“അവനവനാത്മസുഖത്തിനാചരിക്കൂ –
ന്നവയപരന്നു സുഖത്തിനായ് വരേണം”
ശ്രീ നാരായണ ഗുരുദേവൻ്റെ “ആത്മോപദേശ ശതകത്തിലെ ഒരു സുപ്രസിദ്ധമായ അദ്വൈതസിദ്ധാന്തമാണിത്. മറ്റുള്ളവർക്കുകൂടി സന്തോഷത്തിനിടയാക്കുന്ന കർമ്മത്തിലൂടെ മാത്രമേ ഓരോരുത്തർക്കും ആത്മസുഖം അതായത് ആനന്ദം ലഭിക്കുകയുള്ളൂ എന്നും സുഖം തേടൽ, മറ്റു ജീവജാലങ്ങൾക്ക് ദു:ഖദായകമായിക്കൂടെന്നും ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. ഈ ലോകത്ത് എല്ലാവരും അവനവനുവേണ്ടിയാണ് ജീവിക്കുന്നത് എന്നത് ഒരു സത്യമാണ്. വൃക്ഷലതാദികളുടെ വേരുകൾ നനവിനുവേണ്ടി എങ്ങോട്ടെങ്കിലുമൊക്കെ നീളുന്നതുപോലെയാണ് മനുഷ്യൻ സുഖത്തിനായി മറ്റുള്ളവരുടെ സഹായം തേടുന്നത്. ഈ താൽപര്യത്തിനു ലോകം സ്നേഹമെന്നോ പ്രേമമെന്നോ ഒക്കെ പറയുന്നു. പൊരിയുന്ന വെയിലിൽ തണുത്ത കാറ്റിനുള്ള സ്ഥാനമാണ് സ്നേഹത്തിനുള്ളത്. സുഖം തേടുന്നതിൽ
തെറ്റൊന്നുമില്ല. എന്നാൻ ആ സുഖം മറ്റുള്ളവർക്കു ദു:ഖമാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നുമാത്രം. സുഖം ഒരു ചിത്രശലഭം പോലെയാണ്. അത് ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു മാറിമാറി പറന്നുകൊണ്ടേയിരിക്കും. സുഖാന്വേഷണം ഒരു മരീചിക പോലെയാണ്. ഒന്നു കിട്ടുമ്പോൾ മറ്റൊന്നിനു വേണ്ടി മോഹിക്കും. അതും കിട്ടിയാൽ വേറെ ഒന്ന്. അപ്പോൾ കിട്ടുന്നതിലല്ല, പ്രതീക്കുന്നതിലാണ് സുഖം എന്നതല്ലേ സത്യം?
“ലാകാശ പുഷ്പവും ശുഷ്ക ശുഷ്കം” എന്ന കവിവാക്യം ഓർക്കുക. “കേട്ട പാട്ടു മധുരം കേൾക്കാത്ത പാട്ട് മധുരതരം.” എന്ന മഹദ്വചനവും ഇതുതന്നെ സൂചിപ്പിക്കുന്നു. ഈ സുഖം ശരീരത്തിനു താൽക്കാലിക തൃപ്തി മാത്രം തരുന്നവയാണ്. അനശ്വരമായ ആനന്ദമാകണം നമ്മുടെ ജീവിത ലക്ഷ്യം. ആത്മാവിനു ലഭിക്കുന്ന സുഖമാണ് ആനന്ദം. ശരീരവും ആത്മാവും പരസ്പരം ശത്രുക്കളല്ല. അവ ഒരു രഥത്തിൻ്റെ രണ്ടു ചക്രങ്ങളാണ്. അവ ഒരുമിച്ചു ഉരണ്ടാൽ മാത്രമേ രഥം നീങ്ങുകയുള്ളൂ. അതുപോലെ തന്നെയാണ് ആത്മാവും ശരീരവും. അവ ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ശരിയായ ആത്മസുഖം ലഭിക്കുകയുള്ളൂ.
ഒന്ന് മനസ്സിലാക്കുക! അപൂർവ്വമായി ലഭിക്കുന്നതാണ് മനുഷ്യ ജന്മം. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളും ദൈവത്തിൻ്റെ വരദാനമായ ജീവിതം അനുഭവിക്കുന്നവരാണ്. അവരെ നാം സേവിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ അത് ഈശ്വരാരാധനയായി മാറുന്നു. അതു പോലെത്തന്നെ അന്യരിലുണ്ടാക്കുന്ന സന്തോഷവും സംതൃപ്തിയും നമ്മെ ചരിതാർത്ഥരാക്കുന്നു. അവരുടെ ചുണ്ടിൽ വിരിയുന്ന പ്രകാശം, ഈശ്വരൻ്റെ മുമ്പിൽ നാം കൊളുത്തുന്ന വിളക്കിൻ്റെ പ്രകാശമാണ്. you cannot be happy unless others are also happy എന്ന ഉദാത്തമായ ചിന്ത എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകണം. അപ്പോഴേ നമുക്ക് ആത്മസുഖം ലഭിക്കുകയുള്ളൂ.
ലോകത്തുള്ളതെല്ലാം തനിക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നവർക്ക് ഈ സുഖം ലഭിക്കുകയില്ല. തന്നെ പറ്റി മാത്രം ചിന്തിക്കുകയും സർവ്വദാസ്വാർത്ഥതയുടെ കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കാണുകയും തനിക്കപ്പുറം മറ്റൊരു ലോകത്തിൻ്റെ അസ്തിത്വം തന്നെ അംഗീകരിക്കാൻ മടിക്കുകയും ചെയ്യുന്നവർക്ക് ഈ ആനന്ദം അനുഭവവേദ്യമാകില്ല. അവർക്ക് ഇത് മനസ്സിലാവുകയും ഇല്ല. കുരുടന് പ്രകൃതിസൗന്ദര്യവും ബധിരന് സംഗീതവും ആസ്വദിക്കാൻ കഴിയുകയില്ല. എന്നതുപോലെയുള്ള ഒരുവസ്തുതയാണിത്. നമുക്ക് വേണ്ടി മറ്റൊരാളുടെ കണ്ണുനിറയുന്നതു കാണുന്നതിൽ അത്യപൂർവ്വമായ ആനന്ദമുണ്ട്. സുഖത്തിലും എത്രയോ ഉപരിയായ, ഉദാത്തമായ ഒരു വികാരമാണിത്. ഈ ലോകത്ത് ഭോഗത്തേക്കാൾ വലിയ അനന്ദം ത്യാഗത്തിൻ്റേതാണ്.
മനുഷ്യൻ എന്ന് പറയുന്നത് ശരീരമോ, മനസ്സോ, ബുദ്ധിയോ, പഞ്ചേന്ദ്രിയങ്ങളോ, ഇവയെല്ലാം ചേർന്നതോ അല്ല. നേരേ മറിച്ച് എല്ലാറ്റിനേയും സ്വസാന്നിദ്ധ്യം കൊണ്ട് പ്രവർത്തനക്ഷമമാക്കുന്ന ചൈതന്യമാണ് മനുഷ്യൻ.ആ ചൈതന്യത്തെയാണ് ആത്മാവെന്നു പറയുന്നത്. അതു തന്നെയാണ് യഥാർത്ഥത്തിൽ ഞാൻ .അത് എല്ലാ ജീവജാലങ്ങളിലും ഒരുപോലെ വർത്തിക്കുന്നു. അത് ഒന്ന് തന്നെ. ഒരേ വിദ്യുച്ഛക്തിതന്നെ ബൾബിലൂടെ പ്രകാശമുണ്ടാക്കുകയും ഫ്രിഡ്ജിൽ പ്രവർത്തിച്ച് തണുപ്പുണ്ടാക്കുകയും ഹീറ്ററിൽ ചൂടുണ്ടാക്കുകയും ചെയ്യുന്നു. റേഡിയോവിൽ ശബ്ദമായും ടി.വിയിൽ ദൃശ്യമായും പ്രവർത്തിക്കുന്നു. അതുപോലെ ഒരേ ആത്മാവ് പല ശരീരങ്ങളെ പലവിധത്തിൽ പ്രവർത്തിപ്പിക്കുന്നു. മനസ്സിൽ വികാരമുണ്ടാക്കുന്നു. ബുദ്ധിയെനിയ ന്ത്രിക്കുന്ന ഓരോ വസ്തുവിൻ്റെയും പ്രവർത്തനവൈവിദ്ധ്യം ആ വസ്തുവിൻ്റെ മാത്രം പ്രത്യേകതയാണ്.എ ല്ലാറ്റിനേയും പ്രവർത്തിപ്പിക്കുന്ന ചൈതന്യം ഒന്നു തന്നെയാണ്. ആത്മാവ് നഷ്ടമാകുമ്പോൾ കറൻ്റ് ഓഫ് ആകുംപോലെ ശരീരംപ്രവർത്തിക്കുന്നില്ല. കണ്ണിന് കാഴ്ചയില്ല -ചെവിക്കു കേൾവിശക്തി നഷ്ടപ്പെടുന്നു. അപ്പോൾ ആരാണ് അവയെയൊക്കെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്?- നിത്യസത്യമായ ആത്മാവു തന്നെ. ആത്മാവുള്ളപ്പോൾ കണ്ണിന് കാഴ്ചയുണ്ട്. കണ്ണിന് മറ്റു വസ്തുക്കളെ കാണാൻ കഴിയുന്നു. പക്ഷേ, ആ ഇന്ദ്രിയത്തെ – കണ്ണിനെ സചേതനമാക്കുന്ന വസ്തുവിനെ – ആത്മാവിനെ – കാണാൻ കഴിയുന്നില്ല. ഒരു ടോർച്ചടിച്ചാൽ ഇരുട്ടുമുറിയിലെ എല്ലാ വസ്തുക്കളെയും ബൾബിന് കാണാൻ കഴിയും. എന്നാൽ ബൾബിന് അതിനെ പ്രവർത്തിപ്പിക്കാനുള്ള ചൈതന്യം നൽകുന്ന ബാറ്ററിയെ കാണാൻ കഴിയുന്നില്ല. അതുപോലെയാണ് ആത്മാവും.
അതു കൊണ്ട് ശരീരസുഖത്തിനു വേണ്ടിയുള്ള ഓട്ടം മതിയാക്കിയിട്ട് അനശ്വരമായ – ജനന മരണങ്ങളില്ലാത്ത ആത്മാവിൻ്റെ സുഖം- ആനന്ദം നേടാൻ ശ്രമിക്കുക. അത് നമ്മുടെ ജീവിത ലക്ഷ്യമാക്കുക.