നടനും മക്കൾ നീതി മയ്യം തലവനുമായ കമൽ ഹാസൻ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എം എൻ എം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നൽകിയത്.
അതേസമയം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായേക്കും. പാർലമെന്റ് കവാടത്തിന് മുന്നിലും പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്തും.
കഴിഞ്ഞ നാലു ദിവസവും പാർലമെന്റ് നടപടികൾ പൂർത്തിയാക്കാതെ പിരിയുകയായിരുന്നു. 52 ലക്ഷം വോട്ടർമാർ ബീഹാറിൽ വോട്ടർപട്ടികയിൽ നിന്നും പുറത്തായി എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.