Wednesday, May 22, 2024
Homeഅമേരിക്കപുണ്യങ്ങളുടെ വസന്തകാലം - റമദാൻ ✍ആസിഫ അഫ്രോസ്

പുണ്യങ്ങളുടെ വസന്തകാലം – റമദാൻ ✍ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

ഹിജ്റ വർഷപ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. മാസപ്പിറവിയെ അടിസ്ഥാനപ്പെടുത്തിയാണ് ഹിജ്റ വർഷം കണക്കാക്കുന്നത്. വളരെ അനുഗ്രഹീതമായ റമദാനിന്റെ പുണ്യ ദിനങ്ങളിലേക്ക് ലോക മുസ്ലിമീങ്ങൾ പ്രവേശിച്ചിരിക്കുകയാണ്. ഒരു മുസ്ലിമിന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്നതിന്റെ കൃത്യമായ നിർവചനമാണ് റമദാൻ.

തലേദിവസം അർധരാത്രി മുതൽ പ്രഭാതത്തിന് മുൻപുവരെയുള്ള സമയം അത്താഴം കഴിച്ചുകൊണ്ട് ആരംഭിക്കുന്ന നോമ്പ്, പ്രദോഷമാകുമ്പോൾ അവസാനിപ്പിക്കുന്നു. ഈത്തപ്പഴമോ കാരക്കയോ ഇത് രണ്ടും ലഭിച്ചില്ലെങ്കിൽ വെള്ളമോ കൊണ്ട് നോമ്പ് അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ. നോമ്പ് തുറക്കുന്നതിന് തൊട്ടുമുൻപായി കുറഞ്ഞ സമയം കൊണ്ട് ചൊല്ലാൻ പറ്റുന്ന ചെറിയ പ്രാർത്ഥനകൾ ചൊല്ലണം. അതിന് തീർച്ചയായും ഉത്തരം ലഭിക്കും എന്നാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
രോഗമോ യാത്രയോ ഇല്ലാത്ത അവസ്ഥയിൽ നോമ്പ് നോൽക്കൽ നിർബന്ധമാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പുകൾ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ വ്രതാനുഷ്ഠാനം, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ റമദാൻ മാസത്തിലാണ് വരുന്നത്. അന്ന പാനീയങ്ങൾ ഉപേക്ഷിക്കുന്നത് മാത്രമല്ല നോമ്പ്, അതിലുപരി നമ്മുടെ ജീവിതത്തിലെ മോശമായ, മ്ലേച്ഛമായ,നിഷിദ്ധമായ കാര്യങ്ങളിൽ നിന്നുകൂടി വിട്ടുനിൽക്കലാണ്. സ്വന്തം ദേഹേച്ഛകളോടുള്ള ‘ജിഹാദ്’ കൂടിയാണിത്. തന്റെ സഹജീവികളുടെ പട്ടിണിയും വിശപ്പും അനുഭവിച്ചറിയാനും ഉള്ളത് അവരുമായി പങ്കുവയ്ക്കാനുമുള്ള പരിശീലനം കൂടിയാണ് നോമ്പ്. സമ്പന്നർക്ക് പാവങ്ങളെ അകമഴിഞ്ഞു സഹായിക്കാനുള്ള ഒരവസരമാണ് കരുണയുടെയും ദാനത്തിന്റെയും മാസമായ റമദാൻ.

എന്തെങ്കിലും കാരണത്താൽ മുറിഞ്ഞുപോയ കുടുംബബന്ധങ്ങളെ യോജി പ്പിക്കുകയും രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യാൻ മുൻപോട്ട് വരുന്നവർക്കായി അല്ലാഹുവിന്റെ പക്കൽ വലിയ പ്രതിഫലമുണ്ട്. കുടുംബ ബന്ധം മുറിയാൻ ഇട വരുത്തുന്നവരാരോ, അവരുമായി അല്ലാഹു തന്റെ ബന്ധം വിച്ഛേദിക്കുമെന്നും, കുടുംബ ബന്ധം ഇണക്കാൻ കാരണമായിത്തീരുന്നവരുമായി അല്ലാഹു അവന്റെ ബന്ധം സ്ഥാപിക്കുമെന്നും ഹദീസുകളിൽ കാണാം. പരസ്പരം നോമ്പുതുറപ്പിക്കുന്നതു വഴി കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുന്നു.

പത്തുദിവസങ്ങൾ വീതം അടങ്ങുന്ന മൂന്നുഭാഗങ്ങളായിട്ടാണ് റമദാനെ തിരിച്ചിരിക്കുന്നത്. ഇതിൽ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവുകൾ ഏറെ ശ്രേഷ്ഠമാണ്. ഇതിൽ ആയിരം രാവുകളെക്കാൾ പുണ്യമാക്കപ്പെട്ട രാവാണ് “ലൈലത്തുൽ ഖദ്ർ” അല്ലാഹുവിന്റെ പരിശുദ്ധമായ വചനങ്ങൾ അവതരിപ്പിച്ച വിശുദ്ധഖുർആൻ അവതീർണമായ രാവ്.

താൻ സാമ്പാദിച്ചതിൽ ഒരുഭാഗം അഗതികൾക്കും അശരണർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ഇസ്ലാമികനിയമം നടപ്പാക്കുന്നതിനുവേണ്ടി ഈ മാസം ഒരു നിശ്ചിത ശതമാനം സമ്പത്ത് ദാനം ചെയ്യൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഇതിനെ ‘സകാത്ത്’ എന്നാണ് പറയുന്നത്. സകാത്ത് നല്കാത്തവന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല എന്ന് ഇസ്ലാം മതം അനുശാസിക്കുന്നു.

സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ഠിക്കപ്പെടേണ്ടത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത ശരീരവും ഒരേ മനസ്സുമായി വിശ്വാസികൾ വ്രതമെടുത്ത് പ്രാർത്ഥനകളിൽ മുഴുകുന്നു. ആർക്കും പ്രത്യേക പദവിയോ സ്ഥാനമോ ഈയവസരത്തിൽ കല്പിച്ചുനൽകുന്നില്ല. അല്ലാഹുവിന്റെ മുൻപിൽ എല്ലാവരും സമന്മാർ. ഇത് മുസ്ലിം സമൂഹത്തിൽ ഐക്യവും സമത്വബോധവും വളർത്തുന്നു.

ആദരാവായ നബി (സ) പറയുന്നു “റമദാൻ ആഗതമായാൽ സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലക്കിടപ്പെടുകയും ചെയ്യും” വ്രതം, നമസ്കാരം, ഖുർആൻ പാരായണം,ഭക്തി, പ്രാർത്ഥന, പശ്ചാത്താപം എന്നിവ കൊണ്ട് വിശ്വാസികൾ ശാരീരികവും മാനസികാവുമായ എല്ലാ ചാപല്യങ്ങളെയും ശക്തമായ ക്ഷമ കൊണ്ട് നിയന്ത്രിക്കാൻ പരിശീലിക്കുന്ന മാസമാണ് റമദാൻ. വിശ്വാസികൾക്ക് നന്മതിന്മകൾ തിരിച്ചറിയുവാനും സന്മാർഗദർശികളായി മാറുവാനും മോശമായ പെരുമാറ്റങ്ങൾക്കും, ദു:സ്വഭാവങ്ങൾക്കും എതിരെ സമരം ചെയ്യുവാനും അതുവഴി അല്ലാഹുവിന്റെ പ്രീതിക്കും, തൃപ്തിക്കും പാത്രമായി തീരുവാനുമുള്ള ഒരു മത്സരമായിട്ടാണ് ഈയൊരു അവസരം നാം വിനിയോഗിക്കേണ്ടത്.

മനസ്സിൽ നിന്നും അസൂയ, പക, വിദ്വേഷം തുടങ്ങിയവ തുടച്ചുനീക്കി രാത്രികാലങ്ങളിൽ പ്രാർത്ഥനകളിലും ആരാധനകളിലും മുഴുകി, ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.

മതഗ്രന്ഥങ്ങൾ വായിച്ചും മനസ്സിലാക്കിയും ആത്മീയ വിശുദ്ധി കൈവരിക്കുക എന്നതാണ് ഇസ്ലാം ലക്ഷ്യം വയ്ക്കുന്നത്.

സംഭവിച്ചുപോയിട്ടുള്ള തെറ്റുകളിൽ പശ്ചാതപിക്കുവാനും അല്ലാഹുവിന്റെ കാരുണ്യത്തിനുവേണ്ടി സ്വർഗ്ഗ കവാടങ്ങൾ മുട്ടുവാനും വിശ്വാസികൾ ശ്രദ്ധിക്കണം. നിശ്ചയം അത്‌ തുറക്കപ്പെടുകതന്നെ ചെയ്യും. റമദാനിൽ അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും നരകവിമുക്തിയും ഉണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

നോമ്പ് മനസ്സിൽ നിന്നും തുടങ്ങി നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും പ്രതിഫലിക്കണം. അല്ലാഹുവിൽ നിന്നുള്ള പദവികൾ കരസ്ഥമാക്കുവാനായി നമുക്ക് പരസ്പരം വിറോടെ മത്സരിക്കാം. ഒരുമാസത്തെ കഠിനവ്രതം വരാനിരിക്കുന്ന മാസങ്ങളിലേക്കുള്ള ഊർജ്ജം സംഭരിക്കാനും അത് മനുഷ്യ നന്മക്കുവേണ്ടി ചിലവഴിക്കുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.(ആമീൻ)
എല്ലാ സഹോദരങ്ങൾക്കും നന്മകൾ നിറഞ്ഞ റമദാൻ ആശംസിക്കുന്നു.❤️🌹

ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments