നിനക്ക് സുഖമാണെന്ന് കരുതുന്നു. സുന്ദരമായ പ്രഭാതത്തിൽ ശാലീനയായ നിന്നെ എൻ്റെ മുന്നിൽ എത്തിക്കണേ എന്നാണെൻ്റെ പ്രാർത്ഥന. വെറുതേ പരിഭവം പറഞ്ഞിരിക്കാൻ നീ എത്തുന്ന നേരത്ത് മറഞ്ഞിരുന്ന് മഴത്തുള്ളികൾ കൂടുകൂട്ടിയ മരച്ചില്ല കുലുക്കി നിന്നെ കുളിരണിയിക്കുമ്പോൾ, നീ നടിക്കുന്ന പരിഭവം മാറ്റാൻ ഞാൻ ഊതുന്ന ഓലപ്പീപ്പി പിടിച്ചു വാങ്ങി എൻ്റെ ചെവിയിൽ ഊതി നീ ചിരിക്കുമ്പോൾ പെണ്ണേ…. നിൻ്റെ കവിളിൽ വിരിയുന്ന നുണക്കുഴി കാണാൻ എന്തൊരു ചന്തമാണെന്നോ. കൊതിയാണെനിക്കത് കാണാൻ ?
ദാ പിന്നേ… രണ്ടു ദിവസം കഴിഞ്ഞാൽ രാഗിണിക്കാവിലെ ഉത്സവം കൊടിയേറും. പിന്നീട് ഏഴ് ദിവസം ആഘോഷങ്ങളുടെ പൊലിമകണ്ട് ആർപ്പുവിളിക്കുന്ന ജനങ്ങളുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു മാറി എപ്പോഴും എനിക്ക് നിന്നെ കാണണം. നിൻ്റെ കുടുംബ വകയാണ് ക്ഷേത്രമെന്ന് അറിയാം. നിൻ്റെ അച്ഛനാണ് അവിടുത്തെ പ്രസിഡണ്ട് എന്നും അറിയാം. അതിൻ്റെ അഹങ്കാരവും വച്ച് ദാ… കഴിഞ്ഞ വർഷത്തെപ്പോലെ കുറേ പരിവാരങ്ങളുടെ കൂടെത്തന്നെയാണ് ഈ വർഷത്തേയും അമ്പലത്തിലേക്കുള്ള വരവെങ്കിലുണ്ടല്ലോ…. ഉണ്ടക്കണ്ണീ…. ഞാൻ വേറെ പെണ്ണിനെ തേടും പറഞ്ഞേക്കാം
ഈറൻ മാറി അഴിച്ചിട്ട് പിന്നിൽ തമ്പുകെട്ടി തുളസിക്കതിർച്ചൂടി അതിരാവിലെ ദർശനത്തിന് നീ എത്തുമ്പോൾ ഞാൻ ആ ആദ്യത്തെ വളപ്പീടികയുടെ അരികിലുണ്ടാകും. നമുക്കൊന്നിച്ച് കയറാം ക്ഷേത്രത്തിൽ ന്താ..? എൻ്റെ പ്രാർത്ഥന ദൈവം കേട്ടില്ലെങ്കിലും നിൻ്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല. കാരണം നിൻ്റെ കുടുംബ സ്വത്തല്ലേ ക്ഷേത്രം. കുടുംബക്കാര് വിളിച്ചാൽ വിളികേൾക്കാതിരിക്കാൻ പറ്റുമോ ദേവിക്ക്
ആ പിന്നേ… നീ കഴിഞ്ഞ ആഴ്ച്ച സ്കൂൾകാലാത്സവത്തിന് ഉടുത്തു വന്ന ആ മെറൂൺ കളർ പാവാടയും ബ്ലൗസും ഇട്ട് തന്നെ വേണം കൊടിയേറ്റിന് വരാൻ. ആ വേഷത്തിൽ നിന്നെക്കണ്ടാൽ സാക്ഷാൽ ദേവി പോലും തോറ്റുപോകും. അത്രയ്ക്ക് ചേലാ അതും ഉടുത്ത് വരുന്ന നിന്നെ കാണാൻ. ആരവങ്ങൾ ഒഴിയാത്ത ക്ഷേത്രത്തിൽ ആൾക്കൂട്ടത്തിനിടയിൽ കൈയ്യിലെ ഇലച്ചാർത്തിൽ പ്രസാദവുമായി നീ വരുമ്പോൾ നിൻ്റെ പൂവിതൾ വിരലിനാൽ എൻ്റെ നെറ്റിയിൽ അതൊന്ന് തൊട്ടിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആശിച്ചിട്ടുണ്ട്. ങ്ഹാ … എന്തു ചെയ്യാം: നീ അമ്പലക്കമ്മിറ്റിയായിപ്പോയില്ലേ. ദർശത്തിന് ഞങ്ങൾക്ക് കാത്തിരിക്കാതെ പറ്റുമോ ?
വഴിയോരക്കാഴ്ച്ചകളിൽ വാടാത്ത പൂക്കൾ തേടി വണ്ടുകൾ പറക്കുന്നതു കാണുമ്പോൾ നിന്നരികിലേക്ക് പറന്നടുക്കാൻ എനിക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണേ. പൊന്നുമോളേ…. എനിക്ക് കൺട്രോള് തരണേ എന്ന് നീയും കൂടെ ആ ദേവിയോട് മനസ്സുരുകി ഒന്ന് പ്രാർത്ഥിച്ചോളു ട്ടോ. കാത്തിരിക്കാനും, കാത്തിരുന്ന് കാണാനും നീ എൻ്റെ മനസ്സിൽ ഉണ്ടെങ്കിൽ എടി പെണ്ണേ.. ദാ… ഏത് വേനലും ഏത് ശൈത്യവും പരൽ മീനുകൾ തുള്ളിക്കളിക്കുന്ന ഈ ചെറു തോടുകൾ കടന്നുപോകുന്നതുപോലെ ഞാൻ കടന്നു പോകും. നീ എന്ന ലക്ഷ്യത്തിൻ്റെ നിറമുള്ള സായന്തനത്തിലേക്ക് അറിയാതെ അറിയാതെ അങ്ങിനെ..
സ്നേപൂർവ്വം,
ഓർമ്മകുറിപ്പ് നന്നായിട്ടുണ്ട്
Thank you
നല്ല ഭാവന
നല്ലെഴുത്ത്
Thank you
