച് കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും ചെയ്തിരുന്നു.. എന്നാൽ എല്ലാവർക്കും ധൈര്യം പകരാൻ താൻ തളർന്നാൽ ആവില്ല എന്ന ചിന്ത അയാളെ വിങ്ങിപ്പൊട്ടലിൽ നിന്ന് തടഞ്ഞു.
“നമ്മുടെ മോൻ ..അവൻ്റെ വൃക്കയ്ക്ക് ആണത്രെ തകരാർ വന്നിരിക്കുന്നത്.”
അയാൾ വിക്കി വിക്കി പറഞ്ഞു തുടങ്ങി –
“കുട്ടികളിൽ അപൂർവ്വമായി കണ്ടുവരുന്ന അസുഖമാണത്രെ..”
“ഈശ്വരാ നമ്മുടെ മോൻ..” രജനി.കരച്ചിൽ തുടങ്ങി.. അയാൾ തടഞ്ഞില്ല.. കരയട്ടെ, ആവോളം കരയട്ടെ …. ആ സങ്കടം കണ്ടെങ്കിലും ദൈവത്തിന് കരുണ തോന്നിയാലോ… ?
“നമുക്ക് അച്ഛനെ ഒന്ന് വിളിച്ചു നോക്കിയാലോ.. ?” കരച്ചിലടക്കി രജനി അത് ചോദിച്ചപ്പോൾ അയാൾ കേട്ട ഭാവം തന്നെ നടിച്ചില്ല കാരണം തങ്ങളുടെ വിവാഹ തീരുമാനത്തിൽ എതിർപ്പു പറഞ്ഞപ്പോൾ അന്ന് വീട് വിട്ടു പോന്നതാണ്, അന്നുവരെ സ്നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന അയാൾ അന്നുമുതൽ ഒരക്ഷരം മിണ്ടിയിട്ടില്ല.
“ഇപ്പോൾ വേണ്ട ..വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനി എന്നെ കാണാനോ, മിണ്ടാനോ പോലും വരരുത് എന്നച്ഛൻ പറഞ്ഞത് നിനക്കോർമ്മയില്ലേ..” സുഭാഷിൻ്റെ വർത്തമാനം കേട്ടിട്ട്, രജനി വീണ്ടും അസ്വസ്ഥയായി.. അതു കണ്ടപ്പോൾ സുഭാഷ് പറഞ്ഞു
“നീയൊന്ന് അടങ്ങു രജനീ.. നമുക്ക് ദൈവം എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല. ”
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് അവർ നേരം വെളുപ്പിച്ചു. ഓഫീസിലിരിക്കുമ്പോൾ ആണ് അച്ഛൻ്റെ ഫോൺ വരുന്നത്. സുഭാഷ് ഫോൺ എടുക്കാൻ ആദ്യമൊന്നു മടിച്ചു എങ്കിലും പിന്നെ എടുത്തു.
“കുട്ടാ..” മറുതലയ്ക്കൽ നിന്നുള്ള വിളി .. വർഷങ്ങൾക്ക് ശേഷം ആദ്യമായി ആ വിളി വീണ്ടും കേട്ടപ്പോൾ അയാൾക്ക് അടക്കാനായില്ല.. അയാൾ വിങ്ങിപ്പൊട്ടി.. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവർ ആദ്യമായി കാണുകയായിരുന്നു അയാൾ കരയുന്നത്. എല്ലാവരും എന്തോ പ്രശ്നം ഉണ്ടെന്ന് കരുതി അയാളുടെ ചുറ്റും കൂടി.
സുഭാഷ് വേഗം ഫോണെടുത്ത് പുറത്തേക്ക് പോയി. എന്തിന് മറ്റുള്ളവരുടെ മുന്നിൽ സീനുണ്ടാക്കണം..? തൻ്റെ അഭിമാനം ചോർന്നുപോകുന്നതായി അയാൾക്ക് തോന്നിയിരുന്നു.
അച്ഛനോട് മടിച്ചു മടിച്ചു കൊണ്ട് അയാൾ കാര്യങ്ങൾ പറഞ്ഞു. എന്തെങ്കിലും പോംവഴികൾ ഉണ്ടാക്കാം എന്ന് പറഞ്ഞു അച്ഛൻ അയാളെ സമാധാനിപ്പിച്ചു.
കണ്ണു തുടച്ചു കൊണ്ട് വിളറിയ ചിരിയോടെ സുഭാഷ് തൻ്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. ഇതുവരെ പുറത്തു പറയാതിരുന്ന മകൻ്റെ അസുഖവിവരം അന്നാദ്യമായി അവരും അറിഞ്ഞു. പിന്നെ ഓരോരുത്തരായി സാന്ത്വനിപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛൻ എത്തിയതിനാൽ സാന്ത്വന വാക്കുകളാൽ പൊറുതിമുട്ടിയിരുന്ന അയാൾക്ക് തെല്ല് ആശ്വാസമായി.
വർഷങ്ങൾക്കു ശേഷമുള്ള ഒരു പിതൃ-പുത്ര സംഗമം, അത് ശരിക്കും ഹൃദയസ്പർശിയായ കാഴ്ച തന്നെ ആയിരുന്നു. ഓഫീസാണെന്ന ഓർമ്മപോലും ഇല്ലാതെ പരാതികളും പരിഭവങ്ങളും അവർ അന്യോന്യം പറഞ്ഞു തീർത്തു. മകൻ്റെ അസുഖവിവരം ഇതുവരെ ഓഫീസിൽ പറയാതിരുന്നതിന് സഹപ്രവർത്തകരും അയാളെ കുറ്റപ്പെടുത്തി.
സുഭാഷ് തലയും താഴ്ത്തി എല്ലാം കേട്ടിരുന്നു. കരച്ചിൽ മൂലം സഹപ്രവർത്തകർക്കിടയിൽ തനിക്കുണ്ടായ അഭിമാനക്ഷതം അയാൾ കാര്യമാക്കിയില്ല.. ഇല്ലെങ്കിലും കരച്ചിലൊഴികെ ബാക്കി വികാരങ്ങൾ എല്ലാം നശിച്ച ഒരാൾക്കെന്തിന് ദുരഭിമാന ചിന്ത..അല്ലേ….?
ഓഫീസിൽ നിന്നും ഇറങ്ങുന്ന നേരത്ത് ആശുപത്രിയിൽ വീണ്ടും പോയി.. ആശുപത്രിയിൽ രോഗികളുടെ നീണ്ട നിര കണ്ട് അവർ അന്തം വിട്ടു.. ഇത്രയധികം രോഗികളോ ഈ നാട്ടിൽ ..? രണ്ടു കൊല്ലം മുമ്പുവരെ ഇങ്ങനെ ആയിരുന്നില്ലല്ലോ ?
അവസാനം അവരുടെ ഊഴം എത്തിയപ്പോൾ കയറി ഡോക്ടറെ കണ്ടു..
“യു സീ സുഭാഷ്, ദെയർ ഈസ് എ മിറാക്ക്ൾ ഹാപ്പൻഡ് ഇൻ യുവർ കേസ്.. വി ഹാവ് റിസീവ്ഡ് എ ഡീറ്റയ്ൽഡ് എക്സാമിനേഷൻ റിസൾട്ട് ഫ്രം ദൽഹി ദാറ്റ് ദെയർ ഈസ് നോ സച്ച് മിസ്ഹാപ്പനിംഗ്സ് ഇൻ യുവർ ചൈൽഡ്സ് കേസ്, ആസ് വി സസ്പെക്റ്റഡ്.. ” (താങ്കളുടെ കുട്ടിയുടെ കാര്യത്തിൽ എന്തൊക്കെയോ അത്ഭുതം സംഭവിച്ചിട്ടുണ്ട്. കാരണം ഭയന്ന പോലെ ഒന്നും ഇല്ല വിശദമായ പരിശോധനാ ഫലത്തിൽ) തെലുങ്കനായ ഡോക്ടർ അയാളോട് പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ അയാൾക്കുണ്ടായ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.
തങ്ങളുടെ മോശപ്പെട്ട അവസരത്തിൽ ഒരുപാട് രക്തബന്ധമില്ലാത്തവർ പോലും തങ്ങളെ സഹായിക്കുവാൻ ചുറ്റിലും ഉണ്ട് എന്നറിഞ്ഞതിലും തൻ്റെ അച്ഛന് തങ്ങളോട് ദ്വേഷ്യം ഒന്നും ഇല്ല എന്നറിഞ്ഞതിലും അയാൾക്കുണ്ടായ സന്തോഷം നിസ്സീമമായിരുന്നു…
ഇനിയും ഒരവസ്ഥ വരികയാണെങ്കിൽ തൻ്റെ ഒരു വൃക്ക പേരക്കുട്ടിക്ക് നൽകുമെന്നും മാറ്റിവെക്കേണ്ട ചെലവുകളും മറ്റും താൻ വഹിക്കുമെന്നും, അങ്ങനെയൊന്നും വരുത്താതിരിക്കട്ടെ, അവനെൻ്റ പേരക്കുട്ടി അല്ലേടാ എന്നെല്ലാം പറഞ്ഞു, അച്ഛൻ സുഭാഷിന് ഉറപ്പു നൽകുകയും സമാധാനിപ്പിക്കുകയും ചെയ്തു.
രക്തബന്ധത്തിൻ്റെ ശക്തി ഒന്നു വേറെത്തന്നെ അല്ലേ …? അല്ലെങ്കിലും ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ എന്നല്ലേ..
ശുഭം..