മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പുക്കൾ എന്ന പംക്തിയുടെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
സാഹിത്യ സാംസ്കാരിക രംഗത്തേയ്ക്ക് സ്ത്രീകൾ അധികം കടന്നുവന്നിട്ടില്ലാത്ത കാലത്ത് ശക്തമായ കഥകളുമായി രംഗപ്രവേശനം നടത്തിയ ആദ്യകാല എഴുത്തുകാരികളിൽ പ്രമുഖയായ ശ്രീമതി . ലളിതാംബിക അന്തർജ്ജനമാണ് “മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ” എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ് !
ലളിതാംബിക അന്തർജ്ജനം (9️⃣)
(30/03/1909 – 06/02/1987)
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്ത് കോട്ടവട്ടത്ത് 1909 മാർച്ച് 30 ന് ലളിതാംബിക അന്തർജ്ജനം ജനിച്ചു . പിതാവ് ശ്രീമൂലം
പ്രജാസഭാമെമ്പറായിരുന്ന കോട്ടവട്ടത്ത് ഇല്ലത്ത് കെ . ദാമോദരൻ പോറ്റി, അമ്മ നങ്ങയ്യ അന്തർജ്ജനം .
ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ല . വീട്ടിലിരുന്ന് ഗുരുക്കന്മാരുടെ അടുത്ത് നിന്ന് സംസ്കൃതവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും നന്നായി പരിജ്ഞാനം ചെയ്തതിനു ശേഷം കഥാരംഗത്തേയ്ക്ക് നല്ല കഥയെഴുത്തുമായി പ്രവേശിച്ചു .
പുനലൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ശാരദ മാസികയുടെ 1923 സെപ്റ്റംബർ ലക്കത്തിൽ വന്ന അഭിനവ ‘പാർത്ഥസാരഥി ‘ യാണ് ലളിതാംബിക അന്തർജനത്തിൻ്റെ ആദ്യ പ്രകാശിത രചന . ആദ്യത്തെ ചെറുകഥ മലയാള രാജ്യത്തിൽ ൽ പ്രസിദ്ധപ്പെടുത്തിയ ‘യാത്രാവസാനം ‘ ആയിരുന്നു .
1927 ൽ മീനച്ചിൽ താലൂക്കിൽ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് ലളിതാംബിക അന്തർജ്ജനത്തിനെ വേളി കഴിച്ചത് . പ്രശസ്ത കഥാകൃത്ത് എൻ. മോഹനൻ ഉൾപ്പെടുന്ന ഏഴ് മക്കളുണ്ട് .
തിരുവിതാംകൂർ ഭാഗത്ത് നമ്പൂതിരി സമുദായത്തിൽ നടന്ന പരിഷ്ക്കരണ പരിപാടികളിൽ ആദ്യകാലത്ത് അന്തർജ്ജനവും പങ്കെടുത്തിരുന്നു .
1937 ലാണ് ‘ലളിതാഞ്ജലി’ എന്ന കവിതാ സമാഹരത്തോടെ കാവ്യലോകത്ത് ലളിതാംബിക രംഗപ്രവേശം ചെയ്തത് . തുടർന്നു അതേ വർഷം തന്നെ ‘അംബികാഞ്ജലി ‘ എന്ന കഥാസമാഹരവും രചിച്ചു . 1965 ൽ പുറത്തിറങ്ങിയ ‘ശകുന്തള’ എന്ന ചലചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ലളിതാംബിക അന്തർജനമാണ് നിർവഹിച്ചത് !
ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽ നിന്നു നേരിട്ട് ഉയർന്നുവന്നിട്ടുളതാണ് അവരുടെ കഥകൾ മുഴുവനും . 1977ൽ എഴുതിയ അഗ്നിസാക്ഷി എന്ന ഒറ്റ നോവൽ കൊണ്ട് മലയാള നോവൽ സാഹിത്യത്തിൽ ചിരസ്മരണീയയായ എഴുത്തുകാരിയായാണ് ലളിതാംബിക അന്തർജ്ജനം ! ജീവിതത്തിൻ്റെ സായാഹ്നത്തിൽ അവർ മലയാള സാഹിത്യത്തിനു സമർപ്പിച്ച അനർഘ നിധിയായിരുന്നു ഈ കൃതി !
മലയാള കഥയുടെയും നോവലിൻ്റെയും നവോത്ഥാനത്തിൽ മുഖ്യപങ്കു വഹിച്ച ഇവരുടെ കൃതികൾ സ്ത്രീപക്ഷ രചനകളുടെ കൊടിയടയാളങ്ങൾ കൂടിയാണ് . നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങളെയും അവർ തുറന്നെതിർത്തു .
ഒരു ജന്മത്തിൽ പല ജീവിതം കഴിച്ചു കൂട്ടേണ്ടി വന്ന തേതികുട്ടിയുടെ ദുരന്തപൂർണ്ണമായ ജീവിത കഥയായിരുന്നു “അഗ്നിസാക്ഷി ‘ . ഈ ഒരൊറ്റ നോവൽ കൊണ്ടു തന്നെ മലയാള സാഹിത്യ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ലളിതാംബിക അന്തർജ്ജനത്തിനുകഴിഞ്ഞു . മലയാള സാഹിത്യത്തിൽ കവിതാരംഗത്തും കഥാരംഗത്തും ഒന്നു പോലെ കരവിരുത് തെളിയിച്ചിട്ടുള്ള സാഹിത്യകാരി കൂടിയായിരുന്നു ലളിതാംബിക അന്തർജ്ജനം !
നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും നെടുവീർപ്പിട്ടു കണ്ണുനീർ വാർത്തു കഴിഞ്ഞ ആത്തേൽ സമൂഹത്തിൻ്റെ ദുരന്തകഥകൾക്ക് നാവും നാമവും കൊടുക്കാൻ അന്തർജ്ജനത്തിൻ്റെ തുലികയ്ക്ക് സാധിച്ചു . കവിതയിലുളള അവരുടെ ജന്മസിദ്ധമായ കഴിവ് കഥകളിലും കാണാൻ കഴിയും .
മഹാത്മജി , ശ്രീനാരായണ ഗുരു തുടങ്ങിയ പ്രശസ്തരെ നേരിട്ട് കാണാൻ അവർക്ക് ഭാഗ്യമുണ്ടായി !
പ്രഥമ വയലാർ അവാർഡ് ലഭിച്ച നോവൽ ആണ് അഗ്നിസാക്ഷി . കൂടാതെ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും ഈ കൃതിക്ക് ലഭിച്ചു .
പ്രധാനപ്പെട്ട കൃതികൾക്ക് ഒപ്പം മനുഷ്യനും മനുഷ്യരും എന്ന നോവലും ആത്മകഥയ്ക്ക് ഒരാമുഖം എന്ന പുസ്തകവും എഴുതിയിട്ടുണ്ട് .1973 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് “സീത മുതൽ സത്യവതി വരെ ” എന്ന കൃതിക്ക് നിരൂപണം / പഠനത്തിനുള്ള എഴുതിയതിനാണ് .1977 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് മികച്ച നോവലായ അഗ്നിസാക്ഷി ക്കും ലഭിച്ചു .
അഗ്നിസാക്ഷി എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ശ്രീ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന ചിത്രം 1999 ൽ റിലിസായി . രജിത് കപൂർ ,ശോഭന , ശ്രീവിദ്യ , മധുപാൽ പ്രവീണതുടങ്ങിയവർ പ്രധാന വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചു . കൈതപ്രം നമ്പൂതിരിയുടെ ഗാനങ്ങളും ഹിറ്റായിരുന്നു . മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ഈ ചിത്രം കരസ്ഥമാക്കി . കൂടാതെ പല അവാർഡുകളും അതിൽ പങ്കാളികളായ മികച്ച കലാപ്രതിഭകൾ സ്വന്തമാക്കി . ഞാനും ഏറെ ആസ്വദിച്ച് കണ്ട ചിത്രമായിരുന്നു അഗ്നിസാക്ഷി !
1987 ഫെബുവരി 6 ന് മലയാള സാഹിത്യത്തിലെ പ്രശസ്തഎഴുത്തുകാരിയായ അന്തർജ്ജനം വിട വാങ്ങി 🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം ❤️💕💕💕