Saturday, December 21, 2024
Homeസ്പെഷ്യൽസാഹിത്യനിരൂപകനും, പാലാ സെൻ്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തിൽ അധ്യാപകനുമായ ഡോ. പ്രിൻസ് മോൻ ജോസുമായി...

സാഹിത്യനിരൂപകനും, പാലാ സെൻ്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തിൽ അധ്യാപകനുമായ ഡോ. പ്രിൻസ് മോൻ ജോസുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര – 8)

ഡോക്ടർ തോമസ് സ്കറിയ

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള
അഭിമുഖ പരമ്പര – (ഭാഗം – 8)

സാഹിത്യനിരൂപണത്തെ ഗൗരവമായ ഒരക്കാദമിക മേഖലയായി കാണുകയും നിരന്തരമായ വായനയിലേർപ്പെടുകയും അതിസൂക്ഷ്മതയോടെ എഴുതുകയും ചെയ്യുന്ന ഒരു യുവനിരൂപകനാണ് ഡോ. പ്രിൻസ് മോൻ ജോസ്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ യു.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും റിസേർച്ച് ഗൈഡുമാണ് ഡോ. പ്രിൻസ് മോൻ ജോസ്. പാലാ സെൻ്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തിൽ അധ്യാപകനായ അദ്ദേഹമാണ് മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളുടെ ചരിത്രമെഴുതിയത് . അങ്ങനെ സാഹിത്യ ചരിത്രകാരന്മാരുടെ ഔന്നത്യമാർന്ന നിരയിൽ ഇടം നേടിയ ഡോ. പ്രിൻസ് മോൻ ജോസുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.

” സത്യാനന്തര കാലത്തെ സൈബർ ലോകവ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്നവയാണ് മലയാളത്തിലെ പുതുകഥകൾ ” –
ഡോ. പ്രിൻസ് മോൻ ജോസ്.

ചോദ്യം 1
മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളുടെ ചരിത്രം എന്ന പുസ്തകം ഒരു നൂതനസങ്കല്പമായിരുന്നു. അതിൻ്റെ രചനയ്ക്കായി ഏറെ അന്വേഷിക്കേണ്ടതായി വന്നു കാണുമല്ലോ. അത് ഒന്നു വിശദീകരിക്കാമോ?

പഠനകാലത്ത് സാഹിത്യ ചരിത്രങ്ങൾ ധാരാളമായി വായിച്ചിട്ടുണ്ടെങ്കിലും സാഹിത്യ ചരിത്ര വിജ്ഞാനീയം എന്ന പഠനശാഖയെ കുറിച്ച് കൂടുതൽ പഠിച്ചതും അന്വേഷിച്ചതും അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ്. കാലടി സംസ്കൃത സർവകലാശാലയിലും മഹാത്മാഗാന്ധി സർവ്വകലാശാലയിലും എം .എ മലയാളം സിലബസിന്റെ ഭാഗമായി സാഹിത്യ ചരിത്രവിജ്ഞാനീയം വന്നപ്പോൾ റഫറൻസ് പുസ്തകങ്ങളുടെ അഭാവം ശ്രദ്ധിച്ചു .ഈ കുറവ് നികത്തേണ്ടത് നമ്മൾ അധ്യാപകരുടെയെല്ലാം കടമയല്ലേ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. ഇതിനെപ്പറ്റി എന്റെ റിസർച്ച് ഗൈഡായ തോമസ് സ്കറിയ സാറിനോട് ചർച്ച ചെയ്തു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് സെന്റ് തോമസ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യചരിത്രവിജ്ഞാനീയം എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിച്ചു .അതിൽ പലരും സാഹിത്യ ചരിത്രങ്ങളെക്കുറിച്ചുള്ള പേപ്പറുകൾ അവതരിപ്പിച്ചു. അതിനു വേണ്ടി ഞങ്ങളും കുറെ പ്രബന്ധങ്ങൾ തയ്യാറാക്കി. ഇതാണ് സാഹിത്യ ചരിത്ര വിജ്ഞാനീയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആദ്യത്തെ മുന്നേറ്റം. അതിനുശേഷം ഈ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കി തോമസ് സ്കറിയ സാർ സാഹിത്യ ചരിത്ര വിജ്ഞാനിയം എന്ന പേരിൽ ഒരു പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കി. ഈ പുസ്തകത്തിന് കുട്ടികളുടെ ഇടയിലും അക്കാദമിക മേഖലയിലും വലിയ സ്വീകാര്യത ലഭിച്ചു. അത് വലിയ പ്രചോദനമായി. അതിനെ തുടർന്ന് മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ഒരു പുസ്തകം നമുക്ക് ആവശ്യമല്ലേ എന്ന് ചിന്തിച്ചു. ഈ കാര്യം സംസാരിച്ചപ്പോൾ തോമസ് സാർ എല്ലാവിധ പ്രോത്സാഹനവും നൽകി .അങ്ങനെസാഹിത്യ ചരിത്രങ്ങളുടെ ചരിത്രം എഴുതാൻ ഞാൻ മുന്നിട്ടിറങ്ങി .ഞങ്ങളുടെ കോളേജിൽ വലിയ ലൈബ്രറി ഉണ്ട് . അതുകൊണ്ടുതന്നെ ഇവിടെനിന്ന് സാഹിത്യ ചരിത്രങ്ങളെല്ലാം ശേഖരിച്ച് ആദ്യം കുറിപ്പുകൾ തയ്യാറാക്കി.മലയാള വിഭാഗത്തിൽ ആറായിരത്തിൽപരം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ഉണ്ട് . ഇവിടെ നിന്നും സാഹിത്യ ചരിത്രങ്ങൾ ശേഖരിച്ചു .അതിനുശേഷം കേരള സാഹിത്യ അക്കാദമി തൃശൂർ, മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല തിരുവനന്തപുരം, കാലടി സംസ്കൃതസർവകലാശാല ,എന്നിവിടങ്ങളിലെ ലൈബ്രറികൾ സന്ദർശിക്കുകയും സാഹിത്യ ചരിത്രങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു . കൂടാതെ കുറിച്ചിത്താനം പി. ശിവരാമ പിള്ള മെമ്മോറിയൽ ലൈബ്രറി സന്ദർശിക്കുകയും അവിടെ നിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവയെല്ലാം ചേർത്തു വച്ച് ഗൗരവ സ്വഭാവത്തോടെ ലേഖനങ്ങൾ തയ്യാറാക്കി. ഇതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സന്തോഷം തോന്നിയ ഒരു കാര്യം നമ്മൾ ഏത് പുസ്തകങ്ങളാണ് അന്വേഷിക്കുന്നത് അത് നമ്മുടെ മുമ്പിൽ ദൈവദൂതന്മാരെ പോലെ വേഗം വേഗം പ്രത്യക്ഷപ്പെടും എന്നുള്ളതാണ്. എന്റെ മനസ്സ് മുഴുവൻ ഈ പഠനം പൂർത്തിയാക്കണം എന്നുള്ളതായിരുന്നു. അതുകൊണ്ട് ഞാൻ അന്വേഷിക്കുന്ന ഇടങ്ങളിൽ എല്ലാം എനിക്ക് അനുകൂലമായി ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലഭ്യമായിത്തീർന്നു. സാഹചര്യങ്ങൾ എല്ലാം ഒത്തു വന്നു. അങ്ങനെ ഏകദേശം വിവരശേഖരണം പൂർണമായപ്പോൾ ഒരു പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനെ ക്കുറിച്ചുള്ള ആലോചനയായി . സാഹിത്യ ചരിത്രങ്ങളെ വർഗീകരിച്ച് അധ്യായങ്ങളായി തിരിക്കാൻ തോമസ് സാർ സഹായിച്ചു. അങ്ങനെ ഏറ്റവും ഭംഗിയായി ഈ പുസ്തകം ആറ് അധ്യായങ്ങൾ ആയി ചിട്ടപ്പെടുത്തി. സമഗ്ര സാഹിത്യ ചരിത്രങ്ങൾ, പ്രസ്ഥാനാധിഷ്ഠിത സാഹിത്യ ചരിത്രങ്ങൾ, പുതുപ്രവണതകളും കൃതികളും, ഇംഗ്ലീഷിൽ എഴുതിയ മലയാള സാഹിത്യ ചരിത്രങ്ങൾ, മലയാളത്തിലെ സംസ്കൃത സാഹിത്യ ചരിത്രങ്ങൾ, അന്യഭാഷ സാഹിത്യ ചരിത്രങ്ങൾ മലയാളത്തിൽ, എന്നിവയാണവ. കോട്ടയത്ത് നിന്നുള്ള പ്രസാധകൻ ജോജോയുടെ അസൻഡ് ബുക്സ് ഏറെ താൽപര്യത്തോടെ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായി. പിന്നീട് എല്ലാവരും ഏറെ ആഹ്ലാദത്തോടെ ഈ പുസ്തകത്തെ സ്വീകരിച്ചു. ഇതിൽ പരം ഒരു എഴുത്തുകാരന്എന്ത് ലഭിക്കണം.

ചോദ്യം 2
കുട്ടികൾക്കു വേണ്ടി ഒരു സാഹിത്യ ചരിത്രം എഴുതിയിട്ടുണ്ടല്ലോ. അതൊരു സംഗ്രഹീത സാഹിത്യ ചരിത്രമായിരുന്നു. അതിലേക്കുള്ള തെരഞ്ഞെടുപ്പും രചനാരീതിയും എങ്ങനെയായിരുന്നു?

ആദ്യ പുസ്തകം പുറത്തിറങ്ങിയപ്പോൾ ഏറെ സന്തോഷം തോന്നി .ആളുകൾ ഏറെ പ്രോത്സാഹിപ്പിച്ചു..ഈ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് വേണ്ടി ഒരു സാഹിത്യചരിത്രം എഴുതാൻ തീരുമാനിച്ചു .മലയാളസാഹിത്യത്തെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് ചരിത്രാവബോധം നൽകുക എന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒരു കഥ ഓർത്തിരിക്കുന്നത് പോലെ മലയാളസാഹിത്യത്തിന്റെ ചരിത്രം കുട്ടികൾ ഓർത്തിരിക്കണം , എന്ന് ആഗ്രഹിച്ചു. അതിന് പാകമായ വിധത്തിൽ ഈ ഗ്രന്ഥം തയ്യാറാക്കി. എല്ലാ സാഹിത്യ പ്രസ്ഥാനങ്ങളുടെയും ചരിത്രം സവിശേഷതകൾ പ്രധാന സാഹിത്യകാരന്മാർ കൃതികൾ ഇവയെല്ലാം അതിൽ ഉൾക്കൊള്ളിച്ചിരുന്നു.. ഇൻറർവ്യൂവിന് പോകുമ്പോൾ വേഗം ഓടിച്ച് വായിച്ച് പഠിക്കാൻ പാകത്തിന് ഉദ്യോഗാർത്ഥികൾക്കും സഹായകരമായ രീതിയിലാണ് ഈ പുസ്തകം വിഭാവനം ചെയ്തത്. ഈ പുസ്തകം പ്രസി ദ്ധീകരിക്കാൻ സീഡ് ബുക്സിലെ സുധീഷ് ചേട്ടൻ തയ്യാറായി. അതും ഒരു ഹൃദ്യമായ അനുഭവമായിരുന്നു. ഏറെ സന്തോഷം, നന്ദി.

ചോദ്യം 3
പുതുകഥയിലാണല്ലോ ഗവേഷണം ചെയ്തിട്ടുള്ളത്. കഥാസാഹിത്യത്തിൽ ഇന്നുള്ള നിർമ്മാണാധിക്യത്തെ എങ്ങനെ വിലയിരുത്തുന്നു?

പുതുകഥയിലെ ഭാവുകത്വവ്യതിയാനങ്ങൾ ,രചനാകൗശലം പ്രമേയപരമായ നൂതനത്വം എന്നിവ അമ്പരപ്പിക്കുന്നതാണ്. പുതുമകൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും മാത്രമേ പുതിയ കാലത്ത് പിടിച്ചുനിൽക്കാനാവൂ എന്ന് പുതുകഥാകാരന്മാർക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് രചനയിൽ ഈ നവീനത. പരീക്ഷണങ്ങളായി കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. കൂടാതെ പ്രിൻറ് മീഡിയയുടെ പരിമിതമായ സാധ്യതകൾക്കപ്പുറം ഓൺലൈനിൽ പ്രസിദ്ധീകരണ സാധ്യതയും പുതിയ എഴുത്തുകാർക്ക് പ്രചോദനമാണ്. അവിടെ ഇമോജികൾ ഉപയോഗിച്ചും ആനിമേഷൻ സാധ്യതകൾ ഉപയോഗിച്ചും വീഡിയോകൾ ഉപയോഗിച്ചും കഥയ്ക്ക് പുതിയൊരു മാനം നൽകാൻ സാധിക്കും. കഥാകാരന്റെ ശബ്ദത്തിൽ തന്നെ കഥ കേൾക്കാൻ വായനക്കാരന് അവസരമുണ്ട്. മറ്റൊന്ന് പുതിയ കഥാകാരന്മാർക്ക്. ആർട്ടിഫിഷൽ ഇന്റലിജെൻസ് നിർമിക്കുന്ന കഥകളോട് മത്സരിക്കേണ്ടിവരുന്നു. സത്യാനന്തരകാലത്തെ. സൈബർ ലോകത്തിന്റെ വ്യവഹാരങ്ങളെ പുതു സംസ്കാരത്തെ അധിനിവേശത്തിന്റെ നൂതന മുഖങ്ങളെ അടയാളപ്പെടുത്തുന്നവയാണ്പുതു കഥകൾ . പാർശ്വവൽക്കരിക്കപ്പട്ട ദളിത് സ്ത്രീ പരിസ്ഥിതി ജെൻഡർ ഡിസബിലിറ്റി വിഭാഗങ്ങളുടെസ്വത്വങ്ങളെയും പുതു കഥകൾ അടയാളപ്പെടുത്തുന്നു. പബ്ലിസിറ്റിക്ക് വേണ്ടി വിവാദ പ്രമേയങ്ങളെ കൈകാര്യം ചെയ്ത് ഷോ കാണിക്കുന്നവരും ഉണ്ട് .ക്രിസ്തുമതത്തെയും ബൈബിളിനെയും ഇത്തരത്തിൽ തെരഞ്ഞെടുത്ത് കഥാപ്രമേയം ആക്കി അവഹേളിക്കുന്നവരുണ്ട് അശ്ലീലം പറഞ്ഞാലേ കഥയാകൂ എന്ന് ചിന്തിക്കുന്നവരും ഉണ്ട് . ഗോപ്യമായ കാര്യങ്ങൾ വിളിച്ചു പറയുന്നവരുണ്ട്. അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം.പക്ഷേ ഗൂഢ ലക്ഷ്യത്തോടെ പബ്ലിസിറ്റിക്ക് വേണ്ടികഥയെ ഉപയോഗിക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് യോജിപ്പില്ല സ്വന്തം സർഗാത്മകതയെ അന്തസ്സായിട്ടും മൗലികമായിട്ടും ഉപയോഗിക്കാൻ സാധിക്കണം.

ചോദ്യം 4

പുതിയ കഥാകൃത്തുക്കളിൽ കഥയുടെ ഭാവി ശോഭനമാണോ?
പ്രിയപ്പെട്ട കഥാകൃത്തുക്കൾ ആരാണ്?

തീർച്ചയായും ശോഭനമാണ് കാരണം അവർക്ക് എഴുത്തിന് അനേകം സാധ്യതകളുണ്ട്. പബ്ലിഷ് ചെയ്യാനും അനേകം സാധ്യതകൾ ഉണ്ട് .പ്രമേയത്തിന്റെ കാര്യത്തിലും പഞ്ഞമില്ല.ഗൗരവമായി ചിന്തിക്കുന്ന വായനക്കാരുണ്ട് പുതിയ കഥകൾക്കായി കാത്തിരിക്കുന്നവരുണ്ട്.പുതിയ തലമുറയിലെ ആളുകൾ ഓൺലൈൻ ലോകത്ത് ആയതുകൊണ്ട് ആ സാധ്യതകൾ രചനാരംഗത്ത് പരമാവധി പ്രയോജനപ്പെടുത്തുന്നത് പുതു കഥാകാരന്മാർക്ക് ഉപകാരമാകും .അങ്ങനെയുള്ളവർ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. അയ്മനം ജോൺ സുഭാഷ് ചന്ദ്രൻ പിജെ ജെ ആൻറണി വി ദിലീപ് അബിൻ ജോസഫ് ഉണ്ണി . ആർ ,കെ.രേഖ, സന്തോഷ് ജെ കെ വി ,സന്തോഷ് ഏച്ചിക്കാനം ഇങ്ങനെ ഒരുപാട് കഥാകാരന്മാരെ ഇഷ്ടമാണ്.

ചോദ്യം 5

പുതിയ കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും എഴുതുന്ന അതേ താൽപര്യത്തോടെ സൈബർ സാഹിത്യത്തെയും സമീപിക്കാറുണ്ടല്ലോ. സൈബർ സാഹിത്യത്തിൻ്റെ സവിശേഷതകൾ ഒന്നു വിശദമാക്കാമോ?

സൈബർ സാഹിത്യത്തിന്റെ സവിശേഷതകളെ കുറിച്ച് സൈബർ ആകാശം സാഹിത്യ സംസ്കാരവും എന്ന പുസ്തകത്തിൽ വിശദമായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിതമായി രചിക്കപ്പെടുന്നത്യം , ഇൻറർനെറ്റ് വിവരസാങ്കേതികയിലൂടെ സൈബർലോകത്ത് പ്രചരിക്കുന്നതുമായ സാഹിത്യങ്ങളെയാണ് നമ്മൾ സൈബർ സാഹിത്യം എന്ന് വിളിക്കുന്നത് .ഹൈപ്പർ ടെക്സ്റ്റ് സാഹിത്യം ഡിജിറ്റൽസാഹിത്യം എന്നെല്ലാം ഇത് അറിയപ്പെടുന്നു. ആർക്കും സ്വതന്ത്രമായി സ്വന്തം രചനകളെ പബ്ലിഷ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ഇതിൽ ഏറ്റവും വലിയ നേട്ടം. അത് മാത്രമല്ല ലോകത്തിന് ഏതു കോണിലുള്ള ആളുകൾക്കും ഈ രചനകൾ വായിക്കാനും ആസ്വദിക്കാനും സാധിക്കും. അച്ചടിക്കുന്നതിന്റെ ചെലവ് വരുന്നതേയില്ല. സൗകര്യപ്രദമായി സൂക്ഷിക്കാനും ഷെയർ ചെയ്യാനും സാധിക്കും.. ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉണ്ടെങ്കിൽ അനായാസം സൈബർലോകത്ത് വ്യവഹരിക്കാനും രചനകൾ നടത്താനും അത് പ്രകാശിപ്പിക്കാനും സാധിക്കും. കൂടാതെ ഇമോജികളും ചിത്രങ്ങളും ആനിമേഷനും വീഡിയോസും എല്ലാം ചേർത്ത് രചനങ്ങളെ മനോഹരമാക്കാനും ആകർഷകമാക്കാനും സാധിക്കും. വ്യത്യസ്തമായ നിറങ്ങളും ഫോണ്ടുകളും ഉപയോഗിച്ച് വായന അനായാസമാക്കാനും സുഖകരമാക്കാനും സൈബർ ലോകത്ത് സൗകര്യമുണ്ട്. വലുപ്പച്ചെറുപ്പം ഇല്ലാതെ ജാതിഭേദമില്ലാതെ എല്ലാവർക്കും എഴുത്തുകാർ ആകാൻ ഇടവും സ്വാതന്ത്ര്യവും ലഭിക്കുന്നു എന്നുള്ളതാണ് സൈബർ സാഹിത്യത്തിന്റെ മേന്മ. അതുകൊണ്ട് വിവിധ സാഹിത്യരൂപങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ബ്ലോഗുകളും സൈബർ എഴുത്തുകളും ഇന്ന് സജീവമാണ്.

ചോദ്യം 6

അധ്യാപന ജീവിതത്തെക്കുറിച്ച് ഒന്നു വിലയിരുത്താമോ?

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിയാണ് അധ്യാപനം 2007 ൽ ആനക്കല്ല് സെന്റ് ആന്റണീസ് സ്ക്കൂളിലാണ് എന്റെ അധ്യാപക ജീവിതം ആരംഭിക്കുന്നത് .അന്ന് രണ്ട് മൂന്ന് നാല് ക്ലാസിലെ കുട്ടികളെയാണ് ആദ്യം പഠിപ്പിച്ചത്. ആ കുട്ടികളുടെ സ്നേഹം ഞാനിന്നും ഓർക്കുന്നു . ആ കുട്ടികൾ പലരും ഇന്ന് ഫേസ്ബുക്കിൽ സുഹൃത്തുക്കളാണ് . ചില കുട്ടികൾ സ്നേഹത്തോടെ ഫോൺ ചെയ്യാറുണ്ട് മെസ്സേജുകൾ അയയ്ക്കാറുണ്ട് . നല്ല സ്നേഹമുള്ള കുഞ്ഞുങ്ങൾ .പിന്നീട് പാലാ രൂപതയുടെ 6 എയ്ഡഡ് സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചു.അതിനുശേഷം ആണ് പാലാ സെന്റ് തോമസ് കോളേജിലേക്ക് വന്നത് . മുൻപ് പഠിപ്പിച്ച പല കുട്ടികളെയും പിന്നീട് കാണാറുണ്ട്. അവർ സ്നേഹത്തോടെ എന്നെ ഓർക്കുന്നുണ്ട് എന്നുള്ളത് ഏറെ സന്തോഷം നൽകുന്നു. അതുകൊണ്ട് അധ്യാപകൻ ഏറ്റവും ഭാഗ്യം ചെയ്ത ജന്മമാണ്എന്ന് ഞാൻ വിശ്വസിക്കുന്നു.. ശിഷ്യന്മാരാണ് അധ്യാപകരുടെഏറ്റവും വലിയസമ്പത്ത് . ഒപ്പം സ്വന്തം മക്കളെപ്പോലെ അവരെ കാണാനാണ് ഞാൻ ഇഷ്ടപ്പെന്നത്. വിദ്യാർത്ഥികൾ ആകുന്ന വലിയസമ്പത്ത് അധ്യാപകന്റെ ജീവിതത്തിന് എന്നും സംതൃപ്തി നൽകും .അത് ഞാൻ ഇന്ന് നന്നായി അനുഭവിക്കുന്നുമുണ്ട്.

ഗുരുവിന്റെ അപ്രമാദിത്വം പുതിയകാലം ഇന്ന് അംഗീകരിക്കുമോ എന്ന് . സംശയമുണ്ട്. വിജ്ഞാന വിപ്ലവത്തിന് കാലമാണിത്. പുതിയ കുട്ടികൾ ടെക്നോളജിയിലെ അഡ്വാൻസ്ഡ് ആണ് അറിവിന്റെ കാര്യത്തിലും . ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നവരുമാണ് ഇന്ന് കുട്ടികൾ . വിജ്ഞാനം വിരൽത്തുമ്പിൽ ആയ കാലം അവിടെ അധ്യാപകൻ ഏറെ ജാഗ്രതയോടെ വേണം ക്ലാസിൽ നിൽക്കാൻ .നന്നായി പഠിച്ച ഒരുങ്ങി വേണം ക്ലാസിൽ പോകാൻ.നമ്മൾ എന്ത് പറഞ്ഞാലും അത് ശരിയാണോ എന്ന് ബ്രൗസറിൽ കയറി നോക്കാൻ സാധ്യതയുള്ള കുട്ടികൾ നമ്മുടെ ക്ലാസ്സിൽ ഉണ്ട് . അതുകൊണ്ട് ഓരോ ദിവസവും അറിവിനെ നൂതനമാക്കുക എന്ന കാര്യം ഒരു അധ്യാപകൻ കൃത്യമായി ചെയ്യേണ്ടതുണ്ട് . . അതുകൊണ്ട്ടെക്നോളജിയുടെ കാര്യത്തിൽ പുതിയ വിഷയങ്ങളെ കുറിച്ച് പഠിച്ചറിയാനും ശ്രമിക്കാറുണ്ട് . ടെക്നോളജി അറിയാവുന്ന കുട്ടികളോട് ചോദിച്ച് പഠിക്കാനും എനിക്ക് മടിയില്ല. അതുപോലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കാലമാണ് അധ്യാപകന്റെ ജോലി എ.ഐ ഏറ്റെടുക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ മാനുഷികത യന്ത്ര ചേതനയ്ക്ക് ഇല്ലല്ലോ. അതാണ് അധ്യാപനത്തിന്റെ മഹത്വം. പിന്നെ നമ്മൾക്ക് കിട്ടുന്ന ശമ്പളത്തോട് നീതിപുലർത്തണമെന്ന് എന്നും ചിന്തിക്കാറുണ്ട് എന്നാലേ നമ്മൾക്കും നമ്മുടെ മക്കൾക്കും അത് ഉപകാരപ്പെടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . നന്മ ചെയ്താൽ നന്മ ലഭിക്കും. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് പ്രീതി സമ്പാദിക്കാനോ നേട്ടങ്ങൾ കൈവരിക്കാനോഒരിക്കലും ശ്രമിച്ചിട്ടില്ല. പക്ഷേ വ്യാജ പ്രതീതിയുടെ കാലമാണ് പുതിയകാലം . അതിനെ അതിജീവിക്കുന്നത് ഏറെ വെല്ലുവിളിയുള്ള കാര്യവുമാണ്. പക്ഷേആത്യന്തികമായിസത്യം വിജയിക്കുക തന്നെ ചെയ്യും .

സ്നേഹിതരായ ഒരുപിടി നല്ല അധ്യാപകസുഹൃത്തുക്കൾ എനിക്കുണ്ട് ഡോ. കെ.കെ. ശിവദാസ്, ഡോ.ദീപേഷ് കരിമ്പുങ്കര, എൻ്റെ അധ്യാപകൻ കൂടിയായ ഡോ. ജോസ് കെ. മാനുവൽ സാർ , ഡോ ജൈനിമോൾ കെ.വി., ഡോ. അഥീന എം.എൻ, ബിബിൻ ആൻ്റണി, ഡോ. ശോഭിത ജോയ്, എൻ്റെ സഹപാഠിയും സഹപ്രവർത്തകയുമായ സൗമ്യ ജോസ് ടീച്ചർ തുടങ്ങിയവരെ ഞാനീയവസരത്തിൽ പ്രത്യേകം ഓർക്കുന്നു. അവർ എല്ലാവരും നല്ല നിരൂപകരും അധ്യാപകരുമാണ്. അവരാണ് എന്റെ സന്തോഷം . ശിഷ്യന്മാരെ ധാരാളം ലഭിച്ചു.അതാണ് വലിയ സമ്പത്ത് .

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments