Tuesday, April 22, 2025
Homeകായികംയശസ്വി ജയ്സ്വാൾ 133 പന്തിൽ 104 , അഞ്ച് സിക്സറും, ഒമ്പത് ഫോറും; പുറംവേദനയെ തുടർന്ന്...

യശസ്വി ജയ്സ്വാൾ 133 പന്തിൽ 104 , അഞ്ച് സിക്സറും, ഒമ്പത് ഫോറും; പുറംവേദനയെ തുടർന്ന് കളംവിട്ടു പരമ്പരയിലെ രണ്ടാം സെഞ്ചുറി.

രാജ്‌കോട്ട്‌ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യക്ക്‌ സർവാധിപത്യം. ബൗളർമാരും ബാറ്റർമാരും ഒരുപോലെ മിന്നിയപ്പോൾ രണ്ടുദിനംശേഷിക്കെതന്നെ കളി ഇന്ത്യയുടെ കൈയിലായി. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 196 റണ്ണെടുത്തു. എട്ട്‌ വിക്കറ്റ്‌ ശേഷിക്കെ 322 റണ്ണിന്റെ ലീഡായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്‌ 319ന്‌ അവസാനിച്ചിരുന്നു.

രണ്ടാം ഇന്നിങ്‌സിൽ കിടയറ്റ ബാറ്റിങ്‌ പ്രകടനമായിരുന്നു ഇന്ത്യയുടേത്‌. യശസ്വി ജയ്‌സ്വാൾ പരമ്പരയിലെ മിന്നുന്ന ഫോം തുടർന്നപ്പോൾ ഇംഗ്ലീഷ്‌ ബൗളർമാർ കാഴ്‌ചക്കാരായി. 133 പന്തിൽ 104 റണ്ണെടുത്ത ഇടംകൈയൻ പുറംവേദന കാരണം കളംവിടുകയായിരുന്നു. രണ്ടാം ടെസ്‌റ്റിൽ ഇരട്ടസെഞ്ചുറി നേടിയിരുന്നു ജയ്‌സ്വാൾ. കളി അവസാനിക്കുമ്പോൾ 65 റണ്ണോടെ ശുഭ്‌മാൻ ഗില്ലും മൂന്ന്‌ റണ്ണുമായി രാത്രി കാവൽക്കാരൻ കുൽദീപ്‌ യാദവുമായിരുന്നു ക്രീസിൽ. ക്യാപ്‌റ്റൻ രോഹിത്‌ ശർമ (19), രജത്‌ പടിദാർ (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. രോഹിത്‌ ജോ റൂട്ടിന്റെ പന്തിൽ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ക്യാപ്‌റ്റൻ രണ്ട്‌ ബൗണ്ടറികളിലൂടെയാണ്‌ തുടങ്ങിയത്‌. എന്നാൽ, റൂട്ടിനെ സ്വീപ്‌ ചെയ്യാനുള്ള ശ്രമം പാളി. പടിദാർ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. ടോം ഹാർട്‌ലിയുടെ നിരുപദ്രവകരമായ പന്തിൽ റെഹാൻ അഹമ്മദിന്‌ അനായാസ ക്യാച്ച്‌ നൽകി മടങ്ങുകയായിരുന്നു.

തുടക്കത്തിൽ പതുക്കെയായിരുന്നു ജയ്‌സ്വാൾ റണ്ണെടുത്തത്‌. എന്നാൽ, ഒരുഘട്ടം കഴിഞ്ഞപ്പോൾ ആക്രമണത്തിലേക്ക്‌ തിരിഞ്ഞു. ആദ്യ 35 റണ്ണെടുക്കാൻ 73 പന്താണ്‌ വേണ്ടിവന്നത്‌. സെഞ്ചുറി പൂർത്തിയാക്കിയത്‌ 122 പന്തിലും. അഞ്ച്‌ സിക്‌സറും ഒമ്പത്‌ ഫോറും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിങ്‌സ്‌. ഏഴാം ടെസ്‌റ്റ്‌ കളിക്കുന്ന ഇരുപത്തിരണ്ടുകാരന്റെ മൂന്നാം സെഞ്ചുറിയാണിത്‌. ആദ്യ ഇന്നിങ്‌സിൽ റണ്ണെടുക്കാതെ പുറത്തായ ഗിൽ രണ്ടാം ഇന്നിങ്‌സിൽ ശ്രദ്ധയോടെ ബാറ്റ്‌ വീശി. രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. രണ്ടാംദിനം ബെൻ ഡക്കെറ്റിന്റെ പ്രഹരത്തിൽ ഉലഞ്ഞുപോയ ഇന്ത്യൻ ബൗളർമാർ മൂന്നാംദിനം ഒന്നാന്തരം തിരിച്ചുവരവാണ്‌ നടത്തിയത്‌. അശ്വിൻ മടങ്ങിയതിനാൽ പന്തെറിയാൻ നാലുപേർമാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 207 റണ്ണെന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌ മൂന്നാംദിനം ആരംഭിച്ചത്‌. 112 റൺമാത്രമേ അവർക്ക്‌ കൂട്ടിച്ചേർക്കാനായുള്ളൂ. നാല്‌ വിക്കറ്റുമായി മുഹമ്മദ്‌ സിറാജ്‌ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിരയെ ചിതറിച്ചു.

തലേദിനത്തെ സ്‌കോറിനോട്‌ 17 റൺ കൂട്ടിച്ചേർക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്‌ മൂന്നാം വിക്കറ്റ്‌ നഷ്ടമായി. ജസ്‌പ്രീത്‌ ബുമ്രയെ റിവേഴ്‌സ്‌ ഷോട്ടിന്‌ ശ്രമിച്ച ജോ റൂട്ട്‌ (18) ജയ്‌സ്വാളിന്റെ കൈയിലൊതുങ്ങി. ജോണി ബെയർസ്‌റ്റോ (0) റണ്ണെടുക്കുംമുമ്പ്‌ കുൽദീപ്‌ യാദവിന്റെ പന്തിൽ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങി. തുടർന്നെത്തിയവരിൽ ക്യാപ്‌റ്റൻ സ്‌റ്റോക്‌സ്‌ (41) മാത്രമാണ്‌ ഭേദപ്പെട്ട സ്‌കോർ നേടിയത്‌. എന്നാൽ, രവീന്ദ്ര ജഡേജയെ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെ ക്യാപ്‌റ്റൻ പുറത്തായതോടെ ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ എന്ന ലക്ഷ്യം ഇംഗ്ലണ്ടിൽനിന്ന്‌ അകന്നു. വാലറ്റത്തെ തുരത്തി സിറാജ്‌ കളി വേഗത്തിൽ പൂർത്തിയാക്കി. റെഹാൻ അഹമ്മദിനെയും (6) ജയിംസ്‌ ആൻഡേഴ്‌സണെയും (6) തകർപ്പൻ യോർക്കറുകൾ കൊണ്ട്‌ കുറ്റിതെറിപ്പിക്കുകയായിരുന്നു. ജഡേജയും കുൽദീപും രണ്ടുവീതം വിക്കറ്റ്‌ നേടി. ബുമ്ര ഒന്നും.

അഞ്ഞൂറിന്‌ വിക്കറ്റ്‌ തികച്ചതിനുപിന്നാലെ ഇന്ത്യൻ സ്‌പിന്നർ ആർ അശ്വിൻ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽനിന്ന്‌ പിന്മാറി. അമ്മയുടെ അസുഖംകാരണമായിരുന്നു പിന്മാറ്റം. കഴിഞ്ഞദിവസംതന്നെ അശ്വിൻ ചെന്നൈയിലേക്ക്‌ മടങ്ങിയിരുന്നു. അശ്വിന്‌ എല്ലാവിധ പിന്തുണയും നൽകുന്നതായി ബിസിസിഐ വ്യക്തമാക്കി.
അടുത്ത രണ്ട്‌ ടെസ്‌റ്റിലും മുപ്പത്തേഴുകാരൻ കളിക്കില്ലെന്നാണ്‌ സൂചന. മൂന്നാം ടെസ്‌റ്റിൽ 10 പേരുമായാണ്‌ ഇന്ത്യ കളിക്കുന്നത്‌. പകരക്കാരൻ ഫീൽഡറായി ദേവ്‌ദത്ത്‌ പടിക്കൽ ഇറങ്ങിയിരുന്നു. നിലവിൽ ടീമിൽ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. ഓഫ്‌ സ്‌പിന്നറായി വാഷിങ്‌ടൺ സുന്ദർ ടീമിനൊപ്പമുണ്ട്‌. ജയന്ത്‌ യാദവ്‌, ജലജ്‌ സക്‌സേന, പുൾകിത്‌ നരങ്‌ എന്നിവർ പുറത്തുനിൽപ്പുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ