1. വെൺകൊറ്റക്കുട
കൊറ്റക്കുട ചരിത്രത്തിൽ നിന്നിറങ്ങി വന്നു കൈക്കൊണ്ടിട്ടുള്ള പരിണതി ചിന്തനീയമാണ്!
കൊറ്റവൻ = രാജാവ്
രാജാവു ചൂടിയിരുന്ന ( രാജാവു മാത്രം) വെൺമയുള്ള കുടയ്ക്കാണ് വെൺകൊറ്റക്കുട എന്നു പറഞ്ഞിരുന്നത്.
രാജഭരണം കഴിഞ്ഞപ്പോൾ ചില അധികാര സ്ഥാനങ്ങളിൽ പുതു ഭാവത്തിൽ ഇതു പിടിച്ചു തുടങ്ങി.
അർദ്ധരാത്രിയും കുട പിടിച്ചു നടന്ന് താൻപോരിമയും അധികാരവും പണക്കൊഴുപ്പുമൊക്കെ പ്രകടിപ്പിച്ചവരെ അല്പന്മാരെന്ന് നിപുണ നേത്രമുള്ളവർ വിളിച്ചു.
കൊറ്റവൻ ചുരുങ്ങി കൊറ്റനായി.
ആൺവർഗ്ഗത്തെ കുറിക്കാൻ കൊറ്റൻ എന്നു പ്രയോഗിക്കാറുണ്ട്.
” മറ്റു പൂച്ചെടി ചെന്നു തിന്നാനെൻ
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം ” (വൈലോപ്പിള്ളി)
എന്ന ഈരടി ഒരു പൗരുഷശാലിയുടെ സത്യപ്രസ്താവനയാണ്.
കൊറ്റവി കൊറ്റവൻെറ എതിർലിംഗമാണെങ്കിലും ഭാഷയിലിന്ന് ലുപ്ത പ്രചാരമാണ്.
കൊറ്റവിയെ കുറുക്കിയാണോ ‘കൊറ്റി ‘ പിറന്നതും പറന്നതും ?
വെൺകൊറ്റക്കുടയുടെ നവരൂപങ്ങളായ മുത്തുക്കുടയുടെ പ്രചാരം ആചാരം തന്നെയായിട്ടുണ്ട്.
നല്ല കുടമാറ്റം !!
2 കോടി
നാനാർത്ഥ സങ്കീർണ്ണതയുളള പദം.
സമുദ്രത്തിലേയ്ക്ക് ഉന്തിനില്ക്കുന്ന കര,നൂറു ലക്ഷം വരുന്ന സംഖ്യ, പുതിയ, വളഞ്ഞു, വളരെ (പ്ളാവ് കോടി കായ്ചു) അറ്റം, ദിക്ക്,മൂല,തുടങ്ങി ഇനിയും പ്രചാരത്തിലുള്ള പദങ്ങളുണ്ട്.
കോട് എന്ന പദം പരിണമിച്ചായിരിക്കണം കോടി രൂപപ്പെട്ടത്.
മുപ്പത്തിമുക്കോടി എന്നു പ്രചുരപ്രചാരം സിദ്ധിച്ച ഒരു അതിശയോക്തിയുണ്ട്.അത് മുപ്പത്തിമൂന്ന് മാത്രമെന്ന് വേദം സൂചിപ്പിക്കുന്നു.
ഏകാദശ രുദ്രൻമാർ 1+10= 11
ദ്വാദശാദിത്യൻമാർ 2+10 =12
അഷ്ടവസുക്കൾ (8)
ഇന്ദ്രൻ + ബ്രഹ്മാവ്.
ആകെ 33
ഇവർ 33 കോടികളിൽ നിന്ന് പ്രപഞ്ച സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നു.
‘കോടുള്ള മരത്തിനു കോടിയ നിഴലേ ഉണ്ടാവു ‘…..
3 താരം
തിളങ്ങുന്നത്,തരണം ചെയ്യാൻ സഹായിക്കുന്നത്, ഉച്ചത്തിലുള്ള ശബ്ദം തുടങ്ങി പല അർത്ഥങ്ങളിൽ പ്രയോഗമുള്ള പദം.
തരിക്കാൻ ( തരണം ചെയ്യാൻ)സഹായിക്കുന്നത് താരം.
രാത്രിയാത്രക്കാർക്ക് കപ്പലും മറ്റും ദിക്കറിഞ്ഞു സഞ്ചരിക്കാൻ താരങ്ങളുടെ നില നോക്കി നിശ്ചയിക്കാൻ കഴിഞ്ഞിരുന്നു.
രാത്രി എത്രത്തോളം ആയെന്ന് താരങ്ങളുടെ സ്ഥാനം നോക്കി നിശ്ചയിച്ചിരുന്നു.
ഹയ് …. ഹയ്…..നട കാളെ…… എന്നൊക്കെ ശബ്ദിച്ച് കർഷകർ കന്നുകാലികളെ തെളിക്കുന്ന താരസ്വരം കേട്ടാണ് നാം ഉണർന്നിരുന്നത് ! ( അങ്ങനെ ഒരു കാലം !!!)
ഇന്നോ ?
4 താക്കോൽ
” താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനെ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതൻ പുഷ്കല
കണ്ഠനാദം കേട്ടിങ്ങെഴുന്നേറ്റു കൃഷീവലൻമാർ ”
കുറ്റിപ്പുറത്ത് കേശവൻ നായരുടെ ഈ കവിതാഭാഗം നമ്മുടെ ഗ്രാമീണപ്രകൃതിയുടെ
തനതു ചിത്രമായിരുന്നു.
അലാം വെച്ച് ഉണരുന്ന ശീലം പലർക്കുമുണ്ട്.പുവ്വൻകോഴികളെ key കൊടുക്കാതെ പ്രവർത്തിക്കുന്ന അലാം (അലാറം)ആയി കവി സങ്കല്പിച്ചിരിക്കുന്നു.
താഴിന് ഉള്ള കോൽ,താഴ് തുറക്കാനും അടക്കാനും ഉപയോഗിക്കുന്ന കോൽ…….. താക്കോൽ.