മാഞ്ഞു പോയ നിലാവിൽ
എണ്ണ വറ്റാൻ തുടങ്ങിയ
മൺ ചെരാതിലേയ്ക്ക്
നോക്കിയാൽ കാണാം
മായ്ക്കാൻ കഴിയാത്ത
ഓർമ്മച്ചിത്രങ്ങളുടെ
നിഴൽരൂപങ്ങൾ…
മനസ്സിലേയ്ക്ക്
പകർത്തിയെഴുതപ്പെട്ടവ.
ഗന്ധർവയാമം
കഴിഞ്ഞുതുടങ്ങിയെങ്കിലും
പാതിരാകാറ്റിൽ
ഹൃദയങ്ങളൊന്നായ
വേരുകളിലേയ്ക്കു
വൃക്ഷതലപ്പിൽനിന്ന്
ഉതിർന്നു വീണ
പാലപ്പൂക്കളുടെ ഗന്ധം…
അക്ഷരങ്ങളോടു
പരിഭവിച്ച തൂലികതുമ്പിൽ
നിന്നും
പിന്നെയും എഴുതാൻ
തുടങ്ങിയ വരികളിൽ
ഓർമ്മകളുടെ ദൂരം
അളയ്ക്കുമ്പോൾ
ചിലതെല്ലാം പൊടിപിടിച്ചു
കിടന്നിരുന്നു…
ഞാൻ കണ്ട
നിലാചന്തങ്ങളേറേയും
ചില്ലുജാലകങ്ങളിൽ
മഴചിത്രങ്ങളായതും,
വാശിയോടെ വീശിയ
കാറ്റിലും
പ്രണയസുഗന്ധം
പരത്തി ഇന്നലെകളിൽ
കൊഴിഞ്ഞു വീണ
ഇലഞ്ഞി പൂക്കളിലും,
സന്ധ്യമയങ്ങും വഴികളിൽ
ഓർമ്മച്ചിരാതിലെ
തിരിനാളമായ്
ഞാൻ കണ്ട സ്വപ്നങ്ങളിലും
നിൻ നിഴലുകൾ മാത്രം..