സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ , അശാന്തിയോ , സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല , പൊട്ടിയ വീണക്കമ്പികളില്ല , ശ്രുതിപിഴച്ച സംഗീതമില്ല , താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ വിഹ്വലതയോ ആ തീരത്തെ ബാധിക്കില്ല. അവിടെ ശരിതെറ്റുകളില്ല. വിരൽചൂണ്ടാനൊരു സമൂഹവുമില്ല. സ്വപ്നത്തെ സന്തതസഹചാരിയാക്കാൻ , മനസ്സിനോട് അടുപ്പിക്കാൻ ഇതൊക്കെ പോരേ?
കുഞ്ഞുനാളിൽ ഏട്ടനായിരുന്നെന്റെ സ്വപ്നം. ആ വിരൽത്തുമ്പിൽ തൂങ്ങി ഞാൻ കാണാത്ത കാഴ്ചകളില്ല. കേൾക്കാത്ത കഥകളില്ല. എങ്കിലും എന്റെ എല്ലാ സഞ്ചാരങ്ങളും കുറ്റിയിൽ കെട്ടിയിട്ട പശുവിന്റെ കറക്കംപോലെ ഒരു ചെറിയ വൃത്തത്തിലൊതുങ്ങി.തുംഗമായ മീനച്ചൂടിൽ എന്റെ ഉള്ളം കുളുർപ്പിക്കുന്ന സ്വപ്നമായി ഏട്ടന്റെ ഗന്ധർവ്വ മന്ത്രം. ചിന്ദ്രത്തൊടിയിലെ പാമ്പിൻകാവിൽ വെള്ളരിമാവിന്റെ തണലിലിരുന്നു കൊത്താങ്കല്ലാടുമ്പോൾ ഏട്ടൻ കാതിൽ മന്ത്രിക്കും.
“ഉണ്ണിമോളേ.. നട്ടുച്ചക്ക് ഈ വഴി ഗന്ധർവ്വന്മാർ വരും ”
പെറ്റിക്കോട്ടിന്റെ അറ്റം വലിച്ചുതാഴ്ത്തി ആ ആറുവയസ്സുകാരി ഏട്ടനെ നോക്കും , അത്ഭുതാദരങ്ങളോടെ.
“ഏട്ടന് എന്തൊക്കെ ഒരറിവാ ”
“അവര് വരണത് നമ്മള് മനുഷ്യമ്മാര് കാണില്ല്യാ ഉണ്ണിമോളേ. നമ്മള് എങ്ങന്യാ അറിയാ ന്നോ? അപ്പോൾ നല്ല കാറ്റുണ്ടാകും. ഈ മാവിന്റെ കൊമ്പൊക്കെ ഉലഞ്ഞാട്ണ് കണ്ടാൽ ഉറപ്പിക്കാം , ഗന്ധർവ്വന്റെ വരവുണ്ടെന്നു. ആ നേരത്തു കണ്ണടച്ചു ഗന്ധർവ്വമന്ത്രം ചൊല്ലിയാൽ രാത്രി സ്വപ്നത്തില് അവര് വരും. നമുക്ക് മായക്കാഴ്ചകൾ കാട്ടിത്തരാൻ. ”
ചുഴികുത്തി വരുന്ന കാറ്റിനൊപ്പം ഗന്ധർവ്വമന്ത്രം ഉരുവിടുമ്പോൾ ഉള്ളിലൊരു ഭയം. മന്ത്രം തെറ്റിപ്പോവ്വോ, ഉരുവിടുമ്പോൾ!
“തെറ്റല്ലേ ഗന്ധർവ്വാ ”
അവിടേം ഏട്ടന്റെ ന്യായം.
“തെറ്റ്യാൽ ഗന്ധർവ്വൻ പേട്യാട്ടാൻ വരും ട്ടോ ഉണ്ണിമോളേ, രാത്രീല് ”
ആറുവയസ്സുകാരിയുടെ സ്വപ്നങ്ങളിൽ വിരുന്നുവന്ന ഗന്ധർവ്വന്റെ കൈയിൽ ചുനയൊലിയ്ക്കുന്ന മൊട്ടിക്കുടിക്കാൻ പാകമായ മത്തുപിടിപ്പിക്കുന്ന മണമുള്ള നാട്ടുമാങ്ങ. ഏഴുകുതിരകളെ പൂട്ടിയ സ്വർണരഥത്തിൽ ഗന്ധർവ്വൻ അവളെ പുഷ്പസമാനം എടുത്തുകയറ്റി. മേഘമാലകളിൽകൂടി ഊളിയിട്ട് ആ രഥമങ്ങനെ…
ഗന്ധർവ്വൻ അവളെ നക്ഷത്രപ്പൊട്ടിട്ട ഊഞ്ഞാലിൽ ആടിച്ചു. കിന്നരന്മാരുടെ അലൗകിക സംഗീതംഒഴുകിപ്പരന്ന ആ അനുഭൂതിയിൽ ലയിച്ച് ഉണ്ണിമോളെന്ന ഈ ഞാൻ മിഴികൂമ്പിക്കിടന്നു.
കുറച്ചുകൂടി വലുതായപ്പോൾ ഉണ്ണിമോളുടെ കണ്ണുകളിൽ സ്വപ്നം വിടരാൻ തുടങ്ങി. അവളുടെ കണ്ണുകളിലാണ് സ്വപ്നം മയങ്ങുന്നതെന്നു പല ഗന്ധർവ്വന്മാരും പറഞ്ഞു. പക്ഷേ പറഞ്ഞ ആ ഗന്ധർവ്വന്മാരെല്ലാം ഈ ഭൂമിയിലുള്ളവർ തന്നെയായിരുന്നു. പലരാത്രികളിലും ഇത്തരം ഗന്ധർവ്വന്മാരുടെ തൃഷ്ണമുറ്റിയ നോട്ടം ഉണ്ണിമോളുടെ ഇളം മനസ്സിനെ അസ്വസ്ഥമാക്കി. സദാചാരമോഹവും , തറവാട്ടുമഹിമയും മഴവിൽചാരുതയുള്ള സ്വപ്നങ്ങളെ ആട്ടിപ്പുറത്താക്കി വാതിലടച്ചു സാക്ഷയിട്ടു. എങ്കിലും താക്കോൽപ്പഴുതിലൂടെ അകത്തേക്കെത്തിനോക്കിയ സ്വപ്നച്ചീളുകൾക്കെന്തു തുടുപ്പായിരുന്നു! എന്ത് മിനുപ്പായിരുന്നു !
നഷ്ടബോധത്തിലലിഞ്ഞ നൈരാശ്യത്തോടെ ഉണ്ണിമോള് നെടുവീർപ്പിട്ടു.
ആർദ്രാവ്രതം നോറ്റു പാതിരാപ്പൂ ചൂടുന്ന പെണ്ണിനെ കള്ളനോട്ടമെറിയുന്ന പൂർണ്ണചന്ദ്രൻ. തുടികുളിയുടെ താളത്തോടൊപ്പം ചിതറിത്തെറിക്കുന്ന ജലബിന്ദുക്കളിൽ താനാരാധിക്കുന്ന ഗന്ധർവ്വന്റെ മുഖം സമന്വയിപ്പിക്കാൻ ഉണ്ണിമോള് ശ്രമിച്ചു.
“ശ്രീ സോമായ നമഃ ” എരുക്കിലയോടൊപ്പം ചേർത്തുപിടിച്ച വാൽക്കണ്ണാടിയിൽ മഞ്ഞിന്റെ കുളിര്. അമ്പിളിയെ അർച്ചിക്കുന്ന പെൺകൊടിയ്ക്കു കാണാനായത് മാനത്തുനിന്നും കുസൃതിച്ചിരിയോടെ തന്നിലേക്ക് ഒഴുകിപ്പടരുന്ന ഗന്ധർവ്വനെ. അവളുടെ മിഴികൾ കൂമ്പി. കവിളിൽ കൊടുവേലിപ്പൂവുകൾ പൂത്തുലഞ്ഞു.
വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായപ്പോൾ ഉണ്ണിമോളുടെ സ്വപ്നങ്ങൾക്ക് മറ്റൊരു ഭാവം കൈവന്നു. അവ തന്റെ കണ്മണികൾക്കു ചുറ്റും ഈയാംപാറ്റകളെപ്പോലെ വട്ടമിട്ടു പറന്നു. അവരുടെ പാദപതനങ്ങൾക്കൊപ്പം കിലുങ്ങുന്ന കൊലുസുമണികളിൽ അവളുടെ സ്വപ്നം കുരുങ്ങിക്കിടന്നു. കൗമാര സ്വപ്നങ്ങളിലെ ഗന്ധർവ്വന്റെ തീക്ഷ്ണമായ നോട്ടവും തുടിയ്ക്കുന്ന ചുണ്ടും ആത്മാവിന്റെ അന്തരാളങ്ങളിൽ അടിഞ്ഞമർന്നു.
ഇന്നു നരയുടെ മേലാപ്പിട്ട ഉണ്ണിമോളുടെ വൃദ്ധനയനങ്ങളിലെ സ്ഥായിയായ ഭാവം നിർവികാരതയാണ്.
എങ്കിലും പകലിന്റെയും , ഇരവിന്റെയും ഇടവേളയിൽ വെയിൽപ്പക്ഷികൾ അന്തിച്ചോപ്പിൽ ചേക്കേറാൻ ശ്രമിക്കുന്ന വിമൂക സന്ധ്യകളിൽ ശംഖൊലിപോലെ മുഴങ്ങുന്നൊരു ശബ്ദത്തിന്റെ അലയൊലികൾ ഉണ്ണിമോളെ തേടിയെത്തുന്നു. കാതരമായൊരു നോട്ടം അവളുടെ സ്വപ്നങ്ങളെ ഭാവസാന്ദ്രമാക്കുന്നു. വാർദ്ധക്യത്തിന്റെ തളർച്ചയും , വിഹ്വലതകളും മറന്ന് ഉണ്ണിമോൾ പഴയ പതിനേഴുകാരിയാവുന്നു.