ഉറൂബ് എന്ന പേർഷ്യൻ വാക്കിൻ്റെ അർത്ഥം യൗവനം നശിക്കാത്തവൻ എന്നും അറബി വാക്കിൻ്റെ അർത്ഥം ഉദയം എന്നുമാണ്. സാഹിത്യ ലോകത്ത് തൻ്റെ രചനകളിലൂടെപുതുയുഗത്തിൻ്റെ ഉദയം വിളിച്ചറിയിച്ച എഴുത്തുകാരനാണ് ‘ ഉറൂബ് ‘,
എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ. കവി, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, ഉപന്യാസകാരൻ എന്നീ മേഖലകളിലൂടെ
സാഹിത്യ ലോകത്തിനു തന്ന സംഭാവനകൾ ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോൻ്റെയും, പാറുക്കുട്ടിയമ്മയുടേയും മകനായി 1915 ജൂൺ 8 നാണ് ഉറുമ്പ് ജനിച്ചത്.ബാല്യത്തിൽ തന്നെ സംസ്കൃതം പഠിച്ചിരുന്നു. പൊന്നാനി ഐ.വി.ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽ തന്നെ ഇടശ്ശേരി ഗോവിന്ദൻ നായരുമായ് സൗഹൃദത്തിലായി. സാഹിത്യ ലോകത്തേക്കുള്ള ആദ്യ കാൽവെപ്പ് കവിതയിലൂടെയായിരുന്നു. പിന്നീട് അത് കഥയുടേയും, നോവലിൻ്റേയും ലോകത്തേക്ക് വഴിമാറി.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാൻ ആരംഭിച്ചത്.ആദ്യമെഴുതിയ കവിതയും, കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെ പൊന്നാനിയിലെ അറിയപ്പെടുന്ന കവിയായി അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.1934ൽ നാടുവിട്ട അദ്ദേഹം ആറു വർഷക്കാലം ഇന്ത്യയുടെ പല ഭാഗങ്ങളിലായി പലജോലികളും ചെയ്തു. ഈ സമയത്ത് തമിഴ്, കന്നഡ ഭാഷകൾ പഠിക്കുകയും ചെയ്തു.
ലാളിത്യമായ ശൈലിയും ഭാഷയും കൊണ്ട് മലയാള സാഹിത്യത്തിൽ മറക്കാനാവാത്ത രചനകൾ സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഉറൂബ്. വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങൾ കൊണ്ട് അദ്ദേഹത്തിൻ്റെ ഓരോ കൃതിയും നൂതനമായ ജീവിത ദർശനങ്ങളിലേക്ക് വഴി തുറന്നു.
കുങ്കുമം, മലയാള മനോരമ എന്നീ വാരികകളുടെ പത്രാധിപരായ് ജോലി നോക്കിയിട്ടുള്ള ഉറൂബ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡൻ്റായിരുന്നു. നോവൽ, ചെറുകഥ കവിത, ബാലസാഹിത്യം തുടങ്ങി വിവിധ ശാഖകളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
ഉമ്മാച്ചു എന്ന കഥ മായൻ്റെയും ഉമ്മാച്ചുവിൻ്റെയും പ്രണയ ജീവിതം കേന്ദ്രമാക്കിയുള്ളതാണ്. മദ്ധ്യ മലബാറിലെ മുസ്ലിം സാമൂഹിക ജീവിത ചരിത്രത്തിൻ്റെ എല്ലാ വശങ്ങളും കാണിച്ചുതരുന്നു ഈ കൃതിയിലൂടെ. ഗ്രാമവിശുദ്ധിയുള്ള ഉമ്മാച്ചുവും. ബീരാനും, മായനും, ചാപ്പുണ്ണി നായരും, ചിന്നമ്മുവും, ഹൈദ്രോസും തുടങ്ങിയവരെല്ലാം വായനക്കാരൻ്റെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തിൻ്റെ അഗാധതലങ്ങൾ പരിശോധിക്കുക മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ ചിത്രം കുടി വരച്ചുകാട്ടുന്നു ഈ നോവലിലൂടെ .
മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച മറ്റൊരു രചനയാണ് സുന്ദരികളും, സുന്ദരൻമാരും. മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്
ഈ നോവലിൽ പ്രതിപാദിക്കുനത്. കുടുംബാന്തരീക്ഷത്തിൻ്റെ മണവും ചുടുംതന്നെയാണ് ഇതിൽ നിറഞ്ഞു നിൽക്കുന്നത്.
മിണ്ടാപ്പെണ്ണ്, അണിയറ, അമ്മിണി, ചുഴിക്കു പിമ്പേ ചുഴി തുടങ്ങിയ നോവലുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. നിഴലാട്ടം, മാമൂലിൻ്റെ മാറ്റൊലീ, പിറന്നാൾ എന്നീ കവിതാ സമാഹാരങ്ങളും, മൂന്ന് ഉപന്യാസ കൃതികളും അദ്ദേഹത്തിന് സംഭാവനകളാണ്. കൂടാതെ ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ എന്ന ചലച്ചിത്രത്തിൻ്റെ രചന നിർവഹിച്ചത് ഉറൂബാണ്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് 1958ൽഉമ്മാച്ചു വിന് ലഭിച്ചു. 1960 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സുന്ദരികളും സുന്ദരൻമാരും എന്ന കൃതിക്കു
കിട്ടുകയുണ്ടായി.
മനോരമ ആഴ്ചപതിപ്പിൻ്റെ പത്രാധിപരായിരിക്കെ 1979 ജൂലൈ 11 ന്
ഉറൂബ് അന്തരിച്ചു. ജീവിച്ചിരിക്കെ കാലം എന്നും തന്നെ ഓർക്കുന്ന ഒരു പിടി നല്ല കഥകൾ എഴുതി വച്ചാണ് അദ്ദേഹം കടന്നു പോയത്. ആ ഓർമ്മകൾക്ക് മുന്നിൽ
ആദരവോടെ…..