Wednesday, June 12, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 24) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 24) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

പ്രിയമുള്ള കൂട്ടുകാരേ,

കഴിഞ്ഞ ആഴ്ചയിലെ വിഭവങ്ങൾ നിങ്ങൾ രുചിയോടെ ആസ്വദിച്ചിരിക്കുമെന്നാണ് മാഷ് കരുതുന്നത്.

ഇത്തവണ നക്ഷത്രക്കൂടാരത്തിൻ്റെ വരവ് വോട്ടെടുപ്പിൻ്റെ ദിവസമാണ്. ജനാധിപത്യത്തിൻ്റെ ഏറ്റവും സുന്ദരമായ ദിവസമാണിത്. വോട്ടു ചെയ്ത് അവരവർക്ക് ഇഷ്ടമുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മുതിർന്നവർക്ക് ലഭിക്കുന്ന ദിവസം. കുറെയേറെ ദിവസങ്ങളായി അതിൻ്റെ അലയൊലികൾ നമ്മൾ കേൾക്കുന്നുണ്ടല്ലോ.

ഈ ആഴ്ചയിലെ മറ്റൊരു പ്രധാന ദിവസമാണ് ലോകതൊഴിലാളി ദിനം.
മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം അഥവാ ലോകതൊഴിലാളി ദിനമായി അറിയപ്പെടുന്നത്. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനമാണ് മേയ്ദിനം. എട്ടു മണിക്കൂറായി തൊഴിൽസമയം നിജപ്പെടുത്തിയത് അംഗീകരിച്ചതിനെത്തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്നാം തിയതി തൊഴിലാളി ദിനമായി ആഘോഷിക്കണമെന്ന ആശയം ഉടലെടുത്തു.

അമേരിക്കയിലും ‌കാനഡയിലും തൊഴിലാളിദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്.

പിന്നീട് 1889 ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായി
മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുവാൻ ആരംഭിച്ചത്. ലോകത്തിലെ എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

നമുക്കിനി ഒരു കുഞ്ഞു കവിത പാടിയാലോ.?
മാഷെഴുതിയ ഒരു കവിതയാണ്.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

പൂച്ചമ്മ
〰️〰️〰️

മുഖം മിനുക്കിയിരിക്കുന്നുണ്ട്
മുറ്റത്തമ്മേ പൂച്ചമ്മ.
കുറുവെന്നു കുറുങ്ങുന്നുണ്ട്
മുനിഞ്ഞിരിക്കും പൂച്ചമ്മ.
കണ്ണുകൾ മിന്നിത്തിളങ്ങണുണ്ട്
കണ്ണാടിച്ചില്ലാണെന്നോ ?
കാലു പതുക്കെ നിവർത്തിയെണീറ്റ്
വാലും മെല്ലെയിളക്കീട്ട്
മീശവിറച്ചും ചീറിക്കൊണ്ട്
മേലും ചേറ്റുവളച്ചിട്ട്
രോമമെണീറ്റിവളെങ്ങോചാടാൻ
ലാക്കും നോക്കുന്നുണ്ടല്ലോ.
പെട്ടെന്നാേടിച്ചാടിക്കയറി
മുറ്റത്തെ മാങ്കൊമ്പത്ത് .
നായകണ്ടാൽ പൂച്ചയിതിങ്ങനെ
സർക്കസു കാട്ടണതെന്തമ്മേ.

—————————————–

പൂച്ചക്കവിത ഇഷ്ടമായോ?
എല്ലാരുംകൂടെ ഒന്നിച്ചു പാടിയാൽ രസകരമാവും.

പാട്ടുംപാടി കൂട്ടുംകൂടി വെറുതെ നടക്കുമ്പോൾ
ഇനി നമുക്കൊരു കഥ കേൾക്കാം. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ക്കാരിയാണ് ഈ കഥാകാരി. – ശ്രീമതി. കോമളം പരമേശ്വരൻ. കൊഴിഞ്ഞാമ്പാറയിൽത്തന്നെയായിരുന്നു പ്രാഥമികവിദ്യാഭ്യാസം.
ടെക്നിക്കൽ കോഴ്സിനുശേഷം ഒറ്റപ്പാലം റീസർവ്വേയിൽ സർവ്വെയറായി ജോലിയിൽ പ്രവേശിച്ചു. .

ഇപ്പോൾ താമസിക്കുന്നത് സ്റ്റാറ്റിസ്റ്റിക്സിൽനിന്നും ജൂനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത ഭർത്താവുമൊന്നിച്ച് പാലക്കാട് വെസ്റ്റ് യാക്കരയിലാണ് . രണ്ടാൺമക്കളുണ്ട്. മൂത്തയാൾ സൗത്ത് ആഫ്രിക്കയിലെ മലാവിയിൽ ഫുഡ്ഇൻഡസ്ട്രീയിൽ മാനേജറായും രണ്ടാമത്തെ ആൾ ബാംഗ്ലൂർ TCS.ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ജോലി ചെയ്യുന്നു.

ശ്രീമതി കോമളം പരമേശ്വരൻ്റെ കഥയാണ് താഴെ കൊടുക്കുന്നത്.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഒരുമ
🌳〰️〰️〰️🌳

ഒരു കാട്ടിലെ വലിയാെരു ആൽമരത്തിൽ നിറയെ പക്ഷികൾ കൂടുകൂട്ടി താമസിച്ചിരുന്നു.അതിൽ ധാരാളം ആലിപ്പഴങ്ങളും ഉണ്ടായിരുന്നു.പക്ഷികൾക്ക് ഭക്ഷണത്തിനാെരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
പക്ഷികൾ ഇരതേടിപ്പോകുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പ്രായം ചെന്ന അപ്പൂപ്പൻ പക്ഷി ആയിരുന്നു.
ഒരു ദിവസം ഇരതേടിപ്പോയ പക്ഷികൾ തിരിച്ചു വന്നത് വളരെ പേടിയോടെയാണ്.

എന്താണ് നിങ്ങൾ പേടിച്ചിരിക്കുന്നത്?
അപ്പൂപ്പൻ പക്ഷി ചോദിച്ചു.

അടുത്ത കാട്ടിൽ കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നു.താമസിയാതെ നമ്മുടെ കാട്ടിലും തീ പടരാനാണ് സാധ്യത.

ഒരു പക്ഷി പറഞ്ഞു.
അതിന് നമ്മൾ എന്ത് ചെയ്യും?വേറൊരു പക്ഷി ആകാംക്ഷപ്പെട്ടു.

സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി അവിടേക്ക് ഒന്നിച്ചു പറക്കാം.

കൂട്ടത്തിലുണ്ടായിരുന്ന മറ്റാെരു പക്ഷി നിർദ്ദേശിച്ചു.

പക്ഷേ കുഞ്ഞുങ്ങളെ എന്തു ചെയ്യും? അവർക്ക് പറക്കാൻ കഴിയുകയില്ലല്ലോ.
.
അപ്പാേൾഅപ്പൂപ്പൻ പക്ഷി പറഞ്ഞു.
നമ്മളെ പിടിക്കാൻ എന്നുമൊരു വേടൻ ഇവിടെ വലവിരിച്ച് കാത്തിരിക്കാറുണ്ട്.അടുത്ത ദിവസവും വേടൻ വരാനാണ് സാധ്യത.വേടൻ വലവിരിച്ചു കഴിഞ്ഞാൽ നമ്മളെല്ലാവരും കുഞ്ഞുങ്ങളേയും കൊണ്ട് വലയിൽ ചെന്നിറങ്ങി വലയുമായി ഒരുമിച്ച് പറന്നുയരണം.

അപ്പൂപ്പന്റെ ഈ ഉപദേശം എല്ലാവർക്കും ഇഷ്ടപ്പെട്ടു.
അടുത്ത ദിവസം വേടൻ വരാനായി കാത്തിരുന്നു.
വേടൻ വന്ന് മരത്തിൽ നോക്കി. ധാരാളം പക്ഷികളെക്കണ്ട് അയാൾക്ക് ഏറെ സന്തോഷമായി.വലവിരിച്ച ശേഷം പക്ഷികൾ കുരുങ്ങാനായി വേടൻ മറഞ്ഞുനിന്നു.
വേടൻ വലയ്ക്കരികിൽ നിന്നുമാറിയ ഉടൻ എല്ലാ പക്ഷികളും കുഞ്ഞുങ്ങളെയും കൊണ്ട് വലയിലേക്ക് പറന്നിറങ്ങി.കുഞ്ഞുങ്ങളെ വലയ്ക്കുള്ളിൽ സുരക്ഷിതരാക്കിയ ശേഷം വേഗത്തിൽ വലയുമായി ഒരുമിച്ച് പറന്നുയർന്നു.
ഒന്നിച്ചു പറന്നതിനാൽ വലയുടെ ഭാരം പക്ഷികൾക്ക് ബുദ്ധിമുട്ടായി തോന്നിയില്ല.
പക്ഷികൾ വലയുമായി പറക്കുന്നത് കണ്ട് വേടൻ ആശ്ചര്യപ്പെട്ടു.
“അയ്യോ…. എന്റെ വല”.
വേടൻ പറക്കുന്ന പക്ഷികളെ നോക്കി പറഞ്ഞു.
പക്ഷികൾ സുരക്ഷിതമായ ഒരു സ്ഥലത്ത് ചെന്നിറങ്ങി.
കണ്ടുനിന്ന മറ്റുപക്ഷികൾ പറന്നു വന്നു.വല കടിച്ചു മുറിച്ച് കൂട്ടുകാരെ രക്ഷപ്പെടുത്തി.
അങ്ങനെ പക്ഷികൾക്ക് ഒത്തൊരുമയുടെ ഗുണം മനസ്സിലായി.

—————————————————————————–

എങ്ങനെയുണ്ട് അപ്പൂപ്പൻ പക്ഷിയുടെ ബുദ്ധി? ബുദ്ധിയും ഐകമത്യവുമാണ് അവരെ ആപത്തിൽ നിന്നും രക്ഷിച്ചത്.
കൂട്ടുകാർക്ക് ഈ കഥ ഇഷ്ടമായോ?.

കഥയ്ക്കു ശേഷം ഒരു കവിതയാവാം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

ശ്രീലത ടീച്ചറാണ് കവിത പാടുന്നത്. കൊല്ലം ജില്ലയിലെ ശൂരനാട്ടുകാരിയാണ്. ഇപ്പോൾ പന്തളത്തിനടുത്തുള്ള കുളനടയിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും , ബിഎഡ്ഡും നേടിയശേഷം അധ്യാപികയായി . 2017ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
‘നന്മമരത്തണലിൽ ‘ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.. കലാകൗമുദി, സർവീസ് പെൻഷണർ ,മാഹത്മ്യം എന്നീ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ വന്നിട്ടുണ്ട്. ശ്രീ. എ.ബി.വി കാവിൽപാട് എഡിറ്റ് ചെയ്ത ‘ഒരു നൂറു കവികൾ ഒരായിരം ബാല കവിതകൾ ‘ എന്ന കവിതാസമാഹാരത്തിലും ശ്രീ.ഷാജി തലോറ എഡിറ്റ് ചെയ്ത ‘പെൺചായങ്ങൾ’ എന്ന കവിതാസമാഹാരത്തിലും ടീച്ചറുടെ കവിതകൾ
ഇടം പിടിച്ചിട്ടുണ്ട്.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

ശ്രീലത ടീച്ചർ എഴുതിയ കവിത.

ചലദലം
₹₹₹₹₹₹₹

ചലദലം എന്നാൽ ആലാണേ
ആലുന്നതുകൊണ്ടാലായി.
ആനയ്ക്കാലില ഭക്ഷണമതിനാൽ,
കുഞ്ജരാശനവുമാലിനു പേർ.
കോവിൽക്കോണിൽ ദേവനുതുല്യം
പൂജനീയനാം പുണ്യതരു.
ആണ്ടുകളേറെ പ്രൗഢിയിൽ വാഴാൻ
കെൽപ്പുള്ളവനീ രാജതരു.
ആലിലവിശറികളിളകും കാറ്റിൽ
ഓക്സിജനളവും കൂടുന്നു.
ഊർജജം നല്കിടുമതിനാലാളുകൾ
ആൽത്തറകെട്ടി ഇരിപ്പിടമാക്കി.
ആലിൻ കൊമ്പുകൾ താവളമാക്കി
പറവകൾ പാറിക്കളിയാടുന്നു.
പലരോഗത്തിനുമൗഷധമാണീ
യാലിൻതണ്ടും ഇലയും വേരും.
ആലും, ആലിൻചൊല്ലും നാട്ടിൽ
മായാതങ്ങനെ നിലനിൽക്കട്ടെ!

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
ഇതാ കാട്ടിലെ കഥയുമായി വിജയാ ശാന്തൻ കോമളപുരം എന്ന അധ്യാപികയാണ് എത്തിയിരിക്കുന്നത്.

കെ.ഗോപാലൻ്റെയും വി.കെ.സുഭദ്രയുടെയും മകളായി ആലപ്പുഴ ജില്ലയിലെ ചേന്നംകരിയിലാണ് വിജയാ ശാന്തൻ കോമളപുരം ജനിച്ചത്.. ബിരുദധാരിണിയാണ്. എഴുത്തിന്റെ വഴിയിൽ ഏതാനും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.

ആനുകാലികങ്ങളിൽ കഥ, നോവൽ, ബാലസാഹിത്യം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംസ്കാരിക രംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. സനാതന പാഠശാലയുടെ എളിയ പ്രവർത്തകയുമാണ്.
അമ്മപ്പക്ഷി [കഥകൾ, ബാലസാഹിത്യം], വീരുവും കൂട്ടുകാരും.  [കഥകൾ, ബാലസാഹിത്യം], ഗണപതി [നോവൽ, ബാലസാഹിത്യം], ഭദ്ര [നോവൽ], കറുത്ത മണ്ണ് [ കഥാ സമാഹാരം], തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭർത്താവ് ടി.പി. ശാന്തപ്പനോടും മക്കളായ വിശാന്ത്, വിനീത്, വിഭാത് എന്നിവരോടുമൊപ്പം ആലപ്പുഴ അവലുക്കുന്ന് ആര്യാടു സൗത്തിലുള്ള
തയ്യിൽ വീട്ടിൽ താമസിക്കുന്നു.

ശ്രീമതി. വിജയാ ശാന്തൻ കോമളപുര ത്തിൻ്റെ കഥ വായിക്കാം.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

വാസസ്ഥലം
*******

ഇന്ന് ജൂൺ ഒന്ന്. പള്ളിക്കൂടം തുറക്കുന്ന ദിനം.
കുറുമൻ സൂര്യകിരണങ്ങളോടൊപ്പമെഴുന്നേറ്റു . പ്രാഥമിക കർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞു , അടുക്കളയിലെത്തി.
അടുപ്പിൽ കായ്കനികൾ വേവുന്ന മണം മൂക്കിലേക്ക് അരിച്ചു കയറി. അവൻ മൂക്കിലേക്ക് ആഗന്ധം പിടിച്ചെടുക്കുന്നതു കണ്ട അവന്റെ അമ്മ , അവനെ അരികിൽ പിടിച്ചിരുത്തി. “ശെന്റെ പിള്ളക്ക് യിപ്പതെരാം … ”
കുറുമൻ അമ്മയുടെ അടുത്തെത്തി.

അമ്മ എഴുന്നേറ്റു അടുപ്പത്തിരുന്ന കലം ഇറക്കി വച്ചു വാർത്തു. രണ്ടു മിനിറ്റോളം കാത്തിരുന്നിട്ട് നിവർത്തി .അതിൽ നിന്നും നെയ്യ് പോലെ മൃദുലമായ കാട്ടു കിഴങ്ങുകൾ ഒരു മൺപാത്രത്തിലാക്കി അവന്റെ മുമ്പിൽ വച്ചു. മരം കൊണ്ടു നിർമ്മിച്ച ഒരു ഗ്ലാസ്സിൽ ചൂടുള്ള കാപ്പിയും കൊടുത്തു. അവനൂതിയൂതി കിഴങ്ങും കാപ്പിയും അകത്താക്കി എഴുന്നേറ്റു. കൂട്ടുകാരെയൊക്കെ കണാൻ കൊതിയായി.വളരെ സന്തോഷത്തോടെ പുസ്തകസഞ്ചി തോളിലിട്ടു. അമ്മയോട്‌ യാത്ര പറഞ്ഞു, ഒറ്റയടിപ്പാതയിലൂടെ മൂളിപ്പാട്ടുംപാടി നടന്നു.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവനു തോന്നി. ഇങ്ങനെ പോയാൽ ഒരു മണിക്കൂറെങ്കിലും നടക്കണം. അവനൊരു എളുപ്പ വഴിയറിയാം. കാടിന്റെ കൊച്ചു മകനായ താനെന്തിന് പേടിക്കണം? എല്ലാവരും എന്റെ ബന്ധുക്കളല്ലേ ? ഈ വൻമരങ്ങളും പുൽക്കൊടികളും കാട്ടുവള്ളികളും പിന്നെ ആന, പുലി, കുറുക്കൻ, കുരങ്ങ്, മാൻ, പോത്ത്, കഴുകൻ , പട്ടി, പിന്നെ എത്ര തരം പക്ഷികളാ..എല്ലാവരേയും എനിക്ക് ഇഷ്ടാ. എല്ലാവരോടു സ്നേഹം മാത്രം. പണ്ടൊരിക്കൽ എന്റെ അപ്പചെളിക്കുണ്ടിൽ പുതഞ്ഞപ്പോൾ ഒരാന മുളപറിച്ചിട്ടു കൊടുത്ത കഥ കേട്ടിട്ടുണ്ട്.
ചില മൃഗങ്ങളെ കാണുമ്പോൾ പേടി തോന്നും. അപ്പോൾ മലദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കും. അപ്പോ പേടിയൊക്കെ പോകും. നല്ല ധൈര്യം തോന്നും.
അവൻ കണ്ണുകൾ പൂട്ടി നിന്നു. മല ദൈവങ്ങളെ അകക്കണ്ണിൽ കാണുന്നതുപോലെ ഒരു മിനിറ്റ് പ്രാർത്ഥിച്ചു. എന്നിട്ട് ഒരു കാട്ടുവള്ളിയിൽ പിടിച്ച്, പയ്യെ ആടി. ഓരോ വള്ളിയും പിടിച്ചാടി അന്തരീക്ഷത്തിലൂടെയാത്ര തുടർന്നു. പെട്ടെന്ന് വള്ളിയൊന്നും കിട്ടാതെ വന്നു. അവൻ വള്ളിക്കായി ചുറ്റും പരതി. അപ്പോളവൻ കണ്ടു , കുറെ മരമുത്തശ്ശിമാരുടെ ചുവടുകൾ മാത്രം. അവൻ ആ ചുവടുകൾക്ക് സമീപമെത്തി. ആ കാഴ്ച , അവനെ വല്ലാതെ വേദനിപ്പിച്ചു. അവനെക്കണ്ട് ആ മരച്ചുവടുകൾ തേങ്ങുന്നതായി തോന്നി. അവന്റെ മിഴികളും നിറഞ്ഞു തുളുമ്പി. ഓരോരുത്തരേയും അവൻ സങ്കടത്തോടെ തടവി. ” 0േ….0േ… 0േ…” അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. വെടിശബ്ദമല്ലേ കേട്ടത്? അവൻ ആ ഭാഗം ലക്ഷ്യമാക്കി നടന്നു.
അവിടെ കണ്ടകാഴ്ച അവനെ കൂടുതൽ ദു:ഖിപ്പിച്ചു.

ഒരു സംഘമാളുകളെത്തിയിട്ടുണ്ട്. കാടിന്റെ അഴകായ ആനകളെ വേട്ടയാടാൻ. ആനക്കൂട്ടം എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു. നേതാവായ കൊമ്പൻ മാത്രം അതാ തുമ്പിക്കൈ ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. ആരോ കൊമ്പന്റെ നേർക്ക് വെടിവയ്ക്കുന്ന കഠാേര ശബ്ദം അവന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവൻ നോക്കിനിൽക്കേ ആ കൊമ്പൻ നിലത്തുവീണു.
അവന് പൊട്ടിക്കരയണമെന്നു തോന്നി. പരിഷ്ക്കാരികൾ കാട്ടിൽവന്ന് കാടിന്റെ മക്കളുടെ വാസസ്ഥലം നശിപ്പിക്കുക മാത്രമല്ല, അവരുടെ ജീവനു തന്നെ ഭീഷണിയായിരിക്കുന്നു. എതിർക്കാൻ വന്ന കൊമ്പനെ വെടിവച്ചു കൊന്നിരിക്കുന്നു. ഇല്ല.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. അവന്റെ കുഞ്ഞു മനസ്സ് അവസരത്തിനൊത്തുയർന്നു. അവൻ തിരിച്ചു നടന്നു. എന്തൊക്കെയോ ശബ്ദമുണ്ടാക്കി. ആ ശബ്ദം കാടിന്റെ ഭാഷയാണ്.
ധാരാളം പക്ഷികളും മൃഗങ്ങളും ഓടിയെത്തി. അവൻ കാണിച്ച ദിശയിലേക്ക് എല്ലാവരും ഓടി . അവൻ പിന്നാലെയെത്തിയപ്പോൾ കണ്ട കാഴ്ച അവന് ഒത്തിരി സന്തോഷം നൽകി.
പക്ഷിമൃഗാദികൾ ഒറ്റക്കെട്ടായി എല്ലാവരേയും ഓടിച്ചിരിക്കുന്നു. പക്ഷെ, കൊമ്പൻ വീണു കിടക്കുകയാണ്. സമീപത്തായി കുരങ്ങന്മാർ രണ്ടു പേരെ തടഞ്ഞുവച്ചിരിക്കുകയാണ്. അവർ പേടിച്ചു വിറയ്ക്കുന്നുണ്ട്. അവൻ അവരുടെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ ഒരു കുറിപ്പ് അവനെ ഏല്പിച്ചിട്ടു പറഞ്ഞു: “കൊമ്പന് ഒന്നും സംഭവിച്ചിട്ടില്ല, വച്ചത് മയക്കുവെടിയാണ്. മൂന്നു മണിക്കൂർ കഴിയുമ്പോൾ കൊമ്പൻ ഉണരും. ഈ മരുന്നു കൊടുത്താൽ വേഗം സുഖംപ്രാപിക്കും ” .

അവൻ പറഞ്ഞു. ഈ കാട് ഞങ്ങളുടെ വീടാണ്. ആനകൾ ഇവിടുത്തെ കാവൽക്കാരും. നിങ്ങൾ എല്ലാ വർഷവും ജൂൺ അഞ്ച്
‘പരിസ്ഥിതി ദിന ‘ മായി കൊട്ടിഘോഷിക്കാറുണ്ടല്ലോ? നോക്കൂ എത്ര മരങ്ങളാണ് അടിച്ചു മാറ്റിയത്. ഒരു മരമെങ്കിലും വളർത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? എല്ലാ വർഷവും എത്ര തൈകളാണ് ആഘോഷപൂർവ്വം നട്ടു നശിപ്പിക്കുന്നത് ? ഒപ്പം ജനങ്ങളുടെ പണം ധൂർത്തടിക്കുകയും ചെയ്യുന്നു. നാട്ടു മനുഷൃരായ നിങ്ങൾക്ക് ലജ്ജയില്ലേ ? നിങ്ങൾക്കും കൂടി വായുവും വെള്ളവുമൊക്കെ ദാനം നൽകുന്ന ഈ മുത്തശ്ശിമരങ്ങളെത്തന്നെ മുറിച്ചു കൊണ്ടുപോയില്ലേ? അതുകൊണ്ടല്ലേ ആനക്കൂട്ടം ഉപദ്രവിക്കാൻ വന്നത്? നിങ്ങൾ എന്തിനാ ഞങ്ങളുടെ വാസസ്ഥലം കൈയേറുന്നത് , എന്നല്ലേ അവർ ചോദിക്കുന്നുള്ളു ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാക്കാൻ ശ്രമിക്കൂ . അവർ നല്കിയ മരുന്നിന്റെ കുറിപ്പടിയുമായി അവൻ വേഗം നടന്നു.

🌿🌿🌿🌿🌿🌿🌿🌿🌺🌺🌺🌺🌺🌺🌺🌺

കഥ കേട്ടുമയങ്ങിയവരെ ഉണർത്തുവാൻ ഒരു കുസൃതി വരുന്നുണ്ട്. ആ കുസൃതിക്കുറുമ്പനെക്കുറിച്ചുള്ള കവിതയുമായി എത്തുന്നത് മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടുകാരനായ കവി ശ്രീ . രുദ്രൻ വാരിയത്താണ്.

പൊന്നാനി എംഇഎസ് കോളേജിന് നിന്നുമാണ് അദ്ദേഹം ഇക്കണോമിക്സിൽ ബിരുദം നേടിയത്.

600 – ഓളം കവിതകൾ Rudranvariyath എന്ന പേരിൽ യൂടുബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

BS S ന്റെ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

യേശുദാസിന്റെ 84-ാം ജന്മദിനത്തിൽ കൊച്ചി അസീസിയ ഇന്റർനാഷനൽ ഓഡിറേറാറിയത്തിൽ വെച്ച നടന്ന സംഗീത അർച്ചനയിൽ രുദ്രൻ വാരിയത്തിൻ്റെ കവിതയാണ് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. എം. ജി. പ്രകാശ് ആലപിച്ചത്. തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്വാഗതഗാനം രചിച്ചു.
നിമിഷ കവിയായ രുദ്രൻ ആനുകാലിക വിഷയങ്ങൾ കവിതയിലൂടെ അവതരിപ്പിക്കാറുണ്ട്.

രുദ്രൻ വാരിയത്തിൻ്റെ കവിതകൾ,
ഓർമ്മച്ചെപ്പ്,
നിലാവ്,
നാലാം യാമം തുടങ്ങിയവയാണ് രചനകൾ.

അങ്കണവാടി ടീച്ചറായ ഭാര്യയോടും മൂന്നു മക്കളാേടുമൊപ്പം
അദ്ദേഹമിപ്പോൾ എടപ്പാളിൽ താമസിക്കുന്നു.
ശ്രീ. രുദ്രൻ വാരിയത്തി ൻ്റെ കവിത

🐱🐱🐱🐱🐱🐱🐱🐱🐱🐱🐱

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

കറുമ്പൻ പൂച്ച
################

പാത്രം ഉടയും ശബ്ദം
കേട്ടി-
ട്ടമ്മ ചെന്നതു നോക്കുമ്പോൾ
കണ്ടു കറുമ്പൻ പൂച്ച
യടുപ്പിൻ
മുകളിൽ പതുങ്ങി
യിരിക്കുന്നു

മുട്ടൻ വടിയുമെടുത്തിട്ടമ്മ –
യടിക്കാനായി ചെന്നപ്പോൾ
ഓടിയ പൂച്ച തട്ടിമറിച്ചു
പാൽപാത്രത്തിലെ പാലെല്ലാം

—————————————-

കവിതകളും കഥകളുമെല്ലാം ഇഷ്ടമായോ?
എല്ലാവർക്കും ഇവ വായിച്ചു കൊടുക്കണം.
ഇനി പുതിയ വിഭവങ്ങളുമായി നമുക്ക് അടുത്ത ലക്കത്തിൽ കാണാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments