2018 ലെ അവസാന നാളുകളിൽ തമിഴ്‌നാട്ടിലേക്ക് ഒരു യാത്രയുണ്ടായി. കുട്ടികളുടെ അർദ്ധവാർഷിക പരീക്ഷാപേപ്പർ നോക്കി മടുത്തപ്പോൾ ഒരു മാറ്റത്തിന് വേണ്ടിയുള്ള യാത്ര. സേലത്തിനടുത്തുള്ള യേർക്കാട് ഹിൽ സ്റ്റേഷനും മേട്ടൂർ ഡാമും കണ്ടുമടങ്ങുകയായിരുന്നു ലക്ഷ്യം. കാവേരിപ്പുഴ വേനലിലും സമൃദ്ധമായി നിറഞ്ഞുനിന്നു. നദിക്കരയിൽ അരിയും പൂവും കുങ്കുമവും ഒക്കെയായി ഒരു കൂട്ടർ പൂജ ചെയ്യുന്നു. പിതൃതർപ്പണമായിരിക്കാം.
പൊതുവെ സന്ദർശകരും തിരക്കും കുറവ്. മഞ്ഞിൻകുളിരിനോട് കിന്നാരം പറയുന്ന ഓളങ്ങളെ നോക്കി ആ കൽപ്പടവിൽ കുറേനേരമിരുന്ന് ഞങ്ങൾ മടങ്ങി. പാതയോരം അതിരിട്ട് തക്കാളിത്തോട്ടങ്ങളും കരിമ്പിൻതോട്ടങ്ങളും.. വെള്ളം സമൃദ്ധമായി കിട്ടുന്നതുകൊണ്ടാകണം പച്ചപ്പരവതാനി വിരിച്ചു കറുകനാമ്പുകൾ. വരമ്പിന്റെയോരത്തു ഒരു കുഞ്ഞുമാടത്തിൽ ഒരു മനുഷ്യൻ കിടപ്പുണ്ട്. ഉറക്കമാണെന്ന് തോന്നുന്നു. ആ പച്ചപ്പ് ക്യാമറയിൽ പകർത്താതെ പോരാൻ തോന്നിയില്ല. വണ്ടി നിർത്തി കരിമ്പിൻതോട്ടങ്ങളുടെയും തക്കാളിത്തോട്ടങ്ങളുടെയും ഒന്നുരണ്ട് പടങ്ങളെടുത്തു. വിളഞ്ഞുപഴുത്ത തക്കാളികൾക്കിടയിൽ പച്ചത്തക്കാളികൾ; നല്ല ചന്തമുള്ള കാഴ്ച..
നമ്പ്യാരുടെ വരികൾ പോലെ “പച്ചക്കദളി കുലകൾക്കിടയ്‌ക്കിടെ മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും..” തോട്ടങ്ങളുടെ ഫോട്ടോ എടുക്കുമ്പോഴേക്കും മാടത്തിൽ ഉറങ്ങിയിരുന്ന ആൾ എണീറ്റ് സംശയദൃഷ്ടിയോടെ ഞങ്ങളെ നോക്കുന്നതുകണ്ടു. ഇനിയും പടം പിടിച്ച് അയാളെ പ്രകോപിപ്പിക്കേണ്ടെന്നു കരുതി ഞങ്ങൾ വേഗം സ്ഥലം കാലിയാക്കി.
മഞ്ഞിൻ തണുപ്പുവീണ വിജനമായ പാത. റോഡിനിരുവശവും വെളുത്ത പാറക്കല്ലുകളും കുറ്റിച്ചെടികളും.. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ കുഞ്ഞുകുഞ്ഞ് വൈക്കോൽ കൂനകൾ.. ഉണങ്ങിയ കരിമ്പിന്റെ ഓലയാണോ എന്തോ? ഓരോ പത്തുമീറ്ററും ഇടവിട്ട് ദേവൻമാരുടെ രൂപങ്ങളുണ്ട്. ഇവയൊന്നും ഒരു മേൽക്കൂരയ്ക്ക് കീഴെയല്ല പ്രതിഷ്ഠിച്ചിരിക്കുന്നത്. കുറെ കൊമ്പൻ മീശക്കാരായ ദൈവങ്ങൾ; ഇനി രാക്ഷസന്മാർ ആയിരിക്കുമോ? കണ്ണുകളിൽ നിറഞ്ഞ ക്രൗര്യവുമായി കടുത്ത ചായം വാരിപ്പൂശി ഉടവാളും കിരീടവും അണിഞ്ഞുകൊണ്ട് അവരവിടെ നിലകൊള്ളുന്നു. മുന്നിൽ ചില തോക്കുധാരികളും ഉണ്ട്; ട്രൗസർ ധരിച്ച് പണ്ടത്തെ പോലീസ് വേഷത്തിൽ.. അതാണ് ഏറെ കൗതുകമുണർത്തിയത്. സങ്കല്പം എന്തുതന്നെയാവട്ടെ, ഒരു സംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണിവ.
ഗ്രാമം ഉണർന്നുതുടങ്ങുന്നതേയുള്ളൂ; മഞ്ഞിൻപുതപ്പിന്റെ കീഴിൽ ആലസ്യം പൂണ്ടുറങ്ങുകയാവും. റോഡിൽ വാഹനത്തിരക്ക് കുറവാണ്. കരിമ്പിൻ തോട്ടങ്ങളും തക്കാളിത്തോട്ടങ്ങളും പിന്നിട്ട് ഞങ്ങളുടെ കാർ മുന്നോട്ട് കുതിച്ചു. അപ്പോഴാണ് മിന്നായം പോലെ ആ കാഴ്ച. ഒരു വീടിനുമുന്നിൽ കുറെ വർണ്ണനൂലുകൾ തുണിയുണക്കാൻ അയയിലിടുന്ന പോലെ തൂക്കിയിട്ടിരിക്കുന്നു ഓറഞ്ചും നീലയും പച്ചയുമൊക്കെയായി വെട്ടിത്തിളങ്ങുന്ന നൂലുകൾ.
“പട്ടുനൂലായിരിക്കുമോ?”
“ഹേയ്, പ്ലാസ്റ്റിക് നാരുകളായിരിക്കും..” ആര്യപുത്രന്റെ കമന്റ്..
എന്നാൽ പിന്നീട് കണ്ടതെല്ലാം എന്റെ സംശയം ബലപ്പെടുത്തുന്നവ. കുറെയേറെ വീടുകൾക്ക് മുന്നിൽ ഇത്തരം നൂൽക്കാഴ്ചകൾ. പിറകെ ചെറിയ ബോർഡുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി..
‘പെരുമാൾ സിൽക്‌സ്, ലക്ഷ്മീ നരസിംഹ സിൽക്‌സ്, മീനാക്ഷി സിൽക്‌സ്..’ അങ്ങനെയങ്ങനെ..
“ദേ, ഇവിടെയൊരു നെയ്ത്തുഗ്രാമം ഉണ്ട്.. അതുറപ്പാ.. ഒന്ന് പോയാലോ..”
കുറേനാളായി ഉള്ളിൽ കിടന്ന ഒരു മോഹമാണത്; ഒരു നെയ്ത്തുഗ്രാമം കാണണമെന്ന്. ഇപ്പോഴിതാ ഒട്ടും വിചാരിക്കാതെ മുന്നിൽ. ഞാൻ ആവേശഭരിതയായി. ബോർഡ് ദിശ കാണിച്ച ഇടവഴിയിലൂടെ ഇടത്തോട്ടുതിരിഞ്ഞ് ഞങ്ങൾ മുന്നോട്ടുനീങ്ങി.
പട്ടും പൂവും വൈരക്കമ്മലും മൂക്കുത്തിയും ഗൃഹാതുരമായ ഓർമ്മയായി കൊണ്ടുനടന്ന കൗമാരം. ചുവപ്പുപട്ടിന്റെ ചാരുതയിൽ പീലിവിടർത്തി നിൽക്കുന്ന സ്വർണ്ണമയിലുള്ള പാവാട സ്വപ്നം കണ്ടിരുന്ന നാളുകൾ. അവയുടെ നേർമയിൽ തലോടുമ്പോൾ അത് സ്വന്തമാക്കാൻ കൊതിച്ചിരുന്നു. ആ പകിട്ട് വാരിചുറ്റി മേനിയഴക് കൂട്ടാൻ മോഹിച്ചിരുന്നു. ഇന്ന് മുടിയിൽ വെള്ളിക്കമ്പി അതിരിട്ടെങ്കിലും ആ മോഹത്തിനൊട്ടും കുറവ് വന്നിട്ടില്ല.
മുന്നോട്ട് പോകുന്തോറും വഴി ദുർഘടമായി തുടങ്ങി. എതിർദിശയിൽ ഒരു വാഹനം വന്നാൽ കൂടി സൈഡ് കൊടുക്കാൻ സാധിക്കാത്ത ഇടവഴി. ഒരുവേള, മടങ്ങിയാലോ എന്നുവരെ തോന്നിപ്പിച്ചു. തികച്ചും വിജനമായ പ്രദേശം. പാതയരികിൽ നിറയെ കായ്ച്ചുനിൽക്കുന്ന മുരിങ്ങമരങ്ങൾ. മതിലോ വേലിയോ ഒന്നുമില്ല. കൈയെത്തി പിടിക്കാവുന്ന ഉയരത്തിൽ നല്ല മുഴുത്ത മുരിങ്ങക്കായ് തൂങ്ങി നിൽക്കുന്നു.
“ഇത് പുറംപോക്ക് ഭൂമിയാണെന്ന് തോന്നുന്നു.നമുക്ക് രണ്ടെണ്ണം പറിച്ചാലോ..”
എന്റെ കൗതുകത്തെ നിർദാക്ഷിണ്യം വെട്ടി വീഴ്ത്തിയ മറുപടി ഉടൻ കിട്ടി.
“അപ്പറഞ്ഞത് നേരാ.. പുറം പോക്കാവും, ഭൂമീടെയല്ല, നിന്റെ.. നാട്ടുകാരുടേന്നു തല്ലുവാങ്ങേണ്ട..”
കുറേദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ പായ നെയ്ത്ത് തകൃതിയായി നടക്കുന്നു. റോഡിന് കുറച്ച് വീതി കൂടിയിട്ടുണ്ടിപ്പോൾ.. കുറച്ചുകൂടി ജനവാസ മേഖലയിലേക്ക് കടന്നെന്നു തോന്നി. ഇവിടെ കുറെയേറെ കൊച്ചുകൊച്ചുവീടുകൾ.. എല്ലാ വീട്ടിൽനിന്നും നെയ്ത്തിന്റെ ശബ്ദം കേൾക്കാം. മുന്നിൽ കണ്ട ഒരാളോട് സാരി ഷോറൂം എവിടെയാണ് എന്നന്വേഷിച്ചു. നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് മറുചോദ്യം.. അപ്പോൾ അവിടെ ഒരുപാട് സിൽക്ക് കടകളുണ്ടെന്ന് മനസ്സിലായി. അയാൾ ചൂണ്ടിക്കാണിച്ചുതന്ന ആദ്യത്തെ കടയിൽ തന്നെ കയറി. മുന്നിൽ നിറമുള്ള പൊടിക്കോലങ്ങൾ കൊണ്ടലങ്കരിച്ച വൃത്തിയുള്ള കെട്ടിടം. നിലത്ത് ഓലപ്പായിൽ കുറേ സ്ത്രീകളിരിക്കുന്നു. നേരത്തെ കണ്ട പായനെയ്ത്തിന്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത്. പാദരക്ഷകൾ പുറത്തഴിച്ചുവച്ച് അകത്തേക്ക് കയറി. സാരിനിർമ്മാണത്തിനാവശ്യമായ പട്ടുനൂലുകൾ ചുറ്റുകളായി ഒരിടത്ത് കൂട്ടിവച്ചിരിക്കുന്നു.. നിലത്ത് വിരിച്ചിട്ട പായകളിലിരുന്നാണ് പട്ടുപുടവകൾ വിടർത്തി കാണിക്കുന്നത്. അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന വർണ്ണപ്രപഞ്ചം, പായയ്ക്കുമുകളിൽ കസവു നൂലിൽ തീർത്ത രാജാവും രഥവും സൂര്യചന്ദ്രന്മാരും മയിലും ഒക്കെയായി പീലിവിടർത്തിയാടുന്നു. മുല്ലപ്പൂക്കൾ വിതറിയ പോലുള്ള സാരിക്ക് ആവശ്യക്കാർ എറെയത്രെ. ‘മല്ലിനഗ്ഗ’ എന്നാണ് ഈ പരമ്പരാഗത ഡിസൈനിന്റെ പേര്. ‘താണ്ഡവതാളം ‘എന്ന സമാന്തര രേഖകളും സാരികളിൽ കാണാം.
മഴവില്ലിന്റെ നിറങ്ങളാണ് സാരി നിർമാണത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ‘ആന കരിമ്പിൻ തോട്ടത്തിൽ’ ചെന്നപോലെ ഞാൻ രണ്ടുമൂന്നെണ്ണം വാരിപ്പിടിച്ചു; പേഴ്‌സിന്റെ കനത്തിനനുസരിച്ച്. ബാക്കിയെല്ലാം കണ്ട് മനം കുളിർപ്പിച്ചു.
മടങ്ങാൻ നേരം ഞാൻ അവരോട് എന്റെ ഒരാഗ്രഹം പറഞ്ഞു,
“സാരിനെയ്ത്തു ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.”
മുഷിഞ്ഞ സാരിയും മുടിപ്പിന്നലിൽ പൂവും ചൂടിയ ഒരു പെണ്ണ് ഒരു നേർത്ത ചിരിയോടെ എന്നെ അടുത്തുതന്നെയുള്ള ഒരു വീട്ടിലേക്കാനയിച്ചു. ഇടതടവില്ലാതെ ശബ്ദിക്കുന്ന ആ നെയ്ത്തുയന്ത്രത്തിന് മുന്നിൽ ഒരു കിളിന്തുപയ്യൻ. പ്ലസ് ടു പ്രായമേ കാണൂ.. പഠിക്കേണ്ട പ്രായത്തിൽ അവൻ കുടുംബഭാരം ചുമലിലേറ്റി. ഞാൻ ടീച്ചറെന്നു പറഞ്ഞപ്പോൾ അവനും ഉത്സാഹം.
കസവുനൂലിൽ കവിത ചമയ്ക്കുന്ന ആ കഴിവിന് മുന്നിൽ പ്രണമിച്ചു. അവന്റെ ഒരു ഫോട്ടോയും എടുത്തുപടിയിറങ്ങുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.. നാം അരയിൽ വയ്ക്കുന്ന പട്ടിന്റെ നിറവും മിനുപ്പുമൊന്നുമില്ലാതെ മങ്ങിയ കുറെ ജന്മങ്ങൾ.. അവരുടെ സ്വപ്നങ്ങളിലുമുണ്ടാവില്ലേ നിറച്ചാർത്തുള്ള ഒരു ലോകം?
മികച്ച വായനാനുഭവം
സ്നേഹം സജി. നന്ദി, സന്തോഷം, വായനയ്ക്കും ആസ്വാദനത്തിന്നും അഭിപ്രായത്തിന്നും 🙏
Good