കാഞ്ഞിരപ്പളളി: പതിവിൽ നിന്നും വ്യത്യസ്തമായി അറ്റൻഡർമാർ മുതൽ മെഡിക്കൽ ഡയറക്ടർ വരെ നീളുന്ന ആശുപത്രി ജീവനക്കാരുടെ പ്രതിനിധികളുടെ കാലുകൾ കഴുകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ചാപ്പലിലെ പെസഹാ ആചരണം ശ്രദ്ധേയമായി. മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു ഉൾപ്പെടെ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, സപ്പോർട്ടിങ് സ്റ്റാഫ് വിഭാഗങ്ങളിൽ നിന്നുള്ള 12 പേർ പെസഹാ തിരുക്കർമ്മങ്ങളിൽ ക്രിസ്തു ശിഷ്യന്മാരുടെ പ്രതിനിധികൾ ആയപ്പോൾ ആശുപത്രി ജോയിന്റ് ഡയറക്ടറും, കാഞ്ഞിരപ്പളളി മേരീക്വീൻസ് കാർമ്മൽ ഹൗസ് ആൻഡ് പ്രശാന്ത് ഭവൻ പ്രീഫെക്ടുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പെസഹായുടെ ഭാഗമായ കാൽകഴുകൽ ശുശ്രുഷയുടെ മുഖ്യകാർമ്മികനായി.
സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് വികർ പ്രൊവിൻഷ്യാളും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ പാസ്റ്റർ കെയർ വിഭാഗത്തിലെ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ എന്നിവർ പെസഹദിന തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായി.