ടെൽ അവീവ്: ഇസ്രായേലിൻ്റെ വാണിജ്യ കേന്ദ്രമായ ടെൽ അവീവ് ലക്ഷ്യമിട്ട് ഹമാസിൻ്റെ റോക്കറ്റ് ആക്രമണം. ഇസ്രായേൽ സാധാരണക്കാർക്കുനേരെ നടത്തുന്ന ആക്രമണത്തിൻ്റെ പ്രതിരോധമെന്ന നിലയിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം റോക്കറ്റുകൾ നിർവീര്യമാക്കിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. റോക്കറ്റുകൾ നഗരം ലക്ഷ്യമിട്ട് എത്തിയതോടെ മാസങ്ങൾക്കുശേഷം ടെൽ അവീവിൽ സൈറൺ മുഴങ്ങി.ഒൻപതോളം റോക്കറ്റുകളാണ് ടെൽ അവീവ് ലക്ഷ്യമിട്ട് എത്തിയതെന്ന് ഇസ്രായേൽ സേന അറിയിച്ചു.
ഗാസയിലെ റഫായിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്നാണ് ഇസ്രായേലിൻ്റെ അനുമാനം. ഇവ നിർവീര്യമാക്കിയെന്നും സേന അറിയിച്ചു. റഫയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റുകൾ കണ്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയുടെ കറസ്പോണ്ടൻ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രാേയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ – ഹമാസ് യുദ്ധം തുടങ്ങിയത്.
ഹമാസിൻ്റെ ആക്രമണത്തിൽ സാധാരണക്കാരടക്കം 1170 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേലി വൃത്തങ്ങളുടെ കണക്ക്. 252 പേർ ഹമാസ് ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോയെന്നും ഇതിൽ 121 പേർ ഇപ്പോഴും ഗാസയിൽ തുടരുകയാണെന്നുമാണ് ഇസ്രായേൽഇസ്രായേൽ സേന പറയുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രണത്തിൽ 35,984 പേർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഹമാസ് നേതൃത്വം നൽകുന്ന ഗാസ ഭരണകൂടം വ്യക്തമാക്കുന്നു.