Logo Below Image
Monday, July 28, 2025
Logo Below Image
Homeസ്പെഷ്യൽപാവക്കൂത്ത് (പാവകളി - പാർട്ട്‌ -1) ✍ ജിഷ ദിലീപ്, ഡൽഹി

പാവക്കൂത്ത് (പാവകളി – പാർട്ട്‌ -1) ✍ ജിഷ ദിലീപ്, ഡൽഹി

അന്യം നിന്നുപോകുന്ന വൈവിധ്യമേറിയ കലാരൂപമായ പാവകളിയുടെ വിവരണങ്ങളിലൂടെ…

അതിപ്രാചീനകാലം മുതൽക്കേ ഭാരതത്തിൽ പാവകളി ഉണ്ടായിരുന്നു. പല രാജ്യങ്ങളിൽ പല ഐതിഹ്യങ്ങളാണ്, പാവകളി അഥവാ പാവക്കൂത്തിന് പ്രചാരത്തിലുള്ളത്. ഇന്ത്യയിൽ 4000 വർഷങ്ങൾക്ക് മുമ്പാണ് പാവകളി പ്രചാരത്തിൽ വന്നതെന്ന് പറയപ്പെടുന്നു.

പത്തൊമ്പതാം നൂറ്റാണ്ടുകളിൽ അപചയം നേരിട്ടുവെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിൽ ഇന്ത്യയിലെ പാവകളിക്ക് പുനരുജ്ജീവനം സാധ്യമായി. ഡൽഹിയിലെ ഭാരതീയ സംഘവും, അഹമ്മദാബാദിലെ ദർപ്പൺ കലാ സംഘടനയും പാവകളി വികസനത്തിനായി സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ശിവ പാർവതിയുമായി ബന്ധപ്പെട്ട കഥയാണ് ഇന്ത്യയിൽ പ്രചാരത്തിൽ ഉള്ളത്. ഒരിക്കൽ മരപ്പണിക്കാരന്റെ പാവകളെ കണ്ടു പാർവതി ഇഷ്ടപ്പെടുകയും നേരമ്പോക്കിനായി അതിന് ജീവൻ നൽകി നൃത്തമാടിക്കുകയും കൗതുകം തീർന്നപ്പോൾ പാവകളെ നിർജ്ജീ വമാക്കി തിരികെ പോവുകയും ചെയ്തു. ഇതൊക്കെ ഒളിഞ്ഞിരുന്ന് കണ്ട മരപ്പണിക്കാരൻ തന്റെ പാവകൾക്ക് ജീവൻ നൽകണമെന്ന് അപേക്ഷിച്ചെങ്കിലും സ്വ പ്രയത്നത്താൽ ഒരു മാർഗ്ഗം കണ്ടുപിടിക്കാൻ പറഞ്ഞുകൊണ്ട് ശിവപാർവതിമാർ തിരിച്ചുപോയി. തുടർന്ന് മരപ്പണിക്കാരൻ ഏറെ ആലോചിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു കലാരൂപമാണത്രെ പാവകളി.

കേരളത്തിലും പാവകളി നടത്തി ജീവിച്ചിരുന്നവർ ഉണ്ടായിരുന്നു. കൈയുറപ്പാവുകളെയും കൊണ്ട് പാവകളി നടത്തി, വീട് തോറും ചെന്നിരുന്ന പാവ കളിക്കാരൻ പാടിയിരുന്നത് കഥകളി പദങ്ങളും, പാവകൾക്ക് കഥകളി വേഷങ്ങളുമായിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാ പഠന മേഖലയാണ് പാവകളി.

കേരള സംസ്കാരത്തിന്റെ ഘടകങ്ങൾ ചേർന്നു രൂപപ്പെട്ടിട്ടുള്ള പാവകളി, ഇന്ന് അന്യം നിന്നുപോയെങ്കിലും വൈവിധ്യം ഏറെയുള്ള കലാരൂപമാണ്. പാവകളിലൂടെ കഥാഖ്യാനം നടത്തുന്ന രീതി ഇന്ന് വിവിധ സംസ്കാരങ്ങളിലും നിലവിലുണ്ട്. കേരളത്തിൽ പ്രചാരത്തിലുള്ള തോൽപ്പാവക്കൂത്ത്‌ കൂടാതെ ഈ വിഭാഗത്തിൽപ്പെട്ട
മറ്റു രണ്ട് പാവകളികളാണ് നോക്കുവിദ്യ പാവകളിയും, പാവക്കഥകളിയും.

കേരള കഥകളിയുമായി സാമ്യമുള്ള പാവക്കഥകളി അനുഷ്ഠാന കലാരൂപങ്ങളിൽപ്പെട്ടതാണെങ്കിൽ, സ്ത്രീകൾ അവതരിപ്പിക്കുന്ന പാവകളി എന്ന സവിശേഷത നോക്കുവിദ്യക്ക് മാത്രമുള്ളതാണ്.

നോക്കുവിദ്യ പാവകളി

സ്ത്രീ സാന്നിധ്യം അഥവാ സ്ത്രീ സംഭാവനകളെ അടയാളപ്പെടുത്തുന്ന കേരള കലാചരിത്രത്തിലെ നിർണ്ണായകമായ ഒരു പങ്ക് വഹിച്ച പാവകളിയാണ് നോക്കുവിദ്യ പാവകളി. വേലപണിക്കാർ എന്ന സമുദായത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ. ആദ്യകാലത്ത് ഓണത്തിന്റെ നാളുകളിൽ അവതരിപ്പിച്ചതിനാൽ ഓണം തുള്ളൽ എന്നാ യിരുന്നു നോക്ക് വിദ്യ പാവകളി അറിയപ്പെട്ടിരുന്നത്. വേലൻ സമുദായത്തിലെ സ്ത്രീകൾ ഉയർന്ന ജാതി വിഭാഗങ്ങളിൽ പ്പെട്ടവരുടെ ആസ്വാദനത്തിനായി അവതരിപ്പിച്ചിരുന്ന കലാരൂപമായിട്ടായിരുന്നു ഇത് പ്രചാരത്തിൽ വന്നത്.

നോക്കുവിദ്യ പാവകളി രൂപം കൊള്ളുകയും നിലനിൽക്കുകയും ചെയ്തത് കാർഷിക സംസ്കാരത്തെ കേന്ദ്രീകരിച്ചുള്ള ജീവിതാവസ്ഥയിലായിരുന്നു. അനുഷ്ഠാന സ്വഭാവം ഇല്ലാത്തത് കാരണം ജാതിയടിസ്ഥാനമായിട്ടുള്ള സാമൂഹികാവസ്ഥയിലും, കൃഷി കേന്ദ്രീകൃതമായ ജീവിതരീതിയിലും മാറ്റംവന്നു. ഇതോടെ നോക്ക് വിദ്യ പാവകളി ആസ്വദിക്കുന്നവരുടേയും, അവതരിപ്പിക്കപ്പെടുന്നവരുടേയും എണ്ണത്തിൽ കുറവ് വന്നു.

ഏഴിലം പാല എന്ന് കേൾക്കുമ്പോൾ നമുക്ക് യക്ഷി കഥകളും പാട്ടുകളുമാണ് ഓർമ്മവരിക. എങ്കിൽ ഏഴിലം പാല മരത്തടിയിലാണ് നോക്കു വിദ്യ പാവകളിയുടെ പാവകൾ നിർമ്മിക്കുന്നത്.

ഈ പാവകളിയിൽ പൊതുവേ കാലുകൾ നൽകാത്ത പാവകളെ കോലിൽ ഉറപ്പിച്ച ശേഷം നൂലുപയോഗിച്ച് ചലിപ്പിക്കുന്നു. വില്ല് മേൽ ചുണ്ടിൽ ഉറപ്പിച്ച് പാവയെ നിയന്ത്രിക്കുന്നത് നോക്ക് വിദ്യയിലെ ഒരിനമാണ്. പാവകളെ മേൽചൂണ്ടിൽ താങ്ങി നിർത്തുന്നതിനായി ഉപയോഗിക്കുന്നത് കവുങ്ങിന്റെ അലക് ചെത്തി പാകപ്പെടുത്തി യെടുക്കുന്ന കോലാണ്. ചുണ്ടിന് മുകളിലായി കുത്തി നിർത്തിയ ചെറിയ തണ്ടിൽ നിന്നാടുന്ന പാവകളെ വളരെ സൂക്ഷ്മതയോടെ ചലിപ്പിച്ചു കഥ പറയുകയാണ് നോക്കുവിദ്യ പാവകളി കലാകാരി ചെയ്യുന്നത്. മേല്‍ച്ചുണ്ടിനു മുകളില്‍ ഉറപ്പിക്കേണ്ട ഭാഗം പരന്ന നിലയിലും പാവകളെ കോര്‍ത്തു നിര്‍ത്തുന്ന അലകിന്റെ ഭാഗം കൂര്‍ത്ത നിലയിലുമാണ് രൂപപ്പെടുത്തുക. പാവകളെ ഉറപ്പിച്ചു നിർത്തുന്നത് രണ്ടടി നീളമുള്ള കമ്പിൻ മേലാണ്. പാട്ടിന്റെ താളത്തിനും കഥക്കുമനുസരിച്ച് കൈകൾ കൊണ്ട് ചരട് മെല്ലെ ചലിപ്പിക്കും.

കാണികൾക്ക് എളുപ്പം അർത്ഥം മനസ്സിലാകുന്ന കഥ ഈരടികളായി പാടുന്ന രീതിയാണ് ഇതിൽ സ്വീകരിച്ചിട്ടുള്ളത്. സൂക്ഷ്മമായ കാഴ്ചയും ഏകാഗ്രതയോടും നിലത്തുവിരിച്ച പായയിൽ കാലുകൾ നീട്ടിയിരുന്നാണ് കലാകാരി ഈ പാവകളി അവതരിപ്പിക്കുന്നത്.

തുടരും..

ജിഷ ദിലീപ്, ഡൽഹി

RELATED ARTICLES

4 COMMENTS

  1. പാവക ളിയെ കുറിച്ച് ഒരുപാട് അറിവ് നൽകുന്ന ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ