Thursday, May 2, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 58)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 58)

റോബിൻ പള്ളുരുത്തി

“എന്താ മാഷേ, ഈയിടെയായി ജനസേവനം അല്പം കൂടുതലാണല്ലോ ? ഇത് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നോരുക്കം വല്ലതുമാണോ ?”

“ലേഖേ , രാഷ്ട്രിയമെന്നത് മതവിശ്വാസം പോലെയാവണം അത് മനസ്സിൽത്തന്നെ നിലനിൽക്കുകയും വേണം അല്ലാതെ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ അതിനെ തിരുകിക്കയറ്റാൻ ശ്രമിക്കുമ്പോഴാണ് സമൂഹത്തിൽ മതവിദ്വേഷങ്ങളും രാഷ്ടിയസംഘട്ടനങ്ങളും ഉടലെടുക്കുന്നത്. ”

“അയ്യോ മാഷേ, ഞാൻ വെറുതെ ചോദിച്ചതാണേ.. ”

” വെറുതെയായാലും കാര്യത്തിലായാലും ലേഖയുടെ ചോദ്യം വളരെ പ്രാധാന്യമുള്ള ഒന്നാണ്. അതെന്തുകൊണ്ടാണെന്ന് ചോദ്യം ചോദിച്ച ലേഖയ്ക്കുപോലും ചിലപ്പോൾ നിശ്ചയമുണ്ടാവില്ല. ”

“അതെന്താ മാഷേ ഞാൻ ചോദിച്ച ചോദ്യത്തിന് ഇത്രമാത്രം പ്രസക്തി ? അതിനെന്താ കാരണം ?”

“അത് മറ്റൊന്നുമല്ല ലേഖേ , ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വിശപ്പടക്കി ജീവിക്കുന്നവന് മതമോ രാഷ്ട്രിയമോ അല്ല വലുത്. ആഹാരമാണ്. അങ്ങനെയുള്ളവർക്ക് ഒരു നേരത്തെ ആഹാരമെങ്കിലും നൽകാനായാൽ അതിലും വലിയ സൽപ്രവർത്തി ഈ ഭൂമിയിൽ മറ്റൊന്നുമുണ്ടാവില്ല. ”

” ഞങ്ങളതിനായി സ്കൂളിൽ നിന്നും മാസത്തിലൊരിക്കൽ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട് മാഷേ. ”

“അപ്പോ , നിങ്ങളെല്ലാവരും അടുത്ത തരെഞ്ഞെടുപ്പിൽ മത്സരിക്കാനാണോ അത് ചെയ്യുന്നത് ?”

“അല്ല മാഷേ, സ്കൂളിൽ നിന്നും നിർദ്ദേശിക്കുന്നതാണ് ഞങ്ങൾ അനുസരിക്കുന്നത്. ”

“നിങ്ങൾ ചെയ്യുന്നത് മറ്റൊരാൾ പറഞ്ഞിട്ടാണ്. ഞാൻ ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരവും. നമ്മൾ രണ്ടു പേരുടേയും ഉദ്ദേശ്യം വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതുതന്നെയാണ്. അല്ലെ ?”

“മാഷ് പറഞ്ഞതുവെച്ച് നോക്കുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തനമെല്ലാം ഒന്നാണ്. ”

“എന്നിട്ടാണോ, ഞാൻ ചെയ്യുന്നത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ജനസേവനമാണോന്ന് ലേഖ ചോദിച്ചത് ?”

” ക്ഷമിക്കണം മാഷേ, ഞാൻ അതൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. വെറുതേ, ഒരു തമാശയ്ക്ക് പറഞ്ഞതാണ്. ”

” ഞാൻ ലേഖയെ കുറ്റപ്പെടുത്തുന്നില്ല. കാരണം നമ്മുടെ ചുറ്റുപാടുകൾ അങ്ങനെയാണ്. ഏതൊരു നല്ല പ്രവർത്തിയേയും വിമർശിക്കാനും കുറ്റപ്പെടുത്തുവാനും നൂറ് പേരുണ്ടാവും എന്നാലതിനെ പിൻതുണയ്ക്കുന്നവർ പകുതിപോലും കാണില്ലയെന്നതാണ് പരമാർത്ഥമായ സത്യം. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments