മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി.
കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് മാലിദ്വീപ് സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ എയർ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴുത്തിൻ്റെ പിറകിൽ മത്സ്യത്തിന്റെ പല്ല് സുഷുമ്നാ നാഡിയിൽ തറച്ചതിനാൽ യുവാവിന്റെ ഇടതുകയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ കഴുത്തിലെ സുഷുമ്നാ നാഡിയിൽ മത്സ്യത്തിൻ്റെ പല്ലിൻ്റെ പത്തിലധികം ഭാഗങ്ങൾ തറച്ചതായും കണ്ടെത്തി.
ഗുരുതരമായ അവസ്ഥയിൽ തുടർന്ന യുവാവിനെ ഉടൻ അമൃത ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും, ഡോ. ഡാൽവിൻ തോമസിൻ്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സുഷ്മന നാഡിയിൽ തറച്ച മത്സ്യത്തിൻ്റെ പല്ലുകൾ അടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ പിന്നീട് വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. സുഷുമ്നാ നാഡിയിലും നട്ടെല്ലിനും വേണ്ടിവന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയ ന്യൂറോ സർജറിയിൽ അത്യപൂർവ്വമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
അതി വേഗത്തിലാണ് ബറക്കുഡ മത്സ്യത്തിന്റെ സഞ്ചാരം എന്നത് കൊണ്ട് തന്നെ അവയുടെ അക്രമണവും പെട്ടെന്നാണ് സംഭവിക്കുക. പരിക്കിന്റെ ഗുരുതരാവസ്ഥ കൊണ്ട് തന്നെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയതെന്ന് രോഗിയുടെ സഹോദരൻ വ്യക്തമാക്കി. എന്നാൽ കൃത്യമായ ചികിത്സ ലഭ്യമായതോടെ തന്റെ സഹോദരന്റെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് സംഭവിച്ചത് എന്നും അമൃത ആശുപത്രിയിലെ വിദഗ്ധ ചികിത്സ കൊണ്ടൊന്നു മാത്രമാണ് സഹോദരൻ അപകട നില തരണം ചെയ്തതെന്നും ഇവിടുത്തെ ഡോക്ടർമാരോട് കടപ്പെട്ടിരിക്കുന്നു എന്നും രോഗിയുടെ സഹോദരൻ പറഞ്ഞു.
ടൈഗർ ഫിഷ് ഗണത്തിൽപ്പെടുന്ന ഈ മത്സ്യത്തിന്റെ ആക്രമണം മാലിദ്വീപ് നിവസികൾ മുമ്പും നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞില്ല എന്നതിനാൽ തന്നെ പലരും മരിച്ചതായിട്ടാണ് റിപ്പോർട്ട്.