“പ്രിയപ്പെട്ട സദാനന്ദൻ മാഷിന്,
എന്തൊക്കെയുണ്ട് വിശേഷങ്ങൾ………..? മാഷും സഹപ്രവർത്തകരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. കുറെ നാളുകളായി മാഷിന് കത്തെഴുതണം എന്ന് വിചാരിക്കുന്നു. പക്ഷേ, പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയി.
പിന്നെ ഒരു വിശേഷം ഉണ്ട്. മൂന്നു മാസങ്ങൾക്ക് മുൻപ് നമ്മുടെ ലതയുടെ വിവാഹം കഴിഞ്ഞു. നമ്മുടെ സ്കൂളിൽ ഒരു പുതിയ മാഷ് വന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നില്ലേ? മലപ്പുറംകാരൻ രവി? പുള്ളിയാണ് ലതയെ വിവാഹം കഴിച്ചത്. രജിസ്റ്റർ മാര്യേജ് ആയിരുന്നു. വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ പിണക്കം മാറി. രവി മാഷ് പിണക്കം മാറ്റാൻ വേണ്ടത് ചെയ്തു എന്നതാണ് വസ്തുത. ഇപ്പോൾ എല്ലാവരും നല്ല ഇ ഷ്ടത്തിലാണ്. തന്നെയുമല്ല കഴിഞ്ഞ ആഴ്ച ലതയുടെ ചേച്ചിയുടെ വിവാഹം രവി മാഷ് മുൻകൈയെടുത്ത് നടത്തി. രക്ഷിതാക്കൾക്ക് ചേച്ചിയുടെ ഭാവി ഓർത്തായിരുന്നല്ലോ വേവലാതി. അതു പരിഹരിച്ചതോടെ അവരുടെ പിണക്കം പമ്പ കടന്നു.
പിന്നീട് സോമൻ മാഷ് എഴുതിയ സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമെല്ലാം അവ്യക്തതയോടെ മാത്രമേ സദാനന്ദൻ മാഷിന് വായിക്കാൻ കഴിഞ്ഞൊള്ളൂ.
പുഴയുടെ ഓരത്തുള്ള വലിയ പാറക്കെട്ടിൽ കിടന്നുകൊണ്ട് സദാനന്ദൻ മാഷ് കത്ത് പലവട്ടം വായിച്ചു.
പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം പതഞ്ഞൊഴുകി. ഉരുളൻ കല്ലുകളെ തഴുകി വെള്ളം ഒഴുകികൊണ്ടിരുന്നു. ദൂരെ മലമടക്കുകൾക്കിടയിൽ നിന്ന് മാനത്ത് ചെഞ്ചായം വാരി വിതറി സൂര്യൻ മറയാനുള്ള ശ്രമത്തിലാണ്.
ലതയുടെ വിവാഹം കഴിഞ്ഞു . അതിന് താൻ എന്തിന് സങ്കടപ്പെടണം..?
അത് അനിവാര്യമായ കാര്യവുമാണല്ലോ..?
ലത മറ്റൊരാളുടെത് ആയി എന്നതിന് താൻ സങ്കടപ്പെടേണ്ട കാര്യമെന്ത് ?
താൻ അവളെ ഒരിക്കലും പ്രണയിച്ചിട്ടില്ല. ഇഷ്ടം തോന്നിയിരുന്നു എന്നത് സത്യം. തന്റെ സാഹചര്യം പെട്ടെന്നൊരു വിവാഹത്തിന് അനുയോജ്യം ആയിരുന്നില്ലല്ലോ?
അതുകൊണ്ടാണല്ലോ ലതയുടെ സ്നേഹം വേണ്ടാന്ന് വെച്ചത്..!
“ആഹാ ങ്ങള് ഇവിടെ വന്നിരിക്കുകയാണോ?
ഞങ്ങൾ എവിടെയെല്ലാം നോക്കി?
ഒന്നു പറഞ്ഞിട്ട് വരാമായിരുന്നില്ലേ? എന്തുപറ്റി കണ്ണ് നിറയുന്നുണ്ടല്ലോ?”
“ഒന്നുമില്ല കൊച്ചു മാഷേ.. വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി.”
“ഏയ് അതുകള.. എന്തോ ഒരു വിശേഷം ഉണ്ട്. ആരുടെ കത്താണ്?
വീട്ടിൽ നിന്നാണോ..? ”
“അല്ല കഴിഞ്ഞവർഷം ജോലി നോക്കിയ സ്കൂളിലെ മാഷ് അയച്ചത്.”
” സോമൻ മാഷിന്റെ ആയിരിക്കും. ”
“അത് എങ്ങനെ മനസ്സിലായി?”
” ഉത്രാടം നക്ഷത്രക്കാർക്ക് പ്രവചിക്കാൻ കഴിവുള്ളവരാണ് എന്നാ പറയുക.”
സജിമോൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ പിന്നേ… ഇത്തരം അന്ധവിശ്വാസങ്ങളിൽ നമ്മൾ അധ്യാപകർ വീഴാൻ പാടുണ്ടോ..?”
” ഞാൻ വെറുതെ പറഞ്ഞതാ മാഷേ.. ”
“ഓ….”
” ആട്ടെ എന്താണ് കത്തിൽ വിശേഷം..?
ലത ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയോ ? ”
“അയ്യോ! കൊച്ചു മാഷിനെ ഞാൻ സമ്മതിച്ചു… പക്ഷേ, ലത ഒളിച്ചോടിയതല്ല, ലതയുടെ വിവാഹം കഴിഞ്ഞു.”
കണ്ടോ അപ്പോൾ ഞാൻ പ്രവചിച്ചത് സത്യമായില്ലേ.?
ഇപ്പോൾ വിശ്വാസമായോ?
കൊച്ചു മാഷ് പൊട്ടിച്ചിരിച്ചു..
“എന്തിനാണ് മാഷ് പൊട്ടിച്ചിരിക്കുന്നത്?”
“അതോ…ഈ സ്ത്രീകൾ ഇങ്ങനെയാണ്. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല. താൽക്കാലിക സുഖം, ലാഭം നോക്കി പലരുടെയും പിന്നാലെ പായുന്ന വർഗ്ഗം!”
“അങ്ങനെ സ്ത്രീകളെ സാമാന്യവൽക്കരിക്കേണ്ടതില്ല. ചില സ്ത്രീകൾ അങ്ങനെ ഉണ്ടാവാം അത് പുരുഷന്മാരിലും ഇല്ലേ?
ലത എന്നെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. ലതയുടെ പ്രണയാഭ്യർത്ഥന ഞാനാണ് നിരസിച്ചത് .”
“അതൊന്നുമല്ല. ഇനി അഥവാ മാഷ് ലതയുടെ പ്രണയം സ്വീകരിച്ചിരുന്നു എങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു….
മാഷ് അവിടെനിന്നും പോന്നില്ലേ?
ഇനി അങ്ങോട്ട് പോവുകയുമില്ല.അവൾ ഒരു പുളിം കൊമ്പ് കണ്ടപ്പോൾ അതിൽ കയറി പിടിച്ചു. സ്ത്രീകൾക്ക് പെട്ടെന്ന് പുരുഷനെ മറക്കുവാൻ കഴിയും. പക്ഷേ പുരുഷന്മാർക്ക് അതിന് കഴിയില്ല. അവർ പാവങ്ങളാണ്. അതിന്റെ തെളിവാണ് മാഷ് സന്ധ്യയ്ക്ക് പാറപ്പുറത്ത് മലർന്നു കിടന്ന് കരയുന്നത്.”
“എല്ലാ സ്ത്രീകളും അങ്ങനെയല്ല, മാഷ്.
പ്രത്യേകിച്ച് ലത.”
“മാഷ് ഇത്ര പഞ്ച പാവം ആയിപ്പോയല്ലോ?
എന്റെ മാഷേ ഈ ലോകത്ത് എല്ലായിടത്തും സ്ത്രീകൾ ഒരുപോലെയാണ്. ”
“കൊച്ചു മാഷിന് ഒത്തിരി അനുഭവം ഉണ്ടെന്നു തോന്നുന്നല്ലോ..”
“വരു മാഷേ ഇന്ന് രാത്രി നമുക്ക് അല്പം ജോലിയുണ്ട്.”
“രാത്രിയിലോ..?
എന്തു ജോലി..?”
“അതൊക്കെ വിപിൻ മാഷ് പറയും.”
തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി. എങ്ങും ഇരുട്ട് പരന്നു ദൂരെ മരത്തിൽ പക്ഷികൾ ചേക്കേറുന്നതിന്റെ കലപില ശബ്ദം..! രണ്ടുപേരും റൂമിലേക്ക് നടന്നു.
.
“നിങ്ങൾ ഇത് എവിടെയായിരുന്നു മാഷേ?”
“ഞാൻ നോക്കിയപ്പോൾ പുഴയോരത്ത് പാറയിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു …”
“ഒന്ന് പോ…. കൊച്ച് മാഷേ…. ”
“മാഷിന് പ്രണയ നൈരാശ്യം… ”
“പ്രണയ നൈരാശ്യമോ..?
ഒന്ന് തെളിച്ചു പറ കൊച്ചു മാഷേ. ”
വിപിന് ആകാംക്ഷയായി.
“മാഷിന്റെ പണ്ടത്തെ പ്രണയനി ഇല്ലേ ലത…?
അവൾ ആ സ്കൂളിൽ പഠിപ്പിച്ചിരുന്ന മാഷുമായിമായി രജിസ്റ്റർ മാരേജ് നടത്തി…. ”
“അത്രയോ ഉള്ളോ?
അതിനിന്തിനാണ് ഇത്ര സങ്കടം ?..
“ഇത്ര പെട്ടെന്ന് അവളുടെ കല്യാണം കഴിയുമെന്ന് മാഷ് വിചാരിച്ചിരുന്നില്ല.
മാഷ് അവിടെനിന്ന് പോന്നതും അവൾ മറ്റൊരുത്തനെ കണ്ടെത്തിയില്ലേ..?”
കൊച്ചു മാഷ് പറഞ്ഞു.
“പോകാൻ പറ മാഷേ…
അവൾ പോയാൽ അവളുടെ അമ്മായി!….
അല്ലപിന്നെ…..”
“ഉം, എനിക്ക് സങ്കടം ഒന്നുമില്ല, പക്ഷേ, പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെ..”
“അതൊക്കെ പോട്ടെ ,
ഇന്ന് രാത്രിയിൽ എന്തോ ജോലിയുണ്ട് എന്ന് കൊച്ചുമാഷ് പറഞ്ഞല്ലോ..?”
“അതോ ലോകസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അറിഞ്ഞല്ലോ?
പാലക്കാട് രണ്ട് വിജയരാഘവൻമാർ തമ്മിൽ ഏറ്റുമുട്ടുന്നു. വി.എസ് വിജയരാഘവനും എ.വിജയരാഘവനും.
നമുക്ക് എ.വിജയരാഘവന് വേണ്ടി ചുമരെഴുതണം..”
“അയ്യോ! ഗവൺമെന്റ് ജീവനക്കാർക്ക് കക്ഷി രാഷ്ട്രീയ പ്രവർത്തനം നടത്താൻ പാടുണ്ടോ…?”
” അതല്ലേ രാത്രിയിൽ എഴുതണമെന്ന് പറഞ്ഞത്?
തന്നെയുമല്ല നമ്മൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതാരായ തൽക്കാലിക അധ്യാപകരല്ലേ?
അതുകൊണ്ട് നോ പ്രോബ്ലം.
മാഷ് നന്നായി വരക്കുമല്ലോ..?
” എനിക്ക് ബ്ലാക്ക് ബോർഡിൽ എഴുതി മാത്രമേ ശീലമുള്ളൂ. ചുമരിൽ എഴുതാൻ അറിഞ്ഞുകൂടാ . ”
“അതൊന്നും ഓർത്തു മാഷ് ബേജാറാവണ്ട. മാഷിന്റെ കയ്യക്ഷരം അടിപൊളിയാണ് എന്ന് ഞങ്ങൾക്കറിയാം. ബോർഡിൽ നന്നായി എഴുതുന്ന ആള് ചുമരിലും നന്നായി എഴുതും. രാത്രി ഊണ് കഴിഞ്ഞിട്ട് നമുക്ക് പോകണം ചുമരെഴുതാൻ.”
“എവിടെയാണ് എഴുതാൻ പോകുന്നത്?”
” റോഡ് സൈഡിൽ ആളൊഴിഞ്ഞ ചുമരുകൾ ഉണ്ടല്ലോ?
അവിടെ.. ”
“മാഷേ, ഇത്തവണ പാലക്കാട് ആര് ജയിക്കും?”
“കഴിഞ്ഞ രണ്ടുതവണയും പാലക്കാട് എം. പി ആയ വി. എസ്. വിജയരാഘവൻ തന്നെ ഇത്തവണയും വിജയിക്കും.”
ഉത്തരം നൽകാൻ പ്രധാനാധ്യാപകനായ കുട്ടികൃഷ്ണൻ മാഷിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
“പക്ഷേ മാഷിന്റെ കണക്ക് കൂട്ടലുകൾ പിഴയ്ക്കും. ഇത്തവണ കാറ്റ് ഇടത്തോട്ട് മാറി വീശും. എൽ.ഡി.എഫിന്റെ വിജയരാഘവൻ ആള് ചെറുപ്പമാണ്.”
വിപിൻ വിട്ടുകൊടുത്തില്ല.
“ഓ നിങ്ങളെല്ലാവരും എൽ.ഡി.എഫിന്റെ ആളുകളാണ് അല്ലേ..?”
“അതേല്ലോ…”
മൂന്ന് പേരും ഒപ്പം പറഞ്ഞു.
“ഞാൻ ചെറുപ്പം മുതലേ കോൺഗ്രസ് അനുഭാവിയാണ്. ഞങ്ങളുടേത് കോൺഗ്രസ് കുടുംബം…”
ഒരു ചെറുപുഞ്ചിരിയോടെ കുട്ടിക്കൃഷ്ണൻ മാഷ് പറഞ്ഞു.
“അപ്പോൾ മാഷേ, ങ്ങ്ളിവിടെ ഇവിടെ ഇരിക്കൂ. ഞങ്ങൾക്ക് ഇത്തിരി ജോലിയുണ്ട്.”
പെയിന്റ് ബക്കറ്റും, ബ്രഷും എടുത്തു കൊണ്ട് വിപിൻ പറഞ്ഞു.
“ശരി, നിങ്ങൾ പോയിട്ട് വരൂ.”
വിപിൻ മാഷ് മുൻപിൽ നടന്നു.
“ടോർച്ച് പിന്നിലേക്കും അടിക്കണം കേട്ടോ..”
“എന്താ കൊച്ചു മാഷേ… പേടിയാകുന്നുണ്ടോ .?”
“ഏയ് പേടിയൊന്നുമില്ല. പക്ഷേ ചുറ്റും കാടല്ലേ?
വല്ല ഇഴജന്തുക്കളെയെങ്ങാനും ചവിട്ടിയാൽ പണി കിട്ടും. ഒരു ആശുപത്രിയിൽ പോകണമെങ്കിൽ മൂന്നുമണിക്കൂർ ജീപ്പിൽ പോകണം.”
” ഈ ചുമരിൽ നമുക്ക് എഴുതാം. ”
ഒരു എ. വി. ഐ.പി കെട്ടിടത്തിന്റെ ചുമർ ചൂണ്ടിക്കാണിച്ച് വിപിൻ പറഞ്ഞു.
“സദാനന്ദൻ മാഷേ ഈ ബ്രഷ് പിടിക്കൂ…
“ഞാനോ..! എന്തിന്..?”
“പറയാം. ആദ്യം ബ്രഷ് പിടിക്കു.”
സദാനന്ദൻ മാഷ് ബ്രഷ് വാങ്ങി.
“ശരി ഇനി മാഷ് എഴുതിക്കോളൂ.”
” ഞാൻ എഴുതാനോ?
എനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ് മാഷേ.. ”
” എന്റെ സദാനന്ദൻ മാഷേ, നിങ്ങൾക്ക് കഴിയും. ഞാൻ പറയുന്നത് അങ്ങോട്ട് എഴുതൂ. ”
സദാനന്ദൻ മാഷ് പെയിന്റിൽ ബ്രഷ് മുക്കി എഴുതുവാൻ തുടങ്ങി.
‘ പാലക്കാട് ‘എന്ന് എഴുതിയതും കൊച്ചു മാഷ് തലയിൽ കൈ വെച്ചു പോയി..!എത്ര നന്നായി എഴുതുന്നു..! പ്രൊഫഷണൽ ആർട്ടിസ്റ്റ് പോലും തോറ്റുപോകും..!
പാലക്കാട് ലോകസഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി എന്ന് എഴുതി കഴിഞ്ഞപ്പോൾ വിപിൻ പറഞ്ഞു സ്ഥാനാർത്ഥിയുടെ പേര് വലുതാക്കി എഴുതണം.. കേട്ടോ മാഷേ.
അരമണിക്കൂർ കൊണ്ട് ചുമർ എഴുതി പൂർത്തിയാക്കി. വലതുവശത്തായി ചിഹ്നവും വരച്ചു.
ഇതാണോ നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞത്
എത്ര മനോഹരമായി എഴുതിയിരിക്കുന്നു….
“ഈ മേഖലയിൽ നിങ്ങൾക്ക് നല്ല ഭാവിയുണ്ട്, കേട്ടോ മാഷേ..”.
വിപിൻ മാഷിന്റെ വർത്തമാനം കേട്ട്
സദാനന്ദൻ മാഷ് പുഞ്ചിരിച്ചു.
” ഇനി എവിടെയാ നീ എവിടെയെങ്കിലും എഴുതാൻ ഉണ്ടോ.?”
“ഉണ്ടല്ലോ ഒരു ചുമർ കൂടി.
ദാ,നമുക്ക് അങ്ങോട്ട് നടക്കാം …
(തുടരും…… )
എന്തൊക്കെ വിശേഷങ്ങൾ 👍
സന്തോഷം
വിവിധ തലങ്ങളിലൂടെയുള്ള ഹൃദ്യമായ അവതരണം സർ 🙏ആശംസകൾ..
ഒത്തിരി സന്തോഷം
പ്രേമഭംഗവും, ചുവരെഴുത്തും എല്ലാം ഭംഗിയായി പറഞ്ഞു പോയി. രാത്രിയൊക്കെ ഇങ്ങനെ കഷ്ടപ്പെട്ട് നടക്കുന്ന എത്ര രാഷ്ട്രീയ പ്രവർത്തകർ. അവരുടെ ബുദ്ധിമുട്ട് ആരറിയുന്നു .അവർക്കതിൽ പരാതിയും ഇല്ല. നല്ലെഴുത്ത്
❤️
സദാനന്ദൻ മാഷും കൊച്ചുമാഷുമൊക്ക സൂപ്പറാകുന്നു…. വായനാസുഖമുള്ള നല്ലെഴുത്ത്….👍👍
അഭിപ്രായത്തിന് ഒരുപാട് സന്തോഷം