Logo Below Image
Monday, July 7, 2025
Logo Below Image
Homeസ്പെഷ്യൽതാലപത്രം (ഭാഗം -2) ആര്യ മഞ്ജുശ്രീ മൂലകല്പം (ബുദ്ധമതത്തിലെ അപൂർവ്വ തന്ത്രശാസ്ത്ര - ചരിത്രകൃതി) ✍...

താലപത്രം (ഭാഗം -2) ആര്യ മഞ്ജുശ്രീ മൂലകല്പം (ബുദ്ധമതത്തിലെ അപൂർവ്വ തന്ത്രശാസ്ത്ര – ചരിത്രകൃതി) ✍ തയ്യാറാക്കിയത്: പ്രൊഫസ്സർ ആർ.ബി. ശ്രീകല

ആര്യ മഞ്ജുശ്രീ മൂലകല്പം
(ബുദ്ധമതത്തിലെ അപൂർവ്വ തന്ത്രശാസ്ത്ര – ചരിത്രകൃതി)

കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തിനു സമീപമുള്ള മണലിക്കര മഠത്തിൽനിന്ന് വിശിഷ്ടങ്ങളായ പല ഗ്രന്ഥങ്ങളും കേരള സർവ്വകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിന് ലഭിച്ചിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയവും അപൂർവ്വവുമായ താളിയോല ഗ്രന്ഥമാണ് ‘ആര്യ മഞ്ജുശ്രീ മൂലകല്പം’. എ.സി.സി.നമ്പർ സി – 2388’ എന്ന് ഈഗ്രന്ഥം ലൈബ്രറിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ട്രിവാൻഡ്രം സാൻസ്ക്രിറ്റ് സീരീസിൽ മഹാ മഹോപാധ്യായ ഡോ. ടി. ഗണപതി ശാസ്ത്രി എഴുപതാം നമ്പറായി ആര്യ മഞ്ജുശ്രീ മൂലകൽപ്പത്തിൻ്റെ പ്രഥമഭാഗം 1920 ൽ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽനിന്ന് പ്രസിദ്ധീകരിച്ചു. കൊട്ടാരം ഗ്രന്ഥപ്പുരയിലെ സംസ്കൃത ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനുവേണ്ടി തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് 1908 ൽ ഗണപതിശാസ്ത്രിയെ ശ്രീമൂലം തിരുനാൾ നിയമിച്ചിരുന്നു. ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെ ആദ്യ ക്യൂറേറ്റർ എന്ന നിലയിൽ പിൽക്കാലത്ത് ഗണപതിശാസ്ത്രി അറിയപ്പെട്ടു. പിന്നീട് രണ്ടും മൂന്നും ഭാഗങ്ങളിലായി അദ്ദേഹംതന്നെ ആ ഗ്രന്ഥം മുഴുവനും അച്ചടിച്ചു.

ഉറവിടം, ഘടന, എഴുത്തുരീതി

1909 ൽ ഗണപതിശാസ്ത്രികളാണ് കന്യാകുമാരി ജില്ലയിലെ മണലിക്കരമഠത്തിൽ നിന്ന് ഈ ഗ്രന്ഥം കണ്ടെടുത്തത്.

നേപ്പാളി ഭാഷയിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത്. നീളമുള്ളതും വളരെ നേർത്തതുമായ താളിയോലയിൽ ഒരു പ്രത്യേകതരം കറുത്ത മഷി ഉപയോഗിച്ച് ബ്രഷ് കൊണ്ടാണ് കൃതി എഴുതിയിട്ടുള്ളത്. കന്യാകുമാരി ജില്ലയിലെ മണലിക്കരമഠത്തിൽ നിന്ന് കേരള സർവ്വകലാശാലയ്ക്കുലഭിച്ച ഈ ഗ്രന്ഥത്തിൽ 308 ഓലകൾ അടങ്ങിയിരിക്കുന്നു. ഇതിലെ ഗ്രന്ഥസംഖ്യ 13000 ആണ്. കാഴ്ചയിൽ വളരെ മനോഹരവും കൗതുകകരവുമാണ് ഈ താളിയോല ഗ്രന്ഥം. ഗ്രന്ഥത്തിന് 300 മുതൽ 400 വരെ വർഷങ്ങൾ പഴക്കമുണ്ടാകാമെന്ന് 1920 ൽ ഗണപതിശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. ദേവനാഗരി ലിപിയിൽ ആണ് ഈ കൃതി എഴുതിയിട്ടുള്ളത് എന്ന് ശാസ്ത്രികൾ പറയുന്നുണ്ടെങ്കിലും നേപ്പാളിയിലെ നേവാരിസ്ക്രിപ്റ്റാണ് ഇതിൽ കാണുന്നത് എന്നും അതിന് ദേവനാഗരിയോട് സാദൃശ്യമുണ്ടെന്നും അഭിപ്രായമുണ്ട്.

നല്ല രീതിയിൽ മാർജിൻ വിട്ടിട്ട് കട്ടി ആയിട്ടുള്ള ലിപിയിലാണ് മഷി ഉപയോഗിച്ച് ഗ്രന്ഥം എഴുതിയിട്ടുള്ളത്. നാട കെട്ടാൻ കൃത്യമായി സ്ഥലം ഓലയിൽ ഇട്ടിട്ടുണ്ട്. ദേവനാഗരി ലിപിയാണെങ്കിലും നല്ലൊരു സംസ്കൃത പണ്ഡിതൻ പോലും വായിച്ചു മനസ്സിലാക്കാൻ പ്രയാസം ആണെന്ന് ഡോ.. കെ.വിജയൻ പറയുന്നു. വാക്കുകൾക്കിടയിൽ സ്ഥലം വിടാതെ വരികൾ തുടർച്ചയായി എഴുതിയിരിക്കുന്നു. പ്രകൃതിദത്തമോ നിർമ്മിതമോ ആയ ഏതോ മഷി ഉപയോഗിച്ചാണ് എഴുത്ത്. 500 വർഷങ്ങൾക്കിപ്പുറത്തും യാതൊരു മങ്ങലുമേൽക്കാതെ ഇതിലെ എഴുത്ത് കാഴ്ചക്കാരിൽ അത്‌ഭുതം ജനിപ്പിക്കുന്നു.

കൊളോഫോൺ

മഹായാന ബുദ്ധമതത്തിന്റെ തന്ത്ര ഗ്രന്ഥമാണിത്. ഗ്രന്ഥാവസാനത്തിൽ കാണുന്ന കൊളോഫോണിൽ, പകർത്തി എഴുതിയ പണ്ഡിത രവിചന്ദ്ര എന്ന ആൾ അതിന്റെ മുൻപകർപ്പ് നോക്കി കിട്ടിയിടത്തോളം പകർത്തി എഴുതിയിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘പണ്ഡിറ്റ് രവിചന്ദ്രലിഖിതം’ എന്ന് അവസാനിക്കുന്ന കൊളോ ഫോണിൽ നിന്ന് ഈ ഗ്രന്ഥം പകർത്തിയത് ആ വ്യക്തിയാണെന്ന് മനസ്സിലാക്കാം.
ഗണപതിശാസ്ത്രി 1920 ൽ പ്രസിദ്ധീകരിച്ച ആര്യ മഞ്ജുശ്രീ മൂലകൽപ്പത്തിന്റെ ഒന്നാം ഭാഗത്തിന്റെ ആമുഖത്തിൽ ഗ്രന്ഥാലയത്തിലുള്ള ആര്യ മഞ്ജുശ്രീ മൂലകല്പം പകർത്തിയിട്ടുള്ളത് ഒരു അപൂർണ്ണ കൃതിയിൽ നിന്നാണ് എന്ന് പറയുന്നുണ്ട്.

ഈ വിലപ്പെട്ട ഗ്രന്ഥത്തിന്റെആധികാരികമായ ഒരു പകർപ്പ് മാത്രമേ ലോകത്ത് ലഭ്യമായിട്ടുള്ളു. നേവാരി ലിപിയോടു സാദ്യശ്യമുള്ള ദേവനാഗരിയിലെഴുതിയ ആ ഗ്രന്ഥം കേരള സർവ്വകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിന് സ്വന്തമാണ്. ടിബറ്റിൽ മറ്റൊരു ഗ്രന്ഥം ഉള്ളതായി പറയപ്പെടുന്നു എങ്കിലും അതിന് വ്യക്തമായ തെളിവില്ല. പിൽക്കാലത്ത് ഫ്രഞ്ച് പ്രൊഫസറും പണ്ഡിതനുമായ സിൽവെയ്ൻ ലെവി കൃതിയുടെ ചൈനീസ് പകർപ്പ് കണ്ടിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്.

ഉള്ളടക്കം

ബുദ്ധമതവിഷയങ്ങളും ദീർഘജീവിതവും ആരോഗ്യവും സന്തോഷവും ഇഷ്ടകാര്യ പ്രാപ്തിയും മന്ത്രശക്തിയും ജ്യോതിഷവും അദൃശ്യശക്തികളെക്കുറിച്ചുള്ള വിവരങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഗുരുശിഷ്യ സംവാദരീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ആര്യ മഞ്ജുശ്രീ മൂലകല്പം എ.ഡി.എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ അപൂർവ്വവും അമൂല്യമായ ഒരു ബുദ്ധമതകൃതിയാണ്.ആഗമ/വിഭാഗത്തിൽപ്പെട്ട കൃതിയാണിത്.

വിജ്ഞാന നിധി

വളരെ അപൂർവ്വവും അമൂല്യവുമായ ഈ ഗ്രന്ഥം ലോകശ്രദ്ധ ആകർഷിച്ചതാണ്. ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നാഷണൽ മിഷൻ ഫോർ മാനുസ്ക്രിപ്റ്റ്സ് ‘വിജ്ഞാന നിധി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ അപൂർവ്വ സമാഹാരത്തിൽ ഈ ഗ്രന്ഥത്തെ ഉൾപ്പെടുത്തിയത് കേരള സർവ്വകലാശാലയ്ക്ക് അഭിമാനനേട്ടമാണ്. പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപകൊണ്ടാണ് ഗണപതിശാസ്ത്രി മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം പിൽക്കാലത്ത് 2008 ൽ ഡോ. പി. വിശാലാക്ഷി ട്രിവാൻഡ്രം സാൻസ്ക്രിറ്റ് സീരീസിലൂടെ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചത്.

👆ആര്യ മഞ്ജുശ്രീ മൂല കല്പത്തിന്റെ താളിയോലകൾ👆

38 താളിയോലകളാണ് ഇതിൽ ഉള്ളത്. ഓരോ ഓലയിലും ആറുവരി വീതമുണ്ട്. ഇതിലെ വ്യാകരണ- ഭാഷാപ്രയോഗ തെറ്റുകൾ പരിഹരിക്കാൻ ശ്രമിച്ച ഫ്രഞ്ച് പ്രൊഫസർ പറഞ്ഞത് താൻ ചൈനീസ് ലിപിയിൽ എഴുതിയ ഒരു ഗ്രന്ഥം മാത്രമേ ഇതിന് വേറെ കണ്ടിട്ടുള്ളൂ എന്നാണ്. ആദ്യമായി ഈ ഗ്രന്ഥത്തിന്റെ മൂലകൃതി പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ച ഗണപതിശാസ്ത്രി ആമുഖത്തിൽ ഫ്രഞ്ച് പ്രൊഫസർ ആയ സിൽവെയ്ൻ ലെവിയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത ചരിത്ര ഗവേഷകനായ കെ. പി ജയ്സ്വാൾ ബി.സി. 600 മുതൽ എ.ഡി. 700 വരെയുള്ള ഇന്ത്യാ ചരിത്രരചനയിൽ പറയുന്നത് ഈ അപൂർവ്വഗ്രന്ഥം മതഗ്രന്ഥം എന്നനിലയിൽ മാത്രമല്ല ചരിത്രം, സാമൂഹ്യശാസ്ത്രം, സംസ്കാരം എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകൾ തനിക്ക് നൽകിയ ഗ്രന്ഥം കൂടിയാണ് എന്നാണ്. ഗ്രന്ഥകർത്താവിന്റെ പേര് ഗ്രന്ഥത്തിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല എങ്കിലും പകർത്തി എഴുതിയ പണ്ഡിത രവിചന്ദ്രനെക്കുറിച്ചുള്ള സൂചന കൊളോഫോണിൽ ഉണ്ട്.

ശ്രീമൂലവാസം എന്ന പേരിൽ പ്രസിദ്ധമായിരുന്ന ബുദ്ധവിഹാരം കേരളത്തിന്റെ കടൽത്തീരത്ത് ഉണ്ടായിരുന്നു എന്ന് ‘ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ ‘എന്ന കൃതിയിൽ നീലകണ്ഠശാസ്ത്രി രേഖപ്പെടുത്തുന്നുണ്ട്. ആര്യ മഞ്ജുശ്രീ മൂലകൽപ്പത്തിൽ ശ്രീമൂലവാസത്തെപ്പറ്റി സൂചനയുണ്ട്. ഈ ബൗദ്ധ താന്ത്രിക ഗ്രന്ഥത്തിന്റെ ഒടുവിൽ ‘ശ്രീമൂലഘോഷ വിഹാരാധിപതി മധ്യദേശത്ത്‌ രവിചന്ദ്ര ലിഖിതമിതി ‘എന്ന സൂചനയുണ്ട്. ഇതിലെ ശ്രീമൂലഘോഷവിഹാരം ശ്രീമൂലവാസം ആണെന്ന് പറയപ്പെടുന്നു. ഇവിടെ ലഭ്യമായിട്ടുള്ള ആര്യ മഞ്ജുശ്രീ മൂലകൽപ്പം വജ്രയാന രീതിയിൽ എഴുതപ്പെട്ടതാണ് എങ്കിലും മഹായാന ബുദ്ധിസവുമായിട്ട് ഈ ഗ്രന്ഥത്തിന് അഭേദ്യബന്ധമുണ്ട്. ബോധിസത്വ കാര്യങ്ങൾ, മാന്ത്രികവിഷയങ്ങൾ എന്നിവ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. മഹായാന – വജ്രയാന ബുദ്ധിസവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് കിട്ടിയ ഈ പകർപ്പ് മഹായാന ബുദ്ധിസത്തിന്റെ കേരളത്തിലെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

‘മഹാ-വൈപുല്യ-മഹായാന-സൂത്ര’ എന്നാണ് ആര്യ മഞ്ജുശ്രീ മൂലകല്പം തിരിച്ചറിയപ്പെടുന്നത്. ഇതിന്റെ ഉള്ളടക്കം പൂർണമായും മഹായാന ബുദ്ധിസത്തിന്റെ സത്ത ഉൾക്കൊള്ളുന്നു. ഗ്രന്ഥത്തിന്റെ കൂടുതൽ ഭാഗവും ശാക്യമുനി ബോധി സത്വജ്ഞാനിയായ മഞ്ജുശ്രീയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ആദ്യത്തെ മൂന്ന് അധ്യായങ്ങളിലും മഞ്ജുശ്രീ സംസാരിക്കുന്നു. അവസാന രണ്ട് അധ്യായങ്ങളിൽ വിജയദേവത ആണ് മഞ്ജുശ്രീയോട് മന്ത്രങ്ങൾ, മുദ്രകൾ, മണ്ഡലങ്ങൾ എന്നിവ ഉപദേശിക്കുന്നത്. ബുദ്ധമതത്തിന്റെ മന്ത്രോച്ചാരണരീതി മാന്ത്രികരീതിയിലാണെന്നത്കൗതുകകരമാണ്. ഈ ഗ്രന്ഥം എ ഡി 980 നും 1000 നും ഇടയിൽ ‘മഹാവൈപുല്യസൂത്ര’ എന്ന നിലയിൽ ചൈനീസ് ഭാഷയിലേക്കും തന്ത്ര ഗ്രന്ഥം എന്ന നിലയിൽ പതിനൊന്നാം നൂറ്റാണ്ടിൽ ടിബറ്റൻ ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടു എന്ന് വിജ്ഞാന നിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ആര്യ മഞ്ജുശ്രീ മൂലകൽപ്പം പോലെയുള്ള അപൂർവ്വങ്ങളായ നിരവധി അമൂല്യ ഗ്രന്ഥങ്ങൾ കേരളസർവ്വകലാശാലയുടെ ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നു. തിരുവിതാംകൂർ കൊട്ടാരം, കേരളത്തിലെ പ്രധാനപ്പെട്ടമഠങ്ങൾ, മനകൾ, ഇല്ലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായിട്ടുള്ള പ്രശസ്തങ്ങളായ പ്രാചീന ഗ്രന്ഥങ്ങൾ നമ്മുടെ -ചരിത്ര -വിജ്ഞാനസാഹിത്യ-സംസ്കാരങ്ങളുടെഭൂതകാലങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അതുകൊണ്ടുതന്നെയാണ്   പ്രാചീനകയ്യെഴുത്തുഗ്രന്ഥങ്ങളെ ‘’മാനവകുലത്തന്റെഎഴുതപ്പെട്ടസ്മരണ’ എന്നു വിശേഷിപ്പിക്കുന്നത്..

തയ്യാറാക്കിയത്:
പ്രൊഫസ്സർ ആർ.ബി. ശ്രീകല

RELATED ARTICLES

12 COMMENTS

  1. വെളിച്ചം കാണാത്ത ഒട്ടനവധി ഗ്രന്ഥങ്ങൾ ടീച്ചറിലൂടെ വായിക്കാനും മനസ്സിലാക്കാനും കഴിയുന്നു…
    നല്ല എഴുത്ത്… തുടരുക ❤️🥰

  2. അത്യപൂർവമായ ഗ്രന്ഥം. അത്ഭുതം തോന്നുന്ന അറിവുകൾ. ഇ ഗ്രന്ഥം ടീച്ചറിന്റെ വാക്കുകളിലൂടെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗമായി കരുതുന്നു ❤️

  3. നല്ല അറിവുകൾ, ഇനിയും ജനോപകാരപ്രദമായ എഴുത്തുകൾ ഉണ്ടാവട്ടെ എന്നാശിക്കുന്നു🥰

  4. ഹസ്തലിഖിത ഗ്രന്ഥാലയത്തിലെ വിജ്ഞാന നിധി ശേഖരം വായനക്കാർക്കായി തുറന്നു വയ്ക്കുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ🥰🥰

  5. വിലയേറിയ അറിവുകൾ പങ്കുവെയ്ക്കുന്ന ഏറെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് ആശംസകൾ… 🥰🙏🏻

  6. അറിവുകളുടെ നിധിശേഖരത്തിൻ്റെ കാവൽക്കാരിയാകുക എന്നത് മഹത്തരമായ കാര്യമാണ്. നിധിയുടെ വിവരം മറ്റുള്ളവരുടെ അറിവിലേയ്ക്കും നൽകുക എന്നത് മഹോന്നതം…….. തുടരുക

  7. താളിയോല ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനം വളരെ താല്പര്യത്തോടെ കൂടിയാണ് വായിക്കുന്നത്.
    ശരിക്കും അത്ഭുതം തന്നെയാണ് ഇത്തരത്തിലുള്ള താളിയോല ഗ്രന്ഥങ്ങൾ.
    പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം

  8. താളിയോലകളെക്കുറിച്ചുള്ള എഴുത്ത് വളരെ നന്നായിട്ടുണ്ട്.👍👍

  9. അറിയുന്തോറും ആഴമേറുന്ന ഒന്നാണല്ലോ വിജ്ഞാനം.ഈ അപൂർവ്വ ഗ്രന്ഥം അത്തരത്തിൽ ഒന്നാണ് എന്ന് മനസ്സിലാക്കി തരുന്ന എഴുത്ത്.ആശംസകൾ ടീച്ചർ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ