Saturday, September 21, 2024
Homeമതംശ്രീ കോവിൽ ദർശനം (29) ' ശ്രീ മഹാഗണപതി ക്ഷേത്രം, ആലംകോട്. കരിപ്രസാദം ' ✍...

ശ്രീ കോവിൽ ദർശനം (29) ‘ ശ്രീ മഹാഗണപതി ക്ഷേത്രം, ആലംകോട്. കരിപ്രസാദം ‘ ✍ അവതരണം: സൈമശങ്കർ മൈസൂർ.

സൈമശങ്കർ മൈസൂർ.

ശ്രീ മഹാഗണപതി ക്ഷേത്രം, ആലംകോട്. കരിപ്രസാദം

ഭക്തരെ…!
തിരുവനന്തപുരം ജില്ലയിൽ ആലംകോട് നിന്നും 5.7 കിലോമീറ്റർ അകലെയുള്ള കൊടുവഴന്നൂരിലാണ് ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതൊരു പ്രാദേശിക ക്ഷേത്രമാണ്. ക്ഷേത്രം മഹാഗണപതിക്കായി സമർപ്പിച്ചിരിക്കുന്നു. കൊടുവഴന്നൂർ ദേശത്തിൻറെ വിഘ്നേശ്വരനായി അഭയകേന്ദ്രമായി ആശ്രിതവത്സലനായി ആപത് ബാന്ധവനായി നാടിന് ഐശ്വര്യമേകി പ്രദേശത്തിനും ഭക്തർക്കും സംരക്ഷണമേകി ശ്രീ മഹാഗണപതി നിലകൊള്ളുന്നു.

ഭക്തരെ ഇനിയും നമുക്ക് ഗണപതി ഭഗവാന്റെ കരിപ്രസാദത്തെ ക്കുറിച്ചു അറിയാം.

ഗണേശന്റെ കരിപ്രസാദം എന്നും തൊട്ടാൽ വിഘ്‌നമകലും.
ഗണപതി ക്ഷേത്രങ്ങളില്‍ നിന്നോ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നോ നല്‍കുന്ന ഗണപതി പ്രസാദത്തില്‍ പൂവും കളഭവും കരിയുമുണ്ടായിരിക്കും. ക്ഷിപ്രപ്രസാദിയായ ശ്രീമഹാഗണപതിയെ ഉപാസിക്കുന്നവര്‍ ദേവന് സമര്‍പ്പിക്കുന്ന വിശിഷ്ട വഴിപാടാണ് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഹോമത്തിന്റെ പ്രസാദം ദിവസവും ധരിച്ചാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്‌നമുണ്ടാകില്ല. അഷ്ടദ്രവ്യഗണപതി ഹോമത്തിലെ ഭസ്മത്തിന്റെ കരിയാണ് രാവിലെ പ്രസാദമായി നല്‍കുന്നത്. ഇത് ദിവസവും ധരിച്ചാല്‍ സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരമാവും. സ്വന്തം പേരിലും നാളിലും നടത്തുന്ന അഷ്ടദ്രവ്യഗണപതി ഹോമത്തിന്റെ പ്രസാദം സൂക്ഷിച്ചു വച്ച് ധരിക്കണം.

എല്ലാ മാസവും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്താണ് നിത്യവും ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത്. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ് , അപ്പം, അട, മലര്‍, പഴം, എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. തന്ത്ര ഗ്രന്ഥത്തിൽ പറയുന്നത് കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം നാളികേരം, മലർ എന്നിവയാണ്.വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാനാണ് ഗണപതി ഹോമം നടത്തുന്നത്.

ഏതു കർമ്മം ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിക്കുന്നതാണ് ഗണപതി ഹവനം. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാം എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ടദായകനാണ് ഗണേശൻ. ഗണപതി വന്ദനത്തിന്റെ ഭാഗമായി ഗണപതിക്കൊരുക്ക് പതിവാണ്. പടുക്ക വയ്ക്കുക എന്നും ഇത് അറിയപ്പെടുന്നു. ഗൃഹപ്രവേശത്തിനു മുൻപും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും കേതു ദോഷം കാരണം മംഗല്യം വൈകുമ്പോഴും ഗണപതി ഹോമം പതിവാണ്. ഒരോ ആവശ്യത്തിനും ഒരോ ദ്രവ്യങ്ങളാലാണ് ഗണപതി ഹോമം നടത്തുന്നത്.

🕉️വിവിധ ആവശ്യങ്ങൾക്ക് ഹോമിക്കേണ്ട ദ്രവ്യങ്ങൾ.
‍‍‍
വിവാഹസിദ്ധി:

ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കണം. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

കാര്യസിദ്ധി:

ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണ നെയ് ഹോമിക്കണം.

ഐശ്വര്യം:

കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കണം.

സന്താനഭാഗ്യം:

സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കണം.

ഭൂമിലാഭം:

താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കണം.

പിതൃപ്രീതി:

എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തണം.

ദാമ്പത്യകലഹം തീരാന്‍:

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജന്മനക്ഷത്ര ദിവസങ്ങളിൽ സംവാദ സൂക്തം ചൊല്ലി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളികേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

ശത്രുദോഷം:

ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിൻ ചമത ഹോമിച്ചാൽ ശത്രു ദോഷം തീരും.

സമ്പത്ത്:

ലക്ഷ്മീവിനായക മന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തിയാൽ സമ്പത്ത് വർദ്ധിക്കും.

ആയുർവർദ്ധന:

മൃത്യുഞ്ജയ ഹോമദ്രവ്യങ്ങൾ കൊണ്ട് ഗണപതി ഹോമം നടത്തിയാൽ ആയുർ ദോഷങ്ങൾ പരിഹരിക്കും.

ഗണപതി ഹോമം കൂടാതെ ഗണപതിയുടെ നടയിൽ നാളികേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം ഛിന്നഭിന്നമാകും. അതോടെ പ്രതിബന്ധങ്ങളും അകലും. കറുകമാല, ചെമ്പരത്തിപ്പൂവ്, ചുവന്ന പട്ട് എന്നിവ ഭഗവാന് പ്രിയങ്കരമാണ്. ചിങ്ങത്തിലെ വിനായക ചതുർത്ഥി, വിജയദശമി, വെള്ളിയാഴ്ചകൾ, മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൾ, മീനത്തിലെ പൂരം, തുലാമാസത്തിലെ തിരുവോണം എന്നിവ ഗണപതിക്ക് വിശേഷപ്പെട്ട ദിനങ്ങളാണ്. കേതു ദോഷത്തിന് ഭജിക്കേണ്ടത് ഗണപതിയെയാണ്. “ഓം ഗം ഗണപതയെ നമഃ” എന്ന മന്ത്രം ആർക്കും ജപിക്കാവുന്ന സിദ്ധ മന്ത്രമാണ്. ഉത്തമ ഗണേശ ഭക്തരെ രാഹു, ശനിദോഷം എന്നിവ ഉള്‍പ്പെടെ ഒരു വിധ ഗ്രഹദോഷവും കഠിനമായി ബാധിക്കില്ല.

✍അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments