Saturday, December 7, 2024
HomeUncategorizedകാടും, പുഴയും, മലയും താണ്ടി ചെന്നാല്‍ കാണാം വര്‍ഷത്തിലൊരിക്കൽ പൂജയുള്ള ക്ഷേത്രം

കാടും, പുഴയും, മലയും താണ്ടി ചെന്നാല്‍ കാണാം വര്‍ഷത്തിലൊരിക്കൽ പൂജയുള്ള ക്ഷേത്രം

പത്തനംതിട്ട —അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം .

മനുഷ്യ സംസ്‍കാരത്തിന്‍റെ കളിതൊട്ടിലായിരുന്നു മഹത്തായ അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . നദിയുടെ ഇരു കരകളിലും വലിയ വിഭാഗം ജനം പാര്‍ത്തിരുന്നു . നെല്ലും മുതിരയും വിളയിച്ച ആദിമ ജനതയുടെ അടയാളങ്ങള്‍ ഇന്നും ഈ വനത്തില്‍ കാണാം .

ജനം തിങ്ങി അധിവസിച്ചിരുന്ന ഭൂപ്രദേശം പിന്നെ എങ്ങനെ കാടായി മാറി എന്ന് കണ്ടെത്തുവാന്‍ പഠനങ്ങള്‍ ആവശ്യം ആണ് .അങ്ങനെ പഠനം നടത്തുവാന്‍ വനം വകുപ്പ് അനുമതി നല്‍കുന്നുമില്ല . ഈ പ്രദേശത്ത് നിന്നും ജനതയെ കുടിഇറക്കി അവിടെ വനം വെച്ചു പിടിപ്പിച്ചു . അങ്ങനെ വനം വികസിപ്പിച്ചു .

ചരിത്രം കഥ പറയുന്നു

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് കോട്ടാംപാറയിലെ ഉൾവനത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൊക്കാത്തോട്‌ അന്നപൂര്‍ണ്ണേശ്വരി എന്ന പുരാതനക്ഷേത്രം.അരുവാപ്പുലം പഞ്ചായത്തിലെ നാലാം വാര്‍ഡായ കോട്ടാംപാറയില്‍ ആണ് പുണ്യ പുരാതനമായ ഈ ക്ഷേത്രം ഉള്ളത് . അപ്പൂപ്പന്‍ തോട് , കറ്റിക്കുഴി , നീരാമക്കുളം , നെല്ലിക്കാപ്പാറ തുടങ്ങിയ പ്രദേശം ഉള്‍ക്കൊള്ളുന്ന കൊക്കാത്തോട്‌ ഗ്രാമത്തിന്‍റെ ഐശ്വര്യ ദേവത കുടികൊള്ളുന്ന ക്ഷേത്രം .

നൂറ്റാണ്ടു മുന്‍പ് വലിയ ജന വിഭാഗം ഇവിടെ അധിവസിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ ഈ മണ്ണില്‍ കാണാം .പുരാതനകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിന്‍റെ തെളിവുകളാണ് വനമേഖലയിൽ അവശേഷിക്കുന്ന ക്ഷേത്രവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്നീ പ്രദേശം വനത്താല്‍ ചുറ്റപ്പെട്ടു . ക്ഷേത്രം തകര്‍ന്നടിഞ്ഞു . പ്രാചീന സംസ്‌കൃതിയുടെ അടയാളങ്ങള്‍ ഇന്നും കണ്ടെത്താം . ക്ഷേത്രവശിഷ്ടങ്ങൾ പലയിടങ്ങളിലായി കാണാം .ശ്രീകോവിലിന്‍റെ തറയും, വിഗ്രഹങ്ങളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു .കല്ലേലി , നടുവത്തുമൂഴി, കൊക്കാത്തോട് , കോട്ടാംപാറ, കുറിച്ചി, നരകനരുവി,രണ്ടാംമൂഴി, ഉക്കന്‍തോട്, വണ്ടിത്തോട്, ആശാരിപ്പാറ, വണ്ടിത്തടം, ഏഴാംതല ,അടിക്കിറ, ചുളപ്ളാവ്, പുളിഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ ചരിത്രപരമായി ബന്ധം ഉള്ളത് ആണ് .

ക്ഷേത്രത്തിന്‍റെ തകർന്നടിഞ്ഞ ഏതാനും കൽകെട്ടുകൾ മാത്രമാണിന്ന് ഇവിടെ അവശേഷിക്കുന്നത്.നിബിഡമായ വനത്തിനുള്ളിലുള്ള പുൽമേടിലാണ് ക്ഷേത്രം. ആനയടക്കം ഉള്ള വന്യ മൃഗങ്ങള്‍ ക്ഷേത്രത്തില്‍ കടക്കാതെ ഇരിക്കാന്‍ പണ്ട് കാലത്ത് തന്നെ കിടങ്ങുകള്‍ നിര്‍മ്മിച്ചിരുന്നു .കിടങ്ങ് ഇപ്പോള്‍ മുക്കാലും മൂടപ്പെട്ടു .

മഴക്കാടുകളുടെ മൗനവും സൂര്യപ്രകാശം പോലുമേല്‍ക്കാത്ത അടിക്കാടുകളും ആണ് പ്രത്യേകത . ഇതാണ് പശ്ചിമഘട്ടത്തിന്‍റെ പ്രത്യേകത . അടിക്കാടുകള്‍ ഉള്ള വനം . നൂറായിരം സസ്യങ്ങള്‍ , കൂണുകള്‍ , സൂക്ഷ്മ ജീവികള്‍ അധിവസിക്കുന്നു . ഇവിടെയാണ്‌ കാനന ദേവാലയങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നത് .

കിഴക്കൻ മലയോരത്തിന്‍റെ കാനനഭംഗിയും ഇവിടെയാണ്‌ . മഞ്ഞു പെയ്യുന്നതും മേഘം കറുത്ത് മഴയായി പെയ്യുന്നതും ഇവിടെ നിന്നാല്‍ കാണാം . കൊക്കാത്തോട്ടിൽ നിന്നും 7 കിലോമീറ്റർ വനം വകുപ്പിന്‍റെ റോഡിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഈ കല്പടവുകളില്‍ പൂജയുണ്ട് . കൊക്കാത്തോട്‌ ഗ്രാമം ഒത്തൊരുമിച്ചു എത്തി ആദിത്യ ഭഗവാന് പൊങ്കാല സമര്‍പ്പിച്ചു മടങ്ങും .അടുത്ത ഒരു വര്‍ഷത്തെ കാത്തിരിപ്പ്‌ .


കോന്നിയില്‍ നിന്നും യാത്ര തുടങ്ങാം . യാത്രാ മദ്ധ്യേ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയില്‍ ഉണര്‍ത്തുന്ന 999 മലകളുടെ നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന കല്ലേലി കാവ് കാണാം . ഇവിടെ തൊഴുതു നമസ്കരിച്ച ശേഷമേ കാടിനുള്ളിലേക്ക് ആരും യാത്ര ചെയ്യൂ .കാടിന്‍റെയും മലകളുടെയും അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ ,യാത്ര തുടരുമ്പോള്‍ കല്ലേലി പാലം കാണാം .അത് വഴി കയറി മുന്നോട്ട്ചെല്ലുമ്പോൾ  വലിയ പാറ കാണാം ,ഇത് പ്രതികാരത്തിന്‍റെ കഥപറയുന്ന കാട്ടാത്തിപ്പാറ, മലമ്പണ്ടാര വിഭാഗത്തിലെ ആദിവാസികൾ താമസിക്കുന്ന കാട്ടാത്തി ഊരും കാണാം , കോട്ടാംപാറ ആദിവാസി കോളനികളും യാത്രയിൽ കാണാം. കിഴക്കൻ മലയോരത്തിന്‍റെ കാനനഭംഗി ഇവിടെ ദര്‍ശിക്കാം .

ഈറ്റക്കാടുകളും, പുൽമേടുകളും, വിശാലമായ പാറകളും കടന്നു വേണം ഇവിടെയെത്താൻ .മഴ സമയത്തു കോടമഞ്ഞും, കുളിർകാറ്റും വീശുന്ന ഇവിടെ നിന്നാൽ മേടുകളുടെ മനോഹരദൃശ്യം കാണാൻ കഴിയും.വർഷത്തിലൊരിക്കൽ പൂജയുള്ള കുറിച്ചി അന്ന പൂർണേശ്വരി ക്ഷേത്രം . 2024 ഫെബ്രുവരി 25 ന് ഈ വര്‍ഷത്തെ പൂജയും പൊങ്കാലയും നടക്കും . പിന്നെ കാട് കൂടുതല്‍ സുന്ദര ഭാവം കൈവരിക്കും .

തമിഴ് നാട്ടില്‍ നിന്നും വരുന്ന മറവപ്പട ( പറപ്പാറ്റയുടെ ) ആക്രമണത്തിലാണ് ഇവിടെയുള്ള ജന സമൂഹം ഇവിടം വിട്ടു പോയതെന്നൊരു കഥ നിലനില്‍ക്കുന്നു . അവരാണ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു നവരത്നങ്ങൾ ഉള്ള വിഗ്രഹം അടക്കം അപൂര്‍വ്വ സ്വര്‍ണ്ണ ശേഖരം കടത്തി എന്നും ക്ഷേത്രം തച്ചു തകര്‍ത്തുവെന്നും പറയുന്നു . കാല്‍ കിലോമീറ്റര്‍ താഴേക്ക് ചെന്നാല്‍ വലിയ കുളം ദൃശ്യം . പുരാതന കാലത്തെ ജനം ഇതില്‍ നിന്നുമാണ് ജലം എടുത്തത്‌ . ഈ ജലാശയത്തില്‍ അങ്ങ് താഴെ പഴയ വിഗ്രഹം ഉണ്ടെന്നും അനേക ശിലകള്‍ അതില്‍ ഉറങ്ങുന്നുവെന്നും പഴം നാവുകള്‍ പറഞ്ഞു .

പ്രകൃതി ഒരുക്കിയ ഈ നീര്‍ത്തടത്തില്‍ ഇന്നും ആളറിയാക്കയം ആണ് .ആനയും പുലിയും കടുവയും എല്ലാം ഇതില്‍ നിന്നുമാണ് ദാഹം അകറ്റുന്നത് . ഈ ആഴത്തില്‍ ദ്രാവിഡ ജനതയുടെ ആത്മീയത കുടികൊള്ളുന്നു .

RELATED ARTICLES

Most Popular

Recent Comments