കഥ ഇതു വരെ:
കുറച്ചുകാലത്തിനു ശേഷം ജനിച്ചു വളർന്ന നാട്ടിലേക്ക് തിരികെ വരികയാണ് രാഹുൽ. അയാളുടെ മനസ്സിൽ പഴയ കാര്യങ്ങൾ അലയടിക്കുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു അയാൾ. അയാളുടെ അമ്മാവൻ്റെ മകളും കളിക്കൂട്ടുകാരിയുമായ ലക്ഷ്മിയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി താൻ ഒരു ഹൃദ്രോഗിയാണെന്നും ഇനി അധികകാലം ജീവിതം ഇല്ലെന്നും മനസ്സിലാക്കിയ അയാൾ ഈ സത്യം മറ്റുള്ളവരിൽ നിന്ന് മൂടിവയ്ക്കുന്നു. ജോലിക്ക് ഓർഡർ കിട്ടിയപ്പോൾ അയാളുടെ കല്യാണം നിശ്ചയിക്കാൻ വന്ന അമ്മാവനോട് തനിക്ക് ലക്ഷ്മിയുമായുള്ള കല്യാണത്തിന് താല്പര്യമില്ലെന്ന് അയാൾ പറയുന്നു.
തുടർന്ന് വായിക്കുക.
കരഞ്ഞു തകർന്ന്, എന്നോട് ഇക്കാര്യം ചോദിക്കാൻ വന്ന എൻ്റെ ലക്ഷ്മിയോട് വളരെ പരുഷമായി പെരുമാറുകയായിരുന്നു ഞാൻ. കോളേജ് പ്രൊഫസറാകാൻ പോകുന്ന എനിക്ക് ഒരിക്കലും യോജിച്ച ബന്ധമല്ല ഇതെന്ന് പറഞ്ഞപ്പോൾ അവൾ കരഞ്ഞു വിളിച്ചു ബഹളമുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, അവൾ നിശബ്ദയായി, ദയനീയമായി എന്നെ ഒന്നുനോക്കിയിട്ട് യാന്ത്രികമായി നടന്നു പോകുകയാണ് ചെയ്തത്. അപ്പോൾ എൻ്റെ മനസ്സ് പൊട്ടിക്കരയുകയായിരുന്നു. അവളുടെ ആ ദയനീയമായ നടത്തം എൻ്റെ ഓർമ്മയിൽ ഇന്നും ഒരു വിങ്ങലായി കിടപ്പുണ്ട്. അന്നു രാത്രി അവളുടെ മുഖം എൻ്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെയും അനുജൻ്റെയും ഉച്ചത്തിലുള്ള കരച്ചിൽ കേട്ട്, ഓടിച്ചെന്നത്. സ്റ്റോർ റൂമിൽ തൂങ്ങി നില്ക്കുന്ന അച്ഛൻ!
അതുവരെയും നാട്ടുകാരുടെ സ്നേഹപാത്രമായിരുന്ന ഞാൻ തന്തയെക്കൊല്ലിയും വഞ്ചകനായ കാമുകനുമൊക്കെയായി മാറി. അച്ഛൻ്റെ ചിതയ്ക്ക് കൊള്ളിവയ്ക്കാനുള്ള അവകാശം പോലും അനിയന് കൈമാറേണ്ടി വന്നു. മരണത്തിനു പങ്കെടുക്കാൻ വന്നവരുടെ ശാപവാക്കുകളും രൂക്ഷമായ നോട്ടങ്ങളും സഹിക്കാൻ കഴിയാതെ മുറിയിൽക്കയറി കതകടച്ചിരിക്കുയായിരുന്നു. എല്ലാവരും എന്നെ വെറുത്തപ്പോഴും എൻ്റെ അമ്മ മാത്രം എന്നെ വെറുത്തില്ല. പക്ഷേ, അച്ഛൻ്റെ വിയോഗം, അമ്മയുടെ പ്രസരിപ്പെല്ലാം നഷ്ടപ്പെടുത്തി. അമ്മ ഒരു വിഷാദ രോഗിയായി മാറി. ഒരു ദിവസം അമ്മയോടും അനുജനോടും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. അച്ഛൻ്റെ മരണത്തെക്കാൾ നടുക്കമായിരുന്നു അമ്മയ്ക്കത്. അന്നു രാത്രി ഉറങ്ങാൻ പോയ അമ്മ, പിറ്റേ ദിവസം എണീറ്റില്ല. അങ്ങനെ ഫലത്തിൽ അച്ഛൻ്റെയും അമ്മയുടെയും മരണത്തിന് ഞാൻ കാരണക്കാരനായി.
ഒരു വാശിയെന്നോണം അമ്മയുടെ പതിനാറടിയന്തിരത്തിൻ്റെയന്നു തന്നെ ബാലമാമ, നിർബന്ധബുദ്ധിയോടെ ലക്ഷ്മിയുടെ കല്യാണം നടത്തി. ബാലമാമയുടെ ചേച്ചിയുടെ മകനുമായിട്ട്. വിശാൽ’ എന്നാണയാളുടെ പേര്. മെഡിക്കൽ റെപ്രസെൻ്റേറ്റീവ്. ഒരു ദിവസം ഞാൻ റോഡിൽ നിന്നപ്പോൾ ലക്ഷ്മിയെയും കയറ്റിക്കൊണ്ട് അവൻ ബൈക്കിൽ പോകുന്നതു കണ്ടു. എന്നെക്കണ്ട, ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. വിശാലിൻ്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം. കുറച്ചു ദൂരം പോയ അയാൾ, വണ്ടി തിരികെയെടുത്ത്, എൻ്റെ മുന്നിലൂടെ വീണ്ടും പോയി, ഒരു പ്രത്യേക നോട്ടം നോക്കിക്കൊണ്ട്.
പിന്നീട് അറിയാൻ കഴിഞ്ഞു, കല്യാണം കഴിഞ്ഞ് അധികം ദിവസമായില്ലെങ്കിലും എൻ്റെ പേരും പറഞ്ഞ് അവൻ ദിവസവും വഴക്കാണെന്ന്. പിന്നീട് നാട്ടിൽ നില്ക്കാൻ തോന്നിയില്ല. എൻ്റെ സ്വത്തെല്ലാം അനിയന് എഴുതിക്കൊടുത്തിട്ട്, ഹിമവാൻ്റെ മടിത്തട്ടിലേയ്ക്ക് വരുകയായിരുന്നു. മഹാദേവൻ്റെ കൈലാസസാനുക്കളിൽ എൻ്റെ അവസാന നാളുകൾ ചിലവഴിച്ച്, അവിടെ അന്ത്യവിശ്രമം കൊള്ളാൻ.
അനിയൻ്റെ കത്തുകളിലൂടെ നാട്ടിലെ എല്ലാ വിവരങ്ങളും അപ്പോഴപ്പോൾ അറിയാൻ കഴിഞ്ഞു. അവന് എസ്ഐ സെലക്ഷൻ കിട്ടിയത്, ലക്ഷ്മിക്ക് ഒരു പെൺകുഞ്ഞ് പിറന്നത്, എല്ലാം. ജോലി കിട്ടിയപ്പോൾ, നല്ല രണ്ടു മൂന്നു ആലോചനകൾ അനിയനു വന്നു. എല്ലാവരുടെയും ഫോട്ടോയും മറ്റു വിവരങ്ങളും അവൻ എനിക്കയച്ചു തന്നു. ഞാൻ തന്നെയാണ് അതിൽ നിന്ന് ഉണ്ണിമായയെ തിരഞ്ഞെടുത്തത്. ഇടത്തരം സാമ്പത്തികം, കാണാനും ഭംഗിയുണ്ട്. ബിഎഡ് കഴിഞ്ഞു നില്ക്കുന്നു. കല്യാണം കൂടാൻ ഞാൻ എത്തില്ല എന്ന് പറഞ്ഞത് അവന് വിഷമം ആയെങ്കിലും എൻ്റെ അവസ്ഥ അറിയാവുന്നതുകൊണ്ട് അവൻ മറുത്തൊന്നും പറഞ്ഞില്ല.
ആയിടയ്ക്കാണ് ഹിമാലയ പാർശ്വത്തിലൂടെയുള്ള നടത്തത്തിനിടയിൽ ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരീഷ്ജി, അദ്ദേഹം ഒരു സന്യാസിയാണോ?! ഭിഷ്വങ്കരനാണോ ?! എന്നൊന്നും പറയാൻ പറ്റില്ല. നല്ലൊരു മനുഷ്യൻ. കല്യാണം കഴിച്ചിട്ടില്ല. മൂന്നു നാല് ഏക്കർ സ്ഥലത്ത് ഒരു പർണശാല കെട്ടി, അവിടെ നിറയെ ചെടികളും വളർത്തി അതിനെയും പരിപാലിച്ച്, വിശ്രമജീവിതം നയിക്കുന്നു. ഹരീഷ്ജി നിർബന്ധിച്ച് എൻ്റെ താമസം പർണശാലയിലേക്ക് മാറ്റി. എൻ്റെ അസുഖത്തെപ്പറ്റി അറിഞ്ഞ അദ്ദേഹം അതിൻ്റെ പേരിൽ ഒരു സഹതാപവും പ്രകടിപ്പിച്ചില്ല. എൻ്റെ കേസ്ഷീറ്റ് വിശദമായി ഒന്നു നോക്കുക മാത്രം ചെയ്തു. പിറ്റേ ദിവസം മുതൽ അവിടെ യോഗ പഠിക്കാൻ വരുന്ന ആളുകളോടൊപ്പം എന്നെയും നിർബന്ധിച്ചിരുത്തി. എന്നെക്കൊണ്ട് ചില ലളിതമായ യോഗ മുറകൾ ചെയ്യിപ്പിച്ചു. എൻ്റെ ഭക്ഷണക്രമം അദ്ദേഹം ചിട്ടപ്പെടുത്തി. അതിൻ്റെ കൂടെ അദ്ദേഹം ഹിമാലയാസാനുക്കളിൽ നിന്ന് കണ്ടെടുത്ത ചില വേരുകളും പച്ചില മരുന്നുകളും കൂടെ ഉൾപ്പെടുത്തി. ആയുർവേദത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ആണ് ഹരീഷ്‌ജി എന്ന്, പിന്നീട് ആണ് അറിയാൻ കഴിഞ്ഞത്.
ഹരീഷ്ജി മലയുടെ മുകളിലേക്ക് കയറുമ്പോൾ എന്നെയും കൂട്ടിത്തുടങ്ങി.ആദ്യമാദ്യം കിതപ്പും പാരവശ്യവുമൊക്കെ ഉണ്ടായെങ്കിലും പിന്നീട്, പിന്നീട് ശരീരം അതിലേയ്ക്ക് വഴങ്ങുകയായിരുന്നു.
തുടരും.