Wednesday, May 22, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രമാണ് ‘ബസൂക്ക’. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം വസുദേവ് മേനോനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണ്ണമായും ഗെയിം ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നവല്‍ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോര്‍ജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോന്‍ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗായത്രി സുരേഷ്, ശ്വേത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ബദല്‍ (ദി മാനിഫെസ്റ്റോ) തിയറ്ററുകളിലേക്ക്. ഏപ്രില്‍ 5 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജോയ് മാത്യു, സലിം കുമാര്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനീഷ് ജി മേനോന്‍, അനൂപ് അരവിന്ദ്, ഐ എം വിജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിര്‍വ്വഹിക്കുന്നു. വനമേഖലകളില്‍ വളര്‍ന്നുവന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവല്‍ക്കരിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മധു വാസുദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ഗോത്ര ഗാനങ്ങള്‍ മുരുകേശന്‍ പാടവയല്‍.

അരങ്ങിലും അണിയറയിലും വമ്പന്‍ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്. ഇവരെ കൂടാതെ വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പര്‍മാരായ ബേബി ജീന്‍ഹനുമന്‍കൈന്‍ഡ് എന്നിവരും അഭിനയിക്കുന്നു. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റെക്സ് വിജയന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി സിനിമ തിയറ്ററുകളിലെത്തും. റൈഫിള്‍ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.

ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ‘ആട്’ മൂന്നാം ഭാഗം വരുന്നു. ഒപ്പം ഓഫീഷ്യല്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. ‘പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍’ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു. സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു. 2015ലാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം റിലീസ് ചെയ്തത്. 2017ല്‍ ആട് 2വും റിലീസിന് എത്തി. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. സംവിധാനം രഞ്ജിത് ശങ്കറാണ്. ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നായികയായി എത്തുന്ന മഹിമാ നമ്പ്യാരും ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് സിനിമ റിലീസ് ചെയ്യുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ചേര്‍ന്ന് ഉണ്ണി മുകുന്ദന്‍ ഫിലിംസ്, ഡ്രീംസ് എന്‍ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു.

തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. താരത്തിന്റെ മാനേജരായ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. അജിത്തിന്റെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അടുത്ത വര്‍ഷം പൊങ്കലിനാണ് ചിത്രം തിയറ്ററില്‍ എത്തുക. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ഈ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വന്‍ വിജയമായി മാറിയ വിശാല്‍ ചിത്രം മാര്‍ക് ആന്റണിയ്ക്ക് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. വിടാ മുയര്‍ച്ചിയാണ് പുതിയ ചിത്രം.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments