Thursday, November 14, 2024
Homeകേരളംവയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം: രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം: രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട്: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും.

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.

മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്.  ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.

ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു.  വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തികൊണ്ടാണ് യുഡിഎഫും എൻഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിക്കുന്ന കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സമാപന സമ്മേളനത്തിലും പങ്കാളിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments