മലപ്പുറം: അഞ്ച് വർഷത്തിനിടെ ജില്ലയിൽ ലഹരിക്ക് അടിമപ്പെട്ട് ചികിത്സ തേടിയത് 12,906 പേർ. 2021 മുതൽ ഈ വർഷം മാർച്ച് വരെ ചികിത്സ തേടിയവരെ സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലും പ്രധാന ലഹരിമുക്ത ചികിത്സ കേന്ദ്രങ്ങളിലും എത്തുന്നവരുടെ എണ്ണം മാത്രമേ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളൂ. ആത്മീയത കൂടി ഉൾപ്പെടുത്തിയുള്ള കേന്ദ്രങ്ങളുമുണ്ട്. ലഹരിമുക്ത ചികിത്സയുടെ പേരിൽ അംഗീകൃതമല്ലാത്ത കേന്ദ്രങ്ങളും ജില്ലയിലുണ്ട്. ഇവിടങ്ങളിൽ കൂടി എത്തുന്നവരുടെ എണ്ണമെടുത്താൽ സ്ഥിതി കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാവും. സ്‌കൂൾ വിദ്യാർത്ഥികളായ ആൺ, പെൺകുട്ടികൾ വരെ ചികിത്സ തേടിയവരിലുണ്ട്. പ്രണയത്തിന്റെയും സോഷ്യൽ മീഡിയയുടെയും വലയിൽ കുടുങ്ങി ലഹരിയിൽ അകപ്പെടുന്നവരും കുറവല്ല.
രോഗിയുടെ വിവരങ്ങൾ രഹസ്യമാക്കും.
ലഹരി വിമോചന ചികിത്സ മനോരോഗ ചികിത്സയുടെ ഭാഗമായതിനാൽ മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം രോഗിയുടെ വിവരങ്ങൾ പൊലീസിനെയോ എക്‌സൈസിനെയോ അറിയിക്കേണ്ട കാര്യമില്ല. ഇത്തരം ആശങ്കകൾ മൂലം ചികിത്സ തേടാൻ മടിക്കുന്നവരുണ്ട്.
സൈക്യാട്രിസ്റ്റിന്റെ കീഴിൽ മരുന്ന്, മനഃശാസ്ത്ര ചികിത്സ, തെറാപ്പി തുടങ്ങിയ കാര്യങ്ങളാണ് ലഹരി മുക്ത ചികിത്സയ്ക്കായി ചെയ്യുന്നത്. രോഗിയുടെ ശാരീരിക, മാനസികാവസ്ഥ കണക്കിലെടുത്താണ് ചികിത്സാ കാലയളവ് തീരുമാനിക്കുക.
ഒ.പി, ഐ.പി ചികിത്സകൾക്കുള്ള സൗകര്യങ്ങൾ ജില്ലയിലെ മൂന്ന് സർക്കാർ ആശുപത്രികളിലുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങളുണ്ട്. നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ലഹരിമുക്ത ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സ നൽകി വരുന്നുണ്ട്.