Thursday, December 26, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: 'അഷിത' ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘അഷിത’ ✍അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

” അഷിത പോയ വഴിയിലുണ്ടിപ്പോഴും
തുളസി പൂത്ത മനസ്സിന്റെ സൗരഭം
ഭുവനഭസ്മത്തിൽ നീ ലയിക്കുമ്പോഴും
ഇരുളിലെൻ ബാഷ്പ ദീപം ജ്വലിക്കുന്നു”…

കടന്നു പോയവഴികളിലിന്നും തുളസിയുടെ പരിശുദ്ധിയും, നൈർമല്യവും നമുക്ക് കാണാൻ കഴിയും. കഥ പറഞ്ഞു പറഞ്ഞു കാണാമറയത്തക്കു മാഞ്ഞു പോയ നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരി അഷിത ടീച്ചർ.. ആ ഓർമ്മകളിലൂടെ …..

മാധവിക്കുട്ടിക്കു ശേഷം പെണ്ണെഴുത്തുകാരിൽ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു എഴുത്തുകാരി ഇല്ല .ആത്മാംശം നിറഞ്ഞ കഥകളിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം നേടിയ, തുറന്നു പറച്ചിലുകളുടെ കഥാകാരി. പെണ്ണിന്റെ ജീവിതം വലിയൊരു നുണയാണെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരി.

തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടേയും കഴങ്ങോടത്ത് ബാലചന്ദ്രൻ നായരുടേയും മകളായി തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5 ന് ജനിച്ചു. ഡൽഹിയിലും, ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി.അതിനു ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

സ്ത്രീകളുടെ വ്യാകുലതകളെ ഒട്ടും ചോർന്നു പോകാതെ ആസ്വാദകരിലേക്ക് പകർന്നു നൽകിയപ്പോളാണ് വായനക്കാരുടെ പ്രീയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും, ബാലസാഹിത്യ കൃതികളും ആത്മീയ ഗ്രന്ഥങ്ങളും ആ തൂലിക തുമ്പിലൂടെ പിറവിയെടുത്തിട്ടുണ്ട്.

നല്ലൊരു കവയിത്രി കൂടിയായിരുന്നു അഷിത. അലക്സാണ്ടർ പുഷ്കിന്റെ കവിതകൾ അടക്കമുള്ള റഷ്യൻ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തിട്ടുണ്ട്. വിവർത്തന സാഹിത്യത്തിൽ പകരം വയ്ക്കാനാവാത്ത പ്രതിഭകൂടിയായിരുന്നു അഷിത ടീച്ചർ.

അഷിതയുടെ കഥകളിൽ സ്ത്രീയുടെ ജീവിതത്തിലെ പല അവസ്ഥകളേയും വളരെ ഹൃദയസ്പർശിയാം വിധം അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ അവസ്ഥ മാത്രമല്ല സമൂഹത്തിൽ നമ്മുടെ മുന്നിൽ നടക്കുന്ന കാഴ്ചകളെ അതി തീവ്രതയോടെ വായനക്കരന്റെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്താൻ ആ രചനകളിലൂടെ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

കത്തുകൾ ഒരു തലമുറയെ അടയാളപ്പെടുത്തുകയാണെന്ന് തന്റെ രചനകളിലൂടെ പറയുന്നു. വ്യക്തി ബന്ധങ്ങൾ ചുരുങ്ങുന്ന കാലത്ത് ഹൃദയബന്ധങ്ങളെ വിശാലമായ തലത്തിലേക്ക് കൊണ്ടുവരുന്ന രചനയാണ് ” അഷിതയുടെ കത്തുകൾ ” എന്ന കൃതി.
സൗഹൃദങ്ങളുടെ അതിവിശാലമായ ലോകം ഈ കത്തുകളുടെ സമാഹാരത്തിലൂടെ തുറന്നു കാണിക്കുന്നു. അവരുടെ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ സന്തോഷവും, ദു:ഖവും കത്തുകളിലൂടെ പങ്കു വയ്ക്കുന്നു. സ്വകാര്യതയിൽ ചിലപ്പോൾ ചില ചിത്രശലഭങ്ങൾ വന്നിരിക്കാറുണ്ട്. സന്തോഷങ്ങൾ ചിത്രശലഭത്തെപ്പോലെ ആണെന്നും അവർ ഒരു കത്തിൽ പറയുന്നു.

മാധവിക്കുട്ടിക്ക് എഴുതിയ കത്തിൽ മതം എന്നത് വെറും ഊന്നുവടി മാത്രമാണ്, പരിവർത്തനമല്ല പരിണാമമാണ് സംഭവിക്കേണ്ടത് എന്ന് അവർ പറയുന്നു. ജീവിതം മൊത്തം ഒരു കോട്ടുവായാണെന്ന നിരീക്ഷണവും അവർ പങ്കു വയ്ക്കുന്നു. ആത്മബന്ധത്തിന്റെ ‘ വേരുകൾ പടർന്ന ഈ കൃതി മനസിൽ തങ്ങിനിൽക്കുന്നതു തന്നെയാണ്.

വ്യക്തി ബന്ധങ്ങളെ എന്നും ഹൃദയത്തോടു ചേർത്തു പിടിക്കുകയും, എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്നതിൽ മുൻ നിരയിൽ തന്നെയായിരുന്നു പ്രീയ കഥാകാരി. ഓരോരുത്തരുടേയും കാര്യങ്ങളിൽ അവർ എത്രമേൽ കരുതൽ സൂക്ഷിക്കുന്നുവെന്നും അവർ അയച്ച കത്തുകൾ നമ്മോടു പറയുന്നു. സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ കത്തുകളിൽ നിറഞ്ഞു നിന്നിരുന്നു.

അഷിത എന്ന എഴുത്തുകാരി നീന്തിക്കടന്ന സങ്കടക്കടൽ അവരെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതിനൊപ്പം വായനയേയും മാറ്റിമറിക്കുകയായിരുന്നു. അത്ര സ്വാധീനമാണ്” അത് ഞാനായിരുന്നു ” എന്ന പുസ്തകംനൽകുന്നത്.
അഷിതയുടെ പത്ത് കഥകളുടെ സമാഹാരമാണ് “നിലാവിന്റെ നാട്ടിൽ “.വളരെ മികച്ച പത്ത് ഹ്രസ്വമായ കഥകൾ. പറയാനുള്ളതെല്ലാം ചുരുങ്ങിയ പുറത്തിൽ ചേർത്തു വച്ചിരിക്കുന്നു .’ആ ചുരുക്കെഴുത്തുകളിലെല്ലാം ആശയം വ്യക്തവും ആണ്. ഇതാണ് ആ കഥകളെ എന്നും വേറിട്ടു നിർത്തുന്നത്. വായനയ്ക്കപ്പുറം നമ്മുടെ മനസിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ.

നഷ്ടപ്പെട്ട മകനായി എല്ലാ വർഷവും സപ്താഹയജ്ഞം നടത്തുന്ന യശോദാമ്മയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്വാമി തന്മയന്റെ കഥയാണ് ” പകരം ഒരാൾ “‘. യശോദാമ്മയുടെ മാത്രം കഥയല്ല ഇത് നമുക്ക് ചുറ്റും ജീവിക്കുന്ന ഒരായിരം അമ്മമാരുടെ കൂടി കഥയാണ് പകരം ഒരാൾ.സ്ത്രീ സ്വാതന്ത്ര്യം എന്ന ശേഷ്ഠമായ നുണയെ കളിയാക്കുകയും ചില ചോദ്യങ്ങൾ ഉന്നയിക്കുകയുമാണ് ശ്രേഷ്ഠമായ നുണകൾ എന്ന കഥയിൽ അഷിത.

ഈ സമാഹാരത്തിലെ പത്ത് കഥകളും വ്യത്യസ്തമായ അനുഭവങ്ങളാണ് വായനക്കാരന് തരുന്നത് .ഈ കഥകളിലൂടെ മനുഷ്യ മനസിന്റെ നിസഹായ അവസ്ഥകളെ തുറന്നു കാണിക്കുകയാണ് അഷിത ടീച്ചർ. ‘ഇതൊക്കെയാണോ ജീവിതം എന്ന് നമുക്ക് തോന്നിപ്പിക്കും.

അവതരണ ശൈലിയിൽ എന്നും മികവുറ്റതായിരുന്നു അഷിതയുടെ കവിതകൾ.ഹൈക്കു കവിതകൾ മലയാളത്തിൽ ഇത്രമേൽ ഇടം പിടിച്ചതിൽ അഷിതയ്ക്കുള്ള പങ്ക് ചെറുതല്ല.

“നില്പിലും നടപ്പിലും നോട്ടത്തിലും എന്നിലൂടെ എത്തി നോക്കുന്നു എന്റമ്മ ഇലപൊഴിയും കാലമായി “….വിസ്മയ ചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴ മേലങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടിൽ, മയിൽപ്പീലി സ്പർശം, ഭൂമി പറഞ്ഞ കഥകൾ,പദവിന്യാസങ്ങൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികൾ .

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്. 1986 ലെ ഇടശ്ശേരി പുരസ്കാരം, 1994ലെ ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ പുരസ്കാരം, അങ്കണം അവാർഡ് , 2000 ലെ പത്മരാജൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

2019 മാർച്ച് 27 ന് പ്രിയപ്പെട്ട കഥാകാരി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.ശരീരം
വിട പറഞ്ഞെങ്കിലും വാക്കുകളിലൂടേയും, വരികളിലൂടേയും നമുക്കിടയിൽ എന്നും ഉണ്ടാകും. ആ അക്ഷരങ്ങൾവരും തലമുറയ്ക്ക് മുതൽക്കൂട്ടാകട്ടെ….

”ചില വസന്തങ്ങൾ ശിശിരങ്ങളെ
കാത്തിരിക്കാതെ പൊഴിയുമ്പോളെ
നാമറിയു…..
അതെത്ര മാത്രം സുഗന്ധം
പരത്തിയിരുന്നുവെന്ന് ” …

മരിക്കാത്ത ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം….

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments