നാം ആരുടെ കൂടെ?
(1 കോരി. 1:26 – 31)
“ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തെരഞ്ഞെടുത്തു; ബലമുള്ളതിനെ ജീപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തെരഞ്ഞെടുത്തു”
(വാ. 27 ).
ദൈവം അതിശക്തമായി ഉപയോഗിച്ച ഒരാൾ ആയിരുന്നു ശാമുവേൽ മോറിസ്.
പശ്ചിമ ആഫ്രിക്കയിൽ ഒരു ഗ്രാമത്തലവന്റെ മകനായി ആണ്, അദ്ദേഹം ജനിച്ചു
വളർന്നത്. വളരെ ദുരിത പൂർണ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പിതാവും മറ്റൊരു ഗ്രാമത്തലവനുമായി സംഘട്ടനം ഉണ്ടായി. അതിൽ മോറിസിന്റെ പിതാവ് കൊല്ലപ്പെടുകയും, താൻ ജാമ്യത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. ശാരീരികവും മാനസീകവുമായ നിരവധി പീഢനങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തെ ആകമാനം മാറ്റി മറിച്ചു. ആ നാളുകളിൽ അദ്ദേഹത്തിൽ ആത്മീക താൽപര്യം ജനിക്കുകയും, ആത്മീക കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും പഠിക്കുവാനും അദ്ദേഹം ഉത്സാഹിക്കുകയും ചെയ്തു. ഒരു ദിവസം തനിക്ക് ക്രിസ്തു ദർശനം ഉണ്ടാകുകയും, യേശു ക്രിസ്തുവിനെ ജീവിതത്തിൽ കർത്താവും രക്ഷിതാവും ആയി ആ നീഗ്രോ ചെറുപ്പക്കാരൻ സ്വീകരിക്കുകയും ചെയ്തു. വെറും ഇരുപത്തിയൊന്നു വയസ്സു വരെ മാത്രമേ, അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. എങ്കിലും,അതിനിടയിൽ അനേക ആയിരങ്ങളെ, പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ആശ്രയിച്ച്, രക്ഷയിലേക്കും
രൂപാന്തരത്തിലേക്കും നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ധ്യാന ഭാഗത്ത് വി. പൗലൊസ് സൂചിപ്പിക്കുന്നതു പോലെ ദൈവം പലപ്പോഴും
തെരഞ്ഞെടുക്കുന്നത്, ലോകപ്രകാരം കീഴാളർ എന്നു വിളിക്കപ്പെടുന്നവരെ
ആണ്. ‘ആദിമ ക്രിസ്തു ശിഷ്യരിൽ പലരും വെറും മീൻപിടുത്തക്കാർ മാത്രം ആയിരുന്നു. വി. കന്യ മറിയാമിന്റെ പാട്ട് (ലൂക്കോ.1:46 – 55), ദൈവത്തിന്റെ ഇത്തരത്തിൽ ഉള്ള തെരഞ്ഞെടുപ്പിനെ പ്രകീർത്തിക്കുന്ന ഒന്നാണ്. ദൈവം, ദരിദ്രരുടെയും, ചൂഷിതരുടെയും, അവഗണിക്കപ്പെട്ടവരുടെയും പക്ഷത്താണ്
എന്നാണ് ദൈവവചനം നൽകുന്ന സൂചന. ദൈവം ഒരാളെ തെരഞ്ഞെടുക്കുമ്പോൾ, അയാളുടെ കുടുംബ ശ്രേഷ്ഠതയോ, കുല മഹിമയോ ഒന്നുമല്ല നോക്കുന്നത്. അയാൾ വിശ്വസ്തൻ ആയിരിക്കുമോ എന്നും, തനിക്കു ലഭ്യം ആയിരിക്കുമോ എന്നും മാത്രമാണ്, നോക്കുന്നത്.
നാം ആരുടെ കൂടെ ആണ് ? ദൈവത്തോടും ദൈവം തെരഞ്ഞെടുന്നരോടും കൂടെ ആണോ? അതോ, ലോകത്തിലെ ബലവാന്മാരോടും, ജ്ഞാനികളോടും,
സമ്പന്നരോടും കൂടെ ആണോ? ശരിയായ തീരുമാനം എടുവാൻ ദൈവം
നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: ഒരു നല്ല ശില്പിക്ക്, കാട്ടുകല്ലകളിൽ നിന്നു പോലും മനോഹര ശില്പങ്ങൾ നിർമ്മിക്കുവാൻ സാധിക്കും!