പ്രിയ സൗഹൃദങ്ങളേ ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്നേഹപൂർവ്വം ഏവരേയും ക്ഷണിക്കുന്നു.
1968-ൽ നിർമ്മിച്ച ‘മിടുമിടുക്കി’ എന്ന സിനിമയിലേതാണ് ഇന്ന് നമ്മൾ കേൾക്കുന്ന ഗാനം. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് എം എസ് ബാബുരാജ് ഈണം നൽകി. ചാരുകേശി രാഗത്തിൽ ചിട്ടപ്പെടുത്തിയ “അകലെ അകലെ നീലാകാശം..”എന്ന ഗാനം സംഗീതത്തിന്റെ വരദാനമായ യേശുദാസും ജാനകിയും ചേർന്ന് പാടി. അതുകൊണ്ടുതന്നെ ഗാനവും ഗാനത്തിന്റെ ഈണവും പശ്ചാത്തലസംഗീതവും അത്രമേൽ ഹൃദ്യമായി..
ദാശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഗാനത്തിന് ഒരു കടുകിട പോലും മാറ്റം വരുത്താതെ റീമേക്ക് ചെയ്ത് ആദ്യത്തെ കണ്മണി എന്ന പടത്തിൽ കൊണ്ട് വന്ന് വീണ്ടും പാടി. അകലേ എന്ന് തുടങ്ങുന്ന വരികൾക്ക് ആ…ആ…എന്ന ജാനകിയുടെ ആലാപനം അങ്ങ് നീലാകാശങ്ങളെ തഴുകി ഇങ്ങ് താഴെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ട് വന്ന് ഗാനത്തിന്റെ ശ്രുതിയിലേക്ക് ചേർത്തിണക്കുന്ന ലാന്റിംഗ്.! പിന്നെ ഓർകിസ്ട്രയുടെ ഒരു പൂക്കാവടിയാട്ടം ..!
നീലാകാശം നിറയെ അലതല്ലുന്ന മേഘതീർത്ഥവും അരികിൽ രാഗതീർത്ഥം അലതല്ലുന്ന -അവളുടെ ഹൃദയാകാശവുമാണ് എന്ന് ശ്രീകുമാരൻ തമ്പി വരികളിലൂടെ പറയുന്നു. നമുക്ക് ആ വരികൾ വായിക്കാം.
അകലെ …അകലെ ..നീലാകാശം
ആ…ആ…ആ…
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം
അകലെ …..നീലാകാശം ..
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്ന് കലരുംപോലെ
നമ്മളൊന്നായ് അലിയുകയല്ലേ
അകലെ…..
നിത്യസുന്ദര നിർവൃതിയാലേ
നിൽക്കുകയാണെൻ ആത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ
അകലെ …..
എത്ര മനോഹാരമായ വരികളാണ്. അതിലേറെ മനോഹരമാണ് അതിന്റെ പശ്ചാത്തലസംഗീതം. പാടിവരുന്ന നദിയുടെ കുളിരും പാരിജാതമലരിന്റെ മണവും ഒന്നായി അലിഞ്ഞുചേരുന്നത്പോലെ അവരും തമ്മിൽ ചേർന്നലിയുന്നത് നമുക്ക് കാണാം , കേൾക്കാം .
ഒന്ന് കേട്ട് നോക്കൂ…..
ഗാനം കേട്ടുവല്ലോ. അവളുടെ ആത്മാവിൽ നിത്യസുന്ദരവിർവൃതിയായി അവൻ നിറഞ്ഞു നിൽക്കുകയാണ് . പ്രിയനേ നീയില്ലെങ്കിൽ എനിക്ക് വിശ്വമില്ല….ഞാനീ മണ്ണിൽ വീണടിഞ്ഞുപോവും എന്ന് വേറെ അധികമാരും പറഞ്ഞുകേട്ടിട്ടില്ല. ഇപ്പോൾ അടുത്തിറങ്ങിയ ഒരു മ്യൂസിക് ആൽബത്തിൽ “നീയില്ലാതെ ഞാനില്ല തോഴാ ..” എന്ന് പാടിയിട്ടുണ്ട്. ആ ഗാനവും മനോഹരമാണ് കേട്ടോ.
പ്രിയമുള്ളവരേ..
ഗാനം ഇഷ്ടമായില്ലേ….
സംഗീതം ഒരു തപസ്യയാണ്.. ജീവനകലയാണ്… പ്രാണന്റെ തുടിപ്പാണ്. അത് നമ്മെ സ്വർഗ്ഗത്തിലേക്കെത്തിക്കും.
നിങ്ങളുടെ ഇഷ്ടഗാനവുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം 🌹🌹🌹🌹