Tuesday, September 17, 2024
Homeകഥ/കവിതകൊമ്പൻ (കഥ) ✍അനിത മുകുന്ദൻ

കൊമ്പൻ (കഥ) ✍അനിത മുകുന്ദൻ

അനിത മുകുന്ദൻ

ചക്രവാളത്തിൽ ഇരുൾ പടർന്നപ്പോൾ മുതൽ കൊമ്പൻ അസ്വസ്ഥനായിരുന്നു.

ഏലക്കാടുകളിൽ നിന്നും കാറ്റിലൂടൊഴുകി വരുന്ന സുഗന്ധം എന്തുകൊണ്ടോ ഇന്നവന് ആസ്വദിക്കാൻ കഴിഞ്ഞില്ല.

വവ്വാലുകളുടെ ചിറകടിയൊച്ചപോലും അവനെ ഭയപ്പെടുത്തി.
വീതിയേറിയ തന്റെ ചെവികൾ കേൾവിയെ മറയ്ക്കുന്നത് പോലെ അവൻ മടക്കിപ്പിടിച്ചു.

നീണ്ട തുമ്പിക്കൈയിൽ വന്നിരുന്ന മാടത്തക്കിളിയെ പതിവുപോലെ അവൻ കണ്ണുരുട്ടി പേടിപ്പിച്ചില്ല.

അനുകമ്പയോട് മാത്രമേ അതിനെ നോക്കിയുള്ളൂ.

അടുത്തേക്ക് വന്ന മറ്റു കാട്ടനകളോടും കുറുമ്പൻമാരായ കുട്ടിയാനകളോടും അവൻ പറഞ്ഞു.
“എത്രയും വേഗം നിങ്ങൾ കാടിറങ്ങണം. ഒരുമിച്ചു സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. കൂട്ടം തെറ്റാൻ പാടില്ല. ആരെങ്കിലും ആപത്തിൽ പെട്ടാൽ ഒരുമിച്ചു നിന്നു രക്ഷനൽകണം.

കൊമ്പന്റെ അഭിപ്രായത്തെ എപ്പോഴും അവരെല്ലാം അംഗീകരിക്കാറുണ്ട്. മറുചോദ്യത്തിന് മുതിരാതെ അനുസരണയോടെ അവർ തലയാട്ടി.

കൊമ്പന്റെ പ്രിയതമയായ പിടിയാന സംശയത്തോടെ അവനെ നോക്കി.
അവളുടെ സംശയത്തിനുള്ള മറുപടി പോലെ കൊമ്പൻ പറഞ്ഞു.

ഭൂമിയുടെ ശബ്ദ തരംഗങ്ങളിൽ എന്തോ ഒരു മാറ്റം. അത് ആപത്താണോ മറ്റെന്തെങ്കിലും വിചിത്രമായ അനുഭവമാണോ എന്നറിയില്ല. എന്തു തന്നെയായാലും ഈ സ്ഥലത്തു നിന്നു കുറച്ചു മാറിനിൽക്കണം.

മറ്റു മൃഗങ്ങളോടും പക്ഷികളോടും നിങ്ങൾ പറയണം.
എത്രയും പെട്ടന്ന് തന്നെ എല്ലാവരേയും വിവരം അറിയിക്കുക.

ഞാനിപ്പോൾ തന്നെ പറയാം. മാടത്തക്കിളി ചിറകടിച്ചു പറന്നു. ആനകൾ കൂട്ടത്തോടെ ഒരു ഭാഗത്തേക്ക്‌ നീങ്ങി. കൊമ്പൻ മാത്രം കാടിറക്കത്തിലെ ജനവാസ ഗ്രാമങ്ങളിലേക്ക് വിഷാദത്തോടെ നോക്കി നിന്നു.

അവിടെ എല്ലാവീടുകളിലും വൈദ്യുതി ബൾബിന്റെ വെളിച്ചം പ്രസരിക്കുന്നുണ്ട്.

കുട്ടികളുടെ ഒച്ച കേൾക്കാം. ആരും ഉറങ്ങിയിട്ടില്ല. സന്ധ്യ കഴിഞ്ഞിട്ടല്ലേ ഉള്ളൂ..

തന്റെ തുമ്പിക്കൈയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പിടിയാന അവനെ വിളിച്ചപ്പോൾ കൊമ്പൻ തിരിഞ്ഞു നോക്കി. കൂടെ ചെല്ലാൻ വിളിയ്ക്കുകയാണവൾ.

അവൻ വരുന്നില്ലയെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.പിടിയാന വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു. കൊമ്പൻ ദേഷ്യത്തോടെ അവളെ നോക്കി.

പൊയ്ക്കൊള്ളാൻ പറഞ്ഞില്ലേ..
ഉം പോ..എത്രയും വേഗം…
അവൾ മടിയോടെ കൂട്ടുകാരുടെ പിറകെ പോയി.

തോരാതെ പെയ്യുന്ന മഴയും നനഞ്ഞു കൊമ്പൻ ഗ്രാമങ്ങളിലേക്കിറങ്ങി.
നിത്യവും കാണാറുള്ള മനുഷ്യരെല്ലാം ഉറക്കമായിട്ടുണ്ടാവുമോ. വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അവരെ അറിയിക്കണം
ആളുകളെല്ലാം ഇവിടെനിന്നും മറ്റെവിടേയ്ക്കെങ്കിലും മാറിയിരുന്നെങ്കിൽ. വളർത്തുമൃഗങ്ങളെ കെട്ടഴിച്ചു വിടാൻ തനിക്കു പറ്റുന്നില്ലല്ലോ.
പുഴയിലേക്കിറങ്ങാൻ തുടങ്ങിയ കൊമ്പന് പേടി തോന്നി. പുഴയിലെ ഒഴുക്ക് ശക്തമാണ്. ഇറങ്ങിയാൽ തനിക്കു രക്ഷപ്പെടാൻ കഴിയില്ല. സമീപത്തെ മണ്ണ് നല്ല പശിമയുള്ളതായിരിക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉഴറി.

ആനയിറങ്ങിയെന്ന് കരുതിയിയെങ്കിലും എല്ലാവരും ജാഗ്രതയോടെ ഇരിക്കട്ടെ. അങ്ങനെ കരുതി അവൻ ഉറക്കെ ചിന്നം വിളിച്ചു. ആരൊക്കയോ മേൽപ്പാലത്തിനു മുകളിലൂടെ തന്നെ നോക്കുകയും ഓടിച്ചു വിടാനായി ഒച്ചവെയ്ക്കുകയും ചെയ്യുന്നു

ഈ മനുഷ്യർക്ക്‌ എന്താണ് സൂചനകളൊന്നും മനസിലാകാത്തത്.
മഴ വീണ്ടും തകർത്തു പെയ്യുകയാണല്ലോ.

പിറകിൽ ഒരനക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി.
അവന്റെ പ്രിയതമ പിടിയാന.
അവൾ വീണ്ടും അവന്റെയടുത്തേയ്ക്ക് വന്നു.
ഇത്തവണ ദേഷ്യപ്പെടാതെ കൊമ്പൻ പിടിയാനയോടൊപ്പം ഗ്രാമാതിർത്തിയിലെ കാട്ടിലേക്കു നടന്നു. വല്ലാത്ത ദുഃഖഭാരത്താൽ അവന്റെ ശിരസ്സു കുനിഞ്ഞിരുന്നു.
പിടിയാന അവനെ തൊട്ടും തലോടിയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഇത്രയും വിഷമിക്കുന്നതെന്തിനാണ്… അവൾ ചോദിച്ചു.

പണ്ട് ഇതുപോലെ തോരാതെ പെയ്യുന്ന മഴയിലാണ് ഇവിടെ മലയിടിഞ്ഞത്. അന്ന് എനിക്കെന്റെ കൂട്ടുകാരനെ നഷ്ടമായി. ഒരുപാട് ആളുകൾ മരണപ്പെട്ടു. വീടുകൾ നഷ്ടമായി.

അന്നിവിടെ ഇത്രയും വീടുകളോ ആളുകളോ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരാപത്തു വന്നാൽ…… കൊമ്പൻ പറഞ്ഞു വന്നത് പകുതിക്കു നിർത്തി.
ഈ മഴ കാണുമ്പോൾ ഭൂമിയിലെ ഓരോ മാറ്റങ്ങൾ കാണുമ്പോൾ എന്റെ ഭീതി വർധിയ്ക്കുന്നു.

അപ്പോൾ നീ പറയുന്നത് വീണ്ടും അപകടം ഉണ്ടാകുമെന്നാണോ.?

അതേ .
അതുകൊണ്ടാണ് നിങ്ങളോടെല്ലാം വളരെമുൻപേ തന്നെ കാടിറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കൊള്ളാൻ പറഞ്ഞത്.

പക്ഷേ നീയെന്താ.. ഞങ്ങളോടൊപ്പം വരാതിരുന്നത്. നിന്നെക്കൂടാതെ ഞാൻ മാത്രം എങ്ങനെയാ രക്ഷപ്പെടുന്നത്.

നോക്കൂ… പെണ്ണേ
ഈ ഗ്രാമങ്ങൾ നമ്മളെ എത്രമാത്രം സ്വാധിനിച്ചിട്ടുണ്ട്. ഇവിടുത്തെ കുട്ടികൾ, പ്രായമായവർ ഈ പ്രകൃതി ഭംഗി, അവരുടെ ആഘോഷങ്ങൾ എല്ലാമെല്ലാം ഇങ്ങു ദൂരെ നിന്നുകൊണ്ട് നമ്മൾ കാണാറുള്ളതല്ലേ.

ഇന്നു മലയിൽ ഉരുൾ പൊട്ടിയാൽ ആരൊക്കെ എന്തൊക്കെ ബാക്കിയുണ്ടാവുമെന്ന് പറയാനാവില്ല. ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ നമ്മൾ ഈശ്വരന്റെ പ്രതീകമെന്നു പറയുന്നതിൽ വല്ല്യ
അർത്ഥമുണ്ടാവും.

അവർ രക്ഷതേടി ഇവിടേയ്ക്ക് വരും.
മലവെള്ളത്തെ തടുക്കാൻ നമ്മെക്കൊണ്ടാവില്ല.
ക്രൂര ജന്തുക്കളിൽ നിന്നെങ്കിലും അവരെ രക്ഷിക്കണം.

അങ്ങനെയാണങ്കിൽ നിന്നോടൊപ്പം ഞാനും കൂടാം. പിടി പറഞ്ഞു.

ഈശ്വരന് പോലും ഈ ദുരന്തത്തെ തടയാൻ കഴിയാത്തതെന്താണ്… അവൾ ചോദിച്ചു.

ഭൂമിക്ക് അതിന്റേതായ തകർച്ചകളും, പുനരുദ്ധാരണവും, നില നിർത്തലുമൊക്കെയുണ്ട്.
അത് സ്വയം സംരക്ഷിക്കുകയും, ചെറുത്തു നിൽക്കുകയും ചെയ്യും
നമ്മൾ ജന്തുജാലങ്ങളും, മനുഷ്യരും പലവിധത്തിൽ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ താങ്ങാനാകാതെ വരുമ്പോൾ അത് സ്വയം ചെറുത്തു നിൽപ്പിനു തയ്യാറാവും. അതാർക്കും തടയാനും കഴിയില്ല.

ഭൂമിയിൽ വീണ്ടും ജീവൻ നിലനിൽക്കാൻ അതിന്റെ പ്രക്രിയകൾക്ക് വിലങ്ങു വെക്കരുത്. പക്ഷേ പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ജന്തു ജാലങ്ങളെ സംരക്ഷിച്ചു നിർത്തുവാൻ കൂടിയാണ്. അത് അവഗണിക്കുമ്പോൾആപത്തുണ്ടാവും.

നമുക്കും ജീവൻ നഷ്ടമായാലോ.
അവൾ ചോദിച്ചു.

അങ്ങനെയും സംഭവിക്കാം. കാട് തേടി മനുഷ്യരെത്തുമെന്നുറപ്പാണ്.

കൊമ്പൻ വല്ല്യ ക്ഷീണത്തോടെ മണ്ണിൽ തുമ്പിക്കൈ ചേർത്ത് വെച്ചു കിടന്നു. അവന്റെ അരികിൽ തന്നെ പിടിയാനയും കിടന്നു.

ശക്തമായ കാറ്റടിച്ചു.
രാത്രി കനത്തു. ഇടിയും മിന്നലുമുണ്ടായി.

പതിയെ കൊമ്പന്റെ കണ്ണുകളിൽ ഉറക്കം ഊഞ്ഞാലാടി.

അവന്റെ ദേഹത്തോട് തല ചേർത്തുവെച്ചു പിടിയും മയക്കത്തിലായി.

ഹരിതാഭ നിറഞ്ഞ കാടും, കടിറക്കത്തിലുള്ള മനോഹരമായ ഗ്രാമത്തെയും സ്വപ്നം കാണുകയായിരുന്നു കൊമ്പൻ.
വൻ വൃക്ഷങ്ങളുടെ മറവിൽ നിന്നുകൊണ്ട് പതിവുപോലെ അവൻ മനുഷ്യരുടെ ചലനങ്ങൾ വീക്ഷിക്കുന്നു.

മലഞ്ചരിവിന് താഴെയുള്ള വിദ്യാലയത്തിന്റെ അങ്കണത്തിൽ കുട്ടികൾ ഓടിക്കളിക്കുന്നു. ചിലർ വലിയ പന്തെറിഞ്ഞു കളിക്കുന്നു. ചിലർ പുഴക്കരയോട് ചേർന്നു. നിന്നു മലകളെയും പുഴകളെയും കാടിനെയും പറ്റി പഠിക്കുകയും പാടുകയും ചെയ്യുന്നു.
അവർ ഇട്ടുകൊടുക്കുന്ന ഭക്ഷണത്തിനായ് കാത്തു കുരങ്ങന്മാർ കാടും മലയും ചാടിക്കടന്നു വരുന്നുണ്ട്.

കാട്ടു പക്ഷികൾഗ്രാമ വൃക്ഷങ്ങളിൽ ചേക്കേറുന്നു.
കൃഷിപ്പണിക്കായ് കൈമെയ്യ് മറന്ന്‌ അധ്വാനിക്കുന്ന മനുഷ്യർ.
ഓരോരുത്തരും അവരുടെ ദീർഘ കാല സ്വപ്ന സാഫല്യം പോലെ പണികഴിപ്പിച്ച രമ്യ ഹർമ്യങ്ങൾ. രാവെന്നോ പകലെന്നോ ഇല്ലാതെ മണ്ണിൽ പണിയെടുക്കുന്നവർ.

കൊമ്പന് അവരോടെല്ലാം വളരെ സ്നേഹമാണ്.
പക്ഷേ അവർക്കെല്ലാം അവനെ ഭയമാണ്.

അവരുടെ കൃഷി ചവിട്ടിമെതിയ്ക്കാൻ ഇറങ്ങുന്ന ആനക്കൂട്ടങ്ങളെ അവർ ഒച്ചയുണ്ടാക്കി ഭയപ്പെടുത്തി ഓടിയ്ക്കാൻ ശ്രമിക്കും.

അത്തരക്കാരെ കൊമ്പനും വിലക്കാറുണ്ട്. മനുഷ്യരുടെ ഇടയിൽ പോകരുതെന്നും അവരുടെ അധ്വാനത്തെ നശിപ്പിക്കരുതെന്നും അവൻ കൂട്ടുകാരെ ഉപദേശിക്കും.ചില വികൃതികൾ കൊമ്പന്റെ കണ്ണു വെട്ടിച്ചു പോകാറുമുണ്ട്.

കുട്ടികൾ പന്തെറിഞ്ഞു കളിയ്ക്കുന്നതും നോക്കി നിന്നപ്പോൾ.. ആരോ ദൂരെ മലമുകളിലേക്ക് പന്തെറിഞ്ഞിട്ടു.
അതിഭീകരമായ ഒരു പൊട്ടിത്തെറി.
കൊമ്പന്റെ സ്വപ്നം മുറിഞ്ഞു ഉറക്കമുണർന്നു.

ഒരുൾക്കിടിലെത്തോടെ അവൻ പിടഞ്ഞെണീറ്റു.
അവൻ പിടിയെ വിളിച്ചുകൊണ്ടു അതിർത്തിയിലേക്കോടി.

വേഗം വാ ഞാൻ ഭയന്നത് നടന്നിരിക്കുന്നു..
ഗ്രാമങ്ങളിലെ വെളിച്ചമണഞ്ഞിരിക്കുന്നു. ഒരു കുത്തൊഴുക്കിന്റെ ഇരമ്പൽ. എങ്ങും നിലവിളികൾ. പിടഞ്ഞോടുന്നവരുടെ കാൽപെരുമാറ്റം. പക്ഷികളുടെ ചിറകടിയും, കരച്ചിലും. കുഞ്ഞുങ്ങളുടെ ഭയമാർന്ന നിലവിളികൾ , കെട്ടിടങ്ങൾ വീണുടയുന്ന കോലാഹലം.നാലുപാടും ചിതറിയോടുന്ന മനുഷ്യർ.

പുഴ പറക്കുകയാണോ…
കൊമ്പനും പിടിയും മറ്റൊരിടത്തേയ്ക്ക് നീങ്ങി. മരങ്ങൾ പിഴുതെറിയപ്പെടുന്നു.
മലവെള്ളത്തിൽ ഒലിച്ചു പോകുന്ന മനുഷ്യർ. ഗ്രാമം പോലും അപ്രത്യക്ഷമായിരിക്കുന്നു.

താൻ ചിന്തിച്ചതിലും വലിയ അപകടമാണല്ലോ ഇതെന്ന് കൊമ്പനോർത്തു.

മൃഗങ്ങളുടെ ഭാഷ മനുഷ്യർക്ക്‌ മനസ്സിലായിരുന്നെങ്കിൽ ഈ അപകടങ്ങളിൽ നിന്നും അവരെ രക്ഷിയ്ക്കാൻ കഴിയുമായിരുന്നു.
അവരുടെ ഭീതി നീറഞ്ഞ നിലവിളി അടുത്തടുത്തു വരുന്നു . കാട് കയറി വരുന്ന മനുഷ്യർ. കൊമ്പൻ നാലുപാടും നോക്കി.
പുഴയരികിലേയ്ക്ക് ഓടാൻ പോയ അവനെ പിടിയാന വിട്ടില്ല.
അവൾ ഭയത്തോടെ അവന്റെ തുമ്പിക്കൈയിൽ ചുറ്റിപ്പിടിച്ചു.

ആരൊക്കയോ ഓടി വരുന്നുണ്ട്. നീ ശബ്ദമുണ്ടാക്കി അവരെ ഭയപ്പെടുത്തരുത്.
കൊമ്പൻ അവളോട്‌ പറഞ്ഞു. അവർ നമ്മളെ കണ്ടാൽ ഭയന്ന്‌ തിരിച്ചോടി വീണ്ടും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ശബ്ദമുണ്ടാക്കാതെ നിൽക്കണം.
അവൾ തല കുലുക്കി.
ഓടി വന്ന അനേകം പേരിൽ മുന്നിൽ ഒരു വൃദ്ധയും കുഞ്ഞുമക്കളും.

കൊമ്പനെ കണ്ടതും ശ്വാസം നിലച്ചതുപോലെ നിന്നു അവർ.
കൂടെയുള്ള മക്കളെ തള്ളപ്പക്ഷിയെപ്പോലെ ചേർത്തുനിർത്തി ഭയം കൊണ്ട് വിറച്ചു.

കൊമ്പൻ അനങ്ങാതെ നിന്നു. താനൊന്നനങ്ങിയാൽ പോലും അവർ പിൻ തിരിഞ്ഞോടും.

കൊമ്പൻ അവരെ ഉപദ്രവിക്കില്ലന്ന്‌ അവർക്കുറപ്പായി
അവർ കൈകൾ കൂപ്പി അവനോടെന്തൊക്കയോ പറഞ്ഞു.

താൻ സ്നേഹിച്ചിരുന്ന ആ നാടും കുറെയേറെ നാട്ടുകാരും മലവെള്ളത്തിൽ മറഞ്ഞുപോയെന്ന വാർത്തകേട്ടപ്പോൾ കൊമ്പന്റെ ഹൃദയം നുറുങ്ങി. അവന്റെ കണ്ണുകൾ മഴപോലെ പെയ്തു. കാടു തേടിവന്നവരുടെ ഹൃദയം നൊമ്പരം അവന്റേതുകൂടിയായി മാറി.

അവൻ താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തേക്കിരുന്നു. പിടിയും കണ്ണീർ വാർത്തുകൊണ്ട് കൊമ്പന്റെയരികിൽ ഇരുന്നു. രക്ഷപ്പെട്ടുവന്നവർ ആശ്വാസത്തോടെ അവന്റെ തണലിൽ കഴിച്ചുകൂട്ടി.
പുലരി വെട്ടം തെളിഞ്ഞപ്പോൾ ആരൊക്കയോ അവരെ തേടി വരുന്നു. കൊമ്പനും പിടിയും കുറച്ചകലേയ്ക്ക്
മാറി നിന്നു.
ഗ്രാമക്കാഴ്ച്ചകളിൽ കൊമ്പന്റെ നെഞ്ചു പൊട്ടിപ്പോയി.
തലേന്ന് രാത്രിയിലെ അലമുറകൾ അവന്റെ കാതിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
വികൃതമായിപ്പോയ ഗ്രാമത്തിന്റെ ശേഷിപ്പുകളിൽ കൊമ്പന്റെ കണ്ണു നീർ പെയ്തിറങ്ങി ഉരുൾ പൊട്ടിയ മലഞ്ചരിവുകളിൽ കൂടി ഒരു കാട് ഒഴുകിപ്പോയതുപോലെ
ഈ ഗ്രാമം എവിടെ മറഞ്ഞു

എന്റെ കുഞ്ഞുങ്ങളെ ഓടിവരൂ…

അവൻ ഉറക്കെ വിളിച്ചു.
ഉറക്കമില്ലാത്ത രാത്രികളിലൂടെ അവൻ കൂട്ടകാരിയോടൊപ്പം യാത്ര ചെയ്തു. മലയിടുക്കിലും കാട്ടിലുമൊക്കെ അവൻ ജീവനില്ലാത്ത ശരീരരങ്ങൾ കണ്ടു.
തിരഞ്ഞു തീരാത്ത ദിനരാത്രങ്ങളുടെ എണ്ണം കൂടുംതോറും
അക്ഷീണം തിരച്ചിൽ തുടരുന്ന രക്ഷപ്രവർത്തകർക്കായ് അവൻ നിശബ്ദം പ്രാർത്ഥിച്ചു.

ഒടുവിൽ എല്ലാവരും അകന്നുപോയ ഗ്രാമത്തിൽ കൊമ്പനും പിടിയും ഇറങ്ങി വന്നു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞുപോയവരെ അടക്കിയ മണ്ണിൽ അവൻ പുഷ്പാർച്ചന നടത്തി.

പ്രീയപ്പെട്ടവരെ ജീവിക്കുന്നവർക്ക് ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചു ള്ള മുന്നറിയിപ്പ് നൽകിയാണ് നിങ്ങളുടെ വേർപാട്.
അതെല്ലാവരും ഓർക്കാൻ ഇടവരട്ടെ.
നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല. ആത്മാവാണെങ്കിലും നിങ്ങൾ വിളിച്ചാൽ ഞാൻ വിളികേൾക്കും. നിങ്ങൾക്ക് കൂട്ടായി ഞാൻ ഇവിടെ ഉണ്ടാവും. ദാ… ആ കാട്ടിൽ നിങ്ങളുടെ ഒറ്റക്കൊമ്പനായ്….

കൊമ്പനും പിടിയും കാട്ടിലേക്കു നടന്നു കയറി..

✍️അനിത മുകുന്ദൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments