വക്കടരാത്ത വാക്കുകൾ, അനാദിയായി ഉറവെടുത്ത ശബ്ദാവലി.ഭാരതീയർക്ക് നടരാജഢമരു ഉതിർത്ത നാദ പ്രപഞ്ചം!
നോം ചോംസ്കി ഭാഷാ ദർശനത്തിലും സാമൂഹിക നിരീക്ഷണത്തിലും അമേരിക്കയെ/ലോകത്തെ ഞെട്ടിക്കാറുണ്ട്.
ഭാഷയുടെ സർഗ്ഗാത്മകത കുടികൊള്ളുന്നത് വാക്യത്തിലാണ് എന്ന അദ്ദേഹത്തിൻെറ ദർശനം ആധുനിക ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗം ഈ ദർശനത്തിൽ മുന്നേറുകയാണ്. അതിൻെറ അല കേരളത്തിലും എത്തിയിട്ടുണ്ടെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ!
നോം ചോംസ്കി പറയുകയാണ്…..
നാളിതുവരെ കേട്ടിട്ടില്ലാത്തതും വായിച്ചിട്ടില്ലാത്തതുമായ വാക്യാർത്ഥം നാം മനസ്സിലാക്കുന്നത് ഈ സർഗ്ഗാത്മകത മൂലമാണ്.ഓരോ പുതിയ സന്ദർഭത്തിലും പുതു പുതു വാക്യങ്ങൾ നിർമ്മിക്കുന്നതും മേൽപ്പറഞ്ഞ സർഗ്ഗാത്മകത മൂലമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
വാക്യങ്ങൾ മാത്രമല്ല വർണ്ണങ്ങളും വാക്കുകളും മനുഷ്യർ ശൈശവം മുതൽ നിർമ്മിക്കുന്നുണ്ടല്ലൊ! നോം ചോംസ്കി അലസരായ അദ്ധ്യാപകരെ എത്ര മാത്രമാണ് സഹായിക്കുന്നതെന്നൊ! തെറ്റായ വാക്യങ്ങളെങ്കിലും ആശയം ധരിച്ചിട്ടുണ്ടെന്നൊ
പുതുവാക്യ നിർമ്മിതി നടന്നിട്ടുണ്ടെന്നൊ സങ്കല്പിച്ച് മാർക്കു നൽകുന്നു.
ക്രോധം
പിടിപെടാത്തവർ ആരുണ്ട് ?
വാക്യത്തിലേയ്ക്ക് കടക്കും മുൻപ് ക്രോധമെന്ന വാക്കിന്റെ കൂടെ കുറഞ്ഞൊന്നു സഞ്ചരിക്കാം……
ഋഷിചിന്തയിൽ ക്രോധം ദക്ഷപുത്രിയായ ക്രോധയിൽ നിന്നും ഉണ്ടായതാണ്. പിശാചുക്കളും മൃഗങ്ങളുമൊക്കെ ക്രോധ ജന്മം നൽകിയതു തന്നെ! ഷഡ് വൈരികളെന്നു വിവക്ഷിക്കുന്നത് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ്. മുൻഗണനാക്രമം നൽകിയിരിക്കുന്നത് അവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കിയാണ്. ഏറ്റവും പ്രശ്നകാരി കാമമാണെന്നും മറിച്ച് ക്രോധമാണെന്നും ആചാര്യന്മാർ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രോധമാണ് കരുതിയിരിക്കേണ്ട ശത്രുവെന്ന് എഴുത്തച്ഛന്റെ ലിഖിതമുണ്ട്.
” ….ആകയാൽ മോക്ഷാർത്ഥിയാകിൽ വിദ്യാഭ്യാസം
ഏകാന്ത ചേതസ്സാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭ മോഹാദികൾ ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ..”
കാമത്തിന് ആഗ്രഹമെന്നും ലൈംഗികത എന്നും അർത്ഥമുണ്ട്.ആഗ്രഹനിവൃത്തി വരുത്തിയ പല ജിതേന്ദ്രൻമാരും ലൈംഗികതയിൽ പതറിയതായി പുരാണം വ്യക്തമാക്കുന്നു. ക്രോധത്തെ അതിജീവിക്കാൻ അവർക്കു കഴിഞ്ഞിട്ടുമുണ്ട്!
ഷഡ്വൈരികൾ എന്നു വിശേഷിപ്പിക്കുന്ന വികാരങ്ങളില്ലാതെ ജീവിതമില്ല.ഗുഹാവാസി മർത്ത്യനിൽ കണ്ടെത്തിയ ക്രോധം മാറ്റമില്ലാതെ തുടരുന്നുണ്ട്. മനുഷ്യ പരിണാമത്തിൽ ക്രോധത്തിന് മായികമായ ഒരു ഭാവം മാറ്റം സംഭവിച്ചിട്ടുണ്ട്. ഇരുണ്ട ഗുഹകളിൽ തീകൊളുത്തി ഉറഞ്ഞാടിയിരുന്ന ആദിമൻ പലതരം ശബ്ദങ്ങൾക്കാപ്പം പല്ലും വെളിയിൽ കാട്ടിയിരുന്നു.പച്ച മാംസം കടിച്ചു കീറുന്ന ,ചോരക്കറയുള്ള പല്ലുകൾ ! ദേഷ്യം വരുമ്പോൾ പല്ലിറുമ്മാറുണ്ടല്ലൊ .ക്രോധത്തിൻെറ ആ ബാഹ്യപ്രകടനത്തെ ചിരിയായി പരിവർത്തിപ്പിക്കാൻ മനുഷ്യനു കഴിഞ്ഞു. ചിരിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്!! ഓർക്കുക; ക്രോധത്തിലും സ്നേഹപ്രകടനാത്മകമായ ചിരിയിലും പല്ല് വെളിയിൽ
കാണിക്കും! പല്ലിറുമ്മും, പാൽച്ചിരി പൊഴിക്കും !!
ചിരി കടഞ്ഞടുത്താൽ പഴയ ക്രോധം അടിയണമല്ലൊ.
” ക്രോധം പരിത്യജിക്കേണം ബുധജനം ” എന്ന് എഴുത്തച്ഛൻ.
രാമാഭിഷേകം തീരുമാനിച്ച് ദശരഥൻ കൗസല്യയുടെ കൊട്ടാരത്തിൽ പോകാതെ കൈകേയിയുടെ കൊട്ടാരത്തിലേക്കാണ് ചെന്നത്. കൈകേയി ക്രോധാഗാരം പൂകിയിരിക്കുകയാണെന്ന അറിയിപ്പു കിട്ടി. അതായത് ദേഷ്യം വരുമ്പോൾ ചെന്നിരിക്കാനുള്ള മുറി. ദേഷ്യം ചിതറിപ്പോകുന്ന സംവിധാനം, അല്ലെങ്കിൽ ദൃശ്യ ശ്രവ്യാദികൾ അക്കാലത്ത് ധാരണയിലുണ്ടായിരുന്നു. രാമായണത്തിലെ നാടകീയതയുടെ ഉഗ്രസ്ഫോടകത്വമുള്ള ഒരു ബോംബാണ് ആ പരാമർശം .
ക്രോധത്തെ കാമത്തിന്റെ അനുജൻ എന്ന് ശ്രീമദ്ഭാഗവതം !
അഭിജാതമായ വാങ്മയവും കഥകളും പേറിയാണല്ലൊ ശ്രീമദ് ഭാഗവതം അവതരിച്ചി രിക്കുന്നത് !!!
മതിൽ
മതി മതി ഇനിയിങ്ങോട്ടു
പ്രവേശിക്കേണ്ടതില്ല, അതിക്രമിച്ചു കടക്കുന്നവരെ തടഞ്ഞിരിക്കുന്നു എന്നു പറയുന്നതു തന്നെ മതിൽ .
തത്ത്വമസിയിൽ എത്ര ‘ത’ വേണം ?
തത് +ത്വം+ അസി = അത് നീയാകുന്നു എന്ന അർത്ഥസിദ്ധിയ്ക്ക് ‘ത’ രണ്ടു വേണം.
തൃശൂർ…..
തിരു+ ശിവ + പേര്+ ഊര് തിരുശിവപേരൂരും തൃശൂരുമായി.
ചരിത്രം,ഭൂമിശാസ്ത്രം, ഐതിഹ്യം തുടങ്ങി പലതിൽ നിന്നും ആവിർഭവിച്ച വാക്കുകൾ ഉച്ചാരണ സൗകര്യാർത്ഥം പല രൂപങ്ങൾ കൈവരിച്ചു കൊണ്ടിരിക്കും .