പ്രിയ സുഹൃത്തും അദ്ധ്യാപികയും മലയാളി മനസ്സിൻ്റെ ആദ്യനാളുമുതൽ ഒപ്പം നടക്കുന്ന അജി സുരേന്ദ്രനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഓർമ്മക്കുറിപ്പുകളും ലേഖനങ്ങളും, കൊണ്ട് നമ്മുടെ മനസ്സിൽ പൂക്കളം തീർക്കുന്ന എഴുത്തുകാരി. കാലം കവർന്നെടുത്ത വ്യക്തിത്വങ്ങളെ ആലങ്കാരികതകളൊന്നുമില്ലാതെ ഹൃദയം തൊടുന്ന എഴുത്തിലൂടെ ഓർമ്മക്കുറിപ്പുകളായ് വായനക്കാരിലേക്ക് എത്തിക്കുന്നു.
ജനനവും പഠനവും ഉദ്യോഗവും വിവാഹവുമെല്ലാം ഇടുക്കിയുടെ ഹരിതാഭമായ മണ്ണിൽ. പഠനകാലത്ത് തന്നെ കുഞ്ഞ് കുഞ്ഞ് കവിതകൾ എഴുതിയിരുന്ന അജിയുടെ ‘യാത്രാമൊഴി’ എന്ന കവിത ഏറെ ജനശ്രദ്ധയാർന്നതാണ്.
എൻ ടി ടി സി അദ്ധ്യാപികയായ അജി ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിനിയാണ് . യാത്രകളും, വായനയും ഏറെ ഇഷ്ടപ്പെടുന്ന അജി 1500 ലധികം ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ‘നീലാംബരീയം’ ഫേസ്ബുക് ഗ്രൂപ്പിലൂടെയാണ് എഴുത്ത് വഴിയിലേക്ക് കടന്നുവന്നത്.
പ്രിയസുഹൃത്തും മലയാളി മനസ്സിൻ്റെ മുൻ സബ് എഡിറ്ററുമായ നിരഞ്ജൻ അഭിയാണ് മലയാളി മനസ്സിലേക്ക് അജിയെ പരിചയപ്പെടുത്തിയത്. അന്ന് മുതൽ മലയാളി മനസ്സിൻ്റെ ‘ഓർമ്മയിലെ മുഖങ്ങൾ’ എന്ന പംക്തി അജിക്ക് സ്വന്തം .
കെ എസ് ഇ ബി ജീവനക്കാരനായ നാരായണൻ്റേയും രമണിയുടേയും മകളാണ് അജി. ബിസ്നസ്സുകാരനായ ഭർത്താവ് സുരേന്ദ്രനും എൽ എൽ ബി വിദ്യാർത്ഥിനിയായ പാർവതിയും പ്ലസ് വൺ വിദ്യാർത്ഥിയായ ഹരീഷും എഴുത്ത് വഴികളിൽ കൂട്ടായ് ഒപ്പംനിൽക്കുന്നു.
സ്നേഹാക്ഷരങ്ങൾ കൊണ്ട് ഓരോ വാക്കും വിളക്കിചേർത്ത മലയാളി മനസ്സിൻ്റെ അസൂയാവഹമായ നേട്ടത്തിൽ പ്രിയ എഴുത്തുകാർക്കൊപ്പം കോട്ടയത്ത് വച്ചുനടന്ന സ്നേഹസംഗമത്തിൽ പങ്കു ചേരാനും മലയാളിമനസ്സിന്റെ മൊമൻ്റോ ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്ന സന്തോഷം മലയാളി മനസ്സുമായ് പങ്കുവച്ചു.
സത്യസന്ധമായ ഭാഷ നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരേണ്ടത്. ‘ തിരക്കേറിയ അധ്യാപന ജീവിതത്തിലെ ഇടവേളകളിൽ ഇനിയും നിരവധി ലേഖനങ്ങളിലൂടെ മലയാളി മനസ്സിനെ സംമ്പുഷ്ടമാക്കാൻ അജിക്ക് കഴിയട്ടെ..!🙏🙏🙏
നന്ദി! നമസ്ക്കാരം!