സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം വർധിച്ചതോടെ വിദ്യാർഥികള്‍ ഉൾപ്പെടെയുള്ള കൗമാരക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. 2024 മുതല്‍ സംസ്ഥാനത്ത് ഇതുവരെ 59,605 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയതായി എക്സൈസ് വകുപ്പ് വിവരവകാശ പ്രവർത്തകനെ കണക്കുകള്‍ സഹിതം അറിയിച്ചു.
എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സ്കൂളുകളില്‍ രഹസ്യ അന്വേഷണം നടത്തുന്നുമുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും സ്കൂളുകളിലും കോളേജുകളിലും നിരീക്ഷണം ശക്തമാക്കാൻ എക്സൈസ് വകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 13,61,000 കോട്പാ കേസുകള്‍ക്ക് പിഴയിടുകയും 887 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചെറുവത്തൂർ സ്വദേശി എം.വി ശില്പരാജാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് പ്രവർത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്.
നിലവില്‍ 5603 ഉദ്യോഗസ്ഥർ മാത്രമാണ് വകുപ്പിലുള്ളത്. ഇത് 1,400 വിദ്യാർഥികള്‍ക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന അനുപാതത്തിലാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2016-ല്‍ നടത്തിയ പഠനത്തില്‍ പോലീസ് സേനയില്‍ 7,000 ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് നേരത്തെ വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിരുന്നു. സമാനമായ പഠനം എക്സൈസ് വകുപ്പിലും അനിവാര്യമാണ്. എക്സൈസിന് കീഴില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ ഡി-അഡിക്ഷൻ സെൻ്ററുകള്‍ വീതം മാത്രമാണുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ലഹരിയില്‍ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മതിയാവുന്നില്ല. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും, കൊല്ലം ജില്ലയില്‍ നെടുങ്ങോലം രാമറാവൂ മെമ്മോറിയല്‍ ആശുപത്രിയിലും, പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും, കോട്ടയം ജില്ലയില്‍ ടൗണ്‍ ഗവണ്‍മെൻ്റ് ആശുപത്രിയിലും, ഇടുക്കി ജില്ലയില്‍ ചെറുതോണി ജില്ലാ ആശുപത്രിയിലുമാണ് ഡി-അഡിക്ഷൻ സെൻ്ററുകള്‍ പ്രവർത്തിക്കുന്നത്.
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക് ആശുപത്രിയിലും, തൃശൂർ ജില്ലയില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലും, പാലക്കാട് ജില്ലയില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും, മലപ്പുറം ജില്ലയില്‍ നിലമ്പൂർ ഗവണ്‍മെൻ്റ് ആശുപത്രിയിലും, കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ഗവണ്‍മെൻ്റ് ബീച്ച് ആശുപത്രിയിലും, വയനാട് ജില്ലയില്‍ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയിലും, കണ്ണൂർ ജില്ലയില്‍ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും, കാസർഗോഡ് ജില്ലയില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലും ഡി-അഡിക്ഷൻ സെൻ്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എക്സൈസ് വകുപ്പിന്റെ 9447178000 എന്ന നമ്പറിലും cru.excise@kerala.gov.in എന്ന ഇ-മെയിലും അറിയിക്കാവുന്നതാണ്.