കൊച്ചി –നെടുമ്പാശ്ശേരി മനുഷ്യ അവയവക്കടത്ത് കേസിൽ മുഖ്യ കണ്ണിയായ കൊച്ചി സ്വദേശി മധുവിനെയും കൂട്ടാളിയായ ഹൈദരാബാദ് സ്വദേശിയേയും പിടികൂടാൻ ഊർജിത നീക്കങ്ങളുമായി പൊലീസ്. ഇറാനിലുള്ള മധുവിനെ പാസ്‌പോർട്ട് റദ്ദാക്കിയോ, ബ്ലൂ കോർണർ നോട്ടീസിറക്കിയോ നാട്ടിലെത്തിച്ച് പിടികൂടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അതേ സമയം റിമാൻഡിലുള്ള പ്രതി സജിത്ത് ശ്യാമിനെ ഉടൻ കസ്‌റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അവയവക്കടത്ത് കേസില്‍ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറും പിന്നീട് പിടിയിലായ സജിത്ത് ശ്യാമും കേസിലെ മുഖ്യകണ്ണിയായ കൊച്ചി സ്വദേശി മധുവിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. മധുവിന്‍റെ നിര്‍ദേശപ്രകാരമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘം അവയവദാതാക്കളെ ഇറാനിലെത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് സംഘത്തിലെ പ്രധാനിയെന്നും തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയത്.
ഇറാനിലുള്ള മധുവിനെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്റ്റുചെയ്യാനാണ് ശ്രമം. പാസ്‌പോര്‍ട്ട് റദ്ദാക്കിയോ, ബ്ലൂ കോർണർ നോട്ടീസിറക്കിയോ ഇയാളെ പിടികൂടാനാണ് നിലവിലെ നീക്കം. പാസ്‌പോർട്ട് റദ്ദാക്കണമെങ്കില്‍ കോടതിയുടെ വാറന്‍റ് വേണം. സാധാരണഗതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാകും കോടതി വാറന്‍റ് അനുവദിക്കുകയെങ്കിലും ചുരുക്കം സന്ദർഭങ്ങളിൽ കുറ്റപത്രം നൽകുന്നതിന് മുമ്പും പുറപ്പെടുവിക്കാറുണ്ട്.
ഇന്റർപോളിന്‍റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് ഇറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും അന്വേഷണ സംഘത്തിന്‍റെ പരിഗണനയിലുണ്ട്. ഇതിനായുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. അതേ സമയം ഹൈദരാബാദ് സ്വദേശിക്കായുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഹൈദരാബാദ് പൊലീസിന്റെ സഹകരണത്തോടെ ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. റിമാൻഡിലുള്ള സജിത്ത് ശ്യാമിനെ ചൊവ്വാഴ്‌ച കസ്‌റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.