Saturday, December 21, 2024
Homeയാത്രഅറേബ്യൻ കാഴ്ചകൾ ' ജബൽ ഹഫീത്ത് ' ✍നൈനാൻ വാകത്താനം

അറേബ്യൻ കാഴ്ചകൾ ‘ ജബൽ ഹഫീത്ത് ‘ ✍നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

ഐക്യ അറബ് എമിറേറ്റിലെ അൽ-ഐനിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു പർ‍‌വ്വതമാണ്‌ ജബൽ ഹഫീത്. ഒമാന്റെ അതിർത്തിയോട് ചേർന്നാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

യു .എ .ഇ . യുടെ തലസ്ഥാനമായ അബുദാബിയിലെ ഏറ്റവും സുന്ദരമായ അൽ ഐൻ നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ തെക്ക് – കിഴക്ക് മാറി സഞ്ചരിച്ചാൽ എത്തുന്ന മലനിരകളാൽ സമ്പന്നമായ പ്രദേശമാണ് ഇവിടം.

മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളാണ് ജബൽ ഹഫീത്ത്. യു .എ .ഇ . യിലെ ഉയരം കൂടിയ പർവതങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ഈ മലനിരകൾക്ക് ചുറ്റിലുമായി നിരവധി ഗുഹകളും പാറക്കൂട്ടങ്ങളും കൊട്ടാരങ്ങളും നമ്മുക്ക് കാണുവാൻ സാധിക്കും.

അസ്തമയ കാഴ്ചകൾ കാണാനുള്ള വിശാലമായ ഇടമാണ് മലമുകളിൽ ഉള്ളത് വിശ്രമിക്കാനും ഇരിക്കാനും കഥകൾ പറയാനുമെല്ലാം ഉള്ള സൗകര്യങ്ങളുണ്ട്. കുടുംബങ്ങൾക്ക് ഒത്തുകൂടാൻ പറ്റിയ ഇടം. കഫ്ത്തേരിയയും ഉള്ളതു കൊണ്ട് അകത്തും പുറത്തും ഇരുന്ന് ദാഹവും വിശപ്പും അകറ്റാം .

വൈകുന്നേരമാവുമ്പോൾ പൊതുവേ നല്ല അന്തരീക്ഷമായിരിക്കും. അസ്തമയം കാണാൻ വേണ്ടിത്തന്നെയാണ് ഇവിടേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ഉയരങ്ങളിൽ നിന്നും ആകാശത്തെ നോക്കുമ്പോൾ അതിന് വേറിട്ട ഭംഗിയാണ്.

രാത്രിയിൽ മലയുടെ മുകളിൽ നിന്നും ദൂരേക്ക് നോക്കുമ്പോൾ ഉള്ള നഗരക്കാഴ്ച ആകാശത്തിലെ നക്ഷത്രകൂട്ടങ്ങൾ എല്ലാം ഒരുമിച്ച് ഭൂമിയിലേക്ക് പതിച്ചതു പോലെയാണ് നമ്മുക്ക് അനുഭവപ്പെടുന്നത്. ആകാശത്തെ പൂർണ്ണചന്ദ്രൻ കയ്യെത്തുന്ന ദൂരത്ത് കാണുന്ന ഒരു പ്രതീതി കാണികളിൽ ഉളവാക്കുന്നു.

1249 മീറ്റർ ഉയരം വരുന്ന ഈ പർ‌വ്വതശിഖരത്തിലുള്ള വിശാലമായ ഒബ്സർവേഷൻ പോയിന്റിൽ നിന്നുള്ള വിദൂരക്കാഴ്ച ജബൽ ഹഫീത്തിനെ യു. എ. യി. ലെ ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി എന്നു തന്നെ നിസ്സംശയം പറയാം. പ്രത്യേകിച്ചും ഇവിടെ നിന്നും രാത്രിയിൽ നോക്കുമ്പോൾ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന അൽ-ഐൻ നഗരത്തിന്റെ ദൃശ്യം നയന മനോഹരമാണ്‌.

ലോകോത്തര പാതയെന്ന വിശേഷണത്തിന് തീർത്തും അനുയോജ്യമായ എല്ലാവിധ സുരക്ഷയോടും കൂടിയാണ് അടിവാരത്തു നിന്ന് മലമുകളിലേക്ക് റോഡ് പണിതിരിക്കുന്നത്. 11.7 കിലോമീറ്റർ ദൂരമുണ്ട് പർവതങ്ങൾക്കിടയിലൂടെയുള്ള ഈ പാതയ്ക്ക്. ആകെ 21 വളവുകളും ഉണ്ട് ഈ പാതയിൽ. മുകളിലേക്കു ഇരുവരി പാതയും താഴേക്ക് ഒറ്റവരി പാതയും ആണ് ഉള്ളത്.

വെള്ളി വെട്ടം വിതറുന്ന ലൈറ്റുകളാൽ മനോഹരവും വ്രത്തിയുമുള്ള ഈ റോഡിന്റെയും ദൂരകാഴ്ച എടുത്തു പറയേണ്ടതാണ്. രാത്രിയിൽ അലൈനിന്റെ ഏതു കോണിൽ നിന്നു നോക്കിയാലും ദീപാലങ്കാരമായ ഈ റോഡിന്റെ വളഞ്ഞുപുളഞ്ഞുള്ള മനോഹര ദ്രശ്യം കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച ആണ്.

റോഡിന്റെ രണ്ട് വശങ്ങളിലും കൈവരികളുണ്ട്. റോഡിന് സാമാന്യം നല്ല വീതിയുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത പാതകളിലൊന്നായ ഈ റോഡിൽ ഇടയ്ക്കുള്ള വ്യൂ പോയിന്റുകളിൽ വാഹനം നിർത്തി അലൈൻ നഗരത്തിന്റെയും പർവ്വതത്തിനു ചുറ്റുമുള്ള പ്രകൃതി ഭംഗികളുടെയും ആസ്വാദനം എടുത്തു പറയണ്ടിയ കാര്യമാണ്.

ഒട്ടേറെ സിനിമകളുടെ ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. വിദേശികളുടെയും സ്വദേശികളുടെയും ആകർഷണമായ പഞ്ച നക്ഷത്ര ഹോട്ടലായ മെർക്യൂർ ഗ്രാൻഡ് ഹോട്ടൽ ഇവിടെയുണ്ട്. ഇതിനു സമീപം വലിയ ഒരു കൊട്ടാരവും സ്ഥിതി ചെയ്യുന്നു.

ഈ പർവ്വതത്തിന്റെ താഴ്‌വര പച്ചപ്പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ ഹരിത മനോഹരമായ പ്രദേശമാണ് . ഗ്രീൻ മുബാസറ എന്നറിയപ്പെടുന്ന ഈ പർവത താഴ്‌വാരം നീരുറവകളും തടാകവുമുള്ള വിനോദ സഞ്ചാര മേഖലയാണ്.
മത്സ്യങ്ങളും പറവകളും കൊക്കുകളും നീർക്കാക്കകളും ധാരാളം ഉണ്ട് .

ഈന്ത പനകളും കാഫ് മരങ്ങളും തണൽ വിരിച്ചു നിൽക്കുന്ന വിശാലമായ ഈ താഴ്‌വരയിൽ കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ ഏറെയുണ്ട് ഇവിടെ. ഗ്രീൻ മുബാസറയിൽ താമസിക്കാനെത്തുന്ന സഞ്ചാരികളും ധാരാളമാണ്.

ഇത് സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിട്ടാണ് നിലകൊള്ളുന്നത്. ഗ്രീൻ മുബാസാറയിൽ നിന്നുള്ള ചുടുനീർ ഉറവകൾ ചെറിയ അരുവികളായി ഒഴുകി അതു പിന്നെ ഒരു തടാകമായി രൂപപ്പെടുന്നു. ഈ തടാകത്തിൽ പല തരത്തിലുള്ള ധാരാളം മത്സ്യങ്ങളെ നമ്മുക്ക് കാണുവാൻ സാധിക്കും.

വിശേഷദിവസങ്ങളിലും വാരാന്ത്യങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും മറ്റ് എമിറേറ്റുകളിൽ നിന്നും മറ്റും ധാരാളം ആളുകൾ എത്തുന്നതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

നൈനാൻ വാകത്താനം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments