Logo Below Image
Wednesday, March 26, 2025
Logo Below Image
Homeസ്പെഷ്യൽപരസ്യകലയുടെ മർമ്മം അറിയുന്ന തന്ത്രശാലി (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പരസ്യകലയുടെ മർമ്മം അറിയുന്ന തന്ത്രശാലി (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

എന്റെ അമ്മാമ്മയുടെ മൂത്ത സഹോദരൻ ഐ. ഐ. ഇയ്യപ്പന് മക്കൾ ഉണ്ടായിരുന്നില്ല. കോടീശ്വരൻ ആയ അദ്ദേഹം എന്റെ അപ്പനെയും, സഹോദരന്റെ ഒരു മകളെയും ദത്ത് എടുത്ത് കൂടെ കൂട്ടി. ആങ്ങളയോടുള്ള സ്നേഹ ബഹുമാനങ്ങൾ കൊണ്ട് അമ്മാമ്മ അപ്പന് ഇയ്യപ്പൻ എന്ന പേരും ഇട്ടു. വളരെ ചെറുപ്പം മുതൽ ഇവർ രണ്ടുപേരും അദ്ദേഹത്തോടൊപ്പം കോടീശ്വരന്റെ മക്കളായി തന്നെ ആ വീട്ടിൽ ജീവിച്ചു. എസ്എസ്എൽസി കഴിഞ്ഞപ്പോൾ അപ്പനെ തന്റെ സ്ഥാപനങ്ങളിൽ പലതിന്റെയും ചുമതക്കാരനാക്കി. 1938 ൽ ഇയ്യപ്പൻ സോപ്പ് വർക്സ് സ്ഥാപിച്ചപ്പോൾ അപ്പനെ അതിന്റെ മുഖ്യ ചുമതലക്കാരനാക്കി. 1939 ൽ അപ്പന്റെ വിവാഹം വളരെ കേമമായി നടത്തി. കല്യാണം രാത്രി മത്താപ്പ് കമ്പിത്തിരി ലാത്തിരി മുതലായ കരിമരുന്നു കത്തിച്ചാണ് വീട്ടിലേക്ക് കയറ്റിയത്.

സോപ്പിന്റെ മുഖ്യ ചുമതലക്കാരനായതുകൊണ്ട് സോപ്പ് ഉണ്ടാക്കാൻ വന്ന സോപ്പ് എക്സ്പേർട്ട് മാർ സോപ്പ് നിർമ്മിക്കാൻ എടുക്കുന്ന എല്ലാ സാധനങ്ങളുടെയും തൂക്കങ്ങളും മറ്റ് കാര്യങ്ങളും ചുമതക്കാരനെ അറിയിച്ചു കൊണ്ടിരുന്നു. വളരെ ബഹുമാനത്തോടെ അവരുമായി ഇണങ്ങി പെരുമാറിയിരുന്നത് കൊണ്ട് വളരെ കാര്യങ്ങൾ അവരിൽ നിന്ന് പഠിക്കാൻ ഇടയായി. വന്നവരിൽ ചിലർ ഉണ്ടാക്കിയ സോപ്പ് കേടു വന്നപ്പോൾ അതിന്റെ കാരണങ്ങളെക്കുറിച്ചും ചോദിച്ചറിയാൻ കഴിഞ്ഞു. രണ്ടുവർഷംകൊണ്ട് സോപ്പ് നിർമ്മാണത്തിന്റെ എല്ലാം കാര്യങ്ങളും പഠിക്കാൻ അപ്പന് കഴിഞ്ഞു.

1940 ൽ 23 കാരനായ എന്റെ അപ്പൻ വലിയൊരു സാഹസത്തിന് തയ്യാറായി. സ്വന്തമായി ഒരു സോപ്പ് കമ്പനി തുടങ്ങാനുള്ള ആഗ്രഹം മനസ്സിൽ മുള പൊട്ടി. അപ്പാപ്പൻ, അമ്മാമ്മ, ഞങ്ങളുടെ അമ്മയും അടങ്ങുന്ന ആ കുടുംബം ഒരു വാടക വീട്ടിലാണ് അപ്പോൾ താമസിച്ചിരുന്നത്. അപ്പാപ്പന്റെ അരിപ്പീടികയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം ജീവിച്ചിരുന്നത്. സോപ്പ് കമ്പനി തുടങ്ങാനായി അതിന്റെ ചില കാര്യങ്ങൾ ചെയ്യുന്ന വിവരം കോടീശ്വരനായ അപ്പാപ്പന്റെ ചെവിയിലും എത്തി. സുഖമില്ലാത്തതുകൊണ്ട് ഒരു മാസത്തെ അവധി വേണമെന്നായിരുന്നു അപ്പന്റെ ആവശ്യം എന്നാൽ ആ സൂത്രം അദ്ദേഹത്തിന്റെ മുന്നിൽ വില പോയില്ല. ഒരു മാസം ആക്കണ്ട, ഇനി വരുകയേ വേണ്ട എന്നാണ് അതിനു മറുപടി പറഞ്ഞത്. സത്യത്തിൽ നാട്ടുകാർ ഇതുകേട്ട് മൂക്കത്ത് വിരൽ വെച്ചു. എല്ലാവിധ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞതിൽ പലരും അപ്പനെ വഴക്കു പറഞ്ഞു.

ലൂർദ്ദ് പള്ളിക്ക് സമീപം ഒരു വീട് വാടകയ്ക്ക് എടുത്ത് 1940 ൽ സി.പി.സോപ്പ് വർക്ക്സ് എന്ന സ്ഥാപനം ആരംഭിച്ചു. വീട്ടിലെ ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ തന്നെ തിളപ്പിക്കുന്ന ചില പരിപാടികൾ കഴിഞ്ഞ് ആ വീപ്പ തട്ടിൻ മുകളിലേക്ക് കപ്പിയിൽ കയറിട്ട് വലിച്ചു കയറ്റും മുകളിലത്തെ മുറിയിലാണ് ബാക്കിയുള്ള മിക്സിങ് നടത്തിയിരുന്നത്. പിന്നീട് സോപ്പ് സ്ലാബുകളും, ബാറുകളും ആയി മുറിച്ച് താഴെ കൊണ്ടുവന്ന് സ്റ്റാമ്പിൻ മിഷൃനിൽ പേരുകൾ അടിക്കുന്നതോടെ സോപ്പ് നിർമ്മാണം പൂർത്തിയാകും.

അപ്പാപ്പന്റെ നായരങ്ങാടിലുള്ള അരിപീടിക തന്നെയായിരുന്നു, സി.പി. സോപ്പ് വർക്സിന്റെ ആദ്യത്തെ വില്പന കേന്ദ്രം. വഴിയിൽ പോകുന്നവരെയെല്ലാം പീടികയിലേക്ക് വിളിച്ച് കയറ്റി ഇരുത്തി മകന്റെ സോപ്പിന്റെ ഗുണഗണങ്ങൾ പറഞ്ഞ് സോപ്പിന്റെ പരസ്യ പ്രചാരകനുമായി അപ്പാപ്പൻ.

ആ കാലത്ത് വിദേശികളായ ധാരാളം സോപ്പുകൾ മാർക്കറ്റിൽ വിറ്റിരുന്നു. അപ്പനോടുള്ള വിരോധം കാരണം കോടീശ്വരനായ അപ്പാപ്പൻ അപ്പന്റെ സി.പി . സോപ്പിനേക്കാൾ വിലകുറച്ച് മത്സരം കൂടിയായപ്പോൾ അതിനെ അതിജീവിക്കുവാൻ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. എന്നാൽ ഗുണനിലവാരത്തിൽ സി.പി സോപ്പ് ആണ് ഒന്നാമൻ എന്ന നാട്ടിലെ സംസാരം കൊണ്ട് ആവശ്യക്കാർക്ക് സോപ്പ് കൊടുക്കാൻ പറ്റാത്ത വണ്ണം വില്പനയിൽ മുന്നിട്ടുനിന്നു. സോപ്പ് നിർമ്മാണത്തിന് സഹായികളായി ദേവസി, തോമാസ് എന്നീ രണ്ട് യുവാക്കളെ നിയമിച്ചു.

നാലുവർഷംകൊണ്ട് ഒരു ചെറിയ സ്ഥലം സ്വന്തമായി വാങ്ങിക്കാനുള്ള സംഖ്യ അപ്പന്റെ കയ്യിൽ വന്നുചേർന്നു. 1944 ൽ പുത്തൻപള്ളിയുടെ മുന്നിൽ, തെക്കേ അങ്ങാടിയിലേക്ക് മുഖം ആയിട്ടുള്ളതും, പിൻഭാഗം എരിഞ്ഞേരി അങ്ങാടിയിലേക്ക് മുഖം ആയിട്ടുള്ളതുമായ വീടും, പറമ്പും ആയിട്ടുള്ള സ്ഥലം സ്വന്തമായി വാങ്ങി. പിന്നിലെ പറമ്പിൽ ഒരു ഷെഡ് പണികഴിപ്പിച്ചതിൽ സോപ്പ് കമ്പനി ആക്കി. മൂന്നു പേരെ കൂടി സഹായികളായി കൂട്ടി. ആദ്യം സൈക്കിളിൽ ഇരുമ്പു പെട്ടി കെട്ടിവെച്ച് അതിൽ സോപ്പുകൾ നിറച്ച് അപ്പൻ തന്നെയാണ് സോപ്പിന്റെ വിൽപ്പന നടത്തിയിരുന്നത്. പിന്നീട് സോപ്പിന്റെ വില്പനയ്ക്ക്കായി ഒരു ഷവർലെ വാൻ വാങ്ങി. അതിന്റെ ഡ്രൈവറായി ശങ്കരൻകുട്ടിയേയും നിയമിച്ചു. സോപ്പിന്റെ പരസ്യ പ്രചരണത്തിനായി ഒരു മൈക്ക് സെറ്റ് വാങ്ങി. സോപ്പ് വില്പനയ്ക്ക് പോകുമ്പോൾ രണ്ടു കോളാമ്പി സ്പീക്കറുകൾ വാനിൽ കെട്ടിവെക്കും. സ്പീക്കറുകളിലും, വാനിന്റെ രണ്ട് ഭാഗങ്ങളിലും സി.പി. സോപ്പ് ഉപയോഗിക്കുക എന്ന് എഴുതിയ ബോർഡുകളുമായിട്ടാണ് പോവുക. അങ്ങാടികളിൽ എത്തുമ്പോൾ ഗ്രാമ ഫോണിൽ റെക്കോർഡ് വച്ച് പാട്ട് കേൾപ്പിക്കും. ഓരോ പാട്ട് കഴിയുമ്പോൾ ഗ്രാമഫോൺ വൈൻഡ് ചെയ്യണം. പാട്ടുവെച്ച വാൻ കൗതുകത്തോടെയും, അത്ഭുതത്തോടെയുമാണ് നാട്ടുകാർ സ്വീകരിച്ചത്. സോപ്പിന്റെ പരസ്യം കിട്ടുന്ന ഏതു പരിപാടിയിലും, അപ്പനേയും, അപ്പന്റെ വാനിനേയും കാണാം. പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നിവ നടുക്കുന്നിടത്തെല്ലാം ഉണ്ടാകും.

1917 ൽ മൂന്ന് കുട്ടികൾക്ക് പോർച്ചുഗലിലെ,ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട മാതാവിന്റെ രൂപം കുട്ടികൾ പറഞ്ഞതനുസരിച്ച് അവിടെ തന്നെ നിർമ്മിച്ചു. ഇന്നത്തെ പോലെ ടിവിയും മറ്റും ഇല്ലാത്ത ആ കാലത്ത് പ്രത്യക്ഷപ്പെട്ട മാതാവിനെ വിശ്വാസികൾക്ക് കണ്ട് വണങ്ങാൻ ഫാത്തിമയിൽ നിന്ന് പുറപ്പെട്ട ഫാത്തിമ മാതാവിന്റെ രൂപം പല രാജ്യങ്ങളിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 1947ൽ തൃശ്ശൂരിൽ എത്തി . അലങ്കരിച്ച ലോറിയിൽ മാതാവിന്റെ രൂപവുമായി നടത്തിയ സ്വീകരണ റാലിയുടെ മുന്നിൽ അകമ്പടി വാഹനമായി വാനിന്റെ രണ്ട് ഭാഗങ്ങളലും സി.പി. സോപ്പുകൾ ഉപയോഗിക്കുക എന്ന വലിയ ബോർഡുകൾ തൂക്കി അപ്പനും, വാനും ഉണ്ടായിരുന്നു. പാട്ടും പ്രാർത്ഥനയുമായുള്ള കുട്ടികളെയും കൊണ്ടായിരുന്നു യാത്ര.

അങ്ങാടിയിൽ പാട്ടുപാടി ഡാൻസ് ചെയ്യുന്ന ജോസഫിന്റെ ഡാൻസ് ഒരു ദിവസം അപ്പന്റെ ശ്രദ്ധയിൽപ്പെട്ടു. ജോസഫിനെ ചാക്കേട്ടന്റെ തയ്യൽ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി , ബ്ലൗസും, പാവാടയും തയ്ക്കാനുള്ള അളവ് എടുപ്പിച്ചു. സോപ്പിന്റെ വില്പനയ്ക്ക് പോയപ്പോൾ വാർ മുടിയും, ബ്ലൗസും പാവാടയും അത്യാവശ്യം മേക്കപ്പ് ചെയ്ത് ഒരു സുന്ദരി യുവതിയാക്കിയ ജോസഫിനേയും കൊണ്ടുപോയി. അങ്ങാടികളിൽ ചെന്ന് പാട്ടിനൊടൊപ്പം ഡാൻസും, ചില കൊഞ്ചി കൊണ്ടുള്ള ആംഗ്യങ്ങളും പല യുവാക്കളെയും ആകർഷിച്ചു. എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിച്ചത്.

സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം, അതിന്റെ ആവേശത്താൽ വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യം പ്രാവർത്തികമാകും വിധം  പൂരത്തോട് അനുബന്ധിച്ച് നടത്താറുള്ള എക്സിബിഷന്റെ പേരും അതിന് അനുയോജ്യമാകും വിധമായിരുന്നു. 1946ൽ “തൃശ്ശിവപേരൂർ സ്വദേശി എക്സിബിഷൻ” നടത്തിയത് മോഡൽ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു.അവിടത്തെ ക്ലാസ് മുറികൾ ഓരോ സ്റ്റോളുകൾ ആക്കിയിരുന്നു. 21 എന്ന് നമ്പർ ഇട്ട സ്റ്റോളിൽ സിപി സോപ്പുകൾ വിൽപ്പന നടത്തിയിരുന്നു. നാടിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന ജനങ്ങളെ സി.പി യുടെ സോപ്പുകൾ പരിചയപ്പെടുത്താൻ അതു കൊണ്ട് കഴിഞ്ഞു. എന്റെ ചെറുപ്പകാലത്ത് എല്ലാം സ്കൂളിൽ വെച്ച് തന്നെയാണ് എക്സിബിഷൻ നടത്തുക.
ഒരു വർഷം പൂരത്തോട് അനുബന്ധിച്ച് പൂരദിവസങ്ങളിൽ പൂര പറമ്പിൽ എല്ലാവരും കാണത്തക്ക വിധമുള്ള സ്ഥലത്ത് 10 അടിയോളം ഉയരമുള്ള സ്റ്റേജ് കെട്ടി അതിന്റെ നാലു ഭാഗത്തും സി.പി.സോപ്പ് ഉപയോഗിക്കുക എന്ന ബോർഡുകൾ കെട്ടിവെച്ച്, വൈകുന്നേരം ലൈറ്റുകൾ ഇട്ട് അലങ്കരിക്കുകയും ചെയ്തു.തൃശൂർ പൂര ദിവസം സി. പി. എന്ന് അടിച്ച ചെറിയ സോപ്പു കട്ടകൾ നോട്ടീസിൽ പൊതിഞ്ഞത് വാനിൽ അങ്ങാടികളിൽ ചെന്ന് ആൾക്കാർ കൂട്ടമായി നിക്കുന്നിടയിലേക്ക് എറിയും. ഇതുപോലെ പൂരപ്പറമ്പിൽ തോളിൽ ഇടുന്ന സഞ്ചിയിൽ സോപ്പുകട്ടകൾ കൊണ്ടുപോയി എറിയും . കൂടുതൽ ആളുകൾ സോപ്പിനെ പറ്റി അറിയുന്നതിനും, അതുവഴി സി.പി .സോപ്പ് ചോദിച്ച് ആളുകൾ ചെല്ലുമ്പോൾ സിപി സോപ്പ് കടക്കാർ താനെ വാങ്ങി വയ്ക്കും. തൃശൂർ പൂരത്തിന്റെ അന്ന് അഞ്ചുവിളക്കിന്‍റെ സമീപത്തുള്ള സോപ്പ് ഡെപ്പോയിൽ ബാർ സോപ്പ് നക്ഷത്രം പോലെ രണ്ട് അട്ടികൾ വെച്ച് കളർ ബൾബും ട്യൂബ് ലൈറ്റുകളും ഇട്ട് അലങ്കരിയ്ക്കും. പൂര ദിവസം പകലും രാത്രിയും കട തുറന്നിരിക്കും.

റേഡിയോക്ക് ലൈസൻസ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലൈസൻസ് ഫീസ് പോസ്റ്റാഫീസിലാണ് അടക്കേണ്ടത്. റേഡിയോയുടെ ഉടമസ്ഥന്റെ പേരും, മേൽവിലാസവും എഴുതിയ പുസ്തകത്തിൽ ഫീസ് അടയ്ക്കുമ്പോൾ അതിനനുസരിച്ചുള്ള സ്റ്റാമ്പ് പുസ്തകത്തിൽ ഒട്ടിച്ചു തരും. ഫീസ് അടയ്ക്ക്കേണ്ട ദിവസം പോസ്റ്റ് ഓഫീസ് മുടക്കം ആണെങ്കിൽ അതിന് പിഴയും അടയ്ക്കണം. ഇടയ്ക്ക് ഫീസ് അടച്ചൊ എന്നറിയാൻ ചെക്കിംഗ് ഉണ്ടായിരുന്നതുകൊണ്ട് പേടിച്ച് എല്ലാവരും കൃത്യമായി ഫീസടച്ചിരുന്നു. ഇതുകൊണ്ട് റേഡിയോ ഒരു അപൂർവ വസ്തുവായിരുന്നു . ഞങ്ങളുടെ വീട്ടിൽ മർഫി കമ്പനിയുടെ ഒരു റേഡിയോ ഉണ്ടായിരുന്നു. 1948 ജനുവരി 30ന് മഹാത്മാഗാന്ധി വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട വിവരം കാട്ടുതീ പോലെ പടർന്നു. അപ്പൻ ഉടനെ വീടിന്റെ ടെറസിൽ രണ്ട് കോളാമ്പി സ്പീക്കറുകൾ വെച്ചുകെട്ടി ഡൽഹിയിൽ നിന്ന് റേഡിയോയിൽ തൽസമയം പ്രക്ഷേപണം ചെയ്തിരുന്ന വാർത്തകൾ കേൾപ്പിച്ചു. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം 7 .25 മുതൽ 7 .35 വരെയാണ് ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ പ്രക്ഷേപണം ചെയ്യാറ്. എന്നാൽ വാർത്തയുടെ പ്രാധാന്യം കണക്കാക്കി അന്ന് മണിക്കൂറുകൾ ഇടവെട്ട് മലയാളത്തിൽ തൽസമയം വാർത്തകൾ പ്രക്ഷേപണം ചെയ്തിരുന്നു. സി.പി.യുടെ വീട്ടിൽ പോയാൽ ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ അറിയാം എന്ന വാർത്ത, കേട്ടവർ, കേട്ടവർ ഓടിക്കൂടി അത് ഒരു വലിയൊരു ജനക്കൂട്ടമായി . കുറേ ആളുകൾ വീടിനു മുന്നിൽ തമ്പടിച്ചു കാത്തു നിന്നു.

തൃശ്ശൂർ രാമനിലയത്തിൽ ഉണ്ടായിരുന്ന കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനെ കാണാൻ അപ്പൻ പോയി. ഒരു തുണ്ടു കടലാസിൽ ഇയ്യപ്പൻ എന്ന് എഴുതി വാതിലിനു പുറത്തുനിന്നിരുന്ന ആളുടെ കയ്യിൽ കൊടുത്തു. കടലാസുമായി അകത്തുപോയ ആൾ വേഗത്തിൽ വന്ന് അപ്പനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. പുറത്ത് കൂടിയിരുന്നവർ വളരെ ആശ്ചര്യത്തോടെ തമ്മിൽ തമ്മിൽ നോക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നിൽ ഒരു കഥയുണ്ട് കുറച്ചു കാലങ്ങൾക്കു മുമ്പ് കോൺഗ്രസ് നേതാവായ പനമ്പിള്ളി ഗോവിന്ദമേനോൻ ഐ.ഐ. ഇയ്യപ്പന്റെ വീട്ടിൽ ഒരു സംഭാവന പിരിവിന് ചെന്നിരുന്നു. സംസാരത്തിന്റെ ഇടയ്ക്ക് അവർ രണ്ടുപേരും തെറ്റി . അപ്പാപ്പൻ ഡ്രൈവർ ശങ്കരൻ കുട്ടിയോട് തോക്കു കൊണ്ടുവരാൻ പറഞ്ഞു. പിന്നെ പറയണോ ഗോവിന്ദമേനോൻ കാറിൽ കയറി സ്ഥലം വിട്ടു. ഇയ്യപ്പൻ എന്ന് വായിച്ചപ്പോൾ അപ്പാപ്പൻ ആണെന്ന് കരുതിയാണ് അകത്തേക്ക് വിളിപ്പിച്ചത്. ഏതായാലും കിട്ടിയ അവസരം പാഴാക്കാതെ അപ്പൻ ഐ. ഐ. ഇയ്യപ്പന്റെ ദ്രോഹ കഥകൾ പറഞ്ഞ് അദ്ദേഹത്തിന്റെ കനിവ് നേടി കോസ്റ്റിക് സോഡയ്ക്കുള്ള ക്വാട്ട കരസ്ഥമാക്കിയിട്ടാണ് അവിടുന്ന് പോന്നത്.

സി.പി. സോപ്പിന് എറണാകുളത്തും നല്ല മാർക്കറ്റ് ഉണ്ടായിരുന്നു. ആ കാലത്ത് തൃശൂരിൽ നിന്ന് സോപ്പ് വഞ്ചിയിലും കൊണ്ടുപോകാറുണ്ട്. പുത്തൻ പള്ളിയിൽ വർഷംതോറും ഒരു എക്സിബിഷൻ നടത്താറുണ്ട്. വീട്ടുകാരും, കച്ചവടക്കാരും സംഭാവനയായി കൊടുക്കുന്ന സാധനങ്ങളാണ് എക്സിബിഷനിൽ വിൽപ്പനയ്ക്കായി ഉണ്ടാകുക. അപ്പൻ സി.പി .സോപ്പ് എന്ന് ചില്ലിൽ തിളക്കത്തോടെ കാണുന്ന ഒരു ചെറിയ ബോർഡ് ആണ് കൊടുക്കുക. ബോർഡ് എല്ലാവർക്കും കാണത്തക്ക വിധം അവിടെ തൂക്കി ഇടും എക്സിബിഷന്റെ അവസാനം ലേലം വിളിച്ച് അപ്പൻ തന്നെ അത് വാങ്ങും. ഇതും അപ്പൻ്റെ ചിലവ് കുറഞ്ഞ പരസ്യത്തിന്റെ മറ്റൊരു തന്ത്രം.

കിഴക്കൻ പ്രദേശങ്ങളായ ആലത്തൂർ, കൊടുവായൂർ, നെന്മാറ എന്നിവിടങ്ങളിലേക്ക് പരസ്യത്തിന്റെ ഭാഗമായി പുലികളിയുമായി പോയി. മഞ്ഞ വരയൻ പുലി, കറുത്ത പുലി, അങ്ങിനെ അഞ്ച് പുലികളുടെ ദേഹത്ത് മുന്നിലും ,പിന്നിലും സി.പി .സോപ്പ് ഉപയോഗിക്കുക എന്ന് എഴുതിയ പുലികളും, മൂന്ന് ചെണ്ട കൊട്ടുകാരും, ബോർഡുകൾ പിടിച്ച രണ്ട് ചെറുപ്പക്കാരുമായി അവിടെ ചെന്ന് പുലികളി തുടങ്ങി. ആ നാട്ടുകാർക്ക് അതൊരു പുതുമയുള്ള കളിയായിരുന്നു.

ഓണം, ക്രിസ്തുമസ്, വിഷു എന്നീ വിശേഷ അവസരങ്ങളിൽ ജോസ്, രാമവർമ്മ എന്നീ സിനിമ തീയറ്ററുകളിൽ സോപ്പിന്റെ പരസ്യത്തിന് സ്ലൈഡുകൾ പ്രദർശിപ്പിക്കാറുണ്ട്.
ഗോമതി എന്ന മലയാള പത്രത്തിൽ ഇടയ്ക്ക് സോപ്പിന്റെ പരസ്യം കൊടുക്കാറുണ്ട്.
പഴയകാലത്ത് ഒരു കലണ്ടർ കിട്ടാൻ എല്ലാവർക്കും മോഹമായിരുന്നു. ഞങ്ങളുടെ കലണ്ടറുകളിൽ സി.പി .ബാർ സോപ്പ് ഉപയോഗിക്കുക. എന്ന് വലിയ അക്ഷരത്തിൽ എഴുതും. അതോടൊപ്പം സിനിമ നടിമാരുടെയും, നടൻമാരുടെയും ചിത്രങ്ങളും ഉണ്ടാകും. താഴെ 2 ഇഞ്ച് വലിപ്പത്തിൽ നീളത്തിൽ ഒരു കട്ടയിൽ 12 മാസം അച്ചടിച്ചത് കാണണമെങ്കിൽ ഭൂത കണ്ണാടി വേണം. ഓരോ വീട്ടിലും, ബാർബർ ഷാപ്പ്, കാപ്പി ക്ലബ്ബുകൾ എന്നീ സ്ഥലങ്ങളിൽ രണ്ടും മൂന്നും കലണ്ടറുകൾ വീതം തൂക്കിയിടും. കലണ്ടറുകളിലെ ചിത്രങ്ങൾക്കാണ് പ്രാധാന്യം. അതുപോലെ സോപ്പിന്റെ പരസ്യവും അതോടൊപ്പം സിനിമാ നടികളുടെ ചിത്രങ്ങളുമായി കടലാസുകൊണ്ടുള്ള വിശറി യും വിതരണം ചെയ്യും.

അപ്പൻ വെള്ള നിറമുള്ള ജുബ്ബയും, മുണ്ടും ആണ് ധരിക്കുക. ക്ലീൻ ഷേവ് ചെയ്ത് , സ്വർണ്ണ ചെയിനും മോതിരങ്ങളും മറ്റും അണിഞ്ഞ് കുറച്ച് ഗമയോടുകൂടിതന്നെയാണ് അപ്പൻ നടക്കുക. ഏകദേശം ആറടിയോളം ഉയരവും, അതിനൊത്ത നല്ല വണ്ണവുമുള്ള അപ്പനെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയും. അങ്ങിനെ സന്തോഷമായി ജീവിച്ചുകൊണ്ടിരുന്നതിന്റെ ഇടയ്ക്കാണ് , അപ്പനെ ഇൻകം ടാക്സ് കാർ കണക്ക് ഹാജരാക്കാൻ പറഞ്ഞ് വിളിപ്പിച്ചത്. കണക്കുകളുമായി അപ്പൻ ഇൻകം ടാക്സ് ഓഫീസറെ കാണാൻ അദ്ദേഹത്തിന്റെ മുറിയിൽ പോയി. അപ്പനെ കണ്ടതും അദ്ദേഹം വളരെ ആശ്ചര്യത്തോടെ ഏതാനും നിമിഷം അപ്പനെ നോക്കി അവിടെ ഇരുന്നു. അതിനുശേഷം വളരെ വിഷമത്തോടെ അദ്ദേഹം അപ്പനോട് ചോദിച്ചു. എന്തുപറ്റി സിപി, കഴിഞ്ഞ ആഴ്ച്ച സിപിയെ കണ്ടപ്പോൾ ഇതുപോലെയായിരുന്നില്ലല്ലോ എന്നും പറഞ്ഞ് ഉറക്കെ ചിരിക്കാൻ തുടങ്ങി. ഒരു വളിച്ച ചിരിയുമായി അപ്പൻ അവിടെ ഇരുന്നു.അപ്പൻ അന്ന് ആഭരണങ്ങൾ വീട്ടിൽ ഊരി വച്ചിട്ടാണ് പോയത്.നാലുദിവസമായി വടിക്കാത്ത താടിയും, മൂഷിഞ്ഞവസ്ത്രങ്ങളുമായി പരിതാപകരമായ അവസ്ഥയിലാണ് പോയത്. പക്ഷെ അതൊന്നും അദ്ദേഹത്തിന്റെ മുന്നിൽ വില പോയില്ല.

അപ്പൻ തന്റെ ഗുരുനാഥനും, രക്ഷിതാവുമായിട്ടാണ്, അച്ഛൻ ഐ .ഐ.ഇയ്യപ്പനെ കണ്ടിരുന്നത്. സി .പി സോപ്പ് വർക്സിൽ പ്രധാന സ്ഥാനത്ത് അദ്ദേഹത്തിന്റെ ഫോട്ടോ സ്ഥാപിച്ചിരുന്നു. ഇതിനിടയ്ക്ക് മാർപാപ്പ ഐ .ഐ .ഇയ്യപ്പന് ഷെവിലിയാർ സ്ഥാനം കൊടുത്ത് ബഹുമാനിച്ചു. ഇതറിഞ്ഞ് അപ്പൻ അച്ഛനെ കാണാൻ വീട്ടിലേക്ക് ചെന്നു. അദ്ദേഹം വളരെ സന്തോഷത്തോടെയാണ് അപ്പനെ സ്വീകരിച്ചത്. അപ്പന്റെ ഓരോ ഉയർച്ചയിലും അദ്ദേഹം അഭിമാനിച്ചിരുന്നു. “കള്ളൻ കട്ടുകൊണ്ടുപോകാത്ത ” വിദ്യയാണ് ഞാൻ അവനെ പഠിപ്പിച്ചത് എന്ന് എല്ലാവരോടും പറയുമായിരുന്നു.
എന്റെ സഹോദരി റോസിലിയുടെ കല്യാണത്തിന് ഒരു മുഖ്യ കാർണോരായി എല്ലാം കാര്യങ്ങളുടെ മുന്നിലും അപ്പാപ്പൻ, ഇയ്യപ്പൻ ഉണ്ടായിരുന്നു കല്യാണ ചെക്കനും, പെണ്ണിനും മധുരം കൊടുക്കുന്ന പ്രധാന ചടങ്ങ് നിർവഹിച്ചത് അപ്പാപ്പനായിരുന്നു.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

RELATED ARTICLES

5 COMMENTS

  1. സിപി സോപ്പ് കഥ വളരെ മനോഹരമായി എഴുതി. വയനാസുഖം തരുന്ന രചന

Leave a Reply to Reena Jacob Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments