മഹേശ്വരർ.
മഹാ ഈശ്വരർ ആണ് മഹേശ്വരരാവുന്നത്.
മഹേശ്വരൻ നമുക്കു പരിചിതമാണ്. അതു ബഹുവചന രൂപം കൈക്കൊള്ളുമ്പോൾ അർത്ഥവ്യക്തതയിൽ ശങ്ക വന്നേക്കാം.
വൃക്ഷങ്ങളാണ് മഹേശ്വരർ.
സനാതന ധർമ്മം ആദിമദശയിൽ വ്യാപകമായി വൃക്ഷാരാധന
നടത്തിയിരുന്നതായി കാണാം.അന്ന് പ്രാർത്ഥന എന്ന പ്രകർഷേണയുള്ള അർത്ഥന ഇല്ലായിരുന്നെന്നു പറയാം.സങ്കല്പമുണ്ടായിരുന്നു;ആരാധനയും.
ഞാൻ തളിർക്കുകയാണ്.ഇതാ പൂത്ത് സുഗന്ധിതമാകുന്നു.നോക്കൂ ഞാൻ കായ്ക്കുകയാണ്! നിറയെ അമൃത തുല്ല്യമായ പഴങ്ങളുമായി വിനമ്രരായി നില്ക്കുന്നു.വരൂ കൊമ്പുകൾ താഴ്ത്തി തരാം.ഇതൊക്കെ നുകർന്ന് ധന്യരാവൂ!!!
മേല്പറഞ്ഞതൊന്നുന്നും മരങ്ങൾ വിളിച്ചു പറയുന്നില്ല.
വിത്തിൽ നിന്ന് ഈരില വിരിഞ്ഞ് മഹാവൃക്ഷമാകുന്ന പരിണതി പൂർവ്വ നിശ്ചിതമാണ്.ഒരു മരവും അതിന്റെ പഴം എടുക്കുന്നില്ല.അവയൊക്കെ കഴിക്കാൻ വരുന്ന ജീവികളോട് നിർമ്മമത അതായത് മമത ഇല്ലായ്മ കാണിക്കുന്നു.മറിച്ച് ദ്വേഷമോ ദേഷ്യമോ കാണിക്കുന്നുണ്ടൊ ? അതുമില്ല.
പരോപകാരി.
ഇവിടെ വൃക്ഷാരാധന തുടങ്ങുകയായി.
കാവ്
എന്നാൽ വൃക്ഷച്ചുവട് എന്നാണ് അർത്ഥം.
അനലംകൃതമായ കാവുകൾ ക്ഷേത്രങ്ങളായി വളർന്നു.
മനോരഥം
വിചാരങ്ങളാണ്, ആഗ്രഹങ്ങളാണ്.മനസ്സാകുന്ന രഥത്തെ സഞ്ചരിപ്പിക്കുന്നതാണ്.
മനോരാജ്യവും സമാനാർത്ഥകമത്രെ.മനസ്സു കൊണ്ട് രാജ്യം സ്വന്തമാക്കുമ്പോൾ മനോരാജ്യ ജേതാവായി.
“ഉദ്യമേനഹി സിദ്ധന്തി
കാര്യാണി ന മനോരഥൈ
നഹി സുപ്തസ്യ സിംഹസ്യ
പ്രവിശ്യന്തി മുഖേ മൃഗാ: ”
( പഞ്ചതന്ത്രം )
മനോരാജ്യം കൊണ്ട് ഒന്നും നേടാനാവില്ല.എനിക്കു വിശക്കുന്നു.മൃഗങ്ങളേ നിങ്ങളെനിക്ക് ഇരയാവൂ
എന്നു സിംഹം വിചാരിച്ചാൽ മൃഗങ്ങൾ വായിൽ ചെന്ന് ചാടിക്കൊടുക്കില്ലല്ലൊ.വേട്ടയാടുന്ന സിംഹത്തിനേ ഇര കിട്ടൂ!
ഉടമ്പ്
ഉടഞ്ഞു പോകുന്നത് ഉടമ്പ്.
തനി ദ്രാവിഡ പദം.ഇതു കണ്ടെത്തിയ പൂർവ്വികനു തൊഴാം.
എപ്പോൾ വേണമെങ്കിലും ഉടഞ്ഞു പോയേക്കാവുന്ന ഒന്നിലാണ് ജീവൻെറ വാസം.
എന്തൊരു വൈരുദ്ധ്യാത്മക പ്രഹേളിക!
ഇതിനു ജീവിതം എന്നു പേരിട്ട് നാം വിളിക്കുന്നു!
ശരീരം .
ജീർണ്ണിച്ചു പോകുന്നത്, ചീഞ്ഞളിഞ്ഞു പോകുന്നത് ശരീരം.
ദേഹം
ദഹിച്ചു പോകുന്നത്.
ശരീരത്തിൻെറ നശ്വരചിന്ത വാക്കുകളിൽ തുടങ്ങാം.