ഓട്ടം ഓടിത്തികയ്ക്കാം? (2 തിമോ. 4:1-8)
” ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു. അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്കു തരും”
(വാ. 7, 8).
ഓട്ടക്കളത്തിൽ ഓടുന്ന സ്പോർട്ട് സ് താരങ്ങൾ യാദൃശ്ചികമായി അവിടെ
എത്തിപ്പെട്ടവരല്ല. ദീർഘനാളുകൾ നീണ്ടു നിന്ന നിരന്തരവും തീവ്രവുമായ പരിശീലനത്തിന്റെയും, പ്രയത്നത്തിന്റെയും ഫലമായി അവിടെ എത്തിയവരാണവർ. അതിനായി അവർ കൊടുത്ത വിലയുടെയും,
അനുഭവിച്ച ത്യാഗങ്ങളുടെയും ഒരു നീണ്ട പട്ടിക അവരുടെ പിന്നിലുണ്ടാകും. അവരുടെ ആത്യന്തിക ലക്ഷ്യം ഓട്ടത്തിലുള്ള വിജയമാണ്. പരാജയപ്പെടാനുള്ള താല്പര്യത്തോടെഓട്ടക്കളത്തിലിറങ്ങുന്ന ഒരു ഓട്ടക്കാരനും കാണില്ല. വിജയം നേടണമെങ്കിൽ, ഒരു ഓട്ടക്കാരൻ ഓട്ടക്കളത്തിലെ എല്ലാ നിയമങ്ങളും
കർക്കശമായി പാലിക്കേണ്ടതുണ്ട്. എത്ര കഴിവും കാര്യക്ഷമതയുമുള്ള ഓട്ടക്കാരനാണെങ്കിലും, നിയമം തെറ്റിച്ചാണു ഓടിയതെങ്കിൽ, ഒന്നാമത് ഓടിയെത്തിയാലും വിജയം കര സ്ഥമാക്കാനാവില്ല.
ആത്മീയ ഓട്ടക്കളത്തിൽ ഓടുന്നവർക്കും, ഇതേ കാര്യങ്ങൾ ബാധകമാണ്.
നിയമങ്ങൾ അനുസരിച്ചു ഓടുന്നവർക്കു മാത്രമേ, ഓട്ടം വിജയകരമായി പൂർത്തിയാക്കാനാകൂ. ഓട്ടത്തെ ഗൗരവമായി കാണാത്തവരും, നിയമങ്ങൾ പാലിക്കുന്നതിൽ വിമുഖരുമായവർ, ഈ ഓട്ടക്കളത്തിൽ കാലിടറി വീണിട്ടുള്ളത്, ചരിത്രത്തിന്റെ ഏടുകളിൽ കേറിയിട്ടിട്ടുണ്ട്. ക്രിസ്തയ ഓട്ടക്കളത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച് മറ്റു വിശ്വാസികളുടെ മതിപ്പും കൈയ്യടിയും ഒരു ഘട്ടത്തിൽ പിടിച്ചു പറ്റിയ ചിലരെങ്കിലും, ഓട്ടം പൂർത്തിയാക്കാതെ, മൺമറഞ്ഞു പോയതും ചരിത്രത്തിന്റെ ഭാഗമാണ്.
പ്രകടനങ്ങളിലും പ്രദർശനങ്ങളിലും തെല്ലും തല്പര്യമില്ലാത്തവരും, ബലഹീനർ എന്നു ലോകം വിധിയെഴുതിയവരുമായ അനേകർ, ദൈവഹിതത്തിനുയോജ്യമായ രീതിയിൽ ഓട്ടം പൂർത്തിയാക്കി, നിത്യത പൂകിയ കാര്യവും നമുക്കറിയാം? സ്വന്തം മെയ് വഴക്കം പ്രദർശിപ്പിക്കുന്ന അഭ്യാസികളല്ല, പരിശുദ്ധാത്മ നിയന്ത്രണത്തിൽ ആത്മീക ആഭ്യസനം നടത്തി ഓട്ടം വിജയകരമായി പൂർത്തീകരിക്കുന്നവർ മാത്രമേ വിജയികളാകയുള്ളൂ. അല്ലാത്തവർക്കു തങ്ങൾ ഓടിയതും അദ്ധ്വാനിച്ചതുമെല്ലാം വെറുതെ ആയിപ്പോയല്ലോ എന്ന നിരാശാബോധത്തോടെ ഓട്ടക്കളം വിട്ടു പോകേണ്ടി വരും? തികഞ്ഞ ജീവിത ശിക്ഷണത്തോടെ നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടിത്തീർക്കുവാൻ നമുക്കു യക്നിക്കം. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: കായീക ഓട്ടക്കളത്തിൽ വിജയിക്കുവാൻ ജീവിത ശിക്ഷണം അനിവാര്യമാണ്. ആത്മീയ ഓട്ടക്കളത്തിലും സ്ഥിതി വിഭിന്നമല്ല!