Logo Below Image
Tuesday, April 1, 2025
Logo Below Image
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിമൂന്നാം ഭാഗം) ശ്രീ. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിമൂന്നാം ഭാഗം) ശ്രീ. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ✍ അവതരണം: പ്രഭാ ദിനേഷ്.

പ്രഭാ ദിനേഷ്.

മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ ഇരുപത്തിമൂന്നാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാള സാഹിത്യത്തിലെ ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള അവർകൾ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള (2️⃣3️⃣)
(24/02/1859 – 29/11/1936)

ക്രിസ്ത്യാനികളുടെ ഇടയിൽ കവികളും സാഹിത്യകാരന്മാരും പൊതുവേ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പരിധി വരെ ആ കുറവ് നികത്തിയത് ശ്രീ. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ആയിരുന്നു. ശ്രീയേശു വിജയം മഹാകാവ്യം എന്ന ഒറ്റ കൃതി കൊണ്ടുതന്നെ മലയാള സാഹിത്യകാരന്മാരുടെ മുൻനിരയിലേക്ക് അദ്ദേഹം കടന്നു വന്നു!

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലായിൽ കട്ടക്കയം കുടുംബത്തിൽ ശ്രീ. ഉലഹന്നാൻ്റെയും, ശ്രീമതി. സിസിലിയമ്മയുടെയും മകനായി 1895 ഫെബ്രുവരി
ഇരുപത്തിനാലാം തീയതിയാണ് കട്ടക്കയം ജനിച്ചത്. ബാല്യകാലത്ത് ‘ചെറിയാൻ കുഞ്ഞ്’ എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്.

കർഷക കുടുംബത്തിൽ ജനിച്ച ചെറിയാൻ മാപ്പിള കുട്ടിക്കാലത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഞാവക്കാട് ദാമോദരൻ കർത്താവിൽ നിന്ന് രഘുവംശം, മാഘം, നൈഷധം, മേഘദൂതം തുടങ്ങിയ കൃതികൾ പഠിക്കുകയും സംസ്കൃത ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു. ചെറുപ്പം മുതലേ കവിതാ രചനയിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മലയാള മനോരമ, നസ്രാണി ദീപിക, സത്യനാഥ കാഹളം, കേരളമിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് ആദ്യകാല കവിതകൾ പ്രസിദ്ധീകരിച്ചത്.

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ നേതൃത്വത്തിൽ കോട്ടയത്തു നിന്നും മലയാളമനോരമ പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ചെറിയാൻ മാപ്പിള അതിൽ സ്ഥിരമായി കവിതാ പഠനക്കളരി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ സാഹിത്യ പ്രവർത്തനത്തിന് വർഗ്ഗീസ് മാപ്പിള വളരെയധികം സഹായിച്ചിട്ടുണ്ട്. ‘എസ്തേർ ചരിതം’ അഥവാ ‘യൂദാ ജീവേശ്വരി’ ആണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യകൃതി. സംസ്ക്കൃത നാടക സങ്കേതം അനുസരിച്ച് അഞ്ചു അങ്കങ്ങളായിട്ടാണ് ഇത് രചിച്ചിട്ടുള്ളത്.

ഇദ്ദേഹത്തിൻ്റെ കൃതികളെല്ലാം തന്നെ ക്രൈസ്തവ ഇതിവൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണെന്നു പറയാം. ഉദയംപേരൂരിലെ ക്രൈസ്തവ രാജവംശവുമായി ബന്ധപ്പെട്ട ‘വില്ലേർപട്ടം’, ബൈബിളിലെ പഴയനിയമത്തിലെ തോബിയാസിൻ്റെ ചരിത്രം വിഷയമാക്കി രചിച്ച ‘ സാറാവിവാഹം’ എന്നിവയും മാർത്തോമ്മാ ചരിതം, വനിതാമണി എന്നീ ഖണ്ഡകാവ്യങ്ങളും ഇദ്ദേഹത്തിൻ്റെ പ്രധാനകൃതികളാണ്. പാലായിലെ കഥകളി യോഗക്കാർക്കു വേണ്ടി, ക്രൈസ്തവ പുരാണവുമായി ബന്ധപ്പെട്ടു രചിച്ചതാണ് ‘ഒലിവേർ വിജയം’ ആട്ടക്കഥ. ഇത് കഥകളിയായി അവതരിപ്പിച്ചപ്പോൾ വളരെ വിജയം ആയിരുന്നു.

ചെറിയാൻ മാപ്പിളയുടെ ഏറ്റവും പ്രധാന കൃതി അദ്ദേഹത്തെ മലയാള സാഹിത്യകാരന്മാരുടെ നിരയിലേക്ക് ഉയർത്തിയ ശ്രീ യേശു വിജയം എന്ന മഹാകാവ്യമാണ്. ഇരുപത്തിനാലു സർഗ്ഗങ്ങളായി മുവായിരത്തിലധികം ശ്ളോകങ്ങളുള്ള ഈ കൃതി മലയാളത്തിലെ പ്രധാനപ്പെട്ട മഹാകാവ്യങ്ങളിൽ ഒന്നാണ്. വേദപുസ്തകം പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും കഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകോല്പത്തി മുതൽ എ.ഡി നാലാം ശതകം വരെയുള്ള ക്രൈസ്തവ സഭാ ചരിത്രമാണ് ഇതിൽ ഉള്ളത്. ക്രൈസ്തവ ഇതിവൃത്തം സ്വീകരിച്ച് മലയാളത്തിൽ ആദ്യമായി രചിക്കപ്പെട്ട മഹാകാവ്യമെന്ന നിലയിൽ ഈ കൃതിക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്.

ദ്വിതീയാക്ഷരപ്രാസ നിയമം അനുസരിച്ചാണ് ഇത് രചിച്ചിട്ടുള്ളത്. പ്രാസഭംഗിയോടൊപ്പം ലളിതമായ രചനാരീതിയും കവി സ്വീകരിച്ചിരിക്കുന്നു.
ഉണ്ണിയേശുവിനെ മറിയം പ്രസവിച്ച കാര്യം ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്

‘അപ്പാവനാംഗീജാരത്തിൽ നിന്നും
മുപ്പാരിനൂന്നാം വിഭുവിൻ്റെ പുത്രൻ
ആപ്പാതിരാനേരമസ്സാരനെപ്പോ-
ലിപ്പാരിലമ്പോട വതീർണ്ണനായി.

മാലിത്തിരിക്കും കലരാതെ കണ്ടും
മാലിന്യമേശാതെ യുമാവിസാംഗീ
കാലിത്തൊഴുത്തിൽ ഭുവനങ്ങൾ മൂന്നും
പാലിക്കുവോനെ പ്രസവിച്ചു ചിത്രം’

ഈ മഹത്തായ സംഭവം എത്ര ലളിതസുന്ദരമായിട്ടാണ് കവി അവതരിപ്പിച്ചിരിക്കുന്നത്!

സാഹിത്യകാരൻ എന്നതുപോലെ തന്നെ നല്ല ഒരു സാമുദായിക പ്രവർത്തകനുമായിരുന്നു ചെറിയാൻ മാപ്പിള. കേരള കത്തോലിക്കാ കോൺഗ്രസ്സ്, കീർത്തി മുദ്ര നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. മാർപാപ്പയിൽ നിന്നും ‘ മിഷനറി ആപ്പസ്തോലിക് എന്ന ബഹുമതിയും സ്വർണ്ണമെഡലും ലഭിച്ചിട്ടുണ്ട്!

1936 നവംബർ ഇരുപത്തിയൊമ്പതാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്🙏

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕

അവതരണം: പ്രഭാ ദിനേഷ്✍

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments