Thursday, December 26, 2024
HomeKeralaഅധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ.

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ.

കണ്ണൂർ:ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂർ മട്ടന്നൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) സവാദിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രഫ.ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ‌ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിനു സവാദിനെ അവസാനമായി കണ്ടതു കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.

ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments