മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവർക്ക് വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
നമ്മോടുള്ള ദൈവത്തിന്റെ സ്നേഹവും കൃപയും വ്യവസ്ഥാധിഷ്ഠിതമോ, താത്കാലിമോ അല്ല. നമ്മുടെ ഭാഗത്തു നിന്നുള്ള സ്നേഹമല്ല, യേശുവിന്റെ സ്നേഹമായിരുന്നു നമ്മെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചത്. ലോകാരംഭത്തിനു മുന്പേയും , കഴിഞ്ഞ നിത്യതയിലും നമ്മോടുകൂടെ അവന്റെ കൃപയുണ്ടായിരുന്നു. നമ്മുടെ ഭാഗത്തു നിന്നുള്ള പാപത്തിനോ, ശാപത്തിനോ പരാജയത്തിനോ ബലഹീനതയ്ക്കോ ക്രിസ്തുവേശുവിലുള്ള ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്തുവാൻ കഴിയുകയില്ല.
ദൈവം നീതിമാനാണ്
———————-
നമ്മുടെയോരുത്തരുടെയും രക്ഷ അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്നേഹത്തിലും, കൃപയിലും മാത്രമല്ല, അതിലധികമായി ദൈവത്തിന്റെ നീതിയിലുമാണ്.
2 തിമൊഥെയൊസ് 1–9
“അവൻ നമ്മെ രക്ഷിക്കുകയും വിശുദ്ധ വിളി കൊണ്ടു വിളിക്കുകയും ചെയ്തു. നമ്മുടെ പ്രവ്യത്തികൾ നിമിത്തമല്ല ”
നാം രക്ഷിക്കപ്പെടുമ്പോൾ നാമെന്തായി, ദൈവത്തിന്റെ നിത്യജീവനായി ദൈവ മക്കളായിത്തീർന്നു. ദൈവം വാക്ക് മാറാത്താവനാണ്. നമ്മളെ പൊതിഞ്ഞിരിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ ഈ ലോക ഇമ്പങ്ങളിൽ നിന്നും നാം സുരക്ഷിതരാണ്. മനുഷ്യരായ നാം പല മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. യേശുക്രിസ്തുവിന്റെ സ്നേഹത്താൽ പിടിക്കപ്പെട്ട പൗലോസ് അപ്പോസ്തലൻ വിശ്വാസത്തിലേയ്ക്ക് വന്നപ്പോൾ പല പ്രശ്നങ്ങളിലൂടെയാണ് അടിസ്ഥാനപ്പെട്ടത്.
1 യോഹന്നാൻ 4-10
“നാം സ്നേഹിച്ചതല്ല,അവൻ നമ്മെ സ്നേഹിച്ചു. തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായിശ്ചിത്തം ആകുവാൻ അയച്ചത് തന്നെ സാക്ഷാൽ സ്നേഹമാകുന്നു.”
ഒരു രക്ഷിക്കപ്പെട്ട ദൈവ പൈതലിന്റെ സന്തോഷം ദൈവവുമായുള്ള നിരന്തരമായ കൂട്ടായ്മയെ ആശ്രയിച്ചിരിക്കുന്നു. ദൈവവചനത്തിലും പ്രാത്ഥനയിലും ഉറച്ചിരിക്കുന്നതു കൊണ്ട് ദൃഡമായ വിശ്വാസത്തിന്റെ വേരുകൾ ഉണ്ടാകുന്നു. ബുദ്ധിയുള്ള മനുഷ്യൻ യേശു എന്ന പാറമേൽ തന്റെ വീടു പണിയുന്നു.
ഈ ലോകത്തിന്റെ ബന്ധങ്ങൾ താത്കാലികവും, നിലനിൽക്കുന്നതുമല്ല. എന്നാൽ ദൈവത്തിന്റെ സത്യ വചനമാകുന്ന പാറപ്പുറത്തു പണിയുന്നവൻ നിത്യതയിലും സുരക്ഷിതനാണ്. ജീവനും സമൃദ്ധിയും യേശുവിന്റ പക്കലുണ്ട്. ജീവിതത്തിൽ മുന്നോട്ട് നോക്കുന്നതിനേക്കാൾ വിശ്വാസത്തിൽ ഉറയ്ക്കുന്നത്, ദൈവം ജീവിതത്തിൽ പിന്നിട്ട വഴികളിലൂടെ നടത്തിയ നന്മകളെ ഓർക്കുമ്പോളാണ്. യേശുവിന്റെ വചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞു അതു നാവിലൂടെ വിളിച്ചു പറയുവാൻ ധൈര്യപ്പെടുമ്പോളാണ് ജീവിത സാഹചര്യങ്ങളിൽ മാറ്റം സംഭവിക്കുന്നത്.
എഫെസ്യർ 3–20
“നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തപരമായി ചെയ്‌വാൻ നമ്മിൽ വ്യാപാരിക്കുന്ന ശക്തിയാൽ കഴിയും ”
രക്ഷിക്കപ്പെട്ടവർ കൃപയാലുള്ള രക്ഷ തിരിച്ചറിയണമെന്നായിരിരുന്നു പൗലോസിന്റെ വാജ്ഞ. യേശുവിന്റെ സ്നേഹത്തിന്റെ പൂർണ്ണതയിലാണ് പൗലോസിനെ ജാതികളുടെയിടയിലും, കേഫാവിനെ യഹൂദന്മാർക്കിടയിലും സുവിശേഷം പറയാൻ വിളിക്കപ്പെട്ടത്. എല്ലാവരുടെ ജീവിതത്തിനും ഒരു വിളിയും തെരെഞ്ഞെടുപ്പുമുണ്ട്,അത് പരിശുദ്ധാത്മ നിറവിൽ തിരിച്ചറിയപ്പെടുമ്പോളാണ് ക്രിസ്തുവിനെ അറിയുന്ന ഒരു മനുഷ്യന്റെ ആത്‍മീക ജീവിതം പൂർണ്ണതയിലെത്തുന്നത്.
വീണ്ടും കാണുവരെ ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും ധാരാളമായി നിറയ്ക്കട്ടെ. ആമേൻ