Sunday, December 22, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന..”

– വി. ഖുറാൻ

ക്ഷമയെന്ന പ്രാർത്ഥന..
ആ പ്രാർത്ഥനയിൽ ഓർത്തു വെക്കേണ്ടതായ് ചിലതുണ്ട്..
അതാവട്ടെ ഈ പ്രഭാതത്തിലെ ചിന്തകൾ..

☘️ ഒരാളോട് ക്ഷമിക്കുന്നുവെങ്കിൽ അത് അധികം വൈകാതെ തന്നെയാവണം.

“ഞാൻ മനസ്സുകൊണ്ട് ക്ഷമിച്ചിരുന്നു… പക്ഷേ അത് പറയാൻ ആയില്ല… ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല…”

കുമ്പസാരം പോലെ പറയേണ്ടി വരുന്ന ഈ വാക്കുകൾ കൊണ്ട് എന്ത് പ്രയോജനം..?

കോപത്താൽ സംഭവിക്കാവുന്ന എല്ലാ നഷ്ടങ്ങളും ഉണ്ടായതിന് ശേഷമല്ല ക്ഷമിക്കേണ്ടത് എന്ന് ബോദ്ധ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ നാം നിത്യവും കാണുന്നു.

സ്വയം ചെയ്ത തെറ്റ് കൊണ്ടോ.,നമ്മിൽ നിന്നേറ്റ മുറിവുകൊണ്ടോ നീറുന്ന മനസ്സിൻ്റെ ചിന്തകൾ എന്തെന്നും എത്ര തീവ്രമെന്നും അറിയാനാവില്ല.

ആ നിമിഷം വൈകാരിക നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട്
“ഇനി ഞാൻ ജീവിക്കുന്നില്ല …”
എന്ന് ആത്മബന്ധമുള്ള ഒരാൾ പറയുന്നുവെങ്കിൽ സമചിത്തതയോടെ അതിനെ കാണുക. അപ്പോഴത്തെ ഒറ്റ വാക്ക് മതി… സകലതും അവസാനിപ്പിക്കുന്നതിലേക്ക് ആ ജീവിതത്തെ നയിക്കാനും അതുപോലെ ആ ചിന്തയിൽ നിന്നും അവരെ പിന്തിരിപ്പിക്കാനും…!

ചിലപ്പോൾ കഠിന വാക്കുകൾ പറയാതെ മൗനമായിരുന്നാൽ പോലും ഭ്രാന്തമായ ചിന്തകളിൽ നിന്നും അവർ മോചിതരാവും..

“സാരമില്ല… ഇനിയും ഇപ്രകാരം ഉണ്ടാകാതെ സൂക്ഷിക്കുക…”

എന്നൊന്ന് പറഞ്ഞിരുന്നുവെങ്കിൽ അനർത്ഥങ്ങൾ പലതും പലരുടേയും ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പോകുമായിരുന്നു.

ഈ വാക്കുകൾ മതിയായിരുന്നു വിലപ്പെട്ട പല ജീവിതങ്ങളും നഷ്ടമാകാതിരിക്കാൻ…

☘️”നിങ്ങൾ ക്ഷമിച്ചു എങ്കിൽ അത് പറയുക…. വൈകരുത് .. വൈകിയാൽ നിങ്ങൾ ക്ഷമിച്ചതിന് ഫലമില്ലാതെയാവും..”

ഒരു കബറിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയോട് പ്രവാചകന്‍..

“നീ അല്ലാഹുവിനെ സൂക്ഷിക്കുക,.. ക്ഷമിക്കുക .”

എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ ..

“എനിക്ക് ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല. നിനക്കതിനെപ്പറ്റി അറിയുകയുമില്ല..”

എന്നു മറുപടി പറഞ്ഞു.

പ്രവാചകനാണ് തന്നോട് സംസാരിക്കുന്നത് എന്നവര്‍ അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നീട് അത് മനസിലാക്കിപ്പോള്‍ അവർ പ്രവാചകന്റെ അടുത്ത് വന്ന് ..

“എനിക്കറിയില്ലായിരുന്നു അങ്ങാരാണെന്ന് ..”

ക്ഷമാപണത്തോടെ അവർ പറഞ്ഞു.

അതിന് പ്രവാചകന്‍ മറുപടി നൽകിയത് ..

“ക്ഷമ അതിന്റെ പ്രഥമഘട്ടത്തിലാകുന്നു.. ” എന്നാണ്.

എല്ലാം സംഭവിച്ച് കഴിഞ്ഞ് ക്ഷമിച്ചു എന്നു പറയുന്നതില്‍ കഴമ്പില്ല എന്ന് ബോദ്ധ്യപ്പെടുത്തുന്നു ഈ വാക്കുകൾ..

ക്ഷമയുടെ മഹത്വത്തെക്കുറിച്ച് വി. ഖുറാനിലെ മറ്റൊരു വചനം ഇങ്ങനെ:

“കാലം തന്നെയാണ് സത്യം.,
തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു., വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. ”

(വി.ഖുറാൻ 103:1-3)

അവസാനത്തെ വചനഭാഗം ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുക എന്നതാണ് .

“ഇനിയും നീ ക്ഷമിക്കരുത്..”

എന്ന് പറയുന്ന മനുഷ്യർ നഷ്ടത്തിൽ തന്നെയാണ്..
വലിയ നഷ്ടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നവർ…!

മറിച്ച് ഔചിത്യത്തോടെ കാര്യങ്ങളെ കാണുവാനും ക്ഷമിച്ച് മുന്നോട്ട് പോകുവാനും സ്നേഹത്തോടെ പറയുന്നവരുണ്ട്.. നന്മ മാത്രം ആഗ്രഹിക്കുന്നവർ…നഷ്ടമല്ലാത്ത മനുഷ്യർ.. ആ വാക്കുകൾക്ക് ചെവികൊടുക്കുക…

“ക്ഷമിക്കുന്നുവെങ്കിൽ അത് ജീവിതമോ അല്ലെങ്കിൽ ജീവിതത്തിലെ നല്ല ഒരു ദിനമോ നഷ്ടപ്പെടും മുമ്പെ ആവട്ടെ…”

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹപൂർവ്വം ശുഭദിനാശംസകൾ ..

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments