ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവും സർവോദയ പ്രസ്ഥാനത്തിൻ്റെ പോഷകനുമായ വിനോബാ ഭാവേ ബോംബെ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11ന് ജനിച്ചു .ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡ യിലായിരുന്നു.
വിനോബാ തന്റെ ആശ്ചര്യകരമായ തപോനിഷ്ഠക്കും ആത്മീയ ഉന്നതിക്കുമുള്ള സിദ്ധികൾ നേടിയത് അമ്മയിൽ നിന്നായിരുന്നു. അദ്ദേഹം 1916 – ൽ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു.ഇതേ കൊല്ലം തന്നെ ഗാന്ധിജി നടത്തിയ പ്രഭാഷണം വിനോബായെ വല്ലാതെ സ്പർശിച്ചു. അദ്ദേഹം ഗാന്ധിജിയുമായി ബന്ധപ്പെട്ടു. കുറച്ചുകാലം ആശ്രമവ്രതങ്ങൾ അനുഷ്ഠിച്ചു കൊണ്ട് ഗാന്ധിജിയോടൊപ്പം കഴിഞ്ഞു. 1921ൽ ഒരു നിർമ്മാണ പ്രവർത്തനം തുടങ്ങാൻ വിനോബാ വാർധയിൽ എത്തി. നാഗ്പൂരിൽ ആരംഭിച്ച പതാക സത്യാഗ്രഹത്തിന്റെ താരം അദ്ദേഹം ആയിരുന്നു .
1924 ൽ വൈക്കം സത്യാഗ്രഹത്തിൻ്റെ നിരീക്ഷകനായി അദ്ദേഹം കേരളത്തിലെത്തി. 1940 ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തെരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു.
മൂന്ന് പ്രാവശ്യം വിനോബാ ജയിൽവാസം അനുഷ്ഠിച്ചു. 1946-ൽ പനാവറിലേക്കു മടങ്ങി വന്ന അദ്ദേഹം തോട്ടിപ്പണി ഔദ്യോഗികമായി സ്വീകരിച്ചു. 1948-ൽ വിനോബാ തെലങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാന പ്രസ്ഥാനത്തിന് രൂപം നൽകി.
ഗാന്ധിജിയുടെ മരണാനന്തരം സർവോദയ പ്രസ്ഥാനത്തിനും അദ്ദേഹം രൂപം കൊടുത്തു. സർവോദയ ത്തിൻ്റെ ജനയിതാവ് ഗാന്ധിജി ആയിരുന്നെങ്കിലും അതിനെ പരിപോഷിപ്പിച്ചത് വിനോബ കൂടിയായിരുന്നു. അദ്ദേഹം 1982 നവംബർ 15 അന്തരിച്ചു. 1983 മരണാനന്തര ബഹുമതിയായി ഭാരതരത്നവും തേടിയെത്തി.