Friday, November 22, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (16) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (16) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ഭാഷയിലും വേണം സുതാര്യത.അതാര്യതയെ സുതാര്യതയാക്കുന്നത്… നല്ല ആശയത്തെ നല്ല പോലെ ചിന്തിച്ച് ഉചിത പദ വിന്യാസം നടത്തുമ്പോഴാണ്.അതെ, സുതാര്യത, (എല്ലാം കടത്തി വിടുന്നത് )ഭാഷയിലെ ആദർശമാകട്ടെ..

മൗനം

മുനിയെ സംബന്ധിച്ചത് മൗനം. മൗനം ഏറ്റവും വലിയ ഭാഷയാണ്.

ജീവജാതികളോട് സംവദിക്കാനാണൊ മുനി മൗനത്തിലേക്ക് ആഴുന്നത് ? അതൊ സ്വയം കണ്ടെത്താനോ ?

നിങ്ങൾ മിണ്ടാതിരിക്കുകിൽ മൗനം സ്വർണ്ണമാകും.

മിണ്ടിയാൽ വെള്ളി.

അത് ഇരുമ്പായി കൂട്ടിമുട്ടി തീപാറും സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിക്കാത്തവരില്ല!

മൗനം വിദ്വാനു ഭൂഷണം.

മൗനം മന്ദൻെറ ലക്ഷണം എന്നതു പാരടിയും സത്യവും !

മൗനം ഭ്രാന്തൻെറ ലക്ഷണം

എന്നത് ഏതോ നാട്ടിൻ പുറ രസികൻെറ ദർശനം.

കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചകൾക്ക് മൗനം അവസരവാദിപ്പട്ടം നൽകാറുണ്ട്.

” പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെൻെറ നാവു പൊള്ളുന്നു”

എന്നു പറയുന്ന കവി ഒന്നാന്തരം അവസരവാദിയാണ്.കെട്ടിക്കിടക്കാൻ അനുവദിക്കാതെ കവിക്ക് അതങ്ങ് പറയരുതോ ?

പച്ചത്തെറിയും പുളിച്ച തെറിയും നല്ല തെറിയുമുണ്ട് ! തരം പോലെ ഉപയോഗിക്കരുതോ ?

പലരും പുതുഭാഷ പഠിക്കുന്നത് തെറിയിലൂടെയാണ്!

ഒരിക്കൽ കേട്ട് അർത്ഥം മനസ്സിലാക്കിയാൽ ഒരിക്കലും മറക്കില്ല പോലും!!!

ഏതായാലും ഭാഷയിലെ പോക്കിരികളാണ് തെറികൾ.മരംകേറികളും കൊണ്ടോടികളും ഇവയിൽ സുലഭം.Oh filthy……

” എൻെറ ജന്മദേശം നിശ്ശബ്ദതയാണ്, എൻെറ ഭക്ഷണം മൂകതയും “( മിലോറദ് പാവിച്ച്, നോവലിസ്റ്റ്)

വ്യത്യസ്തം

എന്ന വാക്ക് തെറ്റിക്കാനുള്ള പ്രവണത പലർക്കുമുണ്ട്.വ്യത്യസ്തമായ കാഴ്ചപ്പാടില്ലാത്തവർക്ക് വ്യക്തിത്വമില്ല.

ആദരാഞ്ജലി

അഞ്ജലി =കൂപ്പുകൈ.

ആദരവോടെ അഞ്ജലി അർപ്പിക്കേണ്ട സന്ദർഭത്തിൽ ‘ ഞ’ ‘ജ’
ഇവയുടെ ക്രമം മാറുന്നത് അക്രമമല്ലേ ???

“അതി സർവ്വത്ര വർജ്ജയേത്”

അതി ദാനം കൊണ്ട് കർണ്ണൻ,
അതി കാമം കൊണ്ട് രാവണൻ,
അതി ലോഭം കൊണ്ട്
ദുര്യോധനൻ…… ഇവരൊക്കെ നശിപ്പിച്ചു.
അതുകൊണ്ട് അതിയായത്
വർജ്ജിക്കിൻ……

അങ്ങനങ്ങനെ അതിയായ ഉപഭോഗം രോഗവും നാശവും ഉണ്ടാക്കും. ആയുർവ്വേദത്തിലെ പഥ്യം ഇത്തരുണത്തിൽ കൂടി കടന്നു വരുന്നതാണ്.

എല്ലാം ആസ്വദിക്കാം,അമിതമാവരുത്. അതിരു വേണം.നിയന്ത്രണം വേണം. നമ്മുടെ ഉപഭോഗം മറ്റുള്ളവർക്ക് ശല്യമാകരുത്. ”

“അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം” ( നാരായണഗുരു)

ഇത്രയേ ജീവിതത്തിൽ പഠിക്കേണ്ടതുള്ളു .

കല്യാണം

സംസ്കൃതത്തിൽ ‘മംഗളം’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന കല്യാണം മലയാളത്തിൽ വിവാഹമായത് മംഗളകരമായ കർമ്മമായതു കൊണ്ടായിരിക്കാം.

കല്യാണി സുന്ദരിയാണ്.

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments