Friday, October 18, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം " - (അദ്ധ്യായം - 7) ...

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം ” – (അദ്ധ്യായം – 7) മിഷൻ ഇംപോസിബിൾ

റെക്സ് റോയി

മിഷൻ ഇംപോസിബിൾ

“അവൻ വല്ലപ്പോഴുമേ പുറത്തിറങ്ങാറുള്ളൂ അല്ലേ ?” എന്‍കൗണ്ടർ സ്പെഷലിസ്റ്റ് ആണ് ചോദിച്ചത്.
“ അതെ അതെ . പുറത്തിറങ്ങുമ്പോൾ കൂടെ ഒരു ഏഴെട്ടു പേർ കാണുകയും ചെയ്യും.” നന്ദൻ പറഞ്ഞു.
“കൂടെയുള്ളവന്മാർ ആരാണ്?”
“കൂട്ടുകാരാണെന്നാണ് പറയുന്നത്. അവന്മാരുടെ ഒക്കെ കയ്യിൽ തോക്കും മറ്റ് ആയുധങ്ങളും ഉണ്ട്.” നന്ദൻ പറഞ്ഞു.
“ നോ , ദെയാർ പ്രൊഫഷണൽ ആംഡ് സെക്യൂരിറ്റി പേഴ്സണൽസ്.” സ്പോടന വിദഗ്ധനാണ് അത് പറഞ്ഞത്.
മറ്റുള്ളവർ അയാളെ നോക്കി.
“എല്ലാവരും ആവണമെന്നില്ല. പക്ഷേ അതിൽ ഒന്നു രണ്ടു പേരെ എനിക്കറിയാം. ബാംഗ്ലൂരിൽ ഡോബർമാൻ എന്ന് വിളിക്കുന്ന ഒരു അധോലോക സെക്യൂരിറ്റി ഏജൻസി ഉണ്ട് . അണ്ടർ കവർ സെക്യൂരിറ്റിക്കാരെ കൊടുക്കുന്ന ഒരു ഏജൻസിയാണ്. വെൽ ട്രെയിൻഡ് ആയിട്ടുള്ള കുറെ പേർ. കണ്ടാൽ സാധാരണക്കാരെ പോലെ ഇരിക്കും. ചിരിച്ചു കളിച്ചു കൂടെ നടക്കും. പക്ഷേ ഒരു ആവശ്യം വന്നാൽ കളി മാറും. അത്യന്താധുനിക തോക്കുകളും ഹൈലി സെൻസിറ്റീവായ മെറ്റൽ ഡിറ്റക്ടറുകളും എല്ലാം അവരുടെ കൈയിൽ ഉണ്ട്.”

“അവരും ആ ഹോട്ടലിൽ തന്നെയാണോ താമസം.” ഷാർപ്പ് ഷൂട്ടർ ആണ് ചോദിച്ചത്.
“ആണെന്ന് തോന്നുന്നു. വ്യക്തമായി അറിയില്ല.” നന്ദൻ പറഞ്ഞു
“അവൻ്റെ കൂടെ നടക്കുന്നവർ ആരൊക്കെയാണെന്നും അവർ എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും ഉടൻ കണ്ടുപിടിക്കണം.” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.
“ യേസ് സാർ . അതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.” നന്ദൻ പറഞ്ഞു.

“കഴിഞ്ഞ ഞായറാഴ്ച അവൻ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നല്ലോ ?” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ചോദിച്ചു.
“അതന്വേഷിച്ചു സാർ. അവൻ ഇടയ്ക്കിടയ്ക്ക് അവിടെയുള്ള ഒരു പള്ളിയിൽ പോകാറുണ്ട്. രാവിലെ പോയി ആ ലോഡ്ജിൽ മുറിയെടുത്ത് ഫ്രഷ് ആയ ശേഷമാണ് പള്ളിയിൽ പോകാറുള്ളത്.” നന്ദൻ പറഞ്ഞു.

“അങ്ങനൊന്നും ആയിരിക്കില്ല. അവൻ എപ്പോഴൊക്കെയാണ് പോകുന്നത്, അവിടെവച്ച് ആരെയൊക്കെയാണ് കാണുന്നത്, പള്ളിയിൽ ആരോടൊക്കെയാണ് സംസാരിക്കുന്നത് എല്ലാം അന്വേഷിച്ചു കണ്ടെത്തണം.”

“അതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് സാർ.”

“അവൻ്റെ അടുത്ത യാത്രയിലോ ആ ലോഡ്ജിലോ പള്ളിയിലോ വെച്ച് തീർക്കാൻ പറ്റുമോ എന്ന് നോക്കണം.” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.

“അവൻ്റെ ഡിജെയ്ക്കിടയിൽ ദൂരെ നിന്ന് ഷൂട്ട് ചെയ്യാൻ പറ്റില്ലേ ?” നന്ദൻ ചോദിച്ചു.

“പറ്റില്ല. ഇത്രയും ലേസർ ലൈറ്റുകളും ബഹളങ്ങളും എല്ലാം ഡിസ്റ്റർബൻസ് ആണ് . മാത്രമല്ല അവൻ ഒരു സെക്കൻഡ് പോലും അടങ്ങി നിൽക്കുന്നില്ല. ടാർഗറ്റ് സെറ്റ് ചെയ്യാൻ പറ്റില്ല.” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.

“സ്റ്റേജിൽ ഒരു സ്ഫോടനം?”
“അതും നടക്കില്ല. സ്റ്റേജ് എന്ന് പറയുന്നത് കടലിൽ ഉയർന്നു നിന്ന ഒരു വലിയ പാറക്കല്ല് ചെത്തി നിരപ്പാക്കി ഉണ്ടാക്കിയതാണ്. അതു തുരന്നു സ്ഫോടക വസ്തുക്കൾ വയ്ക്കുക എന്ന് പറയുന്നത് നടപ്പുള്ള കാര്യമല്ല. ഏതുസമയത്തും ആൾക്കാരുടെ നോട്ടം എത്തുന്ന സ്ഥലത്താണ് അതുള്ളത്. ദൂരെ നിന്ന് റോക്കറ്റ് പോലുള്ള എന്തെങ്കിലും ഉപയോഗിക്കാമെന്ന് വെച്ചാൽ തന്നെ ലേസർ ലൈറ്റുകളുടെയും മറ്റും ഡിസ്റ്റർബൻസിൽ ഉന്നം തെറ്റി പോകും.” സ്ഫോടന വിദഗ്ധൻ പറഞ്ഞു.

“ഡിജെയ്ക്കിടയിലിട്ടു തീർക്കുന്നതിലും നല്ലത് അവൻ ഇടയ്ക്ക് പുറത്തിറങ്ങുമ്പോൾ തീർക്കുന്നതാണ്.” ഷാർപ്പ് ഷൂട്ടർ തുടർന്നു. “അല്ലെങ്കിൽ ആ ഹോട്ടലിലിട്ട് തീർക്കണം.”

“ ഹോട്ടലിൽ അവൻ താമസിക്കുന്ന മുറി ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. അവൻ അവിടെയാണ് താമസിക്കുന്നതെന്ന് അവിടുത്തെ ജോലിക്കാർക്ക് പോലും അറിയില്ല എന്നാണ് തോന്നുന്നത്.” നന്ദൻ പറഞ്ഞു.

“ആ ഹോട്ടൽ ആരുടേതാണ്?” എൻകൗണ്ടർ സ്പെഷലിസ്റ്റ് ചോദിച്ചു.
“ഇവിടുത്തെ ഗ്രാമമുഖ്യൻ്റേതാണ്.” നന്ദൻ പറഞ്ഞു.
“അയാളെ പിടിക്കാം.”
“ അയാൾ വിദേശത്താണ് എന്ന് മാത്രമേ നാട്ടുകാർക്ക് അറിയൂ. ഏതു നാട്ടിലാണെന്ന് പോലും ആർക്കും അറിയില്ല.”
“അപ്പോൾ ഇവിടുത്തെ കാര്യങ്ങളൊക്കെ നടത്തുന്നത് ആരാ?”
“ഗ്രാമമുഖ്യന് ഒരു ശിങ്കിടി ഉണ്ട്. അയാളാണ്.”
“എങ്കിൽ അയാളെ പിടിക്ക്.”
“അയാൾക്ക് നിർദ്ദേശം നൽകുന്നത് മുത്തുവാണ്.”
“വാട്ട്?”
“അതെ സർ. ഗ്രാമമുഖ്യന്റെ പേരിൽ മുത്തുവാണ് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.”
നന്ദൻ പറഞ്ഞതു കേട്ട് മറ്റു നാലുപേരും പരസ്പരം നോക്കി. അവരുടെ മുഖങ്ങൾ കൂടുതൽ ഗൗരവമായി. കാര്യങ്ങൾ വിചാരിച്ചപോലെ സുഗമമല്ല എന്ന് അവർക്ക് മനസ്സിലായി. ആ ഒരു ബീച്ച് ഏരിയ മുഴുവൻ ഇമ്മാനുവേലിന്റെ നിയന്ത്രണത്തിലാണ് എന്നാണ് നന്ദൻ പറഞ്ഞതിന്റെ അർത്ഥം എന്ന് അവർക്ക് മനസ്സിലായി.

ഇമ്മാനുവേലിന് അഥവാ മുത്തുവിന് എതിരെ നിൽക്കുന്ന ആരെങ്കിലും ആ ഗ്രാമത്തിൽ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ നന്ദനെ ചുമതലപ്പെടുത്തി.

അവരുടെ അന്വേഷണത്തിൽ നിന്ന് ഇമ്മാനുവൽ ഡിജെയ്ക്കല്ലാതെ വളരെ അപൂർവമായി മാത്രമേ ഹോട്ടലിൽ നിന്ന് വെളിയിലിറങ്ങു എന്ന് അവർക്ക് മനസ്സിലായി. എന്നാൽ ആ ഗ്രാമത്തിലെ ഓരോ ഇലയനക്കം പോലും ഇമ്മാനുവൽ അറിയുന്നുണ്ടെന്നും അതിനനുസരിച്ച് ഓരോ നിർദ്ദേശങ്ങൾ ഇമ്മാനുവൽ ഗ്രാമത്തിലുള്ളവർക്ക് നൽകുന്നുണ്ടെന്നും അവർക്ക് മനസ്സിലായി. അവരുടെ മുന്നിലുള്ള ജോലി വളരെ സങ്കീർണമാണ് എന്ന് അവർക്ക് മനസ്സിലായി. എന്തിനാണ് ഒരാളെ തീർക്കാൻ ഇങ്ങനെയൊരു ടീം ഉണ്ടാക്കിയതെന്ന് നന്ദനും മനസ്സിലായി തുടങ്ങി.
“ആ ഡോക്ടറും അയാളുടെ കൂടെയാണോ താമസിക്കുന്നത്?” എൻകൗണ്ടർ സ്പെഷലിസ്റ്റ് ചോദിച്ചു.
“അതിനെപ്പറ്റി ആർക്കും അറിയില്ല സാർ. അങ്ങനെ ഒരാൾ കൂടെയുള്ളതായിട്ട് ഇവിടങ്ങളിൽ നിന്നും ഇൻഫർമേഷൻ ഇല്ല.”
“പിന്നെ നന്ദനോട് ഇതാര് പറഞ്ഞു?”
“എന്നെ കോൺട്രാക്ട് ഏൽപ്പിച്ചവർ പറഞ്ഞതാണ്.”
“അപ്പോൾ ആ കാര്യത്തിലും വ്യക്തതയില്ല.”

എല്ലാവരും അവരവരുടെ ലോകത്ത് ചിന്താവിഷ്ടരായി അല്പനേരം ഇരുന്നു.

“ഹോട്ടലിന്റെ എൻട്രൻസ് ബീച്ചിലേക്കാണ് തുറക്കുന്നത്. ഹോട്ടലിന്റെ നാല് ചുറ്റും തുറസായ സ്ഥലങ്ങളാണ്. അവൻ പുറത്തിറങ്ങുന്നത് നോക്കി ഒളിച്ചിരുന്നു ഷൂട്ട് ചെയ്യാൻ യാതൊരു സ്കോപ്പും ഇല്ല .” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.
“ആ ഹോട്ടൽ മൊത്തത്തിൽ അങ്ങ് ബോംബ് വെച്ച് ‘’’….?” നന്ദൻ സ്ഫോടന വിദഗ്ധനോട് ചോദിച്ചു.
“ ഹാ , മണ്ടത്തരം പറയാതിരിക്കൂ നന്ദൻ. അതൊന്നും നടക്കുന്ന കാര്യമല്ല.”
“ഒരുപാട് പേർ മരിക്കുമെന്ന് വെച്ചാണോ?”
“മിസ്റ്റർ നന്ദൻ, ആ ഹോട്ടൽ മൊത്തമായി തകർക്കാൻ ചുമ്മാ പെട്ടിക്കകത്തൊരു ബോംബ് കൊണ്ട് വച്ചാൽ പോരാ. അതിനു ഒരുപാട് സ്ഫോടക വസ്തുക്കളും അവ കൃത്യമായ സ്ഥലങ്ങളിൽ പ്ലാൻറ് ചെയ്യുകയും വേണം.” സ്ഫോടക വിദഗ്ധൻ തുടർന്നു “ അവൻ താമസിക്കുന്ന മുറി ആക്സസ് ചെയ്യാൻ പറ്റിയാൽ എന്തെങ്കിലും ചെയ്യാൻ പറ്റിയേക്കും.”

“അതിന് ശ്രമിച്ചു നോക്കാം സാർ.”

“അങ്ങേയറ്റം സൂക്ഷിച്ചുവേണം. അറിഞ്ഞടത്തോളം അത്ര നിസ്സാരമല്ല കാര്യങ്ങൾ . എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ മതി, അവൻ നമ്മുടെ കയ്യിൽ നിന്ന് രക്ഷപ്പെടും. പിന്നെ ഒരിക്കലും കിട്ടിയില്ലാന്നും വരും.” അതുവരെ മിണ്ടാതിരിക്കുകയായിരുന്ന മാർഷൽ ആർട്സ് വിദഗ്ധൻ പറഞ്ഞു.
മറ്റുള്ളവർ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ തുടർന്നു “ഒറ്റയ്ക്ക് കിട്ടിയാൽ അവന്റെ കാര്യം ഞാനേറ്റു. പക്ഷേ ആയുധധാരികളായവരാണ് അവൻ്റെ ചുറ്റും എപ്പോഴും ഉള്ളത്. അവരെ മാറ്റി തന്നാൽ ബാക്കി ഞാനേറ്റു. അല്ലെങ്കിൽ അവൻ്റെ തൊട്ടടുത്ത് എത്താൻ പറ്റണം.”

“ഇതെല്ലാം അവൻ പുറത്തിറങ്ങുമ്പോൾ ഉള്ള കാര്യമല്ലേ?” എൻകൗണ്ടർ സ്പെഷലിസ്റ്റ് ചോദിച്ചു.
“അതെ അതെ. അകത്തിരിക്കുന്നവനെ നമ്മൾ എങ്ങനെ വെളിയിൽ എത്തിക്കും? വെളിയിൽ ഇറക്കി കിട്ടിയാൽ ബാക്കി നമുക്ക് ചെയ്യാനുള്ളതേ ഉള്ളൂ.” ഷാർപ്പ് ഷൂട്ടർ പറഞ്ഞു.

എല്ലാവരും വീണ്ടും ആലോചനയിൽ മുഴുകി.
(തുടരും)

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments