സദാനന്ദൻ മാഷിന് ആദ്യത്തെ പീരിയഡ് ഏഴാം ക്ലാസിൽ സാമൂഹ്യപാഠം ആയിരുന്നു.
ഒരു കൈയിൽ ഗ്ലോബും ലോക ഭൂപടവും,
മറുകയ്യിൽ ഒരു ചൂരലുമായി മാഷ് ക്ലാസിലേക്ക് ചെന്നു.
കുട്ടികൾ പിറു പിറക്കുന്ന ശബ്ദം തേനീച്ചക്കൂട്ടിൽ മൂളക്കം എന്നപോലെ കേൾക്കാം…
മേശപ്പുറത്ത് ഗ്ലോബും ഭൂപടവും, ചൂരലും വെച്ച ശേഷം ക്ലാസ്സ് മൊത്തം ഒന്നു വീക്ഷിച്ചു.
ചിലരുടെ മുഖത്ത് പുഞ്ചിരി..
ചിലരുടെ മുഖത്ത് ഭയം…
‘കഴിഞ്ഞ ദിവസം അവധി ആയിരുന്നല്ലോ..
എല്ലാവരും വിരുന്ന് പോയോ..?.,അതോ പഠിച്ചോ..?.’
മേശപ്പുറത്ത് നിന്നും ചൂരൽ എടുത്തുകൊണ്ട് സദാനന്ദൻ മാഷ് ചോദിച്ചു. ശരി, നോക്കട്ടെ, ആരല്ലാം പഠിച്ചിട്ടുണ്ടെന്ന്…
ചോദ്യങ്ങൾ ഒന്നിനും പിറകെ ഒന്ന് എന്നിങ്ങനെ മാഷിന്റെ വായിൽ നിന്നും പുറത്തു വന്നു കൊണ്ടേയിരുന്നു. ചിലർ ഉത്തരം പറഞ്ഞു .
ചിലരുടെ കൈവെള്ളയിൽ മാഷിന്റെ ചൂരൽ വീണ് ചുവന്ന അടയാളം തെളിഞ്ഞു.
കുട്ടികളെ അടിച്ചു പഠിപ്പിക്കണം , എന്ന നിലപാടാണ് സദാനന്ദൻ മാഷിന്. എന്നിരുന്നാലും അടിയേറ്റ് വേദനയോടെ പുളയുന്ന കുട്ടികളെ കണ്ട് ആനന്ദിക്കുന്നവൻ അല്ലായിരുന്നു.
ഓരോ ദിവസം പഠിപ്പിച്ച് വിടുന്നത് പഠിച്ച് വന്നില്ലെങ്കിൽ മാഷിന് ദേഷ്യം വരും. പക്ഷേ കുട്ടികളെ മാഷിന് നല്ല ഇഷ്ടമാണ്.
കുട്ടികൾക്കാണെങ്കിൽ മാഷിനെ ജീവനാണ്.
കൈവെള്ളയിലെ പാടുകളെല്ലാം മാഷിന്റെ ഒരു പുഞ്ചിരിയിൽ അലിഞ്ഞില്ലാതാകും .
രാവിലെ മാഷിനെ കാണുമ്പോൾ തന്നെ കുട്ടികൾ ഓടി വരും, പിന്നെ മാഷിന്റെ രണ്ടുകയ്യിലും തൂങ്ങും.
കുട്ടികൾ പഠിക്കാതെ വരുന്നത് പൂർണ്ണമായും അവരുടെ കുഴപ്പം കൊണ്ടല്ല , എന്ന് മാഷിന് അറിയാം. രാവിലെ ആറുമണിക്ക് കുട്ടികൾ മദ്രസയിൽ പോകും. പത്തുമണിക്കാണ് മദ്രസ വിടുന്നത് .
ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ചിലപ്പോൾ വീട്ടിൽ പോയി ആഹാരം കഴിക്കാൻ പോലും സമയം കിട്ടാറില്ല. അവർ നേരെ സ്കൂളിലേക്കാണ് വരുന്നത്. വൈകുന്നേരവും മദ്രസയുണ്ട്. അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ കുട്ടികൾ എന്ത് പഠിക്കാനാണ്!
വരും വർഷങ്ങളിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് ബന്ധപ്പെട്ടവർ തയ്യാറാകും എന്ന് പ്രതീക്ഷിക്കാം…
‘മാഷ് എന്താ ആലോചിക്കുന്നത് ?..’
സുലൈഖ ചോദിച്ചപ്പോഴാണ് മാഷ് ചിന്തകളിൽ നിന്നും പുറത്തു കടന്നത്.
‘മാഷേ എനിക്കൊരു സംശയം ….’
‘പറയൂ …’
‘ഈ ഭൂമി ഉരുണ്ടതാണോ അതോ പരന്നിട്ടാണോ ?.
രണ്ടാമത്തെ ബെഞ്ചിലിരുന്ന സൈനബയുടേതാണ് സംശയം.
‘അതെന്താ സൈനബാ, ഇപ്പോൾ ഇങ്ങനെ ഒരു സംശയം?
കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചതല്ലേ ഭൂമിയെ കുറിച്ച്…’
‘ഈ സംശയം മറ്റാർക്കെങ്കിലും ഉണ്ടോ ?
ഉള്ളവർ കൈ പൊക്കിക്കെ…’
മാഷിന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കൂടുതൽ കൈകൾ ഉയർന്നു.
‘ആരാ നിങ്ങൾക്ക് ഈ പൊട്ടത്തരം പറഞ്ഞു തന്നത് ?
‘മാഷേ അങ്ങോട്ട് നോക്കിക്കേ….’
വിശാലമായ ഗ്രൗണ്ട് ചൂണ്ടി സൈനബ പറഞ്ഞു .
‘കണ്ടോ മാഷേ ഭൂമി പരന്നു കിടക്കുന്നു …’
‘മോളോട് ഇത് പറഞ്ഞത്. ആരാ…? ‘
‘അത് ഞങ്ങള് പറയൂല്ല …’
‘പറഞ്ഞാൽ ഞങ്ങൾക്ക് അടി കിട്ടും.’
കുട്ടികൾ അറിയാതെ അന്ധവിശ്വാസങ്ങൾ അവരിലേക്ക് എത്തുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ് .
പക്ഷേ, അധ്യാപകർക്ക് അന്ധവിശ്വാസങ്ങളുടെ ഒപ്പം പോകുവാൻ ആവില്ലല്ലോ…
സദാനന്ദൻ മാഷ് ബോർഡിൽ ആദ്യം സൗരയൂഥത്തിന്റെ ചിത്രം വരച്ചു.
ഓരോ ഗ്രഹങ്ങളുടെയും സവിശേഷതകൾ ചർച്ചയിലൂടെയും,
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്ത് കുട്ടികളെ നിർത്തി റോൾ പ്ലേ ആയും അവതരിപ്പിച്ചു…
ഇനി പറയൂ….
എന്താണ് ഭൂമിയുടെ ആകൃതി?
ഗ്ലോബ് ഉയർത്തിക്കാട്ടി സദാനന്ദൻ മാഷ് ചോദിച്ചു..
‘ഗോളാകൃതി…’
കുട്ടികളിൽ ചിലർ ഉത്തരം നൽകിയെങ്കിലും വേണ്ടത്ര ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു.
മാഷ് തുടർന്നു…
‘ ഭൂമിക്ക് ഒരു ഗോളാകൃതി ഉണ്ട്, എന്നാൽ കൃത്യമായ ഗോളമല്ല. ധ്രുവങ്ങളിൽ ഇത് ചെറുതായി പരന്നതാണ് .
ഈ രൂപത്തെ നമ്മൾ ‘ജിയോയ്ഡ്’ എന്ന് വിളിക്കുന്നു.
ലോകം ചുറ്റിയുള്ള മനുഷ്യന്റെ യാത്ര , ഭൂമി പരന്നതല്ലെന്നും ഗോളാകൃതി ആണെന്നും തെളിയിച്ചു.
സൂര്യൻ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു . ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുമ്പോൾ കിഴക്കുള്ള സ്ഥലങ്ങൾ പടിഞ്ഞാറുള്ളതിനേക്കാൾ നേരത്തെ സൂര്യനെ കാണുന്നു .
ഭൂമി പരന്നതാണെങ്കിൽ ലോകം മുഴുവൻ ഒരേ സമയവും, സൂര്യോദയവും , അസ്തമയവും ഉണ്ടാകണമായിരുന്നു.
‘ടാ……’
ജനലിലൂടെ കാഴ്ചകൾ കണ്ടിരുന്ന
മുനീറിന്റെ നേരെ ഒരു ചോക്ക് കഷണം മറ്റു കുട്ടികളുടെ തലയ്ക്കു മുകളിലൂടെ പറഞ്ഞു…
മാഷിന് ലക്ഷ്യം തെറ്റാറില്ല . മുനീറിന്റെ തലയിൽ തന്നെ ചോക്ക് കഷണം കൊണ്ടു.
പെട്ടെന്ന് ക്ലാസ്സിൽ ഒരു കൂട്ടച്ചിരി പടർന്നു.
‘സൈലൻസ് ….’
മാഷിന്റെ ചൂരൽ മേശപ്പുറത്ത് രണ്ടുതവണ ഉയർന്നുപൊങ്ങി…
പെട്ടെന്ന് ക്ലാസ് നിശബ്ദമായി.
മാഷ് വീണ്ടും തുടർന്നു…
‘എല്ലാ ഗ്രഹങ്ങൾക്കും ഗോളാകൃതിയാണ്.
ഭൂമിക്ക് മാത്രം അപവാദമാകാൻ കഴിയില്ല.
ഉയരങ്ങളിൽ നിന്നും , ഉപഗ്രഹങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങൾ ഭൂമിക്ക് ഗോളാകൃതി ആണെന്ന് വ്യക്തമായി കാണിക്കുന്നു. ബഹിരാകാശത്തുനിന്നും നോക്കുമ്പോഴും ഭൂമിക്ക് ഗോളാകൃതിയാണെന്ന് മനസ്സിലാക്കാം . ‘
‘ഇപ്പോൾ മനസ്സിലായോ..?’
സദാനന്ദൻ മാഷ് ചോദിച്ചു.
‘മനസ്സിലായി……..’
കുട്ടികൾ ഒരുമിച്ച് പറഞ്ഞു.
‘മാഷേ ഒരു സംശയം….’
ജമീലയാണ്….
‘പറയൂ…’
‘മാഷേ ഭൂമി ഒരു ഗ്ലോബ് പോലെ ഉരുണ്ടതാണെങ്കിൽ പിന്നെ നമ്മൾ എങ്ങനെയാണ് വീഴാതിരിക്കുന്നത്?
‘നല്ല ചോദ്യം , ജമീല’ ഇരിക്കൂ.
‘ഭൂമിയുടെ ഗുരുത്വാകർഷണ ബലം കാരണം അത് എല്ലാത്തിനെയും തന്നിലേക്ക് ആകർഷിക്കുന്നു. അതാണ് നമ്മൾ വീഴാതിരിക്കാൻ കാരണം. സ്വന്തം സ്ഥലത്ത് തന്നെ ഓരോ വസ്തുവും തുടരാനുള്ള കാരണവും ഇതാണ്.
സദാനന്ദൻ മാഷ് പറഞ്ഞു നിർത്തി.
‘അപ്പോൾ ചെരുവിലൂടെ വെള്ളം താഴേക്ക് മാത്രം ഒഴുകുന്നത് ഗുരുത്വാകർഷണബലം മൂലം ആണ് അല്ലേ മാഷേ..’
ജബ്ബാറിന്റേതാണ് സംശയം.
‘അതെ, ഗുരുത്വാകർഷണബലം കാരണം ഏതു ചെരിവിലും വെള്ളം താഴേക്ക് മാത്രമേ ഒഴുകുകയുള്ളൂ.
മാഷും കുട്ടികളും തമ്മിലുള്ള സംവാദം
ബെല്ലടിക്കുന്നത് വരെ തുടർന്നു .
നല്ല അധ്യാപകർക്ക് മാത്രമേ കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കാൻ കഴിയു.
അധ്യാപകർ കുട്ടിയുടെ വഴികാട്ടിയാണ്..ആവണം.