ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി. ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് അപകടം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആർടിസി ബസ്സും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോൾ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിമുട്ടിയത്.
കരിമുളയ്ക്കൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസ്സിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി.
ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ മാറ്റിയിടീച്ചു. കെ പി റോഡിൽ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.